DCBOOKS
Malayalam News Literature Website

‘മലപ്പുറത്തിന്റെ മരുമകള്‍’; സ്വപ്‌നവും യാഥാര്‍ത്ഥ്യവും ഇഴചേര്‍ന്ന ആഖ്യാനം

ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ എന്ന പുതിയ കൃതിക്ക് അനിത പി.സതീഷ് എഴുതിയ ആസ്വാദനക്കുറിപ്പ്

ഷെമിയുടെ ആത്മകഥാപരമായ നോവല്‍ ‘നടവഴിയിലെ നേരുകള്‍ ‘മനസ്സില്‍ സൃഷ്ടിച്ച വിങ്ങല്‍ ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ആ രചനാ ശൈലി അനുകരിക്കാനാവാത്തതെന്നു അന്നേ മനസ്സില്‍ കുറിച്ചിട്ടതാണ്. ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ, മുസ്‌ലിം സമുദായത്തിലെ സ്ത്രീ ജീവിതങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് ഇതിവൃത്തം. സ്വപ്നവും യാഥാര്‍ഥ്യവും ഇഴ പിരിക്കാനാവാത്ത വിധം കൂടിച്ചേര്‍ന്ന് കിടക്കുന്ന കഥാവതരണം.

പെറ്റമ്മയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനു വധശിക്ഷക്ക് വിധിക്കപ്പെട്ട ഹരി എന്ന യുവാവിനെ ചുറ്റിപ്പറ്റി വികസിക്കുന്നു നോവലിന്റെ ഇതിവൃത്തം. ഹരിയുടെ ജീവിതവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള ഒട്ടേറെ കഥാപാത്രങ്ങളുടെ, കുടുംബങ്ങളുടെ കഥ കൂടിയാണിത്.

മലപ്പുറത്തിന്റെ മരുമകള്‍, റജില.. അവളിലൂടെയാണ് കഥാതന്തു വികസിക്കുന്നത്. ഡോക്ടറാവണമെന്ന മോഹമായിരുന്നു മനസ്സില്‍. എന്നാല്‍ അവളുടെ ബാപ്പായുടെ കൈക്കാശിന്റെ മറവില്‍ സ്വാശ്രയ ഡോക്ടര്‍ ബിരുദം നേടാമെന്ന് മോഹിച്ച അസ്‌കറിന്റെ ഭാര്യാപദവിയും ആ വീട്ടിലെ ‘പ്രവാസി ജീവിത’മാണ് ബാപ്പ അവള്‍ക്കു സമ്മാനിച്ചത്. മാനസിക രോഗിയെന്നും മച്ചി എന്നുമുള്ള ബിരുദങ്ങള്‍ നല്‍കി ആ വീടവളെ പുറന്തള്ളുമ്പോള്‍, ഭര്‍തൃസഹോദരനു വേണ്ടി പെറ്റമ്മ പകുത്തു നല്‍കിയ കിഡ്‌നി തീരാക്കടമായി അവശേഷിക്കുന്നു, അവളുടെ ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍.

വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു തീവണ്ടിയാത്ര അവളുടെ ജീവിതത്തെ മാറ്റിമറിക്കുമ്പോള്‍, അവളെ കാത്തിരുന്നത്, പോയ കാലങ്ങളുടെ നവീകരിച്ച പുനരാവര്‍ത്തനങ്ങള്‍ മാത്രം. ഒടുവില്‍, എങ്ങനെ?, എന്ന്? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിവച്ചു യാത്രയാവുകയാണ് റജില. മാതൃ-പുത്ര ബന്ധത്തിന്റെ അഗാധത ഹരിയുടെയും ശ്രീദേവിയുടെയും ജീവിതത്തിലൂടെ അനാവൃതമാകുമ്പോള്‍ സ്ത്രീമനസ്സിന്റെ വിഭിന്ന ഭാവങ്ങള്‍ റജിലയും ആതിരയും ദൃശ്യവത്കരിക്കുന്നു.

നോവലിലെ മുഖ്യകഥാപാത്രങ്ങള്‍ മേല്‍പ്പറഞ്ഞവരെങ്കിലും എന്റെ വായനയിലും വായനാശേഷമുള്ള ചിന്തകളിലും നിറഞ്ഞു നില്‍ക്കുന്നത് ബിച്ചമ്മു എന്ന കഥാപാത്രം. ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ട് വളരെ അര്‍ത്ഥഗര്‍ഭവും ചിന്താഗംഭീരവുമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന, ശക്തമായ സ്ത്രീസാന്നിധ്യം. റജിലയുടെ ജീവിതത്തില്‍ അതിപ്രധാന പങ്കുവഹിക്കുന്ന വ്യക്തി. മറ്റുള്ളവരില്‍ നിന്നും തുലോം വ്യത്യസ്ത ആണവര്‍, വസ്ത്രധാരണത്തില്‍ പോലും. വസ്ത്രങ്ങള്‍ തിരിച്ചാണിടുക ‘മറ്റുള്ളോരുടെ കണ്ണിനു സുഖിക്കാനല്ല, അവനോന്റെ മേലിനു സുഖമുണ്ടാക്കാനാണ് വസ്ത്രം’ ഇതാണ് ബിച്ചമ്മുവിന്റെ നയം. ആണിനും പെണ്ണിനും വെവ്വേറെ നിയമങ്ങള്‍ പടച്ചുണ്ടാക്കുന്നവര്‍ക്കെതിരെ നിന്ന് സംസാരിക്കുന്ന സ്ത്രീ ശക്തി. (ഒരുപക്ഷേ നോവലിസ്റ്റു തന്നെയാവാം ബിച്ചമ്മുവിലൂടെ സംസാരിക്കുന്നത്).

മനുഷ്യരുടെ സ്വതസിദ്ധമായ ഹിപ്പോക്രസിയെ ആക്ഷേപഹാസ്യത്തിന്റെ മറപിടിച്ചു പുച്ഛിക്കുന്നതില്‍ വിജയം വരിച്ചിരിക്കുന്നു നോവലിസ്റ്റ്. വളരെ സരസമായും അനുയോജ്യമായും നടത്തിയിട്ടുള്ള പ്രയോഗങ്ങള്‍, (‘കുലുമാലിന്റെ ആപ്പീസ് തുറന്നത് പോലെയായിരുന്നു അന്നാ പ്രൈവറ്റ് ആസ്പത്രിയിലെ പ്രസവമുറി!’ കുഞ്ഞ് കരയുന്നില്ല! ) മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കു മൊപ്പം കാറ്റും മഴയും വെളിച്ചവും ഇരുട്ടും പൂവും പുഴയും സമപ്രാധാന്യത്തോടെ കടന്നുവരുന്ന കഥപറച്ചില്‍ (‘കടമയായി കടന്നുവന്ന പൊടി വെളിച്ചം, കയറിക്കിടക്കുകയായിരുന്ന ഇരുട്ടിനോട് ഇറങ്ങിപ്പോകാന്‍ കെഞ്ചി.’) തനി മലബാര്‍ ഗ്രാമ്യഭാഷ.. ഇങ്ങനെ ഒട്ടേറെ സവിശേഷതകള്‍ കൂടിയുണ്ട് മലപ്പുറത്തിന്റെ മരുമകള്‍ക്ക്.

ഡി സി ബുക്‌സ് വെബ് പോര്‍ട്ടലിന്റെ വായനാനിരൂപണ മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

Comments are closed.