DCBOOKS
Malayalam News Literature Website

അറിയാത്ത ചരിത്രം പറഞ്ഞ് മുറിനാവ്

മുറിനാവിന്റെ കഥയോ ആഖ്യാനമോ അല്ല എന്നെ ആകര്‍ഷിച്ചത്. അതിലെ ചരിത്രമാണ്.

മനോജ് കുറൂരിന്റെ ‘മുറിനാവ്’ വായിച്ചു. വായന അത്ര എളുപ്പമായിരുന്നില്ല. കാരണം, വളരെ ഗൗരവമുള്ളതും ചരിത്രത്തിന്റെ നിഗൂഢതകളുള്ളതുമാണ് അതെന്നതു തന്നെ. എ ഡി എട്ടാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലം, കര്‍ണാടകം മുതല്‍ ശ്രീലങ്ക വരെ നീളുന്ന ഭൂമിക, കന്നഡ, തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷാലോകങ്ങള്‍ ഒക്കെയാണ് അതില്‍. കുമരനിലൂടെയും അലങ്കാരനിലൂടെയും വികസിച്ചു വരുന്ന നോവല്‍, രാഷ്ട്രീയവും മതപരവുമായ അധിനിവേശങ്ങള്‍, കഥകളിലൂടെയും ഉപകഥകളിലൂടെയും പറഞ്ഞുതീര്‍ക്കുന്ന ദേശചരിത്രങ്ങള്‍, സാമൂഹികമാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വചനകവിതകള്‍, എന്നിങ്ങനെയുള്ള ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വായനക്കാരന് വെല്ലുവിളി തന്നെ ഈ നോവല്‍. ശ്രദ്ധയോടെ സൂക്ഷ്മമായി വായിക്കണം.

മുറിനാവിന്റെ കഥയോ ആഖ്യാനമോ അല്ല എന്നെ ആകര്‍ഷിച്ചത്. അതിലെ ചരിത്രമാണ്. പരാമൃഷ്ട നൂറ്റാണ്ടുകളിലെ മനുഷ്യജീവിതം, ഭാഷാ സാഹിത്യ രൂപീകരണം, എന്നിങ്ങനെ അഞ്ചു നൂറ്റാണ്ടുകളോളം ഈ വിശാലഭൂമികയില്‍ സംഭവിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. ഇത്തരത്തില്‍ ഒരു നോവല്‍ വിഭാവനം ചെയ്യാന്‍ നോവലിസ്റ്റ് നടത്തിയ ഗവേഷണം ഞാന്‍ വിലമതിക്കുന്നു. ഇത് വെറും ഭാവനാകല്പിതങ്ങളല്ല.

മനോജിന്റെ തന്നെ മറ്റൊരു നോവലായ ‘നിലം പൂത്തു മലര്‍ന്ന നാള്‍ ‘ എന്ന നോവല്‍ അക്കാദമിക സാഹിത്യ രംഗത്ത് ചര്‍ച്ച ചെയ്യപ്പെടാതെപോയത് അത്ഭുതം ഉണ്ടാക്കുന്നു. സംഘകാലത്തെ ‘മനുഷ്യ ‘ജീവിതകഥ പറയുന്ന ആദ്യനോവലാണിത്. ഈ രണ്ടു നോവലുകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

മനോജ് കുറൂരിന്റെ ‘മുറിനാവ്’ എന്ന നോവലിന് രാധാകൃഷ്ണന്‍ വാര്യര്‍ എഴുതിയ വായനാനുഭവം

‘മുറിനാവ്’ എന്ന നോവല്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

 

 

Comments are closed.