DCBOOKS
Malayalam News Literature Website

കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന നോവല്‍ ‘ഏഴാം പതിപ്പിന്റെ ആദ്യപ്രതി’

EZHAM PATHIPPINTE ADYAPRATHI By : AJIJESH PACHATT
EZHAM PATHIPPINTE ADYAPRATHI
By : AJIJESH PACHATT

തകര്‍ന്നുപോയ ഒരു ദേശത്തിന്റെ ചരിത്രവും തുടര്‍ന്നുള്ള വിഭാവനവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവലാണ് അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാം പതിപ്പിന്റെ ആദ്യപ്രതി‘. മതങ്ങളും സംഘടനകളും രാജ്യങ്ങളും പൗരന്‍മാര്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതുവഴി തെറ്റിദ്ധരിക്കപ്പെട്ട ഏത് ചരിത്രവും ഒരിക്കല്‍ സ്വയം എഴുന്നേറ്റു വന്നേക്കുമെന്ന തിരിച്ചറിവും കൂടി ഈ നോവല്‍ മുന്നോട്ട് വെയ്ക്കുന്നു. ജലംകൊണ്ടും അധിനിവേശംകൊണ്ടുംമുറിവേറ്റ ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്പും രേഖപ്പെടുത്തുന്നു. ക്രാഫ്റ്റിലെ വൈവിധ്യവും വ്യത്യസ്ത ഭൂമികകളില്‍നിന്നുള്ള കഥ പറച്ചിലുംകൊണ്ട് പുതിയൊരു വായനാനുഭവമാക്കി മാറ്റുകയാണ് ഏഴാം പതിപ്പിന്റെ ആദ്യപ്രതി. നോവലിന് ഷിഫ സക്തര്‍ എഴുതിയ വായനാനുഭവം

എവിടെയും ചെളി പുതഞ്ഞ, തകർന്ന കെട്ടിടങ്ങൾ. അവയിലെല്ലാം തൂങ്ങിക്കിടക്കുന്ന ചപ്പുചവറുകൾ. അവശേഷിക്കുന്ന എല്ലാറ്റിനും ചെളിയുടെ നിറമായിരുന്നു. പതുക്കെപ്പതുക്കെ വെളിപ്പെട്ടു വരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ചിത്രം പോലെ അത് നിശബ്ദമായി കിടക്കുന്നു. സ്വന്തം ദേശത്തെ കുറിച്ച് തെന്നലൻ പറയുമ്പോൾ അയാൾ ചിലപ്പോൾ വിതുമ്പുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ടു ഹൃദയമുള്ള മനുഷ്യനെ പോലെ………

Textഎഡേർഡ് മാർക്ക് ബ്രൗൺ എഴുതിയ ബയോസ് ഫിയർന്റെ ഏഴാം പതിപ്പിന്റെ കോപ്പികൾ ഈ ഭൂമുഖത്തുനിന്ന് എന്നേക്കുമായി നശിപ്പിക്കപെട്ടതിന്റെ/ പിൻവലിക്കപെട്ടതിന്റെ അന്വേഷണമാണ് ഈ നോവൽ.

മുപ്പത്തിമൂന്ന് കാഴ്ചകൾ കോർത്തിണക്കിയ നോവലിന്റെ ഭാഷയും ആഖ്യാനവും മികച്ചതാണ്. ഓരോ കാഴ്ചയിലേക്കും ഒരു ചലച്ചിത്രത്തിലേക്കെന്ന പോലെ അജിജേഷ് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

ആത്മൻ ,നൈനാൻ റഹാബി, സുൽഫത്ത് ,പ്രപഞ്ചൻ മുസാഫി തുടങ്ങിയ ഗംഭീര കഥാപാത്രങ്ങൾ നോവലിന്റെ ഹൈലൈറ്റാണ്. വരും കാലത്ത് ഒരു ദേശം എങ്ങനെയാണ് തകർച്ച നേരിടുന്നത് എന്ന് ചിത്രീകരിക്കുന്നതിലൂടെ നോവലിസ്റ്റ് ഇവിടെ കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.