അതിജീവനത്തിന്റെ പുത്തന്‍ പാഠങ്ങള്‍ ചേക്കുട്ടിയിലൂടെ
ചേക്കുട്ടി ‘നമ്മുടെ സ്വന്തം ചേക്കുട്ടിയുടെ കഥ തന്നെയാണ്. കേരളത്തിന്റെ, പ്രളയത്തിന്റെ സ്വന്തം ചേക്കുട്ടി. ചേറിനെ അതിജീവിച്ച കുട്ടി. ചേറില്‍ നിന്നും പൊന്തിവന്നു അതിജീവനത്തിന്റെ ചിഹ്നമായി നിലകൊള്ളുന്ന ചേക്കുട്ടി.
ചേന്ദമംഗലം ഗ്രാമത്തിന്റെ കൈത്തറി വിപണി, പ്രളയത്തില്‍ നിശ്ചലമാകുന്നതിനൊരു ചെറിയ പരിഹാരമെന്നോണം സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ ഡിസൈനറുമായ ലക്ഷ്മി മേനോനും സുഹൃത്ത് ഗോപിനാഥനുമാണ് ‘ചേക്കുട്ടി’എന്ന ആശയവുമായി മുന്നോട്ടുവരുന്നത്. അപ്രതീക്ഷിതമായ പ്രളയത്തില്‍ ലക്ഷക്കണക്കിന് വിലയുള്ള കൈത്തറി വസ്ത്രങ്ങള്‍ ഉണങ്ങിപ്പിടിച്ച കറയുമായി ഉപയോഗശൂന്യമായിരുന്നു. അവ തിരഞ്ഞെടുത്തു അണുവിമുക്തമാക്കിയതിനു ശേഷം, പ്രത്യേക രൂപത്തിലുള്ള പാവകളാക്കി മാറ്റുകയാണ് ചെയ്തത്. 1300 രൂപ വിലയുള്ള ഒരു സാരിയില്‍ നിന്നു ഏകദേശം 300 ചേക്കുട്ടികളെ വരെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഒരു പാവ 25 രൂപയ്ക്കാണ് വില്‍ക്കുക. അങ്ങനെ കിട്ടുന്ന തുകയെല്ലാം കൈത്തറിത്തൊഴിലാളികള്‍ക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള ട്രസ്റ്റിന് കൈമാറുകയാണ് ചെയ്യുന്നത്. ചെറിയ സംരംഭമായി ആരംഭിച്ച പാവനിര്‍മ്മാണം ഇന്ന് വിപുലമായ രീതിയില്‍ നടന്നു വരുന്നു. വിദേശത്തും പ്രസിദ്ധമായി കഴിഞ്ഞു ചേക്കുട്ടി. കേരളത്തിനകത്തും പുറത്തുമുള്ള അനേകം പേര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഇന്ന് ചേക്കുട്ടി നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അങ്ങനെ, പ്രളയക്കെടുതിയില്‍ കണ്ട അഭൂതപൂര്‍വമായ ഒത്തൊരുമയുടെ സാക്ഷ്യമായി ‘ചേക്കുട്ടി ‘നിലകൊള്ളുന്നു.
ആ ചേക്കുട്ടിയെ അതിന്റെ പിറവിയും മഹത്വവും എന്തെന്ന് വിവരിച്ചു കൊണ്ട് തന്നെ, ഒരു ജീവനുള്ള കഥാപാത്രമായി നമ്മുടെ കുട്ടികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് സേതു. ചേക്കുട്ടി പാവകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട വിനോദിനിയെന്ന റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപിക താനുണ്ടാക്കിയ ഒരു പാവക്ക് ജീവന്‍ നല്‍കുകയാണ്. മറ്റു കുട്ടികളെ പോലെ തന്നെ കുറുമ്പും കുസൃതിയും ചിരിയും കരച്ചിലുമൊക്കെയായി നിറഞ്ഞാടുകയാണ് ചിന്നുവെന്ന ചേക്കുട്ടി. അവള്‍ക്കു കൂട്ടായി, അനിയന്മാരും അനിയത്തിമാരും ഒക്കെയായി നാല് ചേക്കുട്ടിമാര്‍ക്കു കൂടി ടീച്ചര്‍ ജന്മം നല്‍കുന്നു. കല്യാണി എന്ന പ്രായം ചെന്ന പരിചാരികയുടെ ശിക്ഷണത്തില്‍ അഞ്ചു ചേക്കുട്ടികള്‍ വളര്‍ന്നു വരുന്നു. സ്‌കൂളില്‍ പോയി തുടങ്ങുന്ന ചിന്നു ഒടുവില്‍ തന്റെ സ്വത്വം തിരിച്ചറിയുന്നിടത്തു നിന്നു കഥ വഴി മാറുകയാണ്. തന്റെ പേര് ചിന്നുവെന്നല്ല ചേക്കുട്ടി ആണെന്ന് ഉറപ്പിച്ചു പറയുകയും, കഴുകി വൃത്തിയാക്കി നല്‍കുന്ന ഉടുപ്പില്‍ ചേറു കൊണ്ട് അടയാളങ്ങളിടുകയും ചെയ്തു കൊണ്ട് ചിന്നു അഭിമാനത്തോടെ തന്റെ കഥ വെളിപ്പെടുത്തുന്നു. താന്‍ നിസ്സാരയായ ഒരു പാവയല്ലെന്നും തന്റെ ജന്മം വ്യക്തമായ ലക്ഷ്യങ്ങളോട് കൂടിയതാണെന്നും തിരിച്ചറിയുന്നുണ്ട് ആ ചേക്കുട്ടി.
തെല്ല് അതിശയോക്തി കലര്‍ത്തിയിട്ടാണെങ്കില്‍ കൂടി, കേവലം ഭാവനയ്ക്കപ്പുറത്തു നമ്മുടെ നാടിനെ രേഖപ്പെടുത്തുന്നു ഈ കുട്ടിക്കഥ. റഷ്യന്‍ നാടോടി കഥകളും മറ്റും വായിച്ചു വളര്‍ന്ന നമുക്ക് ലോകത്തിനു സമ്മാനിക്കാവുന്ന ഒരു ബാല്യസാഹിത്യകൃതിയാണ് ‘ചേക്കുട്ടി ‘എന്ന് ഒരു എളിയ വായനക്കാരി എന്ന നിലയില്‍ തോന്നിപ്പോകുന്നു.
സേതുവിന്റെ ചേക്കുട്ടി എന്ന ബാലനോവലിന് ശ്രീമയി എഴുതിയ വായനാനുഭവത്തില്‍നിന്ന്
Comments are closed.