പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുന്ന ചരിത്രനോവല്‍
ചരിത്രവും ഐതിഹ്യവും കെട്ടുകഥകളും കൂടികലർന്നു കിടക്കുന്ന മാമാങ്കം. ധീരനായി ജനിച്ച് അമരനായിത്തീരാൻ തിരുമാന്ധാംകുന്ന് ഭഗവതി അരുൾ ചെയ്യപ്പെട്ട ചാവേറുകളുടെ മാമാങ്കം. വള്ളുനാട്ടിലെ ഒരു ആണെങ്കിലും ജീവനോടെ ഉള്ളയിടത്തോളം ചാവേറ് പോയി വെട്ടി കൊല്ലാത്ത ഒരു മാമാങ്കമുണ്ടാവരുതെന്ന് നിശ്ചയമെടുത്ത പെണ്ണുങ്ങളുടേയും നൂറ്റിക്കണക്കിന് സൈനികരെ വെട്ടിമാറ്റി സാമൂതിരിയുടെ കഴുത്ത് വരെ തന്റെ വാൾതല എത്തിച്ച ചെറുബാല്യക്കാരുടെയും മാമാങ്കം.
കുല മഹിമയിലും പൂർവികരുടെ പെരുമലക്കങ്ങളിലും ആത്മബലികളിലും ആവേശം പൂണ്ട് അവരുടെ പകയെ മനസ്സിൽ പേറി മാമാങ്കത്തിന് പുറപ്പെടുന്ന ചന്ദ്രോത്തെ രണ്ട് വീരന്മാരായ ചാവേറുകൾ. അടവുകളും പെരുമലക്കങ്ങളും തെളിഞ്ഞ പഴയ തലമുറയിലെ അതേ കുലത്തിലെ വലിയ അഭ്യാസി ഇതിന്റെ അർത്ഥശൂന്യതകൾ മനസ്സിലാക്കി വിട്ടു നിൽക്കുന്നു . ഇവരുടെ നിലപാടുകളിലൂടെയും ആത്മസംഘർഷങ്ങളിലൂടെയുമാണ് നോവൽ കടന്നു പോകുന്നത്.
പാണന്റെ പാട്ടാണോ അതോ ജീവിതമാണോ വലുതെന്ന് നിരൂപിക്കുന്ന യോദ്ധാവ് ചതിയനെണ്ണും കുലദ്രോഹിയെന്നും മുദ്രകുത്തപ്പെടുന്നു.
നോവലിൽ ഏറ്റവും പ്രിയം തോന്നിയ കഥാപാത്രം ചിത്രമെഴുത്തുകാരനായ കുറിപ്പിനെയാണ്. അലസമായി കെട്ടിവെച്ചിരിക്കുന്ന കുടുമയും കഴുത്തിന് താഴേക്ക് നീണ്ടു കിടക്കുന്ന മുടിയും മുഖത്ത് കളിയാടുന്ന സ്‌ത്രൈണശൃഗാരവും കുറിപ്പിന്റെ മാതൃത്വത്തെ എടുത്തുകാട്ടുന്നു , എന്നാൽ താടിയും കണ്ണുകളിലെ രൂക്ഷതയും വിചിത്രമായ ഒരു യോദ്ധാവിന്റെ പൗരുഷവും അയാൾകേകുന്നുണ്ട്.
കാണുന്ന വസ്തുക്കളുടെയും സ്ഥലങ്ങളുടെയും സ്‌ത്രൈണശ്യംഗാരലാസ്യത്തിലുള്ള വർണന കഥാപാത്ര നിർമിതിക്ക് കരുത്തേകുന്നുണ്ട്.
കുറിപ്പിന്റെ “ ചീമിത്തിരുകിയ പീലിത്തലമുടിയെങ്ങനളിഞ്ചിതെടീ കുറത്തീ ? എന്നുള്ള കുറിപ്പിന്റെ ഗാനവും ചുവടുകളും ഹൃദ്യമായി മനസ്സിൽ നിലനിൽക്കുന്നുണ്ട്.
കുലമഹിമയിലും പൂർവികരുടെ പകയിലും ആവേശം കൊണ്ട് അതിലെ അർത്ഥശൂന്യതകളെ തിരിച്ചറിയാതെ വലിയ ശക്തികളോടുള്ള പോരാട്ടത്തിൽ രസം കണ്ടെത്തുന്ന ചാവേറുകളോട് കുറിപ്പിൽ നിറഞ്ഞു നിൽക്കുന്ന മാതൃത്വത്തിനും ഒളിഞ്ഞു കിടക്കുന്ന യോദ്ധാവിനും ഒരു പോലെ സംവേദിക്കാൻ സാധിക്കുന്നു എന്നിടത്താണ് നോവലിന്റെ യഥാർത്ഥ വിജയം.
നോവലിൽ ഏറ്റവും മനോഹരമായി തോന്നിയത് ചെറിയമ്മാവനും ഉണ്ണിയും ഒരുമിച്ചുള്ള നിമിഷങ്ങളായിരുന്നു.ചാവേർ യാത്രകളും അവരുടെ മാനസിക സംഘർഷങ്ങളും വ്യക്തതയോടെ വായനക്കാരുമായി സംവേദിക്കുന്നുമുണ്ട്.
നോവൽ അവസാനത്തോട്ട് അടുക്കുമ്പോൾ നായകന്റെ നിസ്സഹായത മനസ്സിലെ നോവിന്റെ ആഴം കൂട്ടുന്നുണ്ട്.
വാക്ക് കാത്തിട്ടും അതിന്റെ ചേലറിയിക്കാൻ സാധിക്കാതെ കുന്നിൻ മുകളിൽ നിൽക്കുന്ന നായകൻ വല്ലാതെ മനസ്സിനെ മുറിവേൽപ്പിക്കുന്നു……….
മാമാങ്കം സിനിമ
നോവലിലെ വൈകാരിക തലങ്ങൾ പ്രേക്ഷകനുമായി സംവേദിക്കുന്നതിൽ സിനിമ പൂർണമായും പരാജയപ്പെടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ചില വൈകാരികതകൾ മഹാനടന്റെ ചലനങ്ങളിലൂടെയും നോട്ടങ്ങളിലൂടെയും മാത്രമാണ് സിനിമയിൽ പ്രതിഫലിച്ചത്. അർത്ഥമറിയാതെ പല കഥാപാത്രങ്ങളും സംഭാഷണങ്ങൾ പറഞ്ഞു തീർത്തപ്പോൾ നോവലിലെ ഹൃദ്യമായ പല സന്ദർഭങ്ങളും പൂർണ്ണമായും തളർന്നു പോയി. തിരക്കഥാകൃത്തിനെയും സംവിധായകനേയുഠ മാറ്റിയപ്പോൾ നടീ നടന്മാർക്ക് അത്യാവശ്യം സംഭാഷണങ്ങളുടെ അർത്ഥമെങ്കിലും പറഞ്ഞു കൊടുക്കാൻ കഴിയുന്നവരെ നിയമിക്കാമായിരുന്നെന്ന് തോന്നിപ്പോയി പലയിടത്തും.
നോവലിലെ കാച്ചിക്കുറുക്കിയുള്ള സംഭാഷണങ്ങൾ പലതും വെട്ടിത്തിരുത്തി ജീവൻ നഷ്ടപ്പെടുത്തിയപ്പോൾ പലയിടങ്ങളിലും കഥാപാത്രങ്ങൾ പറയേണ്ട സംഭാഷണങ്ങൾ പോലും പരസ്പരം മാറിപ്പോയെന്ന് തോന്നിപ്പോയി.
നോവലിലെ ചെറിയമ്മാവനും ഉണ്ണിയും ചേർന്നുള്ള രസകരമായ നിമിഷങ്ങൾ യുവ നടന്റെ മസില് പിടിത്തം മാത്രമായി സിനിമയിലൊതുങ്ങി.മോശമായ VFX – വർക്കുകളും വികലമായ ഫൈറ്റ് രംഗങ്ങളും ദൃശ്യ വിരുന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയേകി….
ഈയടുത്ത് പല നോവലുകളും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയ്ക്ക് ഹൃദ്യമായി നിലനിൽക്കാൻ മറ്റൊരു നോവലിനും സാധിച്ചില്ല (18 വർഷത്തെ പ്രയത്നം കൊണ്ട് തന്നേയാവാം). മലയാളത്തിലെ ഒരു മികച്ച തിരക്കഥയാവേണ്ടിയിരുന്ന നോവലായി മാമാങ്കത്തെ തോന്നി.സജീവ് പിള്ള എന്ന കലാകാരനിൽ നിന്ന് മലയാള സിനിമയെ ലോക സിനിമ നിലവാരത്തിലേക്കുയർത്തുന്ന ഒരു മികച്ച ചരിത്ര സിനിമ പ്രതീക്ഷിക്കുന്നു…………സംഭവിക്കട്ടെ…….
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സജീവ് പിള്ളയുടെ’ മാമാങ്കം ‘ എന്ന നോവലിന് ഷിഹാസ് ഷംസുദീൻ എഴുതിയ വായനാനുഭവം
Comments are closed.