DCBOOKS
Malayalam News Literature Website

‘അന്ധര്‍ ബധിരര്‍ മൂകര്‍’; കൈവിലങ്ങുകളാല്‍ ബന്ധിതരായ ജനതയുടെ കഥ

വര്‍ഷങ്ങള്‍ കൊണ്ട് എഴുതിത്തീര്‍ത്ത ദേശകാല ചരിത്രങ്ങളിലേക്ക് സമകാലീനത ചേര്‍ത്തുവയ്ക്കുന്ന നോവലുകള്‍ കൊണ്ട് ശ്രദ്ധേയനായ ടി.ഡി.രാമകൃഷ്ണന്‍. എന്നാല്‍, തീര്‍ത്തും മൂന്നോനാലോ മാസങ്ങള്‍ കൊണ്ട് എഴുതി വിസ്മയിപ്പിച്ച ഒരു ജനതയുടെ ആധിയുടെ, ജീവിതത്തിന് മുമ്പോട്ട് നീണ്ടുകിടക്കുന്ന അനിശ്ചിതത്വത്തിന്റെ, നമുക്ക് കേട്ടുകേള്‍വിയോ, മറ്റുചിലര്‍ക്ക് കെട്ടുകഥയോ മാത്രമായ കാശ്മീരി ജനതയുടെ ജീവിതമാണ് ‘അന്ധര്‍ ബധിരര്‍ മൂകര്‍’.

ആര്‍ട്ടിക്കിള്‍ 370 എടുത്തു നീക്കി ഭരണകൂടം ഘോഷിക്കുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങളല്ല, ആ ജനതയുടെ ഓരോ നിമിഷത്തെയും കാര്‍ന്നു തിന്നുന്ന ഭയമാണ് നോവലില്‍ വന്നു നിറയുന്നത്. മഞ്ഞു മൂടിയ കശ്മീര്‍ താഴ്‌വരകളില്‍ പുറംലോകം അറിയാതെ ഭരണകൂടവും പട്ടാളവും മറച്ചു വയ്ക്കുന്ന ഭീകരാന്തരീക്ഷത്തിലേക്ക് ഫാത്തിമ നിലോഫര്‍ എന്ന കശ്മീരി പെണ്‍കുട്ടി വായനക്കാരെ കൈപിടിച്ച് നടത്തും.

അസ്ഥിമരവിയ്ക്കുന്ന മഞ്ഞില്‍ ചോരകട്ടപിടിപ്പിക്കുന്ന കാശ്മീരിന്റെ യഥാര്‍ത്ഥ മുഖം നോവലില്‍ വരച്ചിടാന്‍ ടി.ഡി. ക്ക് എത്ര എളുപ്പം സാധിച്ചു! ദേശാതിര്‍ത്തികള്‍ കടന്ന് ഇത്തവണ ടി.ഡി വായനക്കാരെ കാശ്മീരിലേക്ക് കൊണ്ടുപോകുന്നു. സ്വര്‍ഗ്ഗസമാനമെന്നു പാടിപ്പുകഴ്ത്തപ്പെട്ട ഭൂമിയിലെ മനുഷ്യരുടെ നരക സമാനമായ ജീവിതമാണ് ഗ്രന്ഥകാരന്‍ കാണിച്ചു തരുന്നത്. സ്വാതന്ത്ര്യത്തിന്റെ ചെറുകണിക പോലുമില്ലാത്ത സ്വര്‍ഗ്ഗത്തിന്റെ താഴ്‌വരയിലെ പീഡിതരെ ഫാത്തിമയിലൂടെ കാണിച്ചുതരും, കാലികപ്രസക്തമായ, കൈവിലങ്ങുകളാല്‍ പൂട്ടപ്പെട്ട ‘അന്ധര്‍ ബധിരര്‍ മൂകര്‍‘!

ടി.ഡി.രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന ഏറ്റവും പുതിയ നോവലിന് വിപിന്‍ദാസ് ജി.എഴുതിയ വായനാനുഭവം

Comments are closed.