തുലനം ചെയ്യപ്പെടുന്ന ദൈവ-മനുഷ്യ നീതിബോധം
ഏറ്റവും ശാന്തമായ ഒരിടം, ഏറ്റവും സമാധാനം നല്‍കുന്ന ഇടമെന്ന രീതിയില്‍, ചില ദേവാലയങ്ങള്‍ എന്നെ എന്തെന്നില്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. വേനലില്‍, നിറയെ ചുവപ്പും മഞ്ഞയും നിറത്തില്‍ റോസാപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഡബ്ലിനിലെ ഒരു പള്ളി, വൈകിട്ടുള്ള ഏഴ് മണി സമയത്തെ കുര്‍ബാനയ്ക്ക് തൊട്ട് മുമ്പ്, ചായാന്‍ തുടങ്ങുന്ന സൂര്യരശ്മികളുടെ പശ്ചാത്തലത്തില്‍, നില്‍ക്കുന്ന രംഗം ഏറ്റവും ശാന്തമായ ഒരന്തരീക്ഷത്തിന്റെ പ്രതീതി നിറയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ താമസിക്കുന്നതിനടുത്തുള്ള ഒരു ഐറിഷ് ചര്‍ച്ചിലെ, ഇംഗ്ലീഷ് കുര്‍ബാനകള്‍ക്ക് ഇടയ്ക്ക് പോകാറുണ്ട്.
നേരെ മുന്നിലോട്ട് നോക്കുമ്പോള്‍, വലിയ പെയിന്റിങ്ങുകളോ, മുറിവേറ്റ് രക്തമാര്‍ന്ന്, കുരിശില്‍ കിടക്കുന്ന ക്രിസ്തുവോ ഇല്ല, വിശുദ്ധരുടെ രൂപങ്ങളോ ഇല്ല. പകരം നിലം മുതല്‍ മേലെ വരെ എത്തുന്ന വലിയ ഒരു ചില്ലുചുമരാണ് ബലിപീഠത്തിനു പുറകിലായി കാണുന്നത്. അവിടെ അതിന് വെളിയില്‍, ചെറിയ ചെടികള്‍ക്കുമപ്പുറത്ത്, വലിയ ആകാശം. ചിലപ്പോള്‍ തെളിഞ്ഞും, ചിലപ്പോള്‍ കറുത്തും, വെയിലും മഴയും മഴവില്ലും മഞ്ഞുമെല്ലാം കാണിക്കുന്ന വലിയ ലോകമാണ് അത്. പലപ്പോഴും എന്റെ കണ്ണുകള്‍ അവിടെയായിരിക്കും. പ്രാര്‍ത്ഥനകള്‍ വിചാരങ്ങളാകും, വിചാരങ്ങള്‍ ചിലപ്പോള്‍ ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും.
പ്രിയപ്പെട്ടവരെ ഓര്‍ക്കും, നമ്മില്‍ നിന്ന് വിട്ടു പോയവര്‍ ആ ജനാലയ്ക്കപ്പുറം വരുന്നുണ്ടെന്ന് തോന്നും, അവര്‍ നമ്മോട് മിണ്ടുന്നതായും പരിഭവിക്കുന്നതായും തോന്നും. വഴക്കിട്ട് പിരിഞ്ഞിരിക്കുന്നവരെ മുന്നില്‍ കൊണ്ട് വരും. തീര്‍ച്ചയായും പള്ളിയില്‍ നിന്നിറങ്ങി ഉടനെ അവരെ വിളിക്കണമെന്ന് ഉറപ്പിക്കും. ചിലപ്പോള്‍, കണ്ട് മറന്ന ഏതോ മനോഹരമായ സ്ഥലം, ഓര്‍മ്മ വരും. ചെറുപ്പകാലം ഓടി വന്നെന്നിരിക്കും. ചിലപ്പോള്‍ അതിഭയങ്കരമായ ദാഹവും വിശപ്പും ആ ആകാശം നോക്കി നില്‍ക്കേ വരും.
കഴിഞ്ഞ ദിവസം, ജനാലയ്ക്കപ്പുറം ഞാന്‍ കണ്ടത്, ആദവും ഹവ്വയും പറുദീസയില്‍ നിന്നും പുറത്താക്കപ്പെടുന്ന രംഗമാണ്. ക്രുദ്ധനായ ദൈവം അവരെ ശപിക്കുന്നു, അവര്‍ ഭൂമിയുടെ കഷ്ടതകളിലേയ്ക്ക്, അന്നാദ്യമായവര്‍ക്ക് വെളിവാക്കപ്പെട്ട നഗ്‌നതയുടെ രഹസ്യം, തോല്‍വസ്ത്രങ്ങള്‍ കൊണ്ട് മറച്ചുപിടിച്ച്, യാത്ര പുറപ്പെടുന്ന രംഗം, ഒരു നാടകത്തിലെന്ന പോലെ ഞാന്‍ ആകാശത്ത് കാണുകയായിരുന്നു. ഷുസെ സരമാഗുവിന്റെ, കായേന്‍ തൊട്ട് മുമ്പ് വായിച്ച് തീര്‍ത്തതിന്റെ ബാക്കി ചിന്തകള്‍ കൂടെ പോന്നതാണ് ആ കാഴ്ചകള്‍ക്കു കാരണം.
‘ആദമും ഹവ്വയും പുറമേയ്ക്ക് യാതൊരു കുറ്റവും കുറവുമില്ലാത്തവരായി കാണപ്പെട്ടുവെങ്കിലും ഇരുവരും ഒരു വാക്കെങ്കിലും ഉരിയാടാനോ, വെറുതെ ഒന്ന് ഒച്ചയിടാനോ പോലും ത്രാണിയില്ലാത്തവരാണല്ലോ എന്ന് തിരിച്ചറിഞ്ഞപ്പോള്‍, ഒടേതമ്പുരാനായ ദൈവത്തിന് തന്നോടു തന്നെ അരിശം തോന്നിക്കാണണം. കാരണം, ആ കൈപ്പിഴവിനു പഴിക്കാന്‍ ഏദന്‍ തോട്ടത്തില്‍ അന്ന് മറ്റൊരാളില്ലായിരുന്നല്ലോ.’ എന്ന് പറഞ്ഞുകൊണ്ട്, അരിശവും നിസ്സഹായതയുമൊക്കെയുള്ള ഒരാളാണ് ദൈവമെന്ന് വായനക്കാരനെ അലര്‍ട്ട് ചെയ്തു കൊണ്ടാണ് സരമാഗു ‘കായേന്‍’ പറഞ്ഞ് തുടങ്ങുന്നത്.
ആദ്യം മുതല്‍ അവസാന പേജു വരെ, ദൈവത്തിന്റെ പ്രവൃത്തികളെ ഉടനീളം ചോദ്യംചെയ്യുന്ന, തെറ്റുകള്‍ സംഭവിച്ചത് ദൈവത്തിനാണേ എന്ന് വിളിച്ചു പറയുന്ന, ആദമിന്റെ മകനായ കായേന്‍ പ്രധാന കഥാപാത്രമായി വരുന്ന, ബൈബിള്‍ കേന്ദ്രീകൃതമായ ഒരു നോവലാണിത്. പോര്‍ച്ചുഗീസ് എഴുത്തുകാരനും, നോബേല്‍ ജേതാവുമായ ഷൂസെ സരമാഗുവിന്റെ അവസാനത്തെ നോവല്‍ കൂടിയാണിത്. 2010-ല്‍ മരിക്കുമ്പോള്‍ എണ്‍പത്തിയേഴ് വയസ്സുണ്ടായിരുന്ന അദ്ദേഹമാണ്, ആദ്യമായി നോബേല്‍ സമ്മാനം (Literature) നേടുന്ന പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായിട്ടുള്ളത്. വര്‍ഷം 1998.
സാധാരണ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ മാജിക്കല്‍ റിയലിസം പോലെയുള്ള സങ്കേതങ്ങള്‍ക്കുപരിയായി, ബൈബിളിലെ, പഴയ നിയമത്തെ പുനരാവിഷ്‌കരിക്കുന്ന രീതിയിലാണ് കായേനിലെ എഴുത്ത്. ബൈബിളിലുള്ള മാജിക്കുകളെ, റിയാലിറ്റിയോട് ചേര്‍ന്ന് നിന്ന് നിരീക്ഷിക്കുകയും തിരുത്തിപ്പറയുകയും ചെയ്യുകയാണ് സരമാഗു ചെയ്തിരിക്കുന്നത്.
പുറത്താക്കപ്പെട്ടതോടെ, എല്ലാ കഷ്ടതകളോടും കൂടി ആദവും ഹവ്വായും ഭൂമിയില്‍ ജീവിച്ച് തുടങ്ങുന്നു. വിശപ്പടക്കാന്‍ വയ്യാതെ, തിരിച്ച് ഏദന്‍ തോട്ടത്തിലേയ്ക്ക് ചെല്ലുന്ന ഹവ്വാ, കാവല്‍ക്കാരനായ മാലാഖയോട് കുറച്ച് പഴങ്ങള്‍ക്കായി ആവശ്യപ്പെടുന്നു. പിന്നീട്, ആദമിനെയും കൊണ്ട് ചെല്ലുന്ന ദിവസം, മാലാഖ, അവര്‍ക്ക്, ഭൂമിയിലെ തന്നെ മറ്റ് മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വയ്ക്കുകയും, അവരോട് കൂടെ ചേരാനുള്ള വിദ്യ പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നു.
പിന്നീട്, നല്ലൊരു കൃഷിക്കാരനായി മാറുന്ന ആദം. കായേന്‍ പിറന്നു വീണ നേരം അവനുണ്ടായിരുന്ന നേര്‍ത്ത റോസാപ്പൂനിറം കണ്ട് അയല്‍വാസികളെല്ലാം അത്ഭുതപ്പെട്ടിട്ടുണ്ടാകണം. അവന്‍ ഒരു മാലാഖയുടെയോ ദൈവദൂതന്റെയോ അല്ലെങ്കില്‍ ഒരു ദുര്‍വിചാരത്താല്‍, കെരൂബുകളിലൊരുവന്റെ തന്നെയോ പുത്രനാണെന്ന് തോന്നിപ്പോകുമായിരുന്നു എന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു.
തങ്ങള്‍ക്ക്, ദൈവമറിയാതെ ആഹാരവും, ജീവിക്കാനുള്ള മാര്‍ഗ്ഗവും പറഞ്ഞ് തരാന്‍ ധൈര്യം കാണിച്ച, പറുദീസയ്ക്ക് കാവല്‍ നിന്നിരുന്ന കെരൂബുകളിലൊരുവനുമായ അസ്സേലിന് ‘നീയവന് എന്തെങ്കിലും പകരമായി കൊടുത്തിരുന്നുവോ?’ എന്ന് ആദമിനെക്കൊണ്ട് തൊട്ട് മുമ്പുള്ള അദ്ധ്യായത്തില്‍ ചോദിപ്പിക്കുന്നുണ്ട് സരമാഗു.
കായേനും ഹാബേലും സഹോദരന്മാര്‍ എന്നതിലുപരി, ആന്മാര്‍ത്ഥ സുഹൃത്തുക്കളായി ജീവിച്ചു പോന്നു. ആട്ടിടയനായ ഹാബേലിന്റ കാഴ്ചവസ്തുക്കളെ നിരന്തരം സ്വീകരികരിക്കുകയും കൃഷിക്കാരനായ കായേനിന്റെ ധാന്യവിളകളെ നിരന്തരം തിരസ്‌കരിക്കുകയും ചെയ്തു കൊണ്ട് ദൈവം നില്‍ക്കുന്നു. സഹോദരര്‍ക്കിടയില്‍ അസ്വസ്ഥത ജനിക്കുന്നു. സഹോദരന്റെ പരിഹാസങ്ങള്‍ക്കു കൂടി ഇരയാകേണ്ടി വരുന്ന കായേന്‍, വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, ഒരു കഴുതയുടെ താടിയെല്ല് കൊണ്ട് അവനെ കൊല്ലുന്നു. കറക്ട് ആ സമയത്ത് ദൈവം പ്രത്യക്ഷപ്പെടുന്നു.
കുറ്റം ചെയ്ത കായേന്‍ പേടിക്കുന്നില്ല എന്ന് മാത്രല്ല, ദൈവത്തിനെ ചോദ്യങ്ങള്‍ കൊണ്ട് നേരിടാന്‍ തുടങ്ങുന്നു. ‘നിങ്ങള്‍ ദൈവങ്ങളെല്ലാം നിങ്ങളുടെ പേരിലോ നിങ്ങള്‍ മൂലമോ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വ മേല്‍ക്കണം.’ എന്ന് ദൈവത്തെ കുറ്റപ്പെടുത്തുന്ന കായേനു മുമ്പില്‍, ഒരു കരാറിലേര്‍പ്പെടുന്നു ദൈവം. നീ ഭൂമിയില്‍ ഉഴറി നടക്കുന്ന ഒരു പിടി കിട്ടാപ്പുള്ളിയും നാടോടിയായും ജീവിക്കും. എന്നാല്‍ ഒരാളും നിന്നെ ഉപദ്രവിക്കുകയുമില്ല എന്ന് പറഞ്ഞ് കൊണ്ട്,നെറ്റിയില്‍ ശാപത്തിന്റെ അടയാളമിട്ടു കൊടുത്തുകൊണ്ട്, കായേനെ അലയാന്‍ വിടുന്നു.
അവിടുന്നു തുടങ്ങുന്നു അന്തമില്ലാത്ത അവന്റെ യാത്രകളും അവന്‍ കാണുന്ന കാഴ്ചകളും! ദൈവത്തിന്റെ ഇടപെടലുകളില്‍ ശരിയില്ലെന്ന് കണ്ട് ദൈവത്തിനോട് നിരന്തരം കലഹിക്കുകയും വാഗ്വാദം നടത്തുകയും ചെയ്യുന്ന കായേന്‍, ഒരു ടൈം മെഷീന്‍ കൈയിലുള്ള സഞ്ചാരിയെപ്പോലെ ഭൂതകാലത്തിലേയ്ക്കും തിരിച്ച് വര്‍ത്തമാനകാലത്തിലേയ്ക്കും യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു.
നാടോടിയായി അവന്‍ ചെന്നെത്തുന്നത്,ലിലിത്തിന്റെ അരികിലേയ്ക്കാണ്. തന്റെ ഭര്‍ത്താവായ നോഹയെക്കാളവള്‍, കായേനെയാണ് കിടപ്പുമുറിയില്‍ കാത്തിരുന്നത്. ലിലിത്തിനോടുള്ള അഭിനിവേശത്തിന്റെ പാരമ്യതയിലായിരുന്നിട്ടും അനിവാര്യമായ ഒന്നു പോലെ കായേന്‍ ഇറങ്ങിപ്പോകുന്നു, ഭൂതകാലത്തിലെ ചില സംഭവങ്ങളിലേയ്ക്ക്..!
അബ്രഹാമിനെ സന്ദര്‍ശിച്ചത്, അബ്രാമിനോട്, സ്വന്തം മകനെ ബലിയായി തരാന്‍ ആവശ്യപ്പെട്ട ദൈവത്തോട് കയര്‍ക്കുന്നത്, ബാബേല്‍ ഗോപുരമിടിഞ്ഞു വീഴുന്നത്, തീയും ഗന്ധകവും വീഴ്ത്തി സോദോമിനെയും ഗോമാറിനെയും നശിപ്പിക്കുന്നത്, സീനായ് ജനത സ്വര്‍ണ്ണ കാളക്കുട്ടിയെ ഉണ്ടാക്കി എന്ന കാരണത്താല്‍, ആളുകളെ ശിരച്ഛേദം ചെയ്യുന്നിടത്ത്, ഇങ്ങനെ നിരവധിയിടങ്ങളില്‍ നാടോടിയായ കായേന്‍ എത്തുന്നുണ്ട്. അപരാധികളോടൊപ്പം നിരപരാധികളെക്കൂടി വധിക്കുന്ന ദൈവത്തിന്റെ നീതിയെ അവന്‍ ചോദ്യം ചെയ്യുന്നു.
മിദ്യാനികള്‍ക്കെതിരെ, ഇസ്രയേല്‍ നടത്തുന്ന യുദ്ധാനന്തരം, അവര്‍ സ്വരൂപിച്ചു കൂട്ടിയ സമ്പത്ത് കണ്ട്, കയേന്‍ ഇങ്ങനെ ആത്മഗതം ചെയ്യുന്നു. ‘യുദ്ധം എന്തായാലും നല്ലൊരു ബിസിനസ്സ് തന്നെ, ഒരു പക്ഷേ എല്ലാ ബിസിനസ്സുകളിലും മികച്ചത്. ഒരു നിമിഷനേരം കൊണ്ട്, അതും എത്രയെളുപ്പത്തിലാണ് ഒരുവന് ആയിരക്കണക്കിന് ആടുകളെയും കഴുതകളെയും സ്ത്രീകളെയും സ്വന്തമാക്കാന്‍ കഴിയുന്നത്. ഈ ദൈവം ഒരിക്കല്‍ യുദ്ധങ്ങളുടെ ദൈവം എന്നു തന്നെ അറിയപ്പെടാന്‍ ഇടയുണ്ട്. ദൈവത്തെക്കൊണ്ട് മറ്റെന്തങ്കിലും ഗുണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’
2009 ല്‍ ആദ്യമായി പബ്ലിഷ് ചെയ്യപ്പെട്ട ഈ നോവലില്‍, കായേനെക്കൊണ്ട്, ദൈവത്തെ ചോദ്യം ചെയ്യിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. ദൈവം ഒരു വില്ലനായി കായേന്റെ മുമ്പില്‍ നില്‍ക്കുന്നു. അസൂയാലുവായ ദൈവം, സ്വാര്‍ത്ഥനായ ദൈവം എന്നെല്ലാം കായേന്‍ വിളിച്ചു പറയുന്നു. നോഹയുടെ പെട്ടകത്തില്‍ കയറിക്കൂടിയ കായേന്‍ പ്രതികാരമനോഭാവത്തോടെ ദൈവത്തെ നേരിടുന്നു. സഹോദരനെ കൊല്ലേണ്ടി വന്നത്, ദൈവത്തെ കൊല്ലാന്‍ സാധിക്കാത്തത് കൊണ്ട് മാത്രമാണെന്ന് നോവലിന്റെ ആദ്യ ഭാഗത്ത് ദൈവത്തോട് വാദിക്കുന്ന കായേന്‍, അതേ, വിമര്‍ശനബുദ്ധിയോടെ ദൈവത്തിന്റെ പ്രവൃത്തികളെ ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു.
കായേന്‍, എന്ന ഭ്രാതൃഘാതകന്റെ വീക്ഷണങ്ങളിലൂടെ ബൈബിളിലെ, പഴയ നിയമത്തിലെ ചില സംഭവങ്ങളെ വിവരിക്കുക എന്ന രീതിയാണ് നോവലിന്. താന്‍ ചെയ്ത കുറ്റത്തെ ന്യായീകരിക്കാനായി, ദൈവത്തെ പഴിചാരി സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന കായേന്‍, ആ മനോഭാവം ഒരിക്കലും പിടിവിടാതെ, ഭൂതകാലത്തിലേയ്ക്കും തിരിച്ച് വര്‍ത്തമാനകാലത്തിലേയ്ക്കും നാടോടിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു.
ഈ നോവല്‍ വായിച്ചു കൊണ്ടിരുന്നപ്പോള്‍, രണ്ടാമൂഴത്തിലെ ഭീമന്‍, പലപ്പോഴായി മനസ്സില്‍ വരുന്നുണ്ടായിരുന്നു. എം.ടി, ഭീമനിലൂടെ പറഞ്ഞ കഥകള്‍, വായനക്കാര്‍ക്ക് തുറന്ന് കൊടുത്ത ചിന്താമണ്ഡലം ചെറുതല്ല. കായേന്‍, ബൈബിളിലെ ഏറ്റവും പാപിയായ, സ്വന്തം സഹോദരനെ വധിച്ച ഒരു കഥാപാത്രമാണ്. ഷൂസെ സരമാഗു, കായേനിന് ചില അത്ഭുത സിദ്ധികള്‍ കൊടുത്ത്, ചില സംഭവങ്ങളെ, വായനക്കാരുടെ ചര്‍ച്ചയ്ക്കു വച്ചിരിക്കുന്നു.
ഈ കൃതിയ്ക്കും മുമ്പേ എഴുതപ്പെട്ട,’The Gospel According to Jesus Christ’ (1991)പോര്‍ച്ചുഗലില്‍ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പുതിയ നിയമം ആധാരമാക്കിയെഴുതിയ,അവിടെയും പ്രധാന വില്ലന്‍ ദൈവം തന്നെയായിരുന്നു. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍, സരമാഗോയും കുടുംബവും കാനറി ദ്വീപിലെ, ലാന്‍സറട്ടിയിലേയ്ക്ക് താമസം മാറ്റുകയുണ്ടായി.
1993 ന് മുമ്പ്, അതായത് ലാന്‍സറട്ടിയിലേയ്ക്ക് വരുന്നതിനും മുമ്പ് പോര്‍ച്ചുഗലിന്റെ അന്തരീക്ഷങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന, The year of the death of Ricardo Reis, 1984 പോലെയുള്ള രചനകളായിരുന്നുവെങ്കില്‍, പിന്നീട്, ഒരു Global Writer എന്ന രീതിയിലേയ്ക്ക് അദ്ദേഹത്തിന്റെ എഴുത്തുകള്‍ മാറുകയും ചെയ്യുന്നു.
അയ്മനം ജോണാണ് മലയാള പരിഭാഷ നടത്തിയിരിക്കുന്നത്. മുമ്പ് ഇംഗ്ലീഷില്‍ വായിച്ച ഈ കൃതി ഏറ്റവും മനോഹരമായി മലയാളത്തില്‍ വായന തരമാക്കിയതിന് അദ്ദേഹത്തിന് നല്ലൊരു പങ്കുണ്ട്.ഇത് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് Margaret Jull Costa ആണ്.
ദൈവത്തോട് നിരന്തരം തര്‍ക്കിക്കുന്ന ‘ആന്റപ്പന്‍’ എന്ന കഥാപാത്രത്തെ അജിജേഷിന്റെ ‘ദൈവക്കളി ‘ എന്ന കഥയില്‍ വായിച്ചതും ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.
നോവലുടനീളം ഒരു ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് എഴുതിയിരിക്കുന്നത്. അബ്രഹാം, തന്റെ മകനെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ വരുന്നത്, കായേന്‍ കാണുന്ന ഒരു സീനുണ്ട്. കഴുത്തറുക്കാന്‍ പോകുന്ന കൈയില്‍ കയറിപ്പിടിച്ച് അത് തടയുന്നത് കായേനാണ് എന്നാണ് സരമാഗു വിവരിച്ചിരിക്കുന്നത്. സത്യത്തില്‍ ആ ഡ്യൂട്ടി ചെയ്യേണ്ട മാലാഖ, ഇച്ചിരി വൈകിപ്പോയതാണ് കാരണം. ഇതിനെപ്പറ്റി വൈകി വന്ന മാലാഖയോട് കായേന്‍ തര്‍ക്കിക്കുന്നു. മാലാഖ കുറ്റബോധത്തോടെ പറയുന്നു.
‘യഥാര്‍ത്ഥത്തില്‍ എന്റെ തെറ്റുകൊണ്ടല്ല, ഇങ്ങോട്ടു വരുന്ന വഴിക്ക്, എനിക്ക് വലതു ചിറകില്‍ ഒരു യന്ത്രത്തകരാറ് സംഭവിച്ചതാണ്.അത് ഇടതു ചിറകിനൊപ്പിച്ച് ചലിക്കാതെ വരികയും അതിന്റെ ഫലമായി ഞാന്‍ ആകെ വട്ടം തിരിഞ്ഞ് പോകുകയുമാണുണ്ടായത് ‘ എന്ന് പറയുന്ന നിസ്സഹായവസ്ഥ കേള്‍ക്കുമ്പോള്‍, ചിരിക്കുകയും, അങ്ങിനെയൊന്ന് സംഭവിക്കാന്‍ സാദ്ധ്യത ഉണ്ടോ എന്ന് വായനക്കാരന്‍ ചിന്തിച്ചു പോകുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ നിരവധി സന്ദര്‍ഭങ്ങള്‍ വായനയില്‍ വരുന്നുണ്ട്.
ദൈവത്തിന്റെ നീതിയും അവന്റെ തന്നെ സൃഷ്ടിയായ മനുഷ്യന്റെ നീതിയും തുലാസില്‍ വച്ച് പരിശോധിക്കുകയാണ് നോവല്‍.
ഷുസെ സരമാഗുവിന്റെ കായേന്‍ എന്ന വിഖ്യാത നോവലിന് ദിവ്യ ജോണ്‍ ജോസ് എഴുതിയ വായനാനുഭവം
Comments are closed.