നിങ്ങൾക്ക് തിരുവചനമറിയാം ,പക്ഷേ മനുഷ്യരെ അറിയില്ല, മനുഷ്യൻ ദ്രോഹിക്കും, നിസ്സാരനാക്കും, ചതിക്കും
മാപ്പിള കലാപവും മുസ്ലിം അപരത്വവും, ‘ക്രൂരമുഹമ്മദീയനും’ വീണ്ടും ഒരിയ്ക്കൽ കൂടി ചർച്ചാ വിഷയമായിക്കൊണ്ടിരിക്കേ യാദൃശ്ചികമായിട്ടാണ് അസുരവിത്തിലേക്ക് എത്തിച്ചേർന്നത്. താനുൾപ്പെടുന്ന ഒരു സമുദായത്തിന്റെ നിഷ്ക്രിയത്വവും, ദീർഘ വീക്ഷണമില്ലായ്മയും എപ്രകാരമാണ് ഒരു വ്യവസ്ഥയുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയത് എന്ന് അതിൽ കൃത്യമായി എം.ടി വരച്ചു കാണിക്കുന്നുണ്ട്; അതിനേക്കാൾ ശ്രദ്ധേയമായ മറ്റൊന്നുണ്ട്. ജന്മി- പൗരോഹിത്യ കൂട്ടുകെട്ടിന്റെ ക്രൂരതയാണ് കേരളത്തിൽ ഒരു വിഭാഗത്തെ ഇസ്ലാമിലേക്ക് എത്തിച്ചതെങ്കിൽ അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയോ….?
അതുവരെ അവന് ഒരാശ്വാസവും, അത്താണിയുമായിരുന്ന ‘കുഞ്ഞരയ്ക്കാർ ‘ മതം മാറിയ ഗോവിന്ദൻ കുട്ടിയെ പിന്നെ കുടീലേക്ക് കേറ്റുന്നില്ല. ജീവിതത്തിൽ ഒളിച്ചോടുന്നവന് അഭയം പ്രാപിക്കാനുള്ള ഇടമല്ല ‘മതം’ എന്നാണയാളുടെ യുക്തി. വിശ്വാസത്തിന്റെ വേര് ശക്തമാണ്. എന്നാൽ മതപാഠശാലശാലയിൽ ചെന്ന പുതിയ വിശ്വാസിയായ ഗോവിന്ദൻ കുട്ടിയോട്, അവിടത്തെ മുസലിയാർ പറയുന്നതിങ്ങനെ-” ഒരു മുസ്ലിം മറ്റൊരുവനെ നിസ്സാരനാക്കുകയോ ദ്രോഹിക്കുകയോ ചതിക്കുകയോ ചെയ്യില്ല ” -മത പണ്ഡിതന് അത് പറയാം. പക്ഷേ ഗോവിന്ദൻ കുട്ടി സ്വയം തിരുത്തുന്നു. തന്നോട് തന്നെ പറയുന്നു ” നിങ്ങൾക്ക് തിരുവചനമറിയാം – പക്ഷേ മനുഷ്യരെ അറിയില്ല. മനുഷ്യൻ ദ്രോഹിക്കും, നിസ്സാരനാക്കും, ചതിക്കും, ഹിന്ദുവായാലും ഇസ്ലാമായാലും മനുഷ്യനാണോ എങ്കിൽ…”
കാരണം തന്നെ ചതിച്ചത് തന്റെ സമുദായക്കാരനായ, തന്റെ സ്വന്തക്കാരനായ, തറവാടിയായ, ശേഖരനാണ്; അമ്പലം പുതുക്കി പ്പണിത് ,അതിന് ഓടിട്ട് അമ്പലത്തിലേക്കുള്ള വഴി നന്നാക്കി ഒടുവിൽ തന്റെ മകനിൽ നിന്ന് ഗർഭിണിയായ പാവം പെൺകുട്ടിയെ, ഭാര്യയുടെ സഹോദരനായ തന്റെ തലയിൽ കെട്ടിവെച്ച്…. സമൂഹത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചെടുത്ത
ശേഖരൻ എത് മതത്തിൽപെട്ടവനാണ്?
ശരാശരി മനുഷ്യൻ മതം കൊണ്ടല്ല ജീവിക്കുന്നത്. പക്ഷെ ശേഖരനെപ്പോലെ, പുഴക്കടവിൽ നിസ്കാരപ്പള്ളി പണിത മുതലാളിയെപ്പോലെ ഉള്ളവർ മതത്തെ കൃത്യമായി ആയുധമാക്കാനുള്ള മിടുക്കുള്ളവരാണ്. എക്കാലത്തും നേടാൻ കഴിയുന്നവർ അവരാണ്. ഇക്കാലത്ത് കർക്കിടമാസത്തിൽ നിലവിളക്ക് കൊളുത്തിവെച്ച് ഒരിക്കൽ കൂടി വായിക്കേണ്ട പുസ്തകമാണ് എം.ടിയുടെ അസുരവിത്ത്.
കർക്കിടകം നല്ല മാസമാണ്.ചിങ്ങത്തിലേക്കാണല്ലോ അത് സഞ്ചരിക്കുന്നത്.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
എം.ടിയുടെ അസുരവിത്ത് എന്ന നോവലിന് ഉഷ ബാലകൃഷ്ണന്‍ എഴുതിയ വായനാനുഭവം.
Comments are closed.