DCBOOKS
Malayalam News Literature Website

അപരവത്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതസംഘര്‍ഷങ്ങളുടെ അതിസൂക്ഷ്മാഖ്യാനം

സംഘര്‍ഷഭരിതമായ ഒരു സ്വത്വാന്വേഷണത്തിന്റെ കഥയാണ് കരിക്കോട്ടക്കരി. അസ്ഥിത്വദുഃഖം പേറുന്ന, സ്വയം അപരവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതസംഘര്‍ഷങ്ങളെ അതിസൂക്ഷ്മമായ ഒരു ആഖ്യാനമാക്കുകയാണ് വിനോയ് തോമസ്. വടക്കന്‍ കേരളത്തില്‍, കരിക്കോട്ടക്കരി എന്ന കുടിയേറ്റഗ്രാമത്തിലെ പരിവര്‍ത്തിത ക്രിസ്ത്യന്‍ സമൂഹത്തിനു നേരെയുള്ള ഉച്ചത്തിലുള്ള, എന്നാല്‍ ആരും പ്രത്യക്ഷത്തില്‍ കേള്‍ക്കാത്ത പുലയാട്ടു വിളികളാണ് ഈ ഏടുകളില്‍ നിറഞ്ഞിരിക്കുന്നത്. അത് അവര്‍ മാത്രം കേള്‍ക്കുന്നു. അവരുടെ കാതുകളെ മാത്രം മുറിപ്പെടുത്തുന്നു. കരിക്കോട്ടക്കരി ഒരു ദേശത്തേക്കാളുപരി നിറത്താല്‍ വിഭജിക്കപ്പെട്ട, വെളുപ്പിനാല്‍ ഒറ്റപ്പെട്ട ഒരു വാക്കാണ്. കറുത്തവരെ അത് മുറിവേല്‍പ്പിക്കുന്നു. ഇറാനിമോസ് എന്ന നായകന്‍ ആ വാക്കിന്റെ മൂര്‍ച്ചയുള്ള പരിഹാസമേറ്റാണ് തന്റെ സ്വത്വാന്വേഷണങ്ങള്‍ക്ക് തുടക്കമിടുന്നത്. കരിക്കോട്ടക്കരി..! പുലയരുടെ കാനാന്‍ദേശമാണോ അത് ? ആത്മാവ് നഷ്ട്ടപ്പെട്ട ആദിമദ്രാവിഡജനതയുടെ ഒരു താല്‍ക്കാലിക അഭയസ്ഥാനം മാത്രമായിരുന്നില്ലേ അത്?

എന്താണ് സ്വത്വം എന്നതൊരു ചോദ്യമാണ് വായനയിലുടനീളം. സ്വത്വം ശരീരമാണ്. ശരീരത്തിന് ചരിത്രമുണ്ട് അടിമത്തത്തിന്റെ, ഇണചേരലിന്റെ, കലര്‍പ്പിന്റെ, വംശശുദ്ധിയുടെ, ഭക്ഷണത്തിന്റെ, പട്ടിണിയുടെ. ആ ചരിത്രങ്ങളെ സ്വാംശീകരിക്കുമ്പോള്‍ അത് ദൈവമാകുന്നു. നമ്മളതിനെ ആരാധിക്കുന്നു. സ്വന്തം ചരിത്രത്തെ സംരക്ഷിക്കാത്തവര്‍ക്ക് അവരുടെ ദൈവത്തെയും നഷ്ടപ്പെടും.

സ്വന്തം ചരിത്രത്തെ വിസ്മരിക്കുന്നവരെയും ഒളിപ്പിക്കുന്നവരെയും നമുക്ക് നോവലില്‍ കാണാം. നിനക്കാതെ വെളിപ്പെട്ടുപോകുന്ന ഒളിപ്പിക്കപ്പെട്ട ചരിത്രം തന്നെയാണ് ഇറാനിമസ് എന്ന കഥാനായകന്‍. അതിന്റെ പീഡകളേല്‍ക്കുമ്പോഴാണ് അയാള്‍ സ്വയം തിരഞ്ഞുപോകുന്നത്. കറുത്തവന്റെ വേദനയനുഭവിച്ച പുണ്യാളനെപ്പോലെ ചാഞ്ചന്‍ വല്ല്യച്ഛനെ അയാള്‍ക്ക് കണ്ടുകിട്ടുന്നത്. അടിച്ചമര്‍ത്തലിന്റെയും വര്‍ണ്ണവെറിയുടെയും വേദന വിങ്ങുന്ന കാലത്തിനപ്പുറത്ത് തങ്ങള്‍ക്കൊരു സുവര്‍ണ്ണകാലമുണ്ടായിരുന്നെന്നും മണ്ണിന്റെ ഉടമകള്‍ തങ്ങളായിരുന്നെന്നും തിരിച്ചറിയുന്ന മനുഷ്യരിലേക്കാണ് നോവല്‍ അവസാനിക്കുന്നത്. അവിടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വത്വം ഒരു ഏകശിലാരൂപം കൈവരിക്കുന്നു.അത് പുതിയൊരു രാഷ്ട്രീയമാകുന്നു.

വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവലിന് ഹരികൃഷ്ണന്‍ തച്ചാടന്‍ എഴുതിയ വായനാനുഭവം

Comments are closed.