DCBOOKS
Malayalam News Literature Website

പുരുഷൻ നഗ്നനാക്കപ്പെടുമ്പോൾ

മനുഷ്യനെ ഇതിഹാസത്തോട് ഉപമിക്കാറുണ്ട്. എഴുതിവച്ച വാക്കുകൾ മാത്രമല്ല ഇതിഹാസം; വരികൾക്കിടയിലും വാക്കുകൾക്കിടയിലുമുള്ള മൗനം കൂടിയാണ്. വായിച്ചുപൂർത്തിയാക്കിയാലും ഇതിഹാസങ്ങൾ വീണ്ടും വായിക്കാനെടുക്കുന്നത് മൗനം പൂർത്തിയാക്കാൻകൂടിയാണ്. നിരന്തര വായനയിലൂടെയും വിശകലനങ്ങളിലൂടെയും മനനങ്ങളിലൂടെയും മാത്രം പൂർത്തിയാകുന്ന പ്രക്രിയ. പ്രകടമായ പ്രവൃത്തികളും പറയപ്പെട്ട വാക്കുകളും മാത്രമല്ല മനുഷ്യൻ. മൗനം കൂടിയാണ്. വെളിച്ചം പോലെ ഇരുട്ടുമുണ്ട്. ഉയർന്ന പ്രദേശങ്ങൾ പോലെ താഴ്‍വരകളുമുണ്ട്. ഏറ്റവും അടുപ്പമുള്ളവരോടു പോലും പറഞ്ഞിട്ടില്ലാത്ത രഹസ്യങ്ങളുമായാണ് മനുഷ്യർ ജീവിക്കുന്നത്. അജ്ഞാതവും വിദൂരവുമായ ഭൂവിഭാഗങ്ങൾ കൊണ്ടുനടക്കുന്നുണ്ട് ഓരോരുത്തരും. പൂർണമായും കീഴടക്കിയിട്ടില്ലാത്ത രാജ്യം പോലെയും. കണ്ടുതീരാത്ത വൻകര പോലെയും അറിയുന്തോറും അകന്നുപോകുന്നു മനുഷ്യനും മനസ്സിലെ നിഗൂഡതകളും. ഇതിഹാസത്തിന്റെ മൗനങ്ങളിലെന്നപോലെ മനസ്സിന്റെ നിഗൂഡതകളിലാണ് മികച്ച എഴുത്തുകാരും വാക്കുകളുടെ വെളിച്ചവുമായി സഞ്ചരിക്കുന്നത്. ഇതിഹാസങ്ങൾ സൃഷ്ടിക്കാനായില്ലെങ്കിൽത്തന്നെ മികച്ച കൃതികൾ ശ്രമിക്കുന്നുണ്ട് മനസ്സിലെ സങ്കീർണതകളുടെ വ്യാഖ്യാനവും വിശദീകരണവും. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത വൻകരകളിലേക്കു യാത്ര ചെയ്യുന്ന കൃതികളിലൊന്നാണ് ഇ.സന്തോഷ്കുമാറിന്റെ മൂന്നു നോവലുകളുടെ സമാഹാരമായ ചിദംബര രഹസ്യം.

രഹസ്യം സൂക്ഷിക്കാത്ത മനുഷ്യരില്ല. മനസ്സ് പൂർണമായും ആരും ആർക്കുമുന്നിലും വെളിവാക്കിയിട്ടുമുണ്ടാകില്ല. ജീവിതത്തിന്റെ സമാധാനം തന്നെ ഇല്ലാതാക്കാൻ കഴിയും ചില രഹസ്യങ്ങൾക്ക്. അവ കൊണ്ടുനടക്കുന്നതുതന്നെ ആപത്കരവും സാഹസികവുമാണ്. ഒരു രഹസ്യത്തിന്റെ കുരിശ് ഏറ്റെടുത്ത മനുഷ്യനാണ് ചിദംബര രഹസ്യത്തിലെ സജീവൻ. മധ്യവയസ്സിനോട് അടുക്കുന്ന ഒരു സാധാരണ പുരുഷൻ. അകന്നുമറയുന്ന കാൽപനികതയ്ക്കും വരാനിരിക്കുന്ന വിരസതയ്ക്കുമിടെ വഴിതെറ്റിപ്പോയ മനുഷ്യൻ. രഹസ്യത്തിന്റെ പൂട്ടു തുറക്കാൻ‌ അയാൾ ആഗ്രഹിച്ചിട്ടില്ല. ഇനി അഥവാ അങ്ങനെ ഒരു തീരുമാനം അയാൾ കൈക്കൊണ്ടാൽതന്നെ അതിനു കഴിവില്ലാത്ത അവസ്ഥയിലാണ്. സംശയങ്ങൾ സംശയങ്ങളായിത്തന്നെ അവശേഷിക്കുകയും രഹസ്യങ്ങൾ വെളിച്ചം കാണാത്ത ചെപ്പിൽ അടക്കം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ അവശേഷിക്കുന്ന ജീവിതം മരുഭൂമിയിലെ പ്രതീക്ഷയില്ലാത്ത യാത്രയാകുന്നു. പേരു കൊത്തിവച്ചിട്ടില്ലാത്ത പ്രിയപ്പെട്ടവരുടെ സ്മാരകശിലയും തേടിയുള്ള സെമിത്തേരിയിലെ വ്യർഥമായ കാത്തുനിൽപ്.

ആളുകൾ വിചാരിക്കുന്നതുപോലെ ചെറിയ കുട്ടികൾ മാത്രമല്ല അനാഥരായി വളരുന്നത്. ജീവിതത്തിന്റെ പ്രത്യേകഘട്ടങ്ങളിൽവച്ച് മുതിർന്ന മനുഷ്യരും അങ്ങനെ അനാഥരാവുന്നുണ്ട്. മറ്റാരും കൂട്ടിനില്ലാതെ, ഒരുപക്ഷേ ചുറ്റുമുള്ള മറ്റാർക്കും ആശ്വസിപ്പിക്കാനോ കൈപിടിച്ചു നടത്താനോ കഴിയാതെ…. ഇങ്ങനെയൊരു ജീവിതാവസ്ഥയിലൂടെ കടന്നുപോകുകയാണ് ചിദംബര രഹസ്യത്തിലെ ലീനയും.

ഒരു രഹസ്യത്തിന്റെ കഥയാണ് നോവൽ. രഹസ്യത്തിൽ ഏർപ്പെട്ട എല്ലാവരും ജീവിച്ചിരിക്കുന്നുണ്ടെങ്കിലും ആർക്കും വിശദീകരിക്കാനാകാത്ത, ഒരുപക്ഷേ, വിശദീകരണം തന്നെ ആവശ്യമില്ലാത്ത ഒരു നിഗൂഡതയുടെ കഥ. ടോൾസ്റ്റോയിയുടെ ഒരു വാചകം ആമുഖമായി ചേർത്തിട്ടുണ്ട് സന്തോഷ്കുമാർ‌. ആക്സിനോവിന്റെ ഭാര്യയുടെ അത്ഭുതം പ്രകടമാകുന്ന വാക്കുകൾ. ആക്സിനോവിന്റെ ഭർത്താവ് പട്ടണത്തിൽനിന്നു മടങ്ങി വീട്ടിലെത്തി തൊപ്പിയൂരിയപ്പോൾ തലയിൽ മുടി ആകെപ്പാടെ നരച്ചിരുന്നു. ഒരു ചെറുയാത്ര കൊണ്ടു നരയ്ക്കുമോ തലയിലെ മുടിയത്രയും. അത്രയും മാറിപ്പോകാനാകുമോ Textമനുഷ്യന്? അതേ സംശയം തന്നെയാണ് ലീനയും പങ്കുവയ്ക്കുന്നത്. ഒരു യാത്രയാണ് അവരുടെ ജീവിതവും മാറ്റിമറിച്ചത്. ഭർത്താവ് സജീവന്റെ ഔദ്യോഗിക യാത്ര. അതു പതിവുള്ളതാണ്. പരിചിതമായിക്കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഭർത്താവു സഞ്ചരിച്ച കാർ അപരിചിതമായ സ്ഥലത്ത് അപകടത്തിൽപെട്ടു എന്നറിഞ്ഞപ്പോൾ ലീന നടുങ്ങാതിരുന്നത്. എന്തിന് തന്റെ ഭർത്താവ് ആ വഴി പോകണം. ആ വഴി പോകുമെന്നു പറഞ്ഞിട്ടേ ഇല്ല. അയാൾ പോകാനിറങ്ങിയ സ്ഥലത്തിന്റെ നേരേ എതിർദിശയിൽ എങ്ങനെ അയാളുടെ കാർ എത്തി. കൊക്കയിലേക്കു വീണു. ആശുപത്രിയിലായി. എങ്ങനെയെത്തി കൂടെയൊരു പെൺകുട്ടി? അതു തന്റെ ഭർത്താവല്ലെന്നും അദ്ദേഹം ആ വഴി പോകേണ്ട ആവശ്യമില്ലെന്നും കാറിന്റെ നമ്പർ തെറ്റായിരിക്കാമെന്നുമൊക്കെ ആശ്വസിച്ചെങ്കിലും ഒടുവിലൊരു ബന്ധുവിനെക്കൂട്ടി ആശുപത്രിയിലേക്കു പോകുന്നു ലീന. അപ്പോഴും അവരുടെ മനസ്സിൽ സംശയങ്ങളില്ല. ഇതുവരെ അങ്ങനെ സംശയം തോന്നിയിട്ടേയില്ല. സംശയിക്കത്തക്ക ഒരു പ്രവൃത്തിയും ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവസാനം യാത്ര പറഞ്ഞിറങ്ങുമ്പോൾ വാതിൽക്കലോളം അവൾ അയാളെ അനുഗമിച്ചിരുന്നു. പോകുന്നതിനുമുമ്പ് അയാൾ തിരിഞ്ഞ് പഴയ നാളുകളിലെന്നപോലെ തന്നെ ചുംബിക്കുമെന്ന് ലീന പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷേ, അതുണ്ടായില്ല. കിട്ടാതെപോയ ആ ചുംബനം വൈകിയ നിമിഷത്തിൽ ലീനയെ ഭർത്താവു ജീവിച്ചിരിക്കെതന്നെ വിധവയും അനാഥയുമാക്കുന്നു. മറ്റാരും കൂട്ടിനില്ലാതെ, ഒരുപക്ഷേ ചുറ്റുമുള്ള മറ്റാർക്കും ആശ്വസിപ്പിക്കാനോ കൈപിടിച്ചു നടത്താനോ കഴിയാത്ത നിസ്സഹായ.

അസാധാരണമായിട്ടെന്തെങ്കിലും പറഞ്ഞാൽ ഹോർമോണൽ ചേഞ്ച് എന്നു പറഞ്ഞുകളിയാക്കുമെന്നറിയാമായിട്ടും ഇത്ര നേരത്തേ പോകണോ എന്നു സംശയം പ്രകടിപ്പിച്ചതാണു ലീന അവസാനദിവസം സജീവൻ യാത്രയ്ക്കിറങ്ങുമ്പോൾ. പതിവിലും നന്നായി ഒരുങ്ങിയിറങ്ങിയതിൽ അത്ഭുതം പ്രകടിപ്പിച്ചതുമാണ്. എല്ലാ ആശങ്കകളെയും തള്ളിക്കളഞ്ഞു മുന്നോട്ടുപോയ ഭർത്താവ് ഓർമകളെ തിരികെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഓർമകളുടെ ആക്രമണത്തിൽ നിലയില്ലാതെ നീന്തുകയാണു ലീന. അപകടത്തിൽനിന്നു ഭർത്താവു രക്ഷപ്പെട്ടു എന്നു വേണമെങ്കിൽ പറയാം. പക്ഷേ, അതിലേറെ ലീനയെ ആശ്വസിപ്പിക്കുന്നത് ഒരു പെൺകുട്ടിയുടെ രക്ഷപ്പെടലാണ്. മൂന്നാറിൽ രണ്ടുദിവസത്തേക്ക് ഒരുക്കിവച്ച മുറിയിൽനിന്നു രക്ഷപ്പെട്ട പെൺകുട്ടിയെക്കുറിച്ചുള്ള ആശ്വാസം.

വരാനിരിക്കുന്ന നാളുകളിലെ വൈധവ്യത്തേക്കാളേറെ വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ട പെൺകുട്ടിയിൽ ലീന സ്വന്തം പ്രതിഛായ കൂടി കാണുന്നുണ്ടോ ?

ടോൾസ്റ്റോയിയുടെ കഥയിലെ ആക്സിനോവിന്റെ ഭാര്യയുടെ അതേ സംശയം വേട്ടയാടുന്നുണ്ട് ലീനയേയും. ഒരൊറ്റ യാത്രകൊണ്ട് പൂർണമായും മാറിപ്പോയ ഭർത്താവ്. ഇനി തയ്യൽ ക്ലാസിൽ കൊണ്ടുപോകാൻ ആശുപത്രിയിലിരുന്ന് ഒരു ചിത്രം നെയ്യാനാണ് ലീനയുടെ പദ്ധതി. ആദ്യം ഒരു കരടി. മകന്റെ കുട്ടിക്കാലത്തെ കളിക്കുടുക്കയിൽനിന്നും അമ്മ തിരഞ്ഞെടുത്തത്. തടിച്ച മരമണ്ടനായ ഒരു കരടി. തുന്നിത്തീരുമ്പോൾ മലർന്നുകിടന്ന് കളിമട്ടിൽ കരടി അമ്മയെ നോക്കും. പത്തുനാൽപത്തഞ്ചുകൊല്ലത്തെ ജീവിതത്തെ മൊത്തത്തിൽ ഒന്നു പരിഹസിക്കുന്നതുപോലെ ഉഷാറായി ഒന്നു ചിരിക്കും.

– എനിക്കും ചിരി വരും. അത്രയല്ലേ ഉള്ളൂ, ഇതിലെല്ലാം…!

ചിദംബര രഹസ്യത്തിലൂടെ സന്തോഷ്കുമാർ വായനക്കാർക്കു കൈമാറാൻ ശ്രമിക്കുന്നതു യൗവ്വനത്തിന്റെ അന്ത്യയാമത്തിലെ പുരുഷ ആശയക്കുഴപ്പം. അവസാനത്തെ മൽസരത്തിന് ഒരുങ്ങിയിറങ്ങുന്ന കായികതാരത്തിന്റെ ആശങ്കയും പരാജയപ്പെടുമോ എന്ന പേടിയും. ‘അല്ലെങ്കിലെന്തുണ്ടനവധി കാര്യങ്ങൾ; ഉള്ളതൊരിത്തിരി ദുഃഖം’ എന്ന കടമ്മനിട്ടയുടെ വരി പോലെ ജീവിതത്തിൽ ബാക്കിയാകുകയാണ് ഒരു ചിരി. പരിഹാസം. കരടി ലീനയെ കളിയാക്കി ചിരിക്കുന്നു. ലീന ജീവിതത്തെയും.

ചിദംബരരഹസ്യം. മുസോളിയം, മറ്റൊരു വേനൽ എന്നിവയാണു സമാഹാരത്തിൽ. ചിദംബര രഹസ്യവും മറ്റൊരു വേനലും ദാമ്പത്യത്തിന്റെ അഴിയാക്കുരുക്ക് അഴിക്കാൻ ശ്രമിക്കുമ്പോൾ മരുന്നുകൊണ്ടു ഭേദപ്പെടുത്താനാവാത്ത മുറിവിന്റെ വേദന പകരുന്നു മുസോളിയം. വ്യത്യസ്ത വിഷയങ്ങളാണു കൈകാര്യം ചെയ്യുന്നതെങ്കിലും ഒരു മാലയിലെ വേർപെടുത്താനാവാത്ത മുത്തുകൾ പോലെയാണു മൂന്നു നോവലുകളിലെയും ജീവിതാവസ്ഥകൾ. സൂക്ഷ്മമായ വിശകലനത്തിൽ പരസ്പരപൂരകമായ മൂന്നു നോവലുകളും ചേർന്ന് ജീവിതത്തിന്റെ കടലാഴത്തെ അനുഭവിപ്പിക്കുന്നു. നല്ല കൃതികൾക്കു മാത്രം സമ്മാനിക്കാനാവുന്ന അസ്വസ്ഥത സൃഷ്ടിക്കുന്ന കൃതിയുടെ പുതിയ പതിപ്പാണ് ഇപ്പോൾ വിപണിയിൽ.

ഇ സന്തോഷ് കുമാറിന്റെ ചിദംബര രഹസ്യം എന്ന നോവലിന് ജി. പ്രമോദ് എഴുതിയ വായനാനുഭവം.

കടപ്പാട് മനോരമ ഓൺലൈൻ

Comments are closed.