DCBOOKS
Malayalam News Literature Website

ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍

‘ബലിച്ചോറു മടുത്തു…
ബിരിയാണിയാണേല്‍
വരാമെന്ന് ബലിക്കാക്ക’

ഒരു കര്‍ക്കിടക വാവുബലിക്ക് ഇട്ട ഈ ഹൈക്കുകവിതയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അജിത് കുമാര്‍ ആറിന്റെ ബിരിയാണി തിന്നുന്ന ബലിക്കാക്കകളിലെ കവിതകള്‍ എല്ലാം തന്നെ തീവ്രമായതും വീണ്ടും വീണ്ടും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.

ലളിതമായ വരികള്‍ ആണെങ്കില്‍പോലും ഓരോ കവിതയിലും ഒരു സന്ദേശവും അല്ലെങ്കില്‍ വായനക്കാരന്‍ സ്വയം കണ്ടെത്തുന്ന കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും കാണും. ആനുകാലികപ്രസക്തിയുള്ള കാര്യങ്ങള്‍ ആണ് കൂടുതലും ഓരോ കവിതയുടെയും ഉള്ളില്‍ നില്‍ക്കുന്നത്. സമൂഹത്തില്‍ കൂടി ഒരു എത്തിനോട്ടം എന്നു പറയാം. ചില കവിതകള്‍ നര്‍മ്മത്തില്‍ ചാലിച്ചതാകുമ്പോള്‍ ചിലത് കണ്ണീരില്‍ ചാലിച്ചതാണ്.

150-ല്‍ കൂടുതല്‍ ഹൈക്കു കവിതകള്‍ ഇതിലുണ്ട്. ഇഷ്ടപ്പെട്ട ചില കവിതകള്‍ പറയാം.

‘ചിതല്‍’

അടുത്ത ജന്മത്തില്‍ എനിക്കൊരു ചിതലാകണം,
മതഗ്രന്ഥങ്ങള്‍ ഓരോന്നായി തിന്നുതീര്‍ക്കണം .

‘മാലയോഗം’

സൗന്ദര്യവും സ്ത്രീധനവും ഇല്ലാഞ്ഞു മുടങ്ങിയ,
ചൊവ്വയും ശനിയും ചേര്‍ന്നു മുടക്കിയ
മാലയോഗം ഉണ്ടായത്
ചുവരില്‍ ഒരു ചിത്രമായി
അവള്‍ തൂങ്ങിയപ്പോളാണ്.

‘ഒരു വിളി’

മരിച്ചുകിടക്കുമ്പോഴും
അമ്മയുടെ കയ്യില്‍ ഫോണുണ്ടായിരുന്നു,
വിവരം അറിഞ്ഞു
മക്കളെങ്ങാനും വിളിച്ചാലോ !!

‘ശിക്ഷ’

വ്യഭിചരിക്കുന്നവരെ ശിക്ഷിക്കാന്‍ ആളുണ്ട്.
നിയമത്തെ വ്യഭിചരിക്കുന്നവരെ ശിക്ഷിക്കാന്‍ ആരുണ്ട് ?

അങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ ഇതിലെ മുഴുവന്‍ കവിതകളും ഇതില്‍ എഴുതുവാന്‍ തോന്നും.വായനയെ, ഹൈക്കു കവിതകളെ ഇഷ്ടപെടുന്നവര്‍ക്ക് ഈ കുഞ്ഞു കവിതാസമാഹാരം നിര്‍ദ്ദേശിക്കുന്നു. ഇനിയും ഒരുപാട് തീഷ്ണമായ രചനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

അജിത് കുമാര്‍ ആറിന്റെ ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍ എന്ന കവിതാസമാഹാരത്തിന് നിഥിന്‍ മുരളി എഴുതിയ വായനാനുഭവം

Comments are closed.