വിനു അബ്രഹാമിന്റെ ‘കോട’ എന്ന കഥാസമാഹാരത്തെക്കുറിച്ച് ജോണി എം.എല്‍
ചെറുകഥയും നോവലും തമ്മില്‍ ഒരു താരതമ്യം ഉണ്ടെങ്കില്‍ അതിങ്ങനെയാകാം: ചെറുകഥ പോര്‍ട്രെയ്റ്റ് രചനയും നോവല്‍ ലാന്‍ഡ്‌സ്‌കേപ്പ് രചനയുമാണ്; ഇനി വേണമെങ്കില്‍ സിറ്റിസ്‌കേപ്പ് എന്ന് വേണമെങ്കിലും പറയാം. ഫോട്ടോഗ്രാഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചെറുകഥ ടൈറ്റ് ഫ്രെമിങ് ആണ്. നോവലില്‍ പനോഷോട്ട് ആകാം. പക്ഷെ രണ്ടിനും കൃതഹസ്തത എന്നത് വേണം. ചെറുകഥയെഴുതാന്‍ തുടങ്ങിയത് നോവലായിപ്പോയതിനാല്‍ നോവലെറ്റാക്കുകയും നോവലെഴുതാന്‍ തുടങ്ങി ചെറുകഥയ്ക്കപ്പുറം നീക്കുവാന്‍ പാങ്ങില്ലാതെ ചെറുനോവല്‍ ആക്കുകയും ചെയ്യുന്ന എഴുത്തുകാരുണ്ട്. കഥയേക്കാള്‍ നീളവും നോവലിനേക്കാള്‍ ചെറുതുമായതെന്തും ഇന്ന് നോവല്‍ എന്ന് പറഞ്ഞാണല്ലോ വായിക്കപ്പെടുന്നത്; വെളുത്ത തൊലിയുള്ളവരെല്ലാം സായിപ്പന്മാര്‍/ബ്രിട്ടീഷുകാര്‍ ആയതുപോലെ.
ചെറുകഥ എന്ന സാഹിത്യവിഭാഗത്തില്‍ സ്വന്തം പോര്‍ട്രെയ്റ്റ് കൂടി വരച്ചു ചേര്‍ത്ത കഥാകൃത്താണ് വിനു ഏബ്രഹാം. നൂറ്റാണ്ടുകളായി ഇവിടെയുണ്ടായിരുന്ന ഒരു കഥാകാരനാണെന്നു തോന്നും വിനുവിനെയും സി വി ബാലകൃഷ്ണനെയും കൊച്ചുബാവയെയും സതീഷ്ബാബു പയ്യന്നൂരിനെയും വി ആര്‍ സുധീഷിനെയും ഒക്കെ കാണുമ്പോള്‍. കാരണം അവര്‍ കടന്നു വരുന്നത് കേരളത്തിലെ സാക്ഷരതയുടെ വേലിയേറ്റത്തോടൊപ്പമാണ് പൈങ്കിളിമാസികകള്‍ കൂടി എന്നായിരുന്നല്ലോ അന്നത്തെ പരാതി; പൈങ്കിളിയ്‌ക്കൊപ്പം തന്നെ മുഖ്യധാരയും സമാന്തരവും സജീവമായ കാലഘട്ടമായിരുന്നു അന്ന്. അതായത് വായനക്കാര്‍ക്കൊപ്പം പക്വത പ്രാപിച്ച എഴുത്തുകാരാണ് മേല്പറഞ്ഞവരെല്ലാം. സാഹിത്യബാഹ്യമാണ് ഞാനിപ്പോള്‍ ചൂണ്ടിക്കാട്ടിയ കാരണമെങ്കിലും മാറിയ അച്ചടിയിലുടനീളവും സാങ്കേതികവിദ്യയില്‍ഇതുവരെയും ഇവര്‍ ഉണ്ടായിരിക്കുകയും അവയുടെ ഋണ ബലതന്ത്രങ്ങളെ അതിജീവിക്കുകയും ചെയ്തവരാണിവര്‍.
വിനു എബ്രഹാം നിത്യഹരിത ചെറുകഥാകൃത്താണ്; എഴുത്തിലും രൂപത്തിലും. ‘കോട‘ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം തന്നെ ഇതിനു തെളിവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ എഴുതിയ കഥകള്‍ സമാഹരിച്ചവയാണ്. എല്ലാവര്‍ക്കും ഒരു കഥയുള്ളപ്പോള്‍ എല്ലാവരും സ്വയംപ്രഭാതത്തില്‍ അക്ഷരങ്ങളായി വെളിപ്പെടുമ്പോള്‍ നിശ്ശബ്ദരായിപ്പോകുന്നവര്‍ക്കു കൂടി വേണ്ടി സംസാരിക്കുന്നവരാണ് കഥാകൃത്തുക്കള്‍ എന്ന് എനിയ്ക്കു തോന്നുന്നു. നിശബ്ദതയുടെ ജൈവപ്രത്യക്ഷങ്ങളാണ് അങ്ങിനെ വരുമ്പോള്‍ ഈ കഥകള്‍. ഞാന്‍ നേരത്തെ പറഞ്ഞല്ലോ ചെറുകഥ എന്നാല്‍ പോര്‍െ്രെടറ്റ് രചന പോലെയാണെന്ന്. എന്നാല്‍ എല്ലാ പോര്‍ട്രെയ്റ്റുകളും നാചുറലിസ്റ്റില്‍ ആകണമെന്നില്ല; ചിലവ എക്‌സ്‌പ്രെഷനിസ്റ്റാകാം, അതായത് കടുംചായങ്ങള്‍ അവയില്‍ വരാം, ചിലത് ക്യൂബിസ്റ്റാകാം, അതായത് രൂപഘടനയെ വിശ്ലഥമാക്കി പുതിയൊരു ഘടനയിലേയ്ക്ക് നയിക്കാം. ചിലതാകട്ടെ സര്‍ റീയലാണ്, അതിയാഥാര്‍ഥ്യം. സത്യത്തില്‍ എല്ലാകഥകളും സര്‍റിയല്‍ ആണെന്ന് പറയേണ്ടിവരും. ഏറ്റവും നല്ല റിയലിസം എന്നത് സര്‍റിയലിസത്തില്‍ കൂടി മാത്രമേ ആവിഷ്‌കരിക്കാന്‍ സാധ്യമാവുകയുള്ളൂ. ചിലകഥകള്‍ ആശയവാദപരമാണ്. ചിലത്, പെര്‍ഫോമന്‍സ് ആണ്; വാക്കുകള്‍ സ്വയം പ്രകടിപ്പിക്കുകയാണ്. വാക്കുകള്‍ ശരീരങ്ങളായി കന്റോര്‍ഷനിസ്റ്റ് സാദ്ധ്യതകള്‍ തേടുകയാണ്. വിനുവിന്റെ കഥകളില്‍ ഇവയെല്ലാം ഉണ്ട്; സൂക്ഷ്മനേത്രവും ചരിത്രബോധ്യവും വേണം കാണാനെന്നു മാത്രം.
പുസ്തകത്തിന്റെ പേരുകൂടിയാകുന്ന ‘കോട’ എന്ന കഥയില്‍ ഒരു മലനാടന്‍ അനുഭവമാണ്; എനിയ്ക്കതൊരു യൂറോപ്യന്‍ അനുഭവമായാണ് വായിക്കാന്‍ കഴിഞ്ഞത്. അതായത് ലോകത്ത് എവിടെയും സംഭവിക്കാവുന്ന ഒരു കഥ. പക്ഷെ അങ്ങിനെയൊരു കഥ സംഭവിക്കാതിരിക്കാന്‍ ഓരോരുത്തരും ബോധപൂര്‍വം ശ്രമിക്കുന്നത് കൊണ്ടാണ് നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുന്നത്. അദൃശ്യമായ പാപം പൊടുന്നനെ പ്രത്യക്ഷപ്പെടുകയാണ്; അച്ചന്‍ കുഞ്ഞിന്റെ രൂപത്തില്‍. കഥാനായകന്‍ അത്രമേല്‍ അറിയുമെന്ന് പറയുന്ന അയാള്‍ ഒരുപക്ഷെ ഒരു കോണ്‍ ആര്‍ട്ടിസ്റ്റ് ആകാം. പക്ഷെ ആ മലമുകളില്‍ അയാള്‍ നിങ്ങളെ കാത്തിരിക്കുന്നതെന്തിന്. യാദൃച്ഛികതകള്‍ ഏറ്റവും വലിയ കുറ്റവാളി സൃഷ്ടിച്ചെടുക്കുകയാണ്. പക്ഷെ ഇവിടെ കുറ്റവാളി ഇല്ല. അത് നല്ലവനെന്ന മനുഷ്യന്റെ ഉള്ളിലെ പാപബോധമാണ്. ഒടുവില്‍ പാപത്തെ തന്നെ ഇല്ലായ്മ ചെയ്തുകൊണ്ട് കഥാനായകന്‍ കോടമഞ്ഞില്‍ അവ്യക്തമായ വഴിയിലേക്ക് ഇറങ്ങിപ്പോവുകയാണ്. അയാള്‍ക്ക് വീട്ടിലെത്തിയല്ലേ പറ്റൂ.
സമകാലത്തെ കഥയില്‍ ഉള്‍ച്ചേര്‍ക്കുമ്പോഴാണ് നല്ലൊരു കഥയുണ്ടാകുന്നത്; എന്നാല്‍ അത് സമകാലത്തില്‍ നടന്നത് മാത്രമല്ല ഏതുകാലത്തിലും നടക്കാം എന്നത് കൊണ്ടാണ് അത് കാലത്തിലൂടെ മുന്നോട്ടു പോകുന്നതും. കമ്മ്യൂണിസം 2.0 എന്ന കഥയിലെ ജോണിക്കുട്ടി, സുക്കര്‍ബെര്‍ഗിന് ലാഭമുണ്ടാക്കാന്‍ പണിയെടുക്കുന്ന ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ തൊഴിലാളികളായി കണ്ടുകൊണ്ട് അവരെ സര്‍വ്വരാജ്യാടിസ്ഥാനത്തില്‍ ഒന്നിപ്പിക്കാന്‍ ഒരു മാനിഫെസ്‌റ്റോ തയ്യാറാക്കുകയാണ്. 2051-ല്‍ ജോണിക്കുട്ടി വാര്‍ധക്യം ബാധിച്ചു മരിക്കുന്നു. പക്ഷെ ആ മാനിഫെസ്‌റ്റോ രണ്ടാം കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ആയി കൊണ്ടാടപ്പെടുന്നു. 1848 ല്‍ ഉണ്ടായ കമ്മ്യൂണിസം പല രാജ്യങ്ങളിലും വരികയും അധികാരം സ്ഥാപിക്കുകയും പരാജയപ്പെടുകയും ചെയ്യും. പക്ഷെ ജോണിക്കുട്ടിയുടെ മാനിഫെസ്‌റ്റോ ഒരിക്കലും അസാധുവാക്കപ്പെടില്ലെന്നു കഥാകൃത്ത് പറയുന്നു കാരണം അത് ഒരിക്കലും വിജയിച്ചിട്ടില്ല; വിജയം ഉണ്ടെങ്കിലേ പരാജയം ഉള്ളൂ. പരാജയപ്പെടാത്തിടത്തോളം കാലം എടുത്തുപയോഗിക്കാനുള്ള സാദ്ധ്യതകള്‍ അതില്‍ ഇപ്പോഴും ഉണ്ടാകും. ഈ കഥ വായിച്ചപ്പോള്‍ ജോണ്‍ അബ്രഹാം രചിച്ച കോട്ടയത്ത് എത്ര മത്തായിമാര്‍, പ്ലാസ്റ്റിക് കണ്ണുകളുള്ള അള്‍സേഷ്യന്‍ പട്ടി എന്നീ കഥകള്‍ എനിയ്ക്ക് ഓര്‍മ്മ വന്നു.
ഒരു പത്രവാര്‍ത്ത ഒരു കഥയാകാം. മനുഷ്യര്‍ എല്ലാവരും പിന്തുടരുന്ന ത്രസിപ്പിക്കുന്ന ചിലകുറ്റകൃത്യങ്ങളുടെ കഥകള്‍, ചില നന്ദികേടിന്റെ കഥകള്‍, ചില മാനഭംഗങ്ങളുടെ കഥകള്‍ ഒക്കെ മികച്ച ചെറുകഥകള്‍ ആകാം. പക്ഷെ വാര്‍ത്തയില്‍ നിന്ന് ചെറുകഥയിലേക്കുള്ള ആല്‍ക്കെമി ചെയ്യേണ്ടത് കഥാകൃത്തെന്ന രസായന വിദ്യക്കാരനാണ്. മധ്യകാലത്തെ ഒരു രസായനവിദ്യക്കാരനാണ് ഈ ഒരു തരത്തില്‍ നോക്കിയാല്‍ വിനുഎബ്രഹാം. ‘പ്രണയ’ എന്ന കഥ അങ്ങിനെയുള്ള ഒന്നാണ്. ആറ്റിങ്ങല്‍ എന്ന പട്ടണത്തെ പിടിച്ചുലച്ച ഒരു കൊലപാതക കഥയാണ് അതിന്റെ ത്രെഡ്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ കാമുകന്റെ കൊലപാതകശ്രമത്തില്‍ നിന്ന് രക്ഷപെട്ടു ജീവിതത്തിലെത്തിയ പ്രണയ എന്ന ചിത്രകാരി അമ്മയുടെ മരണസമയത്ത് ആശുപത്രിയില്‍ അവരെ കാണാന്‍ എത്തുന്നു. അതുവരെ അമ്മയെ ഒരു ക്രൂര കാളിയായി സങ്കല്‍പ്പിച്ചു വരച്ചിരുന്നു പ്രണയ അതോടെ മാനസികമായി സ്വതന്ത്രയാക്കപ്പെടുന്നു. അവള്‍ അമ്മയുടെ ഗൗരീരൂപം വരയ്ക്കാന്‍ ഉദ്യമിക്കുന്നിടത്ത് കത്തവസാനിക്കുന്നു. പ്രണയസാക്ഷത്കാരത്തിനായി അതിക്രൂരമായ വഴികള്‍ തേടിയ ഒരു കാമുകിയുടെ മകള്‍ക്ക് ‘പ്രണയ’ എന്ന പേര് തന്നെ നല്‍കുന്നത് കഥയുടെ മാനം വര്‍ധിപ്പിക്കുന്നുണ്ട്. ഒരു കലാചരിത്രകാരന്‍ കൂടിയായതിനാലാകണം എനിയ്ക്ക് ഒരു കഥാകൃത്തും ശരിയായി ചിത്രകാരെ വാക്കുകളില്‍ പിടിച്ചെടുത്തിട്ടില്ലെന്ന് തോന്നാറുണ്ട്. പ്രണയയില്‍ വിനു അക്കാര്യത്തില്‍ ഒരു പരിധി വരെ വിജയിക്കുന്നുവെന്നേ ഞാന്‍ പറയൂ. സമകാലത്തെ കഥയാക്കുന്ന രസായന വിദ്യ ‘ദൂതന്‍’ എന്ന കഥയിലും കാണാം. കടക്കെണിയില്‍പ്പെട്ട ആത്മഹത്യക്കൊരുമ്പെടുന്ന ഒരു കുടുംബത്തിലേക്ക് ഉപേക്ഷിക്കപ്പെട്ട ഒരു നായ വരുന്നതാണ് പ്രമേയം. വിഷം കലര്‍ന്ന ചോറ് നിങ്ങള്‍ മണത്തിട്ടുണ്ടോ? ആത്മഹത്യ ചെയ്യാന്‍ പോകുന്നവരുടെ ഉള്ളില്‍ പ്രതീക്ഷയുടെ ഒരു വിത്ത് അറിയാതെ പൊട്ടിപ്പിളര്‍ക്കുമ്പോള്‍ അതിനു പ്രപഞ്ചകാരണമായ ബിഗ് ബാങ്ങിന്റെ ശബ്ദം ഉള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ ഈ കഥ വായിക്കൂ.
അപ്പോകാലിപ്‌സ് അഥവാ അന്ത്യവിധി ദിനത്തിലെ തീമഴ വിനുവിന്റെ കഥകളിലെ ഒരു സജീവ ബിംബമാണ്. പലപ്പോഴും അതൊരു ഷേക്‌സ്പിയര്‍ കാലത്തെ ഡ്യൂസ് മെഷീന എന്ന സമ്പ്രദായം പോലെ ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വന്നു എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്തുന്നു; ഒരു പക്ഷെ ഉന്മൂലനത്തിലൂടെ. ‘മരണം ജീവിതത്തെക്കുറിച്ച്’, ‘നെടുങ്ങാടപ്പള്ളി’ എന്നീ കഥകളില്‍ ആകാശത്തു നിന്ന് വരുന്ന തീമഴയാണ് എല്ലാറ്റിനും ഒരു പരിഹാരമാകുന്നത്. അതൊരു നീതി നടപ്പാക്കലാണ്; വില്യം ബ്ലേക്കിന്റെ ചിത്രങ്ങളിലെ മെറ്റാഫിസിക്കല്‍ സാന്ദ്രത അനുഭവിപ്പിക്കുന്ന കഥകളാണിത്. അതെ സമയം നെടുങ്ങാടപ്പള്ളി എന്ന കഥയെ വര്‍ത്തമാനകാലത്തില്‍ പരിസ്ഥിതിരാഷ്ട്രീയവുമായും ചേര്‍ത്തുവായിക്കാം. മരം വെട്ടുന്നതിനു മുന്‍പ് മരത്തിലെ കിളികളുടെ അനുവാദം ചോദിക്കുന്നെന്ന് നാം അഭിമാനിക്കുന്ന ഭാരതീയ സംസ്‌കൃതിയില്‍ വികസനം എന്ന പേരില്‍ മരം വെട്ടുമ്പോള്‍ ചരിത്രത്തിന്റെ എല്ലാ ഓര്‍മ്മകളും തുടച്ചു നീക്കപ്പെടുന്നതും വെട്ടലിനു വിധേയമാകുന്ന മരം സ്വയം ജീവോഷ്മാവ് പിന്‍വലിച്ചു അതിലെ അവസാനത്തെ കിളികുടുംബത്തെയും പറന്നു പോകാന്‍ അനുവദിക്കുന്നതുമാണ് ഇക്കഥ. മരത്തിന്റെ കാഴ്ചയിലൂടെ ദേശരാഷ്ട്രീയത്തെ എഴുതുകയാണ് വിനു ഇതില്‍.
‘പരിചയമുള്ളൊരാള്‍”അമ്മക്കുഞ്ഞ’, ‘സ്‌കെച്ച്’ തുടങ്ങിയ കഥകള്‍ മനുഷ്യന്റെ അഗാധമായ മാനസിക തലങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. അവിഹിതങ്ങള്‍ക്കു ശ്രമം നടത്തുമ്പോള്‍, ആ യുവതിയുടെ കുഞ്ഞുങ്ങളുടെ മുഖം കാണുന്ന ഒരാള്‍ ഇനി തനിയ്‌ക്കൊരിക്കലും അതിനാകില്ലെന്ന് പറഞ്ഞു പിന്മടങ്ങുന്ന കഥയിലൂടെ ഇനിയും മനുഷ്യനില്‍ ബാക്കിനില്‍ക്കുന്ന നന്മയുടെ അവസാനത്തെ ഒരില ഒ.ഹെന്റിയുടെ ഒരു ഇല പോലെ കാട്ടിത്തരുന്നു. ഓര്‍മ്മ നഷ്ടത്തിനാല്‍ അരുതാത്തതു ചെയ്തു നടക്കുന്ന ഒരാള്‍ തന്റെ മുന്‍ഭര്‍ത്താവാണെന്നറിയുന്ന ഒരു സ്ത്രീയ്ക്ക് ആ വാര്‍ധക്യത്തിലും അയാളുടെ ശേഷിക്കുന്ന അഭിമാനം രക്ഷിക്കേണ്ടതുണ്ടെന്ന കര്‍ത്തവ്യബോധം ഉണരുന്നത് പുരുഷാധിപത്യത്തിന്റെ കീഴില്‍ അവര്‍ നില്‍ക്കുന്നത് കൊണ്ടല്ല കേവലമായ മനുഷ്യാന്തസ്സിനെ ജീവിതത്തിന്റെ കൊടിപ്പടമായി ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
150 രൂപയുടെ ഈ പുസ്തകം നഷ്ടമാണ് പണമെന്നു തോന്നിപ്പിക്കുന്നില്ല എന്നുമാത്രമല്ല വിനുവിന്റെ അടുത്ത കഥകളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ജോണി എം.എല്‍
Comments are closed.