മാന്ത്രികപരിവേഷം സൃഷ്ടിക്കുന്ന കഥകള്‍
പി.എസ്.റഫീഖിന്റെ കടുവ എന്ന ചെറുകഥാസമാഹാരത്തെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍
പി.എസ് റഫീഖിന്റെ ‘കടുവ’ എന്ന കഥാസമാഹാരത്തിലെ മിക്ക കഥകളും ഗ്രാമ്യമായ അന്തരീക്ഷത്തിന്റെ ഭാവപ്പൊലിമയെ രേഖപ്പെടുത്താനുള്ള ശ്രമമാണ്. അപരിചിതമല്ലാത്ത ചുറ്റുപാടുകളിലെ അസാധാരണമായ സന്ദര്‍ഭങ്ങളെയോ ജീവിതസാഹചര്യങ്ങളെയോ മുന്‍നിര്‍ത്തി ആഖ്യാനത്തില്‍ മാന്ത്രികമായ പരിവേഷം സൃഷ്ടിക്കാന്‍ ‘വിശുദ്ധപിശാച്’, ‘ഇല്ലാത്ത ഇല്ലാവുണ്ണി’, ‘പേരില്ലാത്ത പ്രേമകഥ’ എന്നീ കഥകള്‍ക്കാവുന്നുണ്ട്.
കഥയെഴുത്തിനെ കുറിച്ച് വ്യക്തമായ ബോധ്യവും വീക്ഷണവും ഉള്ള കഥാകൃത്താണ് പി.എസ് റഫീഖ് എന്ന് ‘കടുവ’യില്‍ അനുബന്ധമായി വരുന്ന ‘വെളിച്ചനദിക്കരയിലെ പായനെയ്ത്തുകാരന്‍’ എന്ന ലേഖനത്തിലൂടെ തീര്‍ച്ചയാവുന്നു. ‘വാക്കില്‍ നിന്ന് മുള്ളുകള്‍ ഊരിയെടുത്ത് സൂര്യവെളിച്ചത്തില്‍ പാകപ്പെടുത്തി പൊളി കീറി ശ്രദ്ധയോടെ നെയ്യേണ്ടത് തന്നെയാണ് കഥ’ എന്ന് റഫീഖ് സമര്‍ത്ഥിക്കുന്നുണ്ട്.
‘വിശുദ്ധപിശാചി’ല്‍ ശ്രദ്ധയോടെ കഥാകൃത്ത് മെനഞ്ഞുകൊണ്ടുവരുന്ന മാന്ത്രികബിംബങ്ങളിലേക്ക് മതത്തിന്റെ കെട്ടുപാടുകള്‍ കൂട്ടിക്കെട്ടുകയാണ്. ‘ദൈവിക’ ശക്തിയുള്ള ദോരയച്ചന്റെ സാന്നിധ്യം ഉപ്പുതുറയില്‍ ധാരാളം സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നു. ആയിടയ്ക്ക് തന്നെ ഒരു കുരിശുകൂടി കടലില്‍നിന്ന് ലഭിച്ചു. കടപ്പുറത്തെ നനവുള്ള മണ്ണില്‍ ഉറപ്പിച്ച കുരിശിലൂടെ പുതിയ വിശ്വാസവും ആചാരങ്ങളും ആ തുറയില്‍ സ്ഥാപിക്കപ്പെട്ടു. ഈ സംഭവത്തിന് ശേഷം വളരെക്കാലം കഴിഞ്ഞു ആ തുറയിലെ ചില സാഹചര്യങ്ങളെ രസകരവും ഭ്രമാത്കവുമായി അവതരിപ്പിക്കുകയാണ് കഥയില്‍.
ദോരയച്ചന്‍ വിശുദ്ധനായ കൂനനച്ചനായി പ്രഖ്യാപിക്കപ്പെടുകയും അദ്ദേഹത്തിന്റെ മരണക്കല്ലറ പള്ളിയില്‍ പ്രത്യേകം കല്ലറ പണിതു മാറ്റി സ്ഥാപിക്കുകയും ചെയ്തതിന്റെ തുടര്‍ന്ന് പഴയ കല്ലറയെ സംബന്ധിച്ച ചില തര്‍ക്കങ്ങളാണ് കഥയെ ചടുലമാക്കുന്നത്, പഴയ കല്ലറ ലേലം ചെയ്യാന്‍ തീരുമാനിക്കുകയും പിശാചിനെപ്പോലെ ആ തുറയില്‍ എന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന പണക്കാരനായ അച്ചമ്പിയ്ക്ക് അതുലഭിക്കുകയും ചെയ്യുന്നു. അങ്ങനെ അയാള്‍ ‘വിശുദ്ധപിശാച്’ ആയി മാറി. കുത്തഴിഞ്ഞ പഴയ ജീവിതത്തെ പുതുക്കിയെഴുതേണ്ടി വരുന്ന അയാള്‍ അതിനു ഏറെ പ്രയാസപ്പെടുന്നു. ദൈവവുമായിച്ചേര്‍ന്നു നിന്ന് ‘വിശുദ്ധനാവാനുള്ള’ മനുഷ്യരുടെ മോഹത്തിന് മറ്റു ലൗകികസുഖങ്ങളെക്കാള്‍ തീവ്രതയുണ്ടെന്നു കഥയില്‍ ഉറപ്പിക്കുന്നു.
അധികാരം, പണത്തോടും, സ്ത്രീയോടുമുള്ള ആസക്തി തുടങ്ങിയവയെക്കാളും ‘വിശുദ്ധ’പട്ടം മനുഷ്യരെ തൃഷ്ണയുടെ തുറസുകളിലെത്തിക്കുന്നു. ‘ഗുജറാത്ത്’ എന്ന കഥ പൂര്‍ണമായ അര്‍ത്ഥത്തില്‍ സമകാലികം ആണ്. ചരിത്രത്തെ സ്വാര്‍ഥേച്ഛയ്ക്കായി അധികാരവര്‍ഗം മാറ്റിയെഴുതുന്ന ഈ വേളയില്‍, ഗാന്ധി പുനര്‍ജനിച്ചാലത്തെ സ്ഥിതിയാണ് ഭാവനാപൂര്‍വം കഥാകൃത്ത് പറഞ്ഞുവെയ്ക്കുന്നത്. ‘തൊള്ളായിരത്തി എഴുപത്തിയഞ്ച്’ എന്ന കഥ, അടിയന്താരവസ്ഥയുടെ കാലത്തെ ഓര്‍മ്മകള്‍ പേറുന്ന മനുഷ്യരുടെ ആഖ്യാനമാണ്.
Comments are closed.