DCBOOKS
Malayalam News Literature Website

വിമതചരിത്രത്തിന്റെ സര്‍ഗാത്മക വെല്ലുവിളികള്‍…കരിക്കോട്ടക്കരി

ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും 2014-ല്‍ പ്രസിദ്ധീകൃതമാവുകയും ചെയ്ത നോവലാണ് വിനോയ് തോമസിന്റെകരിക്കോട്ടക്കരി’. കരിക്കോട്ടക്കരി എന്നത് ഒരു സ്ഥലനാമമാണ് നോവലില്‍. ക്രിസ്ത്യാനികളായി പരിവര്‍ത്തിപ്പിക്കപ്പെട്ട പുലയരാണ് കരിക്കോട്ടക്കരി നിവാസികള്‍. ഈ പ്രദേശത്തെയും ആദിചേരരുടെ ആധുനികപരമ്പരകളേയും അടിസ്ഥാനമാക്കി പുലയരുടെ സ്വത്വപ്രതിസന്ധികള്‍, ചരിത്രത്തിന്റെ തിരോധാനം, മതംമാറ്റത്തിന്റെ അര്‍ത്ഥരാഹിത്യം എന്നിവയാണ് നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്.

കരിക്കോട്ടക്കരി’ എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ട പ്രദേശം പുലയര്‍ക്ക് വീതിച്ച് നല്‍കുകയും അവരെ മത പരിവര്‍ത്തനം നടത്തുകയും അയിത്തജാതിക്കാരുടെ പ്രശ്‌നങ്ങളെ ക്രിസ്തുമാര്‍ഗ്ഗത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നിക്കോളാച്ചന്‍ എന്ന കഥാപാത്രം ഇന്ത്യയില്‍ മിഷനറിമാര്‍ തുടങ്ങിവച്ച പാശ്ചാത്യ സമത്വ ശ്രമങ്ങളുടെ തുടര്‍ച്ചയായി നോവലില്‍ നിലകൊള്ളുന്നു. ഇതേസമയം ഇതിന് വിരുദ്ധമായി മതം മാറാന്‍ വിസമ്മതിക്കുകയും ദ്രാവിഡ രാജപാരമ്പര്യവും ചരിത്രവും സംസ്‌കാരവും ഉയര്‍ത്തി പിടിക്കുകയും ചെയ്യുന്ന ചാഞ്ചന്‍ വല്യച്ചന്‍ എന്ന കഥാപാത്രം ദക്ഷിണേന്ത്യയിലെ ആദിരാജ പാരമ്പര്യത്തിന്റെ ബൗദ്ധിക പ്രതിനിധിയായി മറുപുറം നില്‍ക്കുന്നു. ഇവര്‍ രണ്ടുപേരും ആണ് ഈ നോവലിനെ ആശയപരമായ ഇരു ദ്രവങ്ങളുടെ തേരുതെളിക്കുന്നത്.

ആദിചേരരുടെ വംശപരമ്പരയില്‍പ്പെട്ട കുടുംബങ്ങള്‍ സ്വയം സവര്‍ണ്ണരായി അവരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു മേലെ പാരമ്പര്യത്തിന്റെ കറുത്തവാവ് പടരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ‘അധികാരത്തില്‍’ എന്ന കുടുംബപ്പേര് സ്വീകരിക്കുകയും റോമന്‍ കത്തോലിക്കരായി സ്വയം അവതരിപ്പിക്കുകയും ചെയ്ത ഒരു പുലയ കുടുംബത്തില്‍ ‘ഇറാനിമോസ്’ എന്ന കറുത്ത കുട്ടി പിറക്കുന്നതാണ് കൃതിയില്‍ ആദ്യമായി ഉടലെടുക്കുന്ന സംഘര്‍ഷം. പുതുതലമുറയെല്ലാം വെളുത്തവരായ ആ കുടുംബത്തിലെ പുതിയ ജനനം അധികാരത്തില്‍ തറവാടിനെ ഉറക്കം കെടുത്തുന്നു. അവന്റെ മുതിര്‍ച്ചയില്‍ മാതാവിന്റെ അഗമ്യഗമനങ്ങളടക്കമുള്ള സംശയങ്ങളാണ് അവനെ കാത്തിരിക്കുന്നത്. പിന്നീട് ഒരു പ്രത്യേക ഘട്ടത്തില്‍ വീടുവിട്ടിറങ്ങുന്ന ഇറാനിമോസ് ചെന്നെത്തുന്നത് കരിക്കോട്ടക്കരിയിലാണ് കരിക്കോട്ടക്കരിക്കാരുമായുള്ള അവന്റെ രൂപസാദൃശ്യമാണ് അവനെ തന്റെ പാരമ്പര്യം തേടി അവിടെ എത്തിക്കുന്നത്. പിന്നീട് നിക്കോളാച്ചന്റെ പ്രധാന സഹചാരിയായി മാറുകയും കോളനിയിലെ സജീവസാന്നിധ്യമാവുകയും ചെയ്യുന്നുണ്ട് ഇറാനിമോസ്.

സെമിത്തേരിയുടെ നടുവില്‍ ചാരംകൊണ്ട് കളംവരച്ച് ചെമ്പരത്തിപ്പൂവ് വിതറി പരേതാത്മാക്കള്‍ കുരുതി നല്‍കുന്ന ചാഞ്ചന്‍ വല്യച്ചന്റെ ദൃശ്യവും അദ്ദേഹത്തിന്റെ വാക്കുകളുമാണ് ഇറാനിമോസില്‍ വിമോചനപരമായ ചിന്തകള്‍ക്ക് തിരി തെളിയിക്കുന്നത്. ‘എന്റെ മക്കളെയവന്‍ പരദേശി ദൈവത്തിന്റെ മുന്നില്‍ മുട്ടുകുത്തിച്ചു. എന്റെ കാരണവന്മാരെ കുരിശു വച്ച പെട്ടിയിലടച്ചു. എന്റെ കുലം മുടിച്ചു’ എന്നിങ്ങനെയുള്ള ചാഞ്ചന്‍ വല്യച്ഛന്റെ സ്വത്വപരമായ ചരിത്രവിവരണം ഇറാനിമോസില്‍ വലിയ സ്വാധീനമുണ്ടാകുന്നതായി കാണാം. നോവല്‍ പൂര്‍ണ്ണമാകുമ്പോള്‍ പടര്‍ന്നു പന്തലിക്കുന്നതും ഇതേ സ്വത്വബോധമാണ്. നിക്കോളാച്ചന്റെ മരണത്തോടെ ശിഥിലമാകുന്ന കരിക്കോട്ടക്കരിയില്‍ നിന്ന് ഉയര്‍ന്നു വരുന്ന നവകീഴാള മുന്നേറ്റത്തിന്റെ പ്രത്യാശകളും കൃതി പങ്കുവയ്ക്കുന്നുണ്ട്. കരിക്കോട്ടക്കരിക്കാരിയായ ബിന്ദുവാണ് ഈ നവമുന്നേറ്റത്തിന്റെ നായികയാവുന്നത്. ബിന്ദുവിനോട് ഇറാനിമോസിനുണ്ടായിരുന്ന പ്രണയത്തെ അവന്‍ പുലയനല്ലാത്തതിന്റെ പേരില്‍ നിരാകരിക്കുന്ന ബിന്ദുവില്‍ കീഴാളസ്വത്വവിപ്ലവത്തിന്റെ കൊടിക്കൂറകള്‍ കഥാകൃത്ത് നേരത്തെ ഉയര്‍ത്തി കാണിക്കുന്നുണ്ട്. പിന്നീട് തന്റെ സ്വത്വസ്ഥാപനത്തിന് ഇറാനിമോസിനെ പ്രേരിപ്പിക്കുന്ന ഒരു ചാലക ശക്തിയായും ഈ സംഭവത്തെ കാണാം. ചരല്‍ കല്ലെറിഞ്ഞ് ശുദ്ധിയാക്കി കൂടെ കൂട്ടാന്‍ കെഞ്ചുന്ന അന്തര്‍ജനത്തോട് ‘എന്റെ കുടിലില്‍ ഒരു പരമ്പരയുടെ ദുരിതമുണ്ട് അതിനു മുകളില്‍ മറ്റൊരു പാരമ്പര്യത്തെ പ്രതിഷ്ഠിക്കില്ല’ എന്ന് പ്രതിവചിക്കുന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന കഥാപാത്രത്തിന് സമാനമാണ് ഈ നോവലിലെ ബിന്ദു എന്നതും ശ്രദ്ധേയമായ ഒന്നാണ്. ആദിവാസികളെയും അവശ ജനവിഭാഗത്തെയും തുരത്തി അധികാരത്തില്‍ കുടുംബം സ്ഥാപിച്ച സാമ്രാജ്യത്തില്‍ കൊടിനാട്ടിയാണ് ബിന്ദുവും കൂട്ടരും തങ്ങളുടെ തിരിച്ചുപിടിക്കലുകള്‍ക്കു തുടക്കമിടുന്നത് എന്നതും പുതുതലമുറയിലെ അധികാരിയായ ഇറാനിമോസ് അവരോടൊപ്പം ചേരുന്നതും ചരിത്രത്തിന്റെ അനിവാര്യമായ ഒന്നിപ്പുകളായി എഴുത്തുകാരന്‍ വരച്ചിടുന്നു.

‘അയ്യങ്കാളി വില്ലുവണ്ടി കേറി നടന്നു. അടിമയായിട്ടല്ല. രാജാവായിട്ട്. അവന് നമ്മുടെ ചരിത്രമറിയാരുന്ന്. രാജ്യം ഭരിച്ച രാജാക്കന്മാരാ നമ്മളെന്ന് അവനറിയാരുന്ന്’ എന്ന ചാഞ്ചന്‍ വല്യച്ചന്റെ വാക്കുകള്‍ വായനയൊടുങ്ങിയതിനുശേഷവും ഇടിമിന്നല്‍ കണക്കേ ജ്വലിച്ചു കൊണ്ടിരിക്കുന്നു. കരിക്കോട്ടക്കരിയില്‍ പ്രതിചരിത്രത്തിന്റെ കനലെരിയുകയാണ്.

വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവലിന് സനല്‍ ഹരിദാസ് എഴുതിയ വായനാനുഭവം

https://ebooks.dcbooks.com/meesa-karikkottakkari-chavunilam

 

Comments are closed.