മുറിവേറ്റ ഓര്‍മ്മകളുടെ രക്തസാക്ഷ്യം
വിഷത്തിനു പോലും നമ്മുടെ നാട്ടില്‍ Expiry date ഉണ്ട്. പക്ഷേ മതഭ്രാന്തിന് Expiry date ഇല്ല എന്ന് മാത്രമല്ല , കാലം ചെല്ലുന്തോറും അതിന് വീര്യം കൂടിക്കൂടി വരുന്നത് കണ്ടും അനുഭവിച്ചുമാണ് നമ്മള്‍ ജീവിക്കുന്നത്.
ഈ പുസ്തകം അറ്റുപോവാത്ത ഓര്‍മ്മകളുടെ കഥ മാത്രമല്ല, ഒരു മനുഷ്യനേയും കുടുംബത്തേയും മതത്തിന് എങ്ങനെയൊക്കെ മുറിവേല്‍പ്പിക്കാം എന്നതിന്റെ രക്തസാക്ഷ്യം കൂടിയാണ്. ഒരു നടുക്കത്തോടെയല്ലാതെ ഇത് വായിച്ച് തീര്‍ക്കാനാവില്ല. കൈകള്‍ വിറയ്ക്കാതെ പേജുകള്‍ മറിക്കാനാവില്ല.
ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായം തന്നെ ആ ചോദ്യത്തെ കുറിച്ചാണ്. ഒരു കൂട്ടം മതഭ്രാന്തന്‍മാര്‍ വിവാദമാക്കി മാറ്റിയ ആ ചോദ്യത്തെ കുറിച്ച്, അത് രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ച്, അതിന്റെ നിര്‍മ്മിതിക്ക് പിന്നിലെ തികച്ചും അക്കാദമികമായ താല്‍പ്പര്യത്തെ കുറിച്ച്.
32 കുട്ടികള്‍ എഴുതിയ ആ പരീക്ഷയിലെ ഒരു ചോദ്യത്തില്‍ മുഹമ്മദിനെ അവഹേളിച്ചു എന്നു തോന്നിയത് വിദ്യാര്‍ത്ഥികള്‍ക്കല്ല പുറത്തുള്ളവര്‍ക്കാണ്. പരീക്ഷ എഴുതിയവരില്‍ ഒരു പെണ്‍കുട്ടി ആ ചോദ്യത്തിലെ പടച്ചവന്‍, മുഹമ്മദ് എന്നീ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റി, അനിയന്‍/ചേട്ടന്‍ എന്നെഴുതുകയുണ്ടായി. ശേഷം അത് പ്രൊഫസര്‍ ജോസഫിനോട് തന്നെ പറയുകയും അതില്‍ കുഴപ്പമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. പേര് എന്തായാലും കുഴപ്പമില്ല, ചിഹ്നങ്ങള്‍ ശരിയായാല്‍ മതി മാര്‍ക്ക് കിട്ടും എന്ന് അദ്ദേഹം ആ കുട്ടിയോട് പറഞ്ഞതുമാണ്. കാരണം ചിഹ്നങ്ങള്‍ അടയാളപ്പെടുത്താനുള്ള ചോദ്യമായിരുന്നു അത്.
പരീക്ഷ എഴുതിയ വിശ്വാസിയായ മുസ്‌ലിം പെണ്‍കുട്ടി കാണിച്ച പക്വതയോ വിവേകമോ പുറത്തുള്ള ദൈവത്തിന്റെ സ്വയംപ്രഖ്യാപിത ഗുണ്ടകള്‍ക്ക് ഉണ്ടായില്ല. (അവരില്‍ നിന്നു അത് പ്രതീക്ഷിക്കാനും വയ്യ ) ഭ്രാന്തെടുത്ത ആള്‍ക്കൂട്ടത്തിനും ഉണ്ടായില്ല.
പരശുരാമന്റെ മഴു എന്ന 25-ആം അധ്യായത്തിന്റെ വായന ഉണ്ടാക്കിയ നടുക്കവും വിറയലും ഇപ്പോഴും മാറിയിട്ടില്ല. ദൈവത്തിന്റെ ഗുണ്ടകള്‍ അവരുടെ ഭ്രാന്തന്‍ ഫത്‌വ നടപ്പാക്കിയതിന്റെ വിവരണമാണ് ആ അധ്യായത്തില്‍. ഒരു മനുഷ്യനാണെന്ന പരിഗണന പോലും കല്‍പ്പിക്കാതെ, ഒരു കല്‍പ്പിത കഥയില്‍ പോലും കാണാനാവാത്ത ക്രൂരതയോടെ അവര്‍ ഏത് ദൈവത്തെയാണ് പ്രീതിപ്പെടുത്തിയത് ?
വാഹനം റോഡില്‍ തടഞ്ഞിട്ട് അതിന്റെ ചില്ലുകള്‍ മഴു കൊണ്ടും വാക്കത്തികൊണ്ടും അടിച്ചു തകര്‍ത്ത് അതിലൂടെ കൈയ്യിട്ട് മഴു കൊണ്ട് ഒരു മനുഷ്യനെ തുരുതുരാ വെട്ടിയപ്പോള്‍ പ്രസാദിച്ച ദൈവം ഏതാണ് ? അക്രമികള്‍ സ്വന്തം മകനെ വെട്ടുന്നതും പുറത്തേക്ക് വലിച്ചിട്ട് വീണ്ടും വീണ്ടും വെട്ടുന്നതും കണ്ട് അന്തിച്ച ഒരമ്മയുടെ നിലവിളിയിലാണോ ദൈവം പ്രസാദിച്ചത്? അതോ തന്നെ തടഞ്ഞ് വെച്ച് തന്റെ കണ്‍മുമ്പിലിട്ട് സ്വന്തം സഹോദരനെ കശാപ്പ് ചെയ്യുന്നത് കണ്ട് ആര്‍ത്തു വിളിച്ച ഒരു സഹോദരിയുടെ ദുഃഖത്തിനും കണ്ണീരിനും മുമ്പിലോ? അലമുറയും നിലവിളിയും പൊട്ടിത്തെറിയും കേട്ട് ഓടിയെത്തിയ മകനെ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞത് കണ്ടാണോ ദൈവം സംതൃപ്തനായത്? അതോ വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ ആ വലതു കയ്യിന്റെ കാഴ്ചയിലാണോ നിങ്ങളുടെ ദൈവത്തിന്റെ മനം കുളിര്‍ത്തത്? എങ്കില്‍ അത് ദൈവമല്ല. നിങ്ങളേക്കാള്‍ വലിയ മൃഗമാണ് (മൃഗങ്ങള്‍ ക്ഷമിക്കട്ടെ).
ഇപ്പഴും ഈ സംഘടന കേരളത്തില്‍ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് നമ്മുടെ ഭരണാധികാരികള്‍ നട്ടെല്ലിന്റെ സ്ഥാനത്ത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന വാഴപ്പിണ്ടി സ്ഥാപിച്ചത് കൊണ്ടുകൂടിയാണ്.
വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ ആ വലതു കൈ ഒരു അദ്ധ്യാപകന്റെതായിരുന്നു. കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് കൊടുത്ത ഒരു ഗുരുനാഥന്റെതായിരുന്നു. അദ്ദേഹം പഠിപ്പിച്ച ഒരു വിദ്യാര്‍ഥിക്ക് പോലും അദ്ദേഹത്തില്‍ അന്യ മതവിദ്വേഷം ആരോപിക്കാനില്ല.
ഈ പുസ്തകം വായിക്കുന്നതുവരെ കൈ വെട്ടിയ ക്രൂരത മാത്രമേ അറിയാമായിരുന്നുള്ളൂ. അതിനു ശേഷം അദ്ദേഹത്തെ ഒറ്റപ്പെടുത്തി കള്ളക്കഥകള്‍ ഉണ്ടാക്കി അപമാനിച്ച്, നീതി നിഷേധിച്ച്, ഭാര്യ സലോമിയെ മരണത്തിലേക്കു വരെ തള്ളിയിട്ട കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതകളും ഈ പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ഇടയലേഖനങ്ങള്‍ മുറയ്ക്ക് ഇറക്കി അദ്ദേഹത്തെ എല്ലാ അര്‍ത്ഥത്തിലും പീഡിപ്പിച്ച പുരോഹിത വര്‍ഗ്ഗത്തേയും ഈ പുസ്തകത്തില്‍ കാണാം.ഫലത്തില്‍ ഇവരും ചെയ്തത് ദൈവത്തിന്റെ ഗുണ്ടാപ്പണി തന്നെയാണ്.
വിശ്വാസിയും അവിശ്വാസിയും ദൈവങ്ങളുടെ സ്വയം പ്രഖ്യാപിത ഗുണ്ടാസംഘങ്ങളുമൊക്കെ നിര്‍ബന്ധമായും ഈ പുസ്തകം വായിക്കേണ്ടതാണ്. ഒരു അറവ് മാടിനേക്കാള്‍ ക്രൂരമായി തന്നെ വെട്ടി പരിക്കേല്‍പ്പിച്ച, ആ മതഗുണ്ടകളോട് തനിക്കു വെറുപ്പില്ലെന്ന് പറയുന്ന, അവരോട് ക്ഷമിച്ചു എന്ന് പറയുന്ന ഈ മനുഷ്യനിലുണ്ട് ദൈവം.
ആയുധങ്ങള്‍ തോറ്റ് പോവുന്ന ഇത്തരം ദൈവസാന്നിദ്ധ്യങ്ങളെ അറിയാതെ പോയാല്‍ അതിന്റെ നഷ്ടം ദൈവത്തിനല്ല, നമ്മള്‍ മനുഷ്യര്‍ക്കാണ്.
പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകള്‍ക്ക് മുഹമ്മദ് അബ്ബാസ് എഴുതിയ വായനാനുഭവത്തില്‍നിന്ന്
Comments are closed.