DCBOOKS
Malayalam News Literature Website

ഒരു കാലത്ത് പാപമായി കണ്ടു,  മനോരോഗമായി അകറ്റി, പുറത്ത് പറയാനും, ചർച്ച ചെയ്യാനുമെല്ലാം മടിച്ചു …!

 Chandanamarangal By: Madhavikkutty (Kamala Das)
Chandanamarangal
By: Madhavikkutty (Kamala Das)

“നിന്റെ ഉള്ളു  ചികഞ്ഞ്
നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച്
കണ്ടെത്തുന്നതു കൊണ്ടാണോ
നിന്റെ കണ്ണിൽ ഞാനൊരു ദുഷ്ടജീവിയായത് ?

നീ-
ആരാണെന്ന് എനിക്കറിയാം എനിക്കറിയാമെന്ന്
നിനക്കറിയാം
എനിക്കറിയാമെന്ന് നിനക്കറിയാമെന്ന്
എനിക്കറിയാം”- ചന്ദനമരങ്ങൾ , മാധവികുട്ടി

ഒരു കാലത്ത് പാപമായി കണ്ടു,  മനോരോഗമായി അകറ്റി, പുറത്ത് പറയാനും, ചർച്ച ചെയ്യാനുമെല്ലാം മടിച്ചിരുന്ന ഒന്നാണ് സ്വവർഗ്ഗ ലൈംഗികത. അക്കാലഘട്ടത്തിൽ പ്രണയമെന്നാൽ ആണും പെണ്ണുമെന്ന സങ്കല്പ്പത്തിൽ മാത്രമൊതുങ്ങുന്ന ഒന്ന്, എന്ന സാമൂഹിക പരിസ്ഥിതിയിൽ  നിന്നു കൊണ്ടാണ്  ലെസ്ബിയൻ പ്രണയത്തെ കുറിച്ച് തന്റെ നോവലായ ചന്ദനമരങ്ങളിൽ  മാധവിക്കുട്ടി എഴുതിയത്.

“ഞാൻ ലജ്ജയാലും
അപമാനഭാരത്താലും
എന്റെ കണ്ണുകളടച്ചു.
Textഎത്ര നേരം ഞാൻ ജീവച്ഛവമെന്ന പോൽ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനു ശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി “

മലയാളിക്ക് അന്നുവരെ പരിചയമില്ലാത്ത വായനാനുഭവം. സ്ത്രൈണതയുടെ ആഘോഷത്തിന്റെ മായാലോകം, ഉറ്റ കൂട്ടുകാരായിരുന്ന  കല്യാണിക്കുട്ടിയുടേയും, ഷീലയുടേയും ബന്ധത്തിലൂടെ മാധവിക്കുട്ടി വായനക്കാർക്ക് മുന്നിൽ വരച്ചിട്ടു.

കളിക്കൂട്ടുകാരിയും, തന്റെ അച്ഛന്റെ ഔദാര്യത്തിൽ പഠിക്കുന്ന, ആശ്രിതത്വത്തിൽ കഴിയുന്ന കല്യാണിക്കുട്ടിയെ വിട്ട്,സമ്പന്നതയുടെ മടിയിൽ ജീവിച്ച്, ചെറുപ്പത്തിലെ വിവാഹിതയായി,തന്നിലും ഒരുപാട് വയസ്സിന് മൂത്ത ഒരാളുടെ മാതൃകാ ഭാര്യയായി ജീവിക്കേണ്ടി വന്ന ഡോ. ഷീല. തന്നെ വളരെയധികം സ്നേഹിച്ച ഭർത്താവിനെ, സ്വന്തം  കാരണങ്ങൾ കൊണ്ട് നിഷ്ക്കരുണം ഉപേക്ഷിച്ച്  വിദേശത്തേയ്ക്ക് പോയി,  വർഷങ്ങൾക്ക് ശേഷം, വീണ്ടും  തന്റെ പ്രിയപ്പെട്ടവരെ തേടിയെത്തുന്ന  ഡോക്ടർ കല്യാണിക്കുട്ടി.എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
ഇവരുടെ പരസ്പര സ്നേഹത്തെ, ശരീര തൃഷ്ണകളെ, ഒക്കെ മറക്കുവാൻ ജീവിതത്തിൽ അവർ  നടത്തുന്ന ശ്രമങ്ങൾ പാഴാകുന്നിടത്താണ്, സമൂഹത്തെ, കുടുംബത്തെ എല്ലാം തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമണിയുന്ന വെറും വേഷങ്ങൾ മാത്രമാണ് പല സ്വവർഗ്ഗ പ്രേമികളുടേയും വൈവാഹിക ജീവിതമെന്ന് ചന്ദന മരങ്ങൾ നമ്മോട് പറയുന്നത്.

ഇന്ന് സമൂഹം, സ്വവർഗ്ഗവിവാഹം, സ്വർഗ്ഗരതി ഇവയിലൊക്കെ തുറന്ന കാഴ്ചപ്പാടോടെ  ഏറെ മുന്നോട്ടു പോയിട്ടുണ്ട്.  എങ്കിലും ഇനിയും ഇതെല്ലാം  അംഗീകരിക്കാൻ പാട് പെടുന്ന  വൈമനസ്യർക്ക് ഒരു തുറന്ന ചിന്തയിലേക്കുള്ള വാതിലാണ് ഈ നോവൽ എന്ന് സംശയം ഇല്ല.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങൾ ‘ എന്ന നോവലിന് ബിന്ദുക്കുട്ടി കെ കെ എഴുതിയ വായനാനുഭം

Comments are closed.