ചരിത്രവും വർത്തമാനകാലവും സമന്വയിപ്പിച്ച ത്രില്ലർ നോവൽ!

എന്ന പുസ്തകത്തിന് ഡോ.ജീവന്‍ കെ വൈ എഴുതിയ വായനാനുഭവം.
ടി.ഡി രാമകൃഷ്ണൻ്റെ കൃതികളായ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ഫ്രാൻസിസ് ഇട്ടിക്കോര, മാമ ആഫ്രിക്ക എന്നീ പുസ്തകങ്ങളോട് സാമ്യമുള്ള ഒരു നോവലാണിത്. എനിക്കേറെ ഇഷ്ടമുള്ള പുരാതനചരിത്രം വേണ്ടുവോളമുള്ള ഒരു ത്രില്ലർ നോവൽ. 2020 ൽ ഡി.സി ബുക്സ് നടത്തിയ ക്രൈം ഫിക്ഷൻ മത്സരത്തിൽ അവസാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയ നാല് പുസ്തകങ്ങളിലൊന്നാണ് കിഷ്കിന്ധയുടെ മൗനം. വായന തുടങ്ങി ആദ്യതാളുകളിൽ തന്നെ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് പറിച്ചുനടാനുള്ള കഴിവ് ജയപ്രകാശ് പാനൂർ എന്ന എഴുത്തുകാരനുണ്ട്.
തമിഴ് സിനിമയായ “തീരൻ അധികാരം ഒൻട്ര്” എന്ന സിനിമയിൽ നാം കണ്ടതുപോലെയുള്ള ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യകൊലയാളിസംഘങ്ങളായ തഗ്ഗികളെ ആരുടെയൊക്കെയോ ലക്ഷ്യങ്ങൾക്കായി വീണ്ടും പുനർജീവിപ്പിക്കുന്നതിലൂടെയാണ് കഥയുടെ തുടക്കം. ഭഗവൻദാസ് എന്ന ആൾദൈവത്തിൻ്റെ പ്രേരണയെന്നോണം തഗ്ഗികൾ ഓരോ ഇരകളെ കണ്ടെത്തി കൊന്ന് ഭവാനിദേവിക്ക് ബലി നൽകാൻ തുടങ്ങുന്നു. ചരിത്രഗവേഷകനും ചരിത്രാന്വേഷിയും കൂടിയായ പൊഫസർ ജയശങ്കർ ഒരു ദിവസം വളരെ പ്രാചീനമായ ഒരായുധത്താൽ, നിഗൂഢനായ ഒരു കൊലയാളിയാൽ കൊല്ലപ്പെടുന്നു. അതന്വേഷിച്ചിറങ്ങുന്ന
വളർത്തുമകൻ സന്ദീപിന് പ്രൊഫസർ നടത്തുന്ന ട്രസ്റ്റിൻ്റെ പങ്കാളികളായ മറ്റ് ചിലരുടെ കൊലപാതകത്തിന് മുന്നിൽ കൂടി പകച്ചുനിൽക്കേണ്ടി വരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സന്ദീപിന് മുന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതത്തിൻ്റെ പൗരാണികചരിത്രം അനാവരണം ചെയ്യപ്പെടുന്നു. വളരെ നിഗൂഢമായി ഒളിപ്പിക്കപ്പെട്ട ഭാരതത്തിൻ്റെ പൈതൃകങ്ങളും അറിവുകളും ഭാരതീയരെന്ന നിലയിൽ ഓരോ വായനക്കാരനിലും രോമാഞ്ചം സൃഷ്ടിക്കുന്നവയാണ്. ഹനുമാൻ്റെ ജന്മദേശമായ, ബാലിസുഗ്രീവ സഹോദരങ്ങൾ ഭരിച്ചിരുന്ന കിഷ്കിന്ധ എന്ന ഇന്നത്തെ ഹംപിയിലേക്കാണ് തുടർന്നുള്ള അന്വേഷണങ്ങൾ നീളുന്നത്. അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഹംപി ഭരിച്ചിരുന്ന വിജയനഗരസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന രാമരായർ തൻ്റെ ഗുരുവിനോടും നൂറ് പടയാളികളോടുമൊപ്പം ചേർന്ന് അളവറ്റ സമ്പത്തും അറിവുകളും സ്വന്തമാക്കാൻ വന്ന സുൽത്താനേറ്റ് സാമ്രാജ്യത്തിന് വിട്ടുകൊടുക്കാത നാഗബന്ധനത്താലും മറ്റ് അറിവുകളുപയോഗിച്ചും സംരക്ഷിച്ചുവന്ന കിഷ്കിന്ധയിലെ രഹസ്യങ്ങളാണ് സന്ദീപിനും അപർണ്ണക്കും ദുരൂഹത നിറഞ്ഞ നിരഞ്ജൻ എന്ന വ്യക്കിക്കും മുന്നിൽ തുറക്കപ്പെടുന്നത്. ഇവ സംരക്ഷിക്കുന്നതിനായി ഓരോ കാലഘട്ടത്തിലും ഒൻപത് രക്തയോഗികൾ വീതം നിയോഗിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകളായി പലയാളുകളും ബ്രിട്ടീഷ് സാമ്രാജ്യവും കൈക്കലാക്കാൻ ശ്രമിച്ച ഈ രഹസ്യം കണ്ടെത്താനും കൊലപാതകങ്ങളുടെ ചുരുളഴിക്കാനും അവർക്ക് സാധിക്കുമോയെന്നുമുള്ള ആകാംക്ഷയുടെ മുൾമുനയിൽ നിന്നുകൊണ്ടുള്ള ഉഗ്വേകജനകമായ വായനയാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്.

വായനക്കിടയിൽ ഒരുപാട് പുതിയ അറിവുകൾ സമ്മാനിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. വെറുതെ ഒരു ജീവിതം ജീവിച്ചുപോകാതെ എന്തെങ്കിലുമൊക്കെ ചെയ്യുകയോ അല്ലെങ്കിൽ പലവിധ അറിവുകൾ എങ്കിലും നേടുകയോ ചെയ്യണമെന്ന് ആഗ്രഹമുള്ള എന്നെ സംബന്ധിച്ചിടത്തോളം അറിവുകളുടെ ഒരു സദ്യ തന്നെയായിരുന്നു ഈ പുസ്തകം. ടി.ഡി രാമകൃഷ്ണൻ്റെ നോവലുകൾ പോലെ അത്യന്തം ആവേശത്തോടും അഭിനിവേശത്തോടും കൂടിയാണ് ഞാൻ ഈ പുസ്തകത്തിൻ്റെ ഓരോ താളുകളും മറിച്ചുവിട്ടത്. വളരെ മികച്ചതും വ്യത്യസ്തവുമായ ഒരു വായനാനുഭവം ഈ പുസ്തകം നമുക്ക് സമ്മാനിക്കുമെന്നത് തീർച്ചയാണ്. ഭാരതീയരെന്ന നിലയിൽ നാമോരോരുത്തരും വായിക്കേണ്ട ഒരു കൃതി കൂടിയാണ് “കിഷ്കിന്ധയുടെ മൗനം.
Comments are closed.