ദേശസ്‌നേഹിയുടെ വീരഗാഥ; രക്തസാക്ഷിയുടെ രുധിരഗാഥ
ജി.പ്രമോദ്
കടല്‍ക്കരയില്‍ മുഴങ്ങുന്ന വാങ്ക് വിളിയിലാണ് ടി.പി. രാജീവന്റെ തിരനോവല്‍ കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങുന്നത്. അവസാനിക്കുന്നത് കടലലകള്‍ക്കുമീതെ തീരം മുഴുവന്‍ മുഴങ്ങും വിധം അള്ളാഹു അക്ബര്‍ പ്രതിധ്വനിക്കുമ്പോള്‍. കുഞ്ഞാലി മരയ്ക്കാര്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ രാജീവന്റെ നായകന്‍ പെഡ്രോ റോഡ്‌റിഗ്‌സാണ്. അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിനൊപ്പം സ്വന്തം വിശ്വാസത്തിനുവേണ്ടിയും പോരാടേണ്ടിവന്ന യഥാര്‍ഥ വിശ്വാസിയുടെ കഥ. വിശ്വാസത്തിന്റെ കടലില്‍ ജീവന്‍ ഹോമിക്കേണ്ടിവന്ന രക്തസാക്ഷിയുടെ ജീവിതം. സിനിമയ്ക്കുവേണ്ട നായകീയതയും നോവലിനുവേണ്ട പ്രമേയത്തിന്റെ ആഴവും സംരക്ഷിച്ചുകൊണ്ടും കേട്ട കഥയിലെ കേള്‍ക്കാത്ത ചരിത്രം ആലേഖനം ചെയ്തും ആഖ്യാനത്തില്‍ പുതുമാതൃക സൃഷ്ടിക്കുകയാണ് കുഞ്ഞാലി മരയ്ക്കാര്‍.
പല തവണ എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ഇപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ചരിത്രമാണ് കുഞ്ഞാലി മരയ്ക്കാറുടേത്. മലബാറിന്റെ ചരിത്രത്തിലെ വീരേതിഹാസം. ഇന്നും ആവേശം സൃഷ്ടിക്കുന്ന കഥയാണത്. വിവിധ മതങ്ങള്‍ അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ സ്വന്തം നാടിനുവേണ്ടി ഒരുമിച്ചുനിന്ന് പടവെട്ടിയ ചരിത്രം. വൈദേശിക ശക്തികള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയായിരുന്നു. നാടിന്റെ ഐക്യം. ഒരുമ. സാഹോദര്യം. നാട്ടുരാജ്യങ്ങള്‍ ഓരോന്നായി കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിസന്ധിയുയര്‍ത്തിയത് ഐക്യം തന്നെ. സാഹോദര്യത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടല്ലാതെ മുന്നോട്ടുപോകാനാകില്ല എന്ന നില വന്നപ്പോള്‍ ശക്തിക്കു പകരം അവര്‍ പ്രയോഗിച്ചത് കൗശലം. അതു വിജയിച്ചു. അതിന്നും വിജയിച്ചുകൊണ്ടേയിരിക്കുന്നു. വൈദേശിക ശക്തികളുടെ അസാന്നിധ്യത്തിലും നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഐക്യത്തെ പ്രധാന പ്രതസന്ധിയായി കാണുന്നു. ഒരുമിച്ചുനില്‍ക്കുന്നവരെ അകറ്റിക്കൊണ്ട് അവര്‍ ലക്ഷ്യം നേടുന്നു.
പട്ടാളക്കാര്‍ കതകില്‍ മുട്ടിവിളിക്കുമ്പോള്‍ സുബഹ് നിസ്‌കാരത്തിലായിരുന്നു പെട്രോ റോഡ്‌റിഗസ്. വാതിലുകളും ജനാലകളുമെല്ലാം അടച്ചിട്ട് മുറിയുടെ സ്വകാര്യതയില്‍. മേഴ്‌സിന്റയ്ക്കറിയാം അദ്ദേഹം പ്രാര്‍ഥനയിലാണെന്ന്. ഭംഗം വരുത്താതെയും ആരും വീട്ടിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയും മേഴ്‌സിന്റയും കാവലിലാണ്. പുറത്തെ ബഹളം അസഹ്യമായപ്പോള്‍ മേഴ്‌സിന്റ റോഡ്‌റിഗസിനെ പ്രാര്‍ഥനയില്‍നിന്ന് വിളിച്ചുണര്‍ത്തി. എന്തു ചെയ്യുകയായിരുന്നെന്ന പട്ടാളക്കാരുടെ ചോദ്യത്തിന് ബൈബിള്‍ വായിക്കുകയായിരുന്നു എന്നാണ് റോഡ്‌റിഗസിനെ മറുപടി. സുബഹ് നിസ്‌കാരത്തിന്റെ കാര്യം അയാള്‍ പോര്‍ച്ചുഗീസ് പട്ടാളക്കാരില്‍നിന്നു മറച്ചുവയ്ക്കുന്നു. ഇല്ലെങ്കില്‍ തല പോകുമെന്ന് ഉറപ്പ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവനാണെന്നാണ് റോഡ്‌റിഗസിനെക്കുറിച്ചുള്ള പൊതു വിശ്വാസം. അനുസരണയുള്ളവന്‍ എന്നും. എങ്കിലും മൂന്നു കടല്‍ക്കൊള്ളക്കാരെ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച കാണാന്‍ റോഡ്‌റിഗസിനെ ക്ഷണിക്കാന്‍വന്നതാണ് പട്ടാളക്കാര്‍. അവരുടെ കൂടെ പോകാതിരിക്കാനാവില്ല. കൊലമരത്തിനടുത്തേക്ക്, ഭീതിദമായ കാഴ്ച കാണാന്‍ പുറപ്പെടുമ്പോള്‍ മേഴ്‌സിന്റ തന്നോടെന്നപോലെ പറയുന്നുണ്ട്: ഇനിയും എത്രകാലം ഈ ഇരട്ടവേഷം എന്ന്.
റോഡ്‌റിഗസിന്റെ ഇരട്ടവേഷത്തിലൂടെ വിശ്വാസം നേരിടുന്ന പ്രതിസന്ധി അവതരിപ്പിക്കുകയാണ് രാജീവന്‍. ഒപ്പം സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മില്‍ അകറ്റുന്നതില്‍ പോര്‍ച്ചുഗീസുകാര്‍ വിജയിച്ചതിന്റെ ചതിയും വഞ്ചനയും നിറഞ്ഞ ചരിത്രത്തിലെ കാപട്യവും തുറന്നുകാട്ടുന്നു. ഇരട്ടവേഷം അണിയുന്നത് റോഡ്‌റിഗസ് മാത്രമല്ല. കുഞ്ഞാലി മാത്രമല്ല. സാമൂതിരി മാത്രമല്ല. ഈ തിരനോവലില്‍ പ്രത്യക്ഷപ്പെടുന്ന ഓരോരുത്തരുമാണ്. നാടിനെ കൊള്ളയടിച്ചതിനുശേഷം, തീര്‍ത്താല്‍ തീരാത്ത നഷ്ടങ്ങള്‍ വരുത്തിവച്ചതിനുശേഷം വിദേശ ശക്തികള്‍ മടങ്ങിപ്പോയി. അവര്‍ പിളര്‍ത്തിയ സാഹോദര്യത്തിന്റെ മാറ് ഇന്നും പിളര്‍ന്നുതന്നെ കിടക്കുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ കപടതന്ത്രം ഇന്നും വിജയം നേടുന്നു. അതോര്‍മിപ്പിക്കുകയാണ് രാജീവന്‍ കുഞ്ഞാലി മരയ്ക്കാറിലൂടെ.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍
Comments are closed.