ഓരോ മനുഷ്യനും ഒരു ചെന്നായയാണ്!
ജി ആർ ഇന്ദുഗോപന്റെ ചെന്നായ എന്ന പുസ്തകത്തിന് ജിയോ ജോർജ് എഴുതിയ വായനാനുഭവം
ഓരോ മനുഷ്യനും ഒരു ചെന്നായയാണ്. അവന്റെയുള്ളിൽ കുടിയേറിയിരിക്കുന്ന വന്യതയൊന്നും നിഗൂഢവനങ്ങളിൽ സ്വൈര്യവിഹാരം നടത്തുന്ന മൃഗങ്ങളിൽ ഉണ്ടാവില്ല. മനുഷ്യൻ അത്രമേൽ ക്രൂരനാണ് മിക്കപ്പോഴും. വൂൾഫ് എന്ന
സിനിമാറ്റിക്ക് എക്സ്പീരിയൻസിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് ചെന്നായയിലേക്കുള്ള വായനക്കാരന്റെ യാത്രക്ക് അകമ്പടിയായി അഞ്ചു കഥകളാണ് ഉള്ളടക്കം ചെയ്തിരിക്കുന്നത്. അനുഭവത്തിൽ നിന്നും വിരിയുന്ന കഥകൾക്ക് പലപ്പോഴും വായനക്കാരനിൽ വലിയൊരു സ്ഫോടനം നടത്താനുള്ള ശേഷിയുണ്ട്. അങ്ങനെയൊരു രചനയാണ് ഡിസി ബുക്സ് പുറത്തിറക്കിയ ജി ആർ ഇന്ദുഗോപന്റെ ഏറ്റവും പുതിയ കഥാസമഹാരമായ ചെന്നായയും അതിലെ മറുതയെന്ന കഥയും.
കയ്യിലൊരു മൈക്കും പിടിച്ച് വേദിയിൽ നിൽക്കുന്ന ചുവന്ന സാരിയുടുത്ത ആ സ്ത്രീയെ മനസ്സിൽ സങ്കൽപ്പിക്കുമ്പോൾ ഒരു ഞെട്ടലാണ്. വീണ്ടുമൊരിക്കൽക്കൂടി ആ കഥ വായിക്കാനോ സങ്കൽപ്പിക്കാനോ ത്രാണിയില്ലാതെ സ്ഥലകാല ബോധമില്ലാതെ ഇരുന്നു പോവും. “മറുത ” എന്ന കഥയും പശ്ചാത്തലവും, കഥാപാത്രവും അത്രമേൽ ഭീകരമായ ഒരു വായനയാണ് സമ്മാനിച്ചത്. ലൈംഗിക തൊഴിലാളി സമ്മേളനത്തിൽ നിന്നും അടർന്നു വീണ അനുഭവത്തെ
സ്ഥിരം ശൈലികൾ മാറ്റിപ്പിടിച്ചെഴുതി പ്രിയപ്പെട്ടഎഴുത്തുകാരൻ ഇന്ദുഗോപൻ ഞെട്ടിച്ചു കളഞ്ഞു.ചർച്ച ചെയ്യപ്പെടാനുതകുന്ന വിഷയം എന്നതിലുപരി സമൂഹത്തെ ബാധിച്ചിരിക്കുന്ന ചീഞ്ഞളിഞ്ഞ അധികാര മേൽക്കോയ്മയും, അധികാര ദുരുപയോഗവും, അടിവസ്ത്ര വിലക്കയറ്റവും ലൈംഗിക തൊഴിലാളികൾ നേരിടേണ്ടി വരുന്ന വെല്ലുവിളിയും ഒരു കുഞ്ഞു കഥയുടെ പരിമിതമായ ക്യാൻവാസിലൂടെ വെളിപ്പെടുത്തുന്നു.അസ്വസ്ഥതയുളവാക്കുന്ന അവസാനം കൂടിയാവുമ്പോൾ മനക്കട്ടിയില്ലാത്തവർ വീണ്ടുമൊരു വായനക്ക് മുതിരാൻ തീരെ സാധ്യതയില്ല.ഇടവേളകൾക്കിടയിൽ സംഭവിക്കുന്ന ഇന്ദുഗോപൻ മാസ്റ്റർപീസ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന കഥയാണ് മറുത.
കാർഷിക പ്രശ്നങ്ങളെ മുൻനിർത്തിയുള്ള കുള്ളനും കിളവനും സമകാലിക സംഭവങ്ങളുടെ നേർകാഴ്ചയാണ്.വളരെ സ്ട്രോങ്ങ് ആയ കഥാപാത്രസൃഷ്ടികളെക്കൊണ്ട് ഉള്ളിൽ തട്ടിയ മറുത, കുള്ളനും കിഴവനും എന്നീ കഥകൾ മികച്ച വായനാനുഭവമാണ് പകരുന്നത്.ഇന്ദുഗോപന്റെ സ്ഥിരം ചേരുവകൾ ചേർത്തിളക്കി
കൊല്ലത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ നീങ്ങി ഒരു കട്ട ലോക്കൽ നോവലിന് വഴി മരുന്നിടുന്ന പതിനെട്ടര കമ്പനിയും,അനുഭവത്തിൽ നിന്നും കഥയായി പരിണമിച്ച ക്ലോക്ക് റൂം എന്ന കഥയും,ഇന്ദുഗോപനോട് ഇരുപത്തിയഞ്ചു ചോദ്യങ്ങളും ചേരുമ്പോൾ ഈ സമഹാരം പൂർണ്ണമാവുന്നു.
Comments are closed.