വ്യത്യസ്ത രൂപങ്ങള്‍ കൈവരിക്കുന്ന, പരസ്പരപൂരകങ്ങളായ കഥകള്‍
ഓരോ സാഹിത്യസൃഷ്ടിക്കും രണ്ടു ഭാഗമുണ്ട്: ഉള്ളടക്കവും, രൂപവും. ഒന്ന് മറ്റേതിനെ കടത്തിവെട്ടാതെ യോജിച്ചു നില്‍ക്കുമ്പോഴാണ് കൃതികള്‍ക്ക് ആഴവും നൈസര്‍ഗ്ഗികതയും കൈവരുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥകള്‍ ഈ പരസ്പരപൂരണം കൊണ്ട് ശക്തമാണ്. ‘കാതുസൂത്രം’ എന്ന ഈ സമാഹാരത്തിലെ ഓരോ കഥയും പ്രമേയത്തിനനുസരിച്ച് വ്യത്യസ്ത രൂപങ്ങള്‍ കൈവരിക്കുന്നതു കാണാം.
(തുടക്കത്തിലേ പറയട്ടെ, ശീര്‍ഷകകഥയൊഴിച്ച് മറ്റൊന്നും എനിക്ക് സുഗമമായി പാരായണം ചെയ്യാന്‍ കഴിഞ്ഞില്ല. അനേകം അടരുകളില്‍ കഥാതന്തുവിനെ ഒളിപ്പിച്ചു നിര്‍ത്തി, ഒന്നൊന്നായി ഉള്ളിത്തൊലി പോലെ പൊളിച്ചെടുക്കുന്ന കഥാകൃത്തിന്റെ രീതി പലപ്പോഴും വല്ലാതെ അസ്വസ്ഥതയുളവാക്കി സിനിമയിലെ ജംപ് കട്ടുകള്‍ പോലെ. ഇതൊരുപക്ഷെ, എന്റെ വായനയുടെ പരിമിതിയാകാം. പുനര്‍വായനയില്‍ ഇവ കൂടുതല്‍ അനുഭൂതിദായകമായേക്കാം.)
ഈ കഥകളുടെ പൊതുസ്വഭാവം അവയുടെ ലൈംഗികതയാണ്. അതും പുരുഷന്റെ കാഴ്ചപ്പാടിലൂടെ. സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുമ്പോഴും പുരുഷന്റെ കഴുകന്‍ കണ്ണുകള്‍ക്ക് മാറ്റമില്ല. ‘കാതുസൂത്ര’ത്തില്‍ അത് ആധുനികതയുടെ മുഖമുദ്രകളായ മൊബൈല്‍ ഫോണിലൂടെയാണ് പടരുന്നത്: ഭാര്യയെ കണ്‍വെട്ടത്തു നിര്‍ത്താന്‍ ഭര്‍ത്താവുപയോഗിക്കുന്നതോ, സി സി ടി വി ക്യാമറകളിലൂടെയും. ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പടരുന്ന രതി അമ്മയെ വിട്ട് മകളിലേക്കും സംക്രമിക്കുമ്പോള്‍ ക്യാമറക്കണ്ണുകളുടെ നിസ്സഹായത നാം മനസ്സിലാക്കുന്നു.
രതിയോടൊപ്പം തന്നെ പടര്‍ന്നു പന്തലിക്കുന്ന ഒന്നാണ് അക്രമവാസന. സാഡിസത്തിന്റെയും മസോക്കിസത്തിന്റെയും ഉറവിടം അതാണ്. ‘ഉറുക്ക്’ എന്ന കഥയില്‍ വാടകക്കൊലയ്ക്ക് ഉപയോഗിക്കുന്ന ഒരു ലോറിയാണ് കേന്ദ്രബിന്ദു. ലോറിയുടെ െ്രെഡവറായ സതീശന്റെ ഭാര്യ സീനത്ത്, അവളെ പണ്ട് പ്രേമിച്ചിരുന്ന സഹീര്‍ (അയാള്‍ ഒരു മന്ത്രവാദിയാണ്), സീനത്തിന്റെ വാപ്പ സെയ്ത്, അയാളുടെ സുഹൃത്ത് കുറുപ്പ് എന്നിവരെ ചുറ്റിപ്പറ്റി കുറെ ശ്ലഥബിംബങ്ങള്‍ വരച്ചിടുന്നു കഥാകാരന്‍. കൃത്യമായി എഡിറ്റു ചെയ്യാത്ത ഒരു സിനിമ പോലെ ചുറ്റിത്തിരിയുന്ന ഈ കഥ ഹൊററിന്റെ വക്കിലെത്തി നില്‍ക്കുന്നു.
‘ച്യൂയിംഗ് ചെറീസ്’ എന്ന കഥ ഒരു കൊലപാതകത്തില്‍ത്തുടങ്ങി, സ്വവര്‍ഗ്ഗരതിയുടെ സൂചനയില്‍ അവസാനിക്കുന്നു. ഇംഗ്ലീഷു വാക്കുകള്‍ നിര്‍ലോപം ഉപയോഗിച്ചിട്ടുള്ള ഈ കഥ തികച്ചും ‘ന്യൂജെന്‍’ ആണ്. കഥയുടെ പ്രമേയത്തിനനുസൃതമായി ഭാഷയെ മാറ്റാനുള്ള നൊറോണയുടെ സിദ്ധിക്ക് ഉത്തമ ഉദാഹരണമാണ് ഈ കൃതി.
പുരുഷന്റെ കാമവാസന എങ്ങനെ ഐതിഹ്യങ്ങളിലേക്കും മിത്തുകളിലേക്കും ചേക്കേറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘തെമ്മാടിപ്പുണ്യാളന്‍’. ഒപ്പയാശാനും, അയാളുടെ കാമുകിയായ യക്ഷിയും, ഇവരെത്തേടുന്ന കമ്മജോയിയും ജീവിക്കുന്നത് ഒരു ഭ്രമാത്മകലോകത്താണ്. ഇടിഞ്ഞു വീണ സിനിമാക്കൊട്ടകയില്‍ ദൃശ്യയാകുന്ന യക്ഷി വെള്ളിത്തിരയില്‍ നിന്നും ഇറങ്ങിവന്നതാണോ? ആണേത്, പെണ്ണേത് എന്നറിയാത്ത മാതിരി കഥാപാത്രങ്ങള്‍ പരകായപ്രവേശം നടത്തുന്നുണ്ട് ഈ കഥയില്‍.
അക്രമവും അലസതയും എങ്ങനെ സര്‍ഗ്ഗത്തിലേക്കു സംക്രമിക്കുന്നു എന്നതിന്റെ മനോഹര ഉദാഹരണമാണ് ‘വര’. കുത്തു കൊണ്ടു മരിച്ച മൂത്ത ജ്യേഷ്ഠനേയും, വീടുവിട്ടു പോയ ഇളയ ജ്യേഷ്ഠനേയും ഓര്‍ത്ത് മയക്കുമരുന്നില്‍ ജീവിതം ഹോമിക്കുന്ന ആഖ്യാതാവ് ഒരു നിമിഷത്തെ ദൗര്‍ബ്ബല്യം കൊണ്ട് പോലീസ് പിടിയിലാവുന്നു. പക്ഷെ അയാളുടെ ഇളയച്ഛന്റെ സുഹൃത്തായ പോലീസ് ഇന്‍സ്‌പെക്ടര്‍ സമ്മാനിച്ച ചായക്കൂട്ടിലൂടെ, തനിക്കറിയാവുന്ന ഏക പണിയായ വര അയാള്‍ തുടരുമ്പോള്‍, അനുദിനം നരകതുല്യമായി മാറുന്ന നിത്യജീവിതത്തില്‍ നിന്നും ഒരു മോചനപ്പാത കാണിച്ചുതരികയാണ് കഥാകാരന്‍.
ഫ്രാന്‍സിസ് നൊറോണയുടെ ഭാഷ ലളിതവും ആഖ്യാനം ഗഹനവുമാണ്. ഓരോ വാചകങ്ങളും ആറ്റിക്കുറുക്കിയെടുത്ത പോലെ ഒരു മിനിമലിസ്റ്റ് രീതി. എന്നാല്‍ ഈ വാങ്മയചിത്രങ്ങളുടെ ഭംഗി അംഗീകരിക്കുമ്പോള്‍ത്തന്നെ, അവയില്‍ നിര്‍ലീനമായ അതാര്യത പലപ്പോഴും എന്നെ കുഴക്കി. നേരത്തേ പറഞ്ഞതു പോലെ, ഈ കഥകള്‍ ഒരു പുനര്‍വായന അര്‍ഹിക്കുന്നു എന്നു തോന്നുന്നു.
ഫ്രാന്‍സിസ് നൊറോണയുടെ കാതുസൂത്രം എന്ന കഥാസമാഹാരത്തിന് നന്ദകിഷോര്‍ വര്‍മ്മ എഴുതിയ വായനാനുഭവം
Comments are closed.