DCBOOKS
Malayalam News Literature Website

കുഞ്ഞാലിത്തിര: ഉള്‍ച്ചൂട് പകരുന്ന വായനാനുഭവം

“പൊള്ളുമെന്നറിഞ്ഞുകൊണ്ടു തന്നെ ചിലപ്പോള്‍ നമ്മള്‍ തീയില്‍ ചവിട്ടും. കുഞ്ഞാലിമരയ്ക്കാരെപ്പറ്റിയുള്ള ഈ രചന ഞാന്‍ അങ്ങനെ ചവിട്ടിയ തീയായിരുന്നു. ചവിട്ടുകയല്ല, തീ വിഴുങ്ങുകയായിരുന്നു. ആഴത്തിലറിയാന്‍ ശ്രമിച്ചപ്പോള്‍ നെഞ്ചു പൊള്ളിച്ച് കുഞ്ഞാലി പിടിതരാതെ ചരിത്രക്കടലിലൂടെ പടകുമായി കുതിച്ചു. തീവിഴുങ്ങിപ്പക്ഷി പിന്നാലെ പറന്നു. കെട്ടുകഥകളുടെയും തെറ്റിദ്ധാരണകളുടെയും പതിരുകള്‍ തല്ലിക്കൊഴിച്ച് ഒടുവില്‍ കതിരു കൊത്തിയപ്പോഴേയ്ക്കും തളര്‍ന്നു. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ഗോവ, കൊളംബോ, പോര്‍ച്ചുഗല്‍ എന്നിവയുടെ ചരിത്രങ്ങള്‍, പ്രാചീനകപ്പല്‍ നിര്‍മ്മാണത്തിന്റെയും ആധുനികനിര്‍മ്മാണത്തിന്റെയും കടല്‍ക്കാറ്റിന്റെയും രഹസ്യങ്ങള്‍, സാമൂതിരിയുടെ ജീവിതം, പഴയ യുദ്ധമുറകള്‍…എല്ലാം പഠിയ്ക്കാന്‍ കുഞ്ഞാലി കാരണക്കാരനായി. ചരിത്രം ചിലപ്പോള്‍ ചിരിപ്പിയ്ക്കുമെന്നും സാന്ത്വനപ്പെടുത്തുമെന്നും ഉറക്കം ഞെട്ടിയ്ക്കുമെന്നും കുഞ്ഞാലി പറഞ്ഞ്, ഞാനറിഞ്ഞു.”

രാജീവ് ശിവശങ്കര്‍ ‘കുഞ്ഞാലിത്തിര’ എന്ന തന്റെ നോവലിന്റെ ആമുഖമായി ഇങ്ങനെ എഴുതി. അവസാനം പറഞ്ഞ ആ മൂന്നു കാര്യങ്ങളും എഴുത്തുകാരന്‍ വായനക്കാരിലേയ്ക്കും പകര്‍ന്നു എന്നതാണ് ഈ നോവലിന്റെ മഹത്വം.

അടുക്കിയടുക്കി ഇഴചേര്‍ത്ത് മുറുക്കിവെച്ച വാക്കുകളിലൂടെ 372 പുറങ്ങളില്‍ ഒരു കടലായി തിളയ്ക്കുകയാണ് ഈ പുസ്തകം. മേല്‍പ്പറഞ്ഞ പഠനങ്ങള്‍ ചരിത്രത്തിന്റെ വിരസതയായി മാറുകയല്ല; വായനക്കാരില്‍ ഉള്‍ച്ചൂട് പകരുകയാണ് ചെയ്യുന്നത്. ഒരു പനിബാധ പോലെയാണ് എനിയ്ക്കിത് അനുഭവപ്പെട്ടത്. വായനയുടെ ഒടുക്കം ഞാനും തളര്‍ന്നുപോയി. സുഖകരമായ തളര്‍ച്ച.

സാമൂതിരിമാര്‍, മങ്ങാട്ടച്ചന്‍, തലച്ചെന്നവര്‍, വാസ്‌കോ ഡ ഗാമ, കോലത്തിരിമാര്‍, കൊച്ചി രാജാക്കന്മാര്‍, ഡ്വാര്‍ത്തേ ബാര്‍ബോസ, കോജാ കാസിം, പെഡ്രോ അല്‍വാരിസ് കബ്രാള്‍, കേട്ടെഴുത്തുകാര്‍, ചാരന്മാര്‍, കണ്ടകോരു, ഡ്വാര്‍ത്തേ പച്ചീക്കോ, ലോപ്പോസോറസ് അല്‍ബിഗാറിയാ, ലൂഡോ വിക്കോ ഡി വര്‍ത്തേമ, ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം, ലോറന്‍സോ ബ്രിട്ടോ, ഡോം ഫ്രാന്‍സിസ്‌കോ അല്‍മേഡ, ഗോണ്‍സാല്‍വോസ്, അല്‍ഫോണ്‍സോ ഡി അല്‍ബുക്കര്‍ക്ക്, കോയപ്പക്കി, തച്ചോളി ഒതേനന്‍, തച്ചോളി കോമക്കുറുപ്പ്, ഡോം ഫെര്‍ഡിനാണോ കുട്ടിനോ, ഡോം ഹെന്റി മെനിസസ് ഗാമ, കുഞ്ഞിച്ചേക്കൂ, വരക്കല്‍ അടിയോടി, ഏറാള്‍പ്പാട്, ഫാദര്‍ പെഡ്രോ അന്റോണിയോ, ബെല്‍ക്യോര്‍ ഫെരേര, ലൂയി ഡ ഗാമ, ധര്‍മ്മോത്തു പണിക്കര്‍, പാറ നമ്പി, ആന്ദ്രേ ഫുര്‍ത്താഡോ. നാലു കുഞ്ഞാലിമാര്‍ക്കു പുറമേയുള്ള നിരവധി നിരവധി കഥാപാത്രങ്ങളും അവര്‍ സൃഷ്ടിയ്ക്കുന്ന നാടകീയമുഹൂര്‍ത്തങ്ങളും അനുപമം തന്നെ.

ആശങ്കയുണ്ട്: രാജീവ് ശിവശങ്കര്‍ എന്ന എഴുത്തുകാരനെ ഇനിയും വായനക്കാര്‍ വേണ്ടവിധം അറിഞ്ഞിട്ടില്ലെന്നുണ്ടോ? മറ്റു പല എഴുത്തുകാരേയും കൊട്ടിഘോഷിയ്ക്കുന്നതു പോലെയൊന്നും വേണ്ട എന്നു തന്നെ വെയ്ക്കുക; എന്നാല്‍ ഈ എഴുത്തുകാരനെ അരികിലേയ്ക്കു മാറ്റിനിര്‍ത്തുന്നത് അഭികാമ്യമാണോ?

ആമുഖത്തില്‍ രാജീവ് ശിവശങ്കര്‍ തുടരുന്നു: ”പക്ഷേ എത്ര വായിച്ചിട്ടും പഠിച്ചിട്ടും നൂറ്റാണ്ടു കടന്ന ചരിത്രത്തിന്റെ അടരില്‍ ചില വിടവുകള്‍ ശേഷിച്ചു. കുഞ്ഞാലിയുടെ കുടുംബം, മരയ്ക്കാന്മാരുടെ ജീവിതവഴി, മരണം…അങ്ങനെ ഒരുപാടു കാര്യങ്ങള്‍. നാലു കുഞ്ഞാലിമാരുടെ കാലത്ത് പതിനഞ്ചോളം സാമൂതിരിമാര്‍ അധികാരത്തിലുണ്ടായിരുന്നു എന്നു കരുതാം. കുഞ്ഞാലിമാരുടെ പേരു മുതല്‍ വയസ്സു വരെ എല്ലാം മലയാളപുസ്തകങ്ങളില്‍ വ്യത്യസ്തമായിരുന്നു. ഇങ്ങനെയുമാകാം; അങ്ങനെയുമാകാം എന്ന നില. പിന്നെ സഹായകമായത് വിദേശഗ്രന്ഥങ്ങളാണ്. കേരളീയ കാഴ്ചപ്പാടിലൂടെ തയാറാക്കപ്പെട്ടവയല്ലാത്തതിനാല്‍ അവയില്‍നിന്നു വിവരങ്ങള്‍ കണ്ടെത്തി ക്രോഡീകരിയ്ക്കാന്‍ ഏറെ സമയം ചെലവഴിയ്‌ക്കേണ്ടിവന്നു. എങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങളില്‍നിന്നു കിട്ടിയ വിവരങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളതായിരുന്നു. തീവ്രമായ വായനയ്ക്കും എഴുത്തിനുമിടയില്‍ പലതവണ കണ്ണു പണിമുടക്കി. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കല്‍വത്തിക്കൊട്ടാരത്തിന്റെ നട കയറുന്ന ഞാന്‍ രാവിലെ കുറ്റിയാടിപ്പുഴയില്‍ കുളിച്ചെഴുന്നേറ്റു. നോവലിനു വേണ്ടി ഇങ്ങനെ കഷ്ടപ്പെടേണ്ടതുണ്ടോ വല്ല കാര്യവുമുണ്ടോ എന്ന് ചിലപ്പോള്‍ എനിക്കു തന്നെ തോന്നി. പക്ഷേ ഇന്നല്ലെങ്കില്‍ നാളെ ഒരുപാടു പേര്‍ക്ക് ഈ പുസ്തകം പ്രയോജപ്പെടുമെന്ന് സമാധാനിച്ചു.”

തീര്‍ച്ചയായും രാജീവ്. ഈ പുസ്തകം പാതിവഴിയില്‍ ഉപേക്ഷിയ്ക്കാതിരുന്നത് മലയാളസാഹിത്യത്തിന്റെ സുകൃതം.

രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര എന്ന നോവലിന് സാഹിത്യകാരന്‍ കെ.വി അഷ്ടമൂര്‍ത്തി എഴുതിയ വായനാനുഭവം

Comments are closed.