DCBOOKS
Malayalam News Literature Website

ഭൂതകാലം ഒരു ഭാരമായിരിക്കാം, പക്ഷേ അത് കൂടാതെ ഭാവിയില്ല!

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ‘ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ‘ എന്ന നോവലിന് മുഹമ്മദ് അലി എഴുതിയ വായനാനുഭവം

“അക്കാലത്ത്, ചരിത്രാതീത കാലത്തെ മുട്ടകളെ പോലെ വെളുത്തു വലുതായ,മിനുസമായ കല്ലുകളുടെ മീതെ ഒഴുകുന്ന, തെളിഞ്ഞ ജലമുള്ള നദിയുടെ കരയിൽ തീർത്ത, ഇരുപത് ഇഷ്ടിക കെട്ടിടങ്ങളുള്ള, ഒരു ഗ്രാമമായിരുന്നു മക്കൊണ്ടൊ. ലോകത്തിനു ചെറുപ്പമായിരുന്നത് കൊണ്ട് പല വസ്തുക്കൾക്കും പേരുണ്ടായിരുന്നില്ല.അവയെ ചൂണ്ടിക്കാണിച്ച്‌ വേണം സൂചിപ്പിക്കാൻ.”

എന്തൊരു സുന്ദരമായ ഉപമാലങ്കാരം, ചരിത്രാതീതകാലത്തെ മുട്ടകൾ പോലെ….

മാർക്വിസ് നിങ്ങൾ അനശ്വരനാണ്….

ആദ്യം വായനയെ കുറിച്ച് പറയാം

ഗബ്രിയേൽ ഗാർസിയ മാർക്വേസ് എഴുതിയ ഏകാന്തതയുടെ നൂറു വർഷങ്ങൾ ഒരു പ്രത്യേക പുസ്തകമാണ്. സാഹിത്യത്തിന്റെ അതിശയകരമായ ഒരു ഭാഗം.

പുരാണമെന്നോ, ഇതിഹാസമെന്നോ , കെട്ടുകഥയെന്നോ , കഥയെന്നോ, നാടോടി കഥയെന്നോ എന്തുവേണമെങ്കിലും വായനക്കാർക്ക് വിളിക്കാം. എന്ത് വിളിച്ചാലും ആഖ്യാന ശേഷിയുടെ ഒരു മാസ്റ്റർപീസാണ് നിഗൂഡവും അതോടൊപ്പം തന്നെ ആകർഷകവുമായ ഈ പുസ്തകം.

ഇത് എളുപ്പമുള്ള വായനയല്ല. നമ്മൾ ഓരോ പേജും വായിക്കണം, ഓരോ വാക്കും ദഹിപ്പിക്കണം, ഭാവനയിൽ മുഴുകിയിരിക്കണം.

പുസ്തകത്തിന്റെ ആദ്യ50 പേജുകളിലൂടെ നമുക്ക് കടന്നുപോകാൻ കഴിയുമെങ്കിൽ, നമ്മൾക്ക് ഈ പുസ്തകം ഭംഗിയായി ആസ്വദിക്കാനാകും.

കഥാസാരം

ഒറ്റപ്പെട്ട, നിഗൂഢമായ ഒരു ഗ്രാമത്തിലാണ് ജോസ് ആർക്കേഡിയോ ബുവേൻഡിയയും ഉർസുല ഇഗ്വാരനും താമസിച്ചിരുന്നത്. നൂറ്റാണ്ടുകളായി ഒരേ കുടുംബത്തിൽ പെട്ടവർ തന്നെ പരസ്പരം വിവാഹിതരായി. അതിന്റെ ഫലമായി കുട്ടികൾ പന്നി വാലുമായി ജനിച്ചു.

ജോസിന്റെ വധു ഉർസുല കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷവും കന്യകയായി തുടരുന്നതിനാൽ ജോസിനെ അപമാനിച്ച ഒരാളെ ജോസ് ആർക്കേഡിയോ കൊന്നിരുന്നു. ഇതേ തുടർന്ന് ജോസ് ആർക്കേഡിയോ ബുവേൻഡിയ ചില സുഹൃത്തുക്കൾക്കൊപ്പം ജീവിതത്തിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി തന്റെ തന്റെ നശിച്ച ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു.

തെളിനീരൊഴുകുന്ന ഒരു നദിക്കരയിൽ അവർ 20 ഇഷ്ടിക വീടുകൾ കെട്ടിയുണ്ടാക്കി താമസമായി. അത് പിന്നീട് മക്കൊണ്ടൊ പട്ടണമായി മാറി.

ജോസ് ആർക്കേഡിയോ ബുവേൻഡിയക്കും ഉർസുല ഇഗ്വാരനും മൂന്ന് മക്കളുണ്ടായി: അറീലിയാനോ, ജോസ് ആർക്കേഡിയോ, അമരാന്റ.

പിന്നീടുള്ള ഒരു നൂറ്റാണ്ടുകാലം ഈ പേരുകൾ തലമുറകളിലൂടെ കൈമാറിവരുന്നു. ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

കേണൽ അറീലിയാനോ ബുവേൻഡിയ മുപ്പത്തിരണ്ട് ആഭ്യന്തരയുദ്ധങ്ങൾ ആരംഭിച്ചെങ്കിലും അതെല്ലാം പരാജയത്തിൽ കലാശിച്ചു. തന്റെ യുദ്ധ യാത്രക്കിടയിൽ ഒരേ പേരുള്ള പതിനേഴ് ആൺമക്കളെ ജനിപ്പിക്കുകയും അവരെല്ലാം കൊല്ലപ്പെടുകയും ചെയ്തു. മക്കൊണ്ടൊയുടെ ഏറ്റവും ആദരണീയനായ പൗരനായും, സേച്ഛാധിപതിയായും,അവസാനം വിപ്ലവത്തിന്റെ അവശിഷ്ടമായും കേണൽ അറീലിയാനോ കൊണ്ടാടപ്പെടുകയും ചെയ്തു.

സ്ത്രീകൾ ബുവേൻഡിയ കുടുംബത്തെ നിലനിർത്തി. ആദ്യം ഉർസുലയും പിന്നീട് മകൾ അമരാന്റയും പിന്നീട് മരുമകൾ ഫെര്ണാണ്ടയും വീട് വികസിപ്പിക്കുകയും തുടർന്നുള്ള തലമുറകളെ വളർത്തുകയും ചെയ്തു.

വീണ്ടും അറീലിയാനോമാരും ആർക്കേഡിയോമാരും ജനിച്ചു ,പഴയ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടു.

എന്നാൽ ബുവേന്റിയ കുടുംബത്തിന്റെ ആദ്യവും അവസാനവും മുൻകൂട്ടിയറിഞ്ഞ/ രേഖപ്പെടുത്തി വെച്ച രണ്ടു പേരുണ്ടായിരുന്നു. പിലർ ടെർണറ എന്ന കാർഡ് നോക്കുന്ന സ്ത്രീയും, മെൽക്വിയാഡിസ് എന്ന ജിപ്സിയും.

Textആദ്യ ജോസ് ആർക്കേഡിയോ ബുവേൻഡിയ മുതൽ അവസാനത്തെ ബുവേൻഡിയ വരെയുള്ളവരുടെയെല്ലാം ജീവിതത്തിൽ മെൽക്വിയാഡിസ് ഉണ്ടായിരുന്നു.

എല്ലാവരെയും ഏകാന്തതയിലേക്ക് കൈപിടിച്ചിടാൻ…

ഭൂതകാലത്തിന്റെ ഭാരം പേറുന്നവർ

മക്കെണ്ടൊ നഗരവാസികൾക്ക് ഭയാനകമായ സ്‌മൃതി നാശം എന്ന അസുഖം വന്ന് ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങുമ്പോൾ അവർ ഓരോ വസ്തുവിലും അതിൻറെ ഉപയോഗങ്ങൾ എഴുതിയ ഒരു ലേബൽ ബന്ധിപ്പിച്ച് തങ്ങളുടെ ഓർമകളെ പുനരുജ്‌ജീഭവിപ്പിക്കാൻ ശ്രമിച്ചു.

നമ്മുടെ ബോധത്തിന്റെ ക്യാൻവാസുകളിൽ നിന്ന് നമ്മുടെ ഭൂതകാലം മായ്ച്ചുകളഞ്ഞാൽ നമുക്ക് ഭാവി പ്രതീക്ഷിക്കാനാവില്ലെന്ന് ഇത് നമ്മോട് പറയുന്നു.

ഭൂതകാലം ഒരു ഭാരമായിരിക്കാം, പക്ഷേ അത് കൂടാതെ ഭാവിയില്ല.

നമ്മുടെ വിവേകം നിലനിർത്താനുള്ള ഒരേയൊരു മാർഗം നമ്മുടെ ചരിത്രം ഓർമ്മിക്കുകയും അതിൽ പറ്റിനിൽക്കുകയും ചെയ്യുകയാണ്, അല്ലെങ്കിൽ ഭ്രാന്തനാകാൻ തയ്യാറാകുക എന്നതാണ്.

ജോസ് അർക്കേഡിയോ ബുവേഡിയയ്ക്ക് ഓർമ്മ നഷ്ടപ്പെടുമ്പോൾ, അയാൾക്ക് ഭ്രാന്താണ്.

ഈ വായനയിൽ എപ്പോഴും ഭൂതകാലം നമുക്കൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

കഥ പറച്ചിൽ

ജീവിതത്തിന്റെയും മരണത്തിന്റെയും സമ്പന്നവും മിഴിവുറ്റതുമായ ഒരു ചരിത്രവും മനുഷ്യരാശിയുടെ ദുരന്തവുമാണ് ഈ പുസ്തകം നമ്മളോട് പറഞ്ഞു വെക്കുന്നത്.

ഒരു ചരടിൽ നിന്നും മറ്റൊന്നിലേക്ക് രൂപാന്തരീകരണം നടത്തുന്ന കുടുംബ ഭ്രാന്തിനെ തുടർന്നുള്ള ഒരു ഇതിഹാസ ദുരന്തം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

മാർക്വേസിന്റെ വാക്കുകൾ ബുവേൻഡിയ കുടുംബത്തിലെ ഏഴു തലമുറകളിലൂടെ നമ്മെ കൊണ്ടുപോകുമ്പോൾ, മക്കോണ്ടോയിലേക്കുള്ള നമ്മുടെ യാത്ര ആരംഭിക്കുന്നു.

ഈ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നത് വളരെ കൗതുകകരമായിരുന്നു.

നമ്മളും അവരുടെ ഭ്രാന്തൻ കുടുംബത്തിന്റെ ഭാഗമാണെന്ന് നമുക്ക് തോന്നിത്തുടങ്ങും, ഒപ്പം ഓരോ കഥാപാത്രത്തിന്റെയും വിധി ദുരന്തത്തിന്റെ മഷിയോടെ എഴുതിയതായി അനുഭവപ്പെടുകയും ചെയ്യും.

ഒരു മുത്തശ്ശി, കഥ പറഞ്ഞു തരുന്നത് പോലെയാണ് തന്റെ കഥപറച്ചിൽ എന്ന മാർക്വസിൻറെ വാക്കുകളെ അന്വർത്ഥതമാക്കും വിധം ഈ വായനയിൽ നമുക്ക് വർഷങ്ങൾ കടന്നു പോകുമ്പോഴും സമയം നിശ്ചലമായി നിൽക്കുന്നു.

ഓരോ തലമുറയും ഭൂതകാലത്തിന്റെ ആവർത്തനം മാത്രമാണ്. മക്കൊണ്ടൊയിലും ബുവേൻഡിയയിലും തുടങ്ങി അവസാനിക്കുന്ന ഒരു ചക്രമാണിത്.

മനുഷ്യ ഉത്പത്തിയുടെ തുടക്കം മുതലുള്ള സ്നേഹങ്ങൾ, അത്ഭുതങ്ങൾ, ബഹുമാനം, പ്രതീക്ഷകൾ, സ്നേഹം, മരണം, വിപ്ലവം, നിരർത്ഥകത, ദു:ഖം, വ്യാമോഹങ്ങൾ, മാന്ത്രികത എന്നിവയെല്ലാം സാധ്യമായ രീതിയിൽ കുടുംബത്തിലെ വ്യക്തികളിലൂടെ വായനക്കാർക്ക് വെളിപ്പെടുത്തിയിട്ടുണ്ട് എഴുത്തുകാരൻ.

ബുവേൻഡിയ കുടുംബത്തിന്റെ കാലാ കാലങ്ങളിലെ ഉയർച്ച താഴ്ച്ചകളിലൂടെ മക്കൊണ്ടൊ നഗരത്തിൻറെ ഉയർച്ചയും തകർച്ചയും പുസ്തകത്തിലുടനീളം വിശദീകരിക്കുന്നു.

ഒരു ഫിക്ഷൻ സൃഷ്ടിയാണെങ്കിലും, ഈ നോവലിൽ നടന്ന ചില സംഭവങ്ങൾ അക്കാലത്ത് കൊളംബിയയിൽ നടന്ന യഥാർത്ഥ രാഷ്ട്രീയ ചരിത്ര സംഭവങ്ങളെ വിവരിക്കുന്നു.

വ്യത്യസ്തമായ വായന

ഈ പുസ്തകത്തിന്റെ വായന ചിലർക്കെങ്കിലും പ്രയാസകരമായി അനുഭവപ്പെടുന്നതിനു ചില കാരണങ്ങളുണ്ട്.

ഒന്നാമതായി എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ വായനക്കാരന്റെ മാനസിക ശേഷി പരമാവധി ഉപയോഗപ്പെടുത്തണം.അതായത് വിശ്രമത്തിനും വിനോദത്തിനുമായി വായിക്കുന്നവർക്ക് യോജിച്ചിട്ടുള്ളതല്ല ഈ പുസ്തകം.

അതിനു പുറമെ ഏകദേശം ഏഴ് തലമുറകകളിലായി 20 പ്രധാന കഥാപാത്രങ്ങളും അവയെരെല്ലാം പങ്കിടുന്ന ഏകദേശം ഒരേപോലുള്ള പേരുകളും ഉണ്ട്. ഒരേ പേരുകൾ വഹിക്കുന്ന അമ്മമാരും അച്ചന്മാരും. പല വായനക്കാർക്കും ഈ കഥാപാത്രങ്ങളെ വേർതിരിച്ചറിയാൻ ഒരു ഡയഗ്രം വരയ്ക്കേണ്ടി വരും.

അടുത്തതായി സമാനമായ സാഹസങ്ങൾ, സംഭവങ്ങളുടെ ചാക്രിക സ്വഭാവം,നിരവധി മാന്ത്രികവിദ്യകൾ,പ്രേതങ്ങൾ, ഭാവി പ്രവചനം, സ്വപ്നങ്ങളിലൂടെയുള്ള വെളിപാട് ഇവയെല്ലാം ഒരു പക്ഷെ വായനയിൽ നല്ല രീതിയിലുള്ള കരുതൽ അത്യാവശ്യമാക്കുന്നു.

മാജിക്കൽ റിയലിസം

ഈ പുസ്തകത്തിലെ മാജിക്കൽ റിയലിസത്തിൻറെ ശൈലി അതുല്യമാണ്. മക്കൊണ്ടൊ യുടെ ചരിത്രത്തിലൂടെ മാജിക്കൽ റിയലിസത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ വിവരിക്കുന്നുണ്ട് മാർക്വസ്.

തെരുവിലൂടെ ഒഴുകുന്ന രക്തപ്പുഴ…

മക്കൊണ്ടൊയിലെ മറവി രോഗം…

മക്കൊണ്ടൊ നഗരത്തിലെ അത്ഭുതങ്ങൾ…

ഒരു മനുഷ്യന്റെ സാന്നിധ്യം പ്രഖ്യാപിക്കുന്ന മഞ്ഞ ചിത്രശലഭങ്ങൾ….

വർഷങ്ങളായി അവസാനിക്കാത്ത മഴ…

റെമിഡിയോസ് സുന്ദരിയുടെ സ്വർഗ്ഗാരോഹണം…

ഇങ്ങിനെ എണ്ണമറ്റ ഉദാഹരങ്ങൾ വിവരിച്ച് കൊണ്ട് മാജിക്കൽ റിയലിസത്തിന്റെ ഒരു തരംഗം ഒരു വശത്ത് സൃഷ്ടിച്ചപ്പോൾ മറുവശത്ത് ബനാന കൂട്ടക്കൊലയെന്ന ചരിത്ര സംഭവത്തിൻറെ സാങ്കൽപ്പിക പതിപ്പും മക്കൊണ്ടൊ നഗരത്തിൻറെ വഴിത്തിരിവായ ഒരു സംഭവമായി അവതരിപ്പിക്കുണ്ട് മാർക്വസ്.

ഓ മാർക്വിസ്…

നിങ്ങൾ എങ്ങനെ സ്വപ്നം കാണുന്നു മാർക്വിസ്…

നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം ഒരു ഇതിഹാസ ലോകത്തിലൂടെ ഞങ്ങളെ നിങ്ങളോടൊപ്പം കൊണ്ടുപോകുന്നു….

മാന്ത്രികവും സുന്ദരവുമായ വേദനകളിലൂടെ,ദുരന്തങ്ങളിലൂടെ…..

സ്നേഹത്തിലൂടെ, കാലങ്ങളിലൂടെ, കള്ളങ്ങളിലൂടെ….

ചിലയിടങ്ങളിൽ ഏകാന്തതയെ മരണത്തോടുപമിച്ച്..

എന്നാൽ ചിലയിടങ്ങളിൽ ആ ഏകാന്തത കാട്ടി കൊതിപ്പിച്ച്…

ഭൂതകാലം ഞങ്ങളോടൊപ്പം ആവാഹിച്ച് എന്നാൽ വർഷങ്ങൾ പിന്നിടിച്ച്…..

എങ്ങനെയാണ് നിങ്ങൾ ഈ നൂറുവർഷത്തെ മനസ്സിൽ സങ്കൽപ്പിച്ചത്?..

ഇത് നിങ്ങളിലേക്കെത്തിയ ഒരു കെട്ടുകഥയോ?, അതോ നിങ്ങൾ ഓർമ്മിച്ച ഒരു മിഥ്യയോ?..

നിങ്ങളോടൊപ്പം ഞങ്ങളും ഒരു ചെറിയ ഭ്രാന്തരാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

നിങ്ങൾ എല്ലാം സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കുന്നു……

നിങ്ങൾ അഭിനിവേശത്തെയും ദുരന്തത്തെയും കുറിച്ച് വളരെയധികം അഭിനിവേശമോ അനുകമ്പയോ ഇല്ലാതെ സംസാരിക്കുന്നു……

വർഷങ്ങൾ കടന്നുപോകുന്നു, പക്ഷേ സമയം നിശ്ചലമായി നിൽക്കുന്നു – ഇതാണ് ഏകാന്തതയെക്കുറിച്ചുള്ള ഒരു ധാരണ…..

ഈ ഏകാന്തത തന്നെയാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന ഈ നോവലിൻറെ വായനയും സൃഷ്ടിച്ചത്…

മാർക്വിസ്, നിങ്ങൾ ലോക സാഹിത്യത്തിന് നൽകിയ ഒരമൂല്യ രത്നം തന്നെയാണ് ഈ പുസ്തകം….

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.