സമ്പത്ത് നിയന്ത്രിക്കുന്നവരാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്, ദലിതന് സമ്പത്തില്ല
എം.കുഞ്ഞാമന്റെ ‘എതിര് ‘ എന്ന പുസ്തകത്തിന് രശ്മി എന്‍ എഴുതിയ വായനാനുഭവം
1949 ൽ പാലക്കാട് ജില്ലയിലെ വാടാനം കുറിശ്ശിയിൽ അയ്യപ്പൻ്റെയും ചെറോണയുടെയും മകനായി ജനിച്ച എം. കുഞ്ഞാമൻ്റെ ജീവിതസമരത്തിൻ്റെ കഥയാണ് ” എതിര് “. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ദളിത് സമുദായത്തിൽ ജനിച്ചു വളർന്ന അദ്ദേഹം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോടെതിരിട്ട് വിജയിച്ച ഒരാളാണ്. അതിനിടയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും അവഗണനകളും എത്രമാത്രമായിരുന്നെന്നു അദ്ദേഹം ഓർത്തെടുക്കുന്നു. ഒപ്പം അക്കാലഘട്ടത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷം ദളിതരെ എത്രയധികം ചൂഷണം ചെയ്തുവെന്ന കൃത്യമായ അവലോകനവും ‘എതിരി ‘ൽ അദ്ദേഹം നടത്തുന്നുണ്ട്.
തൻ്റെ സമൂഹം തനിക്കു തന്നത് ദാരിദ്ര്യവും, ഭയവും, അപകർഷതാബോധവും ആണെന്ന് അദ്ദേഹം പറയുന്നുണ്ട്. മൂന്നാം ക്ലാസിൽ വച്ച് തന്നെ ജാതിപ്പേര് മാത്രം വിളിച്ചുകൊണ്ടിരുന്ന അധ്യാപകനോട് പേരു വിളിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ചെകിട്ടത്ത് ആഞ്ഞൊരടിയായിരുന്നു മറുപടി. ഒപ്പം പഠിക്കാനല്ല കഞ്ഞി കുടിക്കാൻ വേണ്ടിയാണ് സ്കൂളിൽ വരുന്നത് എന്ന പരിഹാസ വാക്കുകൾ കൂടി കേട്ടപ്പോഴാണ് കുഞ്ഞാമൻ പഠിക്കാൻ തീരുമാനിച്ചത്. ആ തീരുമാനം അദ്ദേഹത്തിൻ്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു.
കഷ്ടപ്പാടുകൾക്കിടയിലൂടെ പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം.എ പാസായി, രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണനു ശേഷം ഒന്നാം റാങ്ക് ലഭിച്ച ആദ്യ ദലിത് വിദ്യാർത്ഥിയായി. കുസാറ്റിൽ നിന്ന് പി എച്ച്.ഡി നേടിയതിനു ശേഷം കേരള സർവ്വകലാശാലയിൽ സാമ്പത്തിക വിഭാഗത്തിലെ ലെക്ചറായി .പിന്നീട് യു.ജി.സി.യിൽ അംഗമായി സേവനമനുഷ്ഠിച്ചു. പ്രൊഫസറായിരിക്കേ കേരള സർവ്വകലാശാലയിൽ നിന്ന് രാജിവച്ച് മഹാരാഷ്ട്രയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രൊഫസറായി ചേർന്നു. ഇങ്ങനെ കുഞ്ഞാമൻ്റെ ജീവിതകഥ അത്യന്തം പ്രചോദനപരമാണ്.
എതിരിൽ പ്രതിപാദിച്ചിരിക്കുന്ന കാലഘട്ടം കേരള ചരിത്രത്തിൻ്റെ തന്നെ ഏറ്റവും ഇരുണ്ട മുഖങ്ങളിലൊന്നാണ്. ജാതീയമായ വേർതിരിവുകളും ചൂഷണവും ദാരിദ്ര്യവും എല്ലാം അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന ഒരു സമയമാണത്. പഠന സമയത്തു മാത്രമല്ല പ്രതിസന്ധികളെ തരണം ചെയ്തു ജോലിയിൽ പ്രവേശിച്ചിട്ടും ഒരു ദളിതൻ എന്ന നിലയിൽ പലയിടങ്ങളിലും അവഗണിക്കപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം തുറന്നെഴുതുന്നുണ്ട്. ഒപ്പം അക്കാലത്തെ രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ ദലിതരെ എങ്ങനെ ബാധിച്ചു എന്ന് നിരീക്ഷിക്കുന്നുമുണ്ട്.
” സമ്പത്ത് നിയന്ത്രിക്കുന്നവരാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ദലിതന് സമ്പത്തില്ല, രാഷ്ട്രീയത്തിൽ സ്വാധീനവുമില്ല. സമ്പത്ത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജാതി ഇല്ലാതാകും. ദലിതന് അടിച്ചമർത്തപ്പെടേണ്ടി വന്നത് സമ്പത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതുകൊണ്ടായിരുന്നു. ദലിതരിൽ നിന്നും ആദിവാസികളിൽ നിന്നും സമ്പന്നരുണ്ടാകുക, മുതലാളിമാരുണ്ടാവുക എന്നതാണ് സ്വാഭാവികമായും വേണ്ടത്. അതിശക്തരായ കാപ്പിറ്റലിസ്റ്റിക് ക്ലാസ്, റാഡിക്കൽ ഇൻ്റലിജൻഷ്യ, നല്ല പണ്ഡിതൻമാർ ഇവർക്കേ വ്യവസ്ഥിതിയെ വെല്ലുവിളിക്കാൻ കഴിയു” എന്ന് കുഞ്ഞാമൻ പറയുന്നു. ആഗോളവത്കരണവും അതിൻ്റെ ഭാഗമായി ഉയർന്നു വന്ന ലിബറൽ നയങ്ങളും ദലിത് സമൂഹത്തിന് ഗുണകരമായി തീർന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ചുട്ടുപൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളുടെ തുറന്നെഴുത്ത് എന്നതിനേക്കാൾ ദലിത് വർഗത്തെക്കുറിച്ചുള്ള രാഷ്ട്രീയവും സാമൂഹികവുമായ ഒരു പഠനം എന്ന നിലയിൽ തന്നെയാണ് ‘എതിര് ‘ പ്രസക്തമാവുന്നത്. എന്തു തന്നെയാണെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് ഉയർന്നു വരാൻ ശ്രമിക്കുന്ന മനുഷ്യർക്ക് ഈ പുസ്തകം ഒരു പ്രചോദനമാണ് എന്ന് നിസ്സംശയം പറയാം.
Comments are closed.