ബിറ്റ് കോയിനുകളും ക്രിപ്റ്റോകറൻസിയും നിർബാധം ഒഴുകുന്ന ഈ അധോലോകത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്?
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഡാർക്ക് നെറ്റ് ( ആദര്‍ശ് എസ് ) എന്ന പുസ്തകത്തിന് ജയശ്രീ ശ്രീനിവാസൻ എഴുതിയ വായനാനുഭവം.
ഡി സി ബുക്സ് ക്രൈം ഫിക്ഷൻ അവാർഡ് 2020 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതിയാണ് ദി ഡിജിറ്റൽ അണ്ടർ വേൾഡ് എന്ന ടാഗ് ലൈനോടു കൂടിയ ഡാർക്ക് നൈറ്റ് എന്ന നോവൽ. മലയാളി വായനക്കാർക്ക് അത്ര കണ്ട് പരിചയമില്ലാത്ത ഡാർക്ക് വെബ്, അതുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവ പ്രമേയമാക്കിക്കൊണ്ട് കുറ്റാന്വേഷണ നോവലിൻ്റെ എല്ലാ ത്രില്ലർ സ്വഭാവവും പുലർത്തുന്നുണ്ട് ഈ നോവൽ. ഇൻ്റർനെറ്റ് സാങ്കേതികവിദ്യയെ നമുക്ക് വേണമെങ്കിൽ clear Web, Deep Web എന്നിങ്ങനെ വർഗീകരിക്കാം. നാം ഉപയോഗിക്കുന്ന ഗൂഗിൾ, firefox, Facebook തുടങ്ങിയവ ഒക്കെ ക്ലിയർ വെബ്ബിൻ്റെ ഭാഗമാണ്. എന്നാൽ ഇൻ്റർനെറ്റ് ബാങ്കിംഗ് ഒക്കെ ഉപയോഗിക്കുന്ന നമ്മുടെ അക്കൗണ്ട് വിവരങ്ങളും മറ്റും വെറുതെ ഒരാൾക്ക് ഗൂഗിളിൽ തിരഞ്ഞാൽ ലഭ്യമാകുമോ ? ഇല്ലല്ലോ. അവ deep വെബിൻ്റെ ഭാഗമായാണ് സംരക്ഷിക്കപ്പെടുന്നത്. ഇതിനെ മുതലെടുത്ത് കൊണ്ടാണ് ഡാർക് വെബ് പ്രവർത്തിക്കുന്നത്. ഡ്രഗ് മാഫിയ, ആയുധ കടത്ത്, ചൈൽഡ് പോണോഗ്രഫി, സെക്ഷ്വൽ ട്രാഫിക്കിംഗ് തുടങ്ങി ഈ മേഖലയിൽ നടക്കാത്ത കൊടും കുറ്റകൃത്യങ്ങൾ ഒന്നുമില്ല. ഹാക്കിംഗ്, ഫയർ വാൾ ബ്രേക്കിംഗ്, ഫിഷിംഗ്, എന്നിങ്ങനെ നിരവധി വിരുതുകളിലൂടെ ആണ് ഇന്ന് അധോലോകം മുന്നോട്ട് പോകുന്നത്. സേനയുടെ ഭാഗമായ സൈബർ സെൽ ഇത്തരം വിഷയങ്ങളെ നേരിടാൻ പര്യാപ്തമല്ല എന്നതാണ് വാസ്തവം.
അത്തരം ഒരു സാഹചര്യത്തെ മുൻ നിർത്തി ശിവന്തിക ഐപിഎസ് ന്റെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ സെൽ രൂപീകരിക്കുന്നതിൽ ആരംഭിക്കുന്ന കഥ തുടക്കം മുതൽ ഇവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൂടെയാണ് മുന്നോട്ട് പോകുന്നത്. കുറ്റകൃത്യങ്ങൾ സൈബർ ലോകത്ത് ആണ് നടക്കുന്നത് എന്നത് കൊണ്ട് തന്നെ അവയ്ക്ക് രാജ്യ സംസ്ഥാന അതിർത്തികൾ ഇല്ല. ബിറ്റ് കോയിനുകളും ക്രിപ്റ്റോകറൻസിയും നിർബാധം ഒഴുകുന്ന ഈ അധോലോകത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്? ആരൊക്കെയാണ് ഇതിൽ പങ്കാളികൾ ആകുന്നത്? അനന്തമൂർത്തി യഥാർഥത്തിൽ ആരാണ്? അയാളെ ആരാണ്, എന്തിനാണ് കൊലപ്പെടുത്തിയത്? സ്പെഷ്യൽ സെൽ വെറും ഒരു നോക്കു കുത്തി ആയി തീരുമോ? ആരാണ് മേജർ? ആരാണ് അഖില? ഒരു ഓൺലൈൻ പോർട്ടലിൽ ജേർണലിസ്റ്റ് ആയി ജോലി നോക്കുന്ന ശിഖ നടത്തുന്ന അന്വേഷണാത്മക പത്രപ്രവർത്തനം എവിടെ ചെന്ന് നിൽക്കും?
നോവലിൻ്റെ ഓരോ താളുകൾ വായിക്കുമ്പോഴും പുതിയ പുതിയ ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ നിറയുകയും വായനക്കാരെ നോവലിലെക്ക് ആകർഷിച്ച് നിർത്തുകയും ചെയ്യുന്ന രചനാതന്ത്രമാണ് ആദർശ് സ്വീകരിച്ചിട്ടുള്ളത്. എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.