പകലിനു ബദലായി രാത്രിയുള്ളത് പോലെ ഇന്റർനെറ്റിലും രണ്ടു വ്യത്യസ്ത ഇടങ്ങൾ ഉണ്ട്!
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഡാർക്ക് നെറ്റ് ( ആദര്‍ശ് എസ് )
എന്ന പുസ്തകത്തിന് സുനിൽ ആലപ്പുഴ എഴുതിയ വായനാനുഭവം.
“ഹേബ ഫോൺ താഴെ വെച്ച് പുറകിലേക്ക് നോക്കി. കുറെ ദൂരെയായി ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. താൻ വണ്ടി നിർത്തുമ്പോൾ അതവിടെ ഉണ്ടായിരുന്നോ? ഹേബ ഓർത്തെടുക്കാൻ നോക്കി. ഹേബ വണ്ടി സ്റ്റാർട്ട് ചെയ്ത് അടുത്ത ഏതാനം സെക്കന്റുകൾക്കുള്ളിൽ ആ കാറിന്റെ സ്പീഡോമീറ്റർ, വേഗത 100 കടന്നതായി കാണിച്ചു”. ഡാർക്ക് നെറ്റിന്റെ ഒന്നാമത്തെ അദ്ധ്യായം അവസാനിക്കുന്നതിങ്ങനെയാണ്. ഇവിടെ നിന്നും നോവലിസ്റ്റായ ആദര്‍ശ് എസ് ആകാംക്ഷയുടെ ലോകത്തേക്ക് നമ്മളെയും ഹെബയോടൊപ്പം അതേ കാറിൽ 100 കിലോമീറ്റർ വേഗതയിൽ നോവലിലേക്ക് തള്ളിവിടുന്നു.
പകലിനു ബദലായി രാത്രിയുള്ളത് പോലെ ഇന്റർനെറ്റിലും രണ്ടു വ്യത്യസ്ത ഇടങ്ങൾ ഉണ്ട്, “ക്ലിയർ വെബ്ബ്” എന്ന നമുക്ക് സുപരിചിതമായ പൊതു ഇടവും “ഡാർക്ക് വെബ്ബ്” എന്ന സാധാരണക്കാരന് അത്ര സുപരിചിതമല്ലാത്ത തികച്ചും സ്വകാര്യമായ മറ്റൊരു ഇടവും. പൊതു ഇടത്തിലെ മാന്യത ഒരുവൻ തന്റെ സ്വകാര്യ നിമിഷങ്ങളിൽ കാട്ടാറില്ല. അവിടെ അവൻ തന്റെ ശിലായുഗ കാലത്തെ അടിസ്ഥാന സ്വഭാവങ്ങളിലായിരിയ്ക്കും അഭിരമിക്കുക. അവിടെ ഒരുവന് നിയന്ത്രണങ്ങൾ ഇല്ല. ആ നിയന്ത്രണങ്ങളില്ലായ്മ ഒരുവനെ അവന്റെ അടിസ്ഥാന സ്വഭാവത്തിന്റെ പാരമ്യതയിൽ എത്തിക്കുന്നു. അവിടെ അവന്റെ രതിഭാവനകൾക്ക് കടുത്ത നിറങ്ങളായിരിക്കും, അതുപോലെ അവനിലെ ഹിംസാത്മകത അതിന്റെ പാരമ്യത്തിലും. “ഡാർക്ക് നെറ്റ് -ദി ഡിജിറ്റൽ അണ്ടർവേൾഡ്” എന്ന ഈ നോവൽ പ്രതിപാദിക്കുന്നതും ഇത്തരത്തിൽ ഡാർക്ക് വെബ്ബിന്റെ ആഴങ്ങളിൽ പ്രതിദിനം നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചാണ്.
ഈജിപ്തിൽ പര്യവേഷണം നടത്തുന്ന പുരാവസ്തു ഗവേഷകനായ പ്രൊഫ. യഹിയ എൽ ഇബ്രാഹിം അലക്‌സാൻഡ്രിയ യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത്തെ നിലയിലെ തന്റെ മുറിയിൽ നിന്നും താഴേക്ക് വീണു മരിക്കുന്നു. മരിക്കുന്നതിന് മുൻപ് അയാൾ തന്റെ സംഘത്തിലെ ഒരാളായ ഹേബക്ക് അയച്ച അവസാന മെസ്സേജ് “KV 62” എന്ന അമൂല്യ വസ്തു തന്നെ നശിപ്പിക്കാൻ വരുന്ന ശത്രുക്കൾക്ക് ലഭിക്കരുത് എന്നതായിരുന്നു. എന്താണ് ഈ KV 62? പ്രൊഫസർക്കും തന്റെ കൂട്ടാളികൾക്കും അതിനു കഴിയുമോ? തുടർന്നുള്ള സംഭവ വികാസങ്ങൾ വായനയിലൂടെ തന്നെ അനുഭവവേദ്യമാക്കേണ്ടതാണ്.
വളരെ നാളുകൾക്ക് ശേഷമാണ് ഞാനൊരു ഫിക്ഷൻ വായിക്കുന്നത്. ഇതുവരെയുള്ള നോൺ-ഫിക്ഷൻ വായനയ്ക്ക് താൽക്കാലികമായി വിരാമമിടാനാണ് ഫിക്ഷനിലേക്ക് തിരിഞ്ഞത്. ആദ്യം ഏതെന്ന ചോദ്യത്തിന് എനിക്ക് മുന്നിൽ ഉത്തരം നൽകിയത് ഫെയിസ്‍ബുക്കിലെയും മറ്റും വായന ഗ്രൂപ്പുകളാണ്. ഡി.സി ബുക്ക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷൻ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ “ഡാർക്ക് നെറ്റ് -ദി ഡിജിറ്റൽ അണ്ടർവേൾഡ്” എന്ന നോവൽ എന്നിൽ കൗതുകമുളവാക്കിയത് അതിന്റെ പ്രമേയത്തിലെ പുതുമ കൊണ്ടായിരുന്നു. പുതിയൊരു എഴുത്തുകാരൻ പുതുതായുള്ള പ്രമേയവുമായി മലയാള സാഹിത്യ പ്രസ്ഥാനത്തിലേക്ക് കാലെടുത്ത് വെച്ചത് അത്യന്തം കൗതുകമുളവാക്കിയ ഒന്ന് തന്നെയായിരുന്നു. എഴുത്തുകാരൻ പുതിയതായതിനാൽ തന്നെ അമിത പ്രതീക്ഷകൾ ഇല്ലാതെ തന്നെയായിരുന്നു വായന തുടങ്ങിയത്. എന്നാൽ എന്നിലെ ആസ്വാദകനെ അക്ഷരാർഥത്തിൽ ഞെട്ടിച്ച് കൊണ്ടാണ് ഈ നോവലിലെ ഒന്നാമത്തെ അദ്ധ്യായം അവസാനിച്ചത് തന്നെ. അവിടുന്നങ്ങോട്ട് ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഓരോ അധ്യായവും കടന്നു പോയി. അവസാന അധ്യായവും കഴിഞ്ഞു പുസ്തകം മടക്കി വെച്ച് അല്പസമയം കഴിഞ്ഞു മാത്രമാണ് ആദ്യ അധ്യായത്തിൽ എന്നെ പിടികൂടിയ പിരിമുറുക്കത്തിന് ഒരു അയവുണ്ടായത്. ഇതിനു മുൻപ് ഇതേ തോതിൽ ഒരു വായനാനുഭവം ഉണ്ടായത് ഫ്രാൻസിസ് ഇട്ടിക്കോര, മഞ്ഞവെയിൽ മരണങ്ങൾ, മുല്ലപ്പൂ നിറമുള്ള പകലുകൾ, പരിണാമം തുടങ്ങിയ നോവലുകൾ വായിച്ചപ്പോൾ മാത്രമാണ്. ഒരു തുടക്കക്കാരന്റെ യാതൊരു പതർച്ചയുമില്ലാതെ എന്നാൽ അത്യന്തം സങ്കീർണമായ ഒരു വിഷയത്തെ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായും അത്യന്തം ചടുലമായും അക്ഷരങ്ങളായി പകർത്തുവാൻ സാധിച്ചതിൽ നോവലിസ്റ്റ് നൂറു ശതമാനവും വിജയിച്ചിട്ടുണ്ട്. വായന ഇഷ്ടപ്പെടുന്ന, അതിലേറെ ക്രൈം ഫിക്ഷൻ നോവലുകൾ ഇഷ്ടപ്പെടുന്ന ഏതൊരു പുസ്തകപ്രേമിക്കും അക്ഷരങ്ങൾ കൊണ്ടുള്ള ഒരു ഗംഭീര സദ്യ തന്നെയാണ് ശ്രീ. ആദർശിന്റെ “ഡാർക്ക് നെറ്റ് -ദി ഡിജിറ്റൽ അണ്ടർവേൾഡ്”.
Comments are closed.