DCBOOKS
Malayalam News Literature Website

അസ്വസ്ഥപ്പെടുത്തുന്ന ഇന്ത്യന്‍ അവസ്ഥകള്‍

തിരിച്ചറിയല്‍ രേഖകളില്ലാതെ തന്നെ രാജ്യത്ത് എവിടെയും സഞ്ചരിക്കാന്‍ പറ്റിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നാകട്ടെ തിരിച്ചറിയല്‍ രേഖകളുടെ ബാഹുല്യമാണ് കാണുന്നത്. ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ. സ്വന്തം ഐഡന്റിറ്റി സ്ഥാപിച്ചെടുക്കാന്‍ ഓരോ ആളും ഏറെ പ്രയാസപ്പെടേണ്ട സാഹചര്യമാണുള്ളത്. പൗരത്വഭേദഗതി നിയമം എന്ന വാള്‍ ഓരോ പൗരന്റെയും തലക്കു മുകളില്‍ വാളായി തൂങ്ങുകയാണ്. ഇങ്ങനെ സ്വത്വം തെളിയിക്കുക എന്നത് വലിയ പ്രശ്‌നമായി മാറുകയാണ്. പൗരത്വം സംരക്ഷിക്കുന്നതിന് വിയര്‍പ്പും കണ്ണീരും ചോരയും മാത്രമല്ല, ജീവന്‍ തന്നെ ബലി നല്‍കേണ്ടിവരുന്ന ഭീതിതമായ കാലത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ വായനക്കായി തെരഞ്ഞെടുക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണ് വി. മുസഫര്‍ അഹമ്മദിന്റെ “ബങ്കറിനരികിലെ ബുദ്ധന്‍’.

ഇത് കേവലം യാത്രാവിവരണമല്ല. മതനിരപേക്ഷതയും ജനാധിപത്യവും പുലര്‍ന്നുവന്നിരുന്ന ഇന്ത്യയില്‍ സമീപകാലത്ത് ഇതിനെല്ലാം എങ്ങനെ ഭരണാധികാരികളില്‍ നിന്നു തന്നെ ഭീഷണി നേരിടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ്. പത്രപ്രവര്‍ത്തകനും യാത്രികനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന മുസഫര്‍ അഹമ്മദിന്റെ മരുമരങ്ങള്‍, മരുഭൂമിയുടെ ആത്മകഥ എന്നിവ ഇതിനകം വായനയുടെ ലോകത്ത് ചര്‍ച്ചയായതാണ്. “ബങ്കറിനരികിലെ ബുദ്ധന്‍’ ആവട്ടെ പ്രധാനമായും ഇന്ത്യന്‍ അവസ്ഥകളിലൂടെയുള്ള സഞ്ചാരത്തിന്റെ രേഖപ്പെടുത്തലാണ്. മാധ്യമം വാരികയില്‍ “പാസ്‌വേഡ്’ യാത്രാപംക്തിയുടെ പുസ്തകരൂപമണിത്. നാനാത്വത്തില്‍ ഏകത്വം എന്ന പാരമ്പര്യത്തിന് എങ്ങനെയെല്ലാം ശൈഥില്യം സംഭവിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. എം.എഫ് ഹുസൈന്‍ എന്ന വിഖ്യാത ചിത്രകാരന് രാജ്യം വിടേണ്ടിവന്ന സാഹചര്യം ഇതില്‍ ചര്‍ച്ച ചെയ്യുന്നു.

മോദിയുടെ ഭരണകാലത്തുതന്നെയാണ് എം.എഫ്. ഹുസൈന് ഖത്തറില്‍ അഭയം തേടേണ്ടിവന്നത്. പൗരത്വം തന്നെയായിരുന്നു അപ്പോഴും പ്രശ്‌നം. ഹുസൈനെ ഭാരതപൗരനായി അംഗീകരിക്കാന്‍ മോദി ഭരണകൂടം തയാറായില്ല. അതുകൊണ്ട് അദ്ദേഹത്തിന് രാജ്യം വിടേണ്ടിവന്നു. അതിനുശേഷം എം.എഫ് ഹുസൈന്‍ ദോഹയില്‍ ചിത്രപ്രദര്‍ശനം നടത്തുകയുണ്ടായി. 208ലായിരുന്നു അത്. സൂര്യന്റെ കുതിരകള്‍ എന്ന പേരില്‍ നടത്തിയ പ്രദര്‍ശനം സഹൃദയപ്രശംസ വാനോളം ഏറ്റുവാങ്ങുകയുണ്ടായി. മരുഭൂപകൃതി, ജലമില്ലായ്മ, കൊടിയവരള്‍ച്ച, ഭാരം കയറ്റി പോകുന്ന ഒട്ടകങ്ങള്‍ എന്നിവയും ഹുസൈന്റെ ചിത്രങ്ങള്‍ക്ക് പിന്നീട് വിഷയമായി. അറേബ്യന്‍ ഒട്ടകങ്ങളെയാണ് ഹുസൈന്‍ വരച്ചതെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ പിന്നില്‍ പലായനത്തിന് നിര്‍ബന്ധിച്ച രാഷ്ട്രീയ സാഹചര്യം കാണാനാവുമെന്നാണ് മുസഫര്‍ അഹമ്മദ് പറയുന്നത്. സാംസ്‌കാരികമായ ഒരു വിച്ഛേദം ഹുസൈനില്‍ സംഭവിച്ചു. അന്ന് എം.എഫ്.ഹുസൈന്റെ കാര്യത്തില്‍ ഉയര്‍ത്തിയ പൗരത്വപ്രശ്‌നം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെ പേരിലും ഉയര്‍ത്തുന്നു എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. 1991ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമാസ്വാദക കോഴ്‌സില്‍ പഠിക്കുന്ന അവസരത്തില്‍ മുസഫര്‍ അഹമ്മദിന്റെ സഹപാഠിയായിരുന്നു എം.എഫ്.ഹുസൈന്റെ മകന്‍ ഒവൈസിസ്. മകനെ കാണാന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിയ ഹുസൈനുമായി സംസാരിച്ചതിന്റെ ഓര്‍മ മുസഫര്‍ അഹമ്മദ് പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. ചെറിയ പെരുന്നാള്‍ സമയത്തായിരുന്നു അത്. ഒവൈസിക്ക് മഞ്ഞപ്പി്ത്തം ബാധിച്ചതിനാല്‍ വീട്ടിലെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ അത് സാരമില്ലെന്നും ആഘോഷങ്ങള്‍ നമ്മള്‍ ഉള്ളിടത്ത് നടത്തുകയാണ് പ്രധാനമെന്നും ഹുസൈന്‍ പറഞ്ഞതായി ഇതിലുണ്ട്. അങ്ങനെ അവസാനഘട്ടത്തില്‍ ഭരണാധികാരികളുടെ ഭീഷണിയെതുടര്‍ന്ന് ജീവിതവും ആഘോഷങ്ങളും ഖത്തറിലേക്ക് പറിച്ചുനടുകയായിരുന്നു ഹുസൈന്‍.

“ബിസ്മില്ലായുടെ ബനാറസ്,മോദിയുടെ വാരാണസി ‘എന്ന അധ്യായത്തില്‍ സുപ്രസിദ്ധ ഷെഹനായി വാദകന്‍ ബിസ്മില്ലാഖാന്റെ കുടുംബത്തെ മോദി സ്വാധീനിക്കുകയും കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത കഥയാണ് പറയുന്നത്. ബനാറസ് എന്ന് പറയാനാണ് ബിസ്മില്ലാഖാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ബനാറസിന്റെ സംഗീതം ആസ്വദിക്കാനുള്ള അനന്തമായ താ്ല്‍പര്യം അതാണ് തന്നെ സംഗീതജ്ഞനാക്കിയതെന്ന് ബിസ്മില്ലാഖാന്‍ പറഞ്ഞിട്ടുണ്ട്. ബനാറസ് ഹിന്ദു-മുസ്്‌ലിം മൈത്രിയുടെ ഉത്തമ ഉദാഹരണമായിരുന്നു. ഇന്നതിന് വിള്ളല്‍ വീണിട്ടുണ്ട്. സംഗീതവും കലയുമായി ജീവിച്ച മുസ്്‌ലിം നെയ്ത്തുതൊഴിലാളികളും അവരെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന നെയ്ത്തുകേന്ദ്രങ്ങളുടെ ഉടമകളായ ഹൈന്ദവരും ബനാറസിന്റെ സാംസ്‌കാരികജീവിതത്തിന്റെ ഊടുംപാവുമായിരുന്നു. ബിസ്മില്ലാഖാന്റെ സ്്മാരകം ബനാറസിലുണ്ട്. എന്നാല്‍ പരിസരങ്ങളില്‍ ഷെഹ്്‌നായി സംഗീതത്തിന്റെ അലയൊലികള്‍ കുറഞ്ഞുവരികയാണ് എന്ന വസ്തുത പുസ്തകത്തില്‍ നിരീക്ഷിക്കുന്നു.

Textവിശ്വാസങ്ങള്‍ പരസ്പരം ലയിച്ചുചേരുന്ന ഇന്ത്യന്‍ ഉദാഹരണമായി ഉത്തര കര്‍ണാടകയിലെ മലപ്പനഗുഡിയിലെ മുഹറം ആഘോഷം കാണാന്‍ കഴിയുന്നു. ഇവിടെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്്‌ലിംകള്‍ക്കൊപ്പം ഹിന്ദുക്കള്‍ കൂടിയാണ്. ഹൈന്ദവരിലെ അവര്‍ണവിഭാഗമാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. 16ാം നൂറ്റാണ്ടുമുതല്‍ ഇവിടെ മുഹറം ആഘോഷം ഇങ്ങനെയാണ്. മുസ്തഫ എന്ന സൂഫി സന്യാസിയാണ് ഇതിന് തുടക്കമിട്ടത്. ആനക്കുന്ദിയിലെ കാളിക്ഷേത്രത്തിന്റെ എതിര്‍വശത്ത് ആട്ടിറച്ചിക്കറിയും ചോറും ഉണ്ടാക്കുന്ന ദേവമ്മ എന്ന സ്ത്രീയും ലളിതമായ വിധത്തില്‍ മതനിരപേക്ഷക്ക് പിന്തുണ നല്‍കുകയാണ്.
അറേബ്യയിലെ ലിവ മരുഭൂമിയിലൂടെയുള്ള യാത്രയെപറ്റിയുള്ള വിവരണവും ഹൃദ്യവും ആകാംക്ഷാഭരിതവുമാണ്. മരുഭൂമിയുടെ സ്വഭാവം മാറുന്നത് എപ്പോഴാണെന്ന് പറയാനാവില്ല. അതിനിടയിലും മണലില്‍ പറ്റിപിടിച്ചിരിക്കുന്ന പച്ചവള്ളികള്‍ പ്രകൃതിയുടെ അതിജീവനത്തിന്റെ സൂചനയായി നില്‍ക്കുന്നു. അതുപോലെ ത്‌ന്നെയാണ് മരുഭൂമിയിലെ മാന്‍കൂട്ടങ്ങളുടെ ദൃശ്യവും ഇമ്പമാര്‍ന്ന കാഴ്ചയാണ്. ലിവ മരുഭൂമിയില്‍ ജോലി ചെയ്യുന്ന ഫൈസുല്ല എന്ന പാകിസ്താന്‍കാരനെയും ഇവിടെ പരിചയപ്പെടാന്‍ കഴിയുന്നു. മരുഭൂമിയില്‍ എത്തുന്ന യാത്രക്കാരെ അവര്‍ എവിടെനിന്നുള്ളവരാണെങ്കിലും സല്‍ക്കരിക്കുകയും അവരോടൊപ്പം ഫോട്ടോയെടുക്കുകയും ചെയ്യുന്ന ഫൈസുല്ല പ്രവാസത്തിന്റെ നിത്യപ്രതീകമായി മാറുന്നു. “കടുവയെ തേടിയവര്‍ കണ്ട ബുദ്ധനരികില്‍ ‘എന്ന അധ്യായം അജന്ത ഗുഹകളിലെ ചിത്രങ്ങളാണ് പരിചയപ്പെടുത്തുന്നത്. അടുത്തഅധ്യായത്തില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ പ്രദേശത്തുള്ള പുരാതന ശിലാചിത്രങ്ങളുടെ കാഴ്ചകളുമുണ്ട്.
വളര്‍ത്തുമൃഗങ്ങളോടും ദൈവത്തോടും ഒരേ പ്രാര്‍ത്ഥന തന്നെ നടത്തുന്ന നീലഗിരിയിലെ ആദിമ ഗോത്ര വിഭാഗമായ തോഡ വിഭാഗത്തെ ആദ്യലേഖനത്തില്‍ പരിചയപ്പെടുത്തുന്നു. തോഡകളുടെ കോവിലുകളിലെ പ്രതിഷ്ഠ വളഞ്ഞ വലിയ കൊമ്പുകളുള്ള എരുമകളാണ്. എരുമപ്പാലാണ് അവരുടെ ശ്രേഷ്ഠമായ പാനീയം. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍ത്ഥനയില്‍ എരുമകള്‍ കടന്നുവരുന്നത് സ്വാഭാവികം. പ്രാചീനമായ സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും എത്രമാത്രം മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്. നീലഗിരിയിലെ കുന്നുകള്‍ തോഡ ഉള്‍പ്പെടെയുള്ള ആദിമനിവാസികളുടെ ജീവിതം വിലയിച്ചുകിടക്കുന്ന പ്രദേശങ്ങള്‍ കൂടിയാണ്. ഇവിടത്തെ അവലാഞ്ചെ, തലക്കുന്ത, കോത്തഗിരി തുടങ്ങിയ കുന്നുകളിലാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തോഡ സ്ത്രീകളുടെ ജീവിതം ദുരന്തപൂര്‍ണമാണ്. തേയിലതോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ കാരണമാവാം ഇവര്‍ക്ക് രോഗബാധയുണ്ടാവുന്നു. നാല്‍പത് വയസ്സ് പിന്നിടുമ്പോള്‍ തന്നെ ഇവര്‍ രോഗികളായി മാറുന്നു. ചികിത്സാസൗകര്യങ്ങളും കുറവാണ്. തേയിലത്തോട്ടങ്ങളിലെ പുല്‍മേടുകളില്‍ കാണുന്ന തിളക്കത്തെപ്പറ്റി ലേഖകന്‍ പറയുന്നുണ്ട്. എന്നാല്‍ ഒട്ടും ആശാവഹമല്ല ആ തിളക്കം. നീലഗിരിയില്‍ എത്തുന്ന സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടേതാണ് ആ തിളക്കം. അങ്ങനെ പ്ലാസ്റ്റിക് മാലിന്യം എങ്ങനെ ഒരു മനോഹരമായ നാടിനെ നശിപ്പിക്കുന്നുവെന്ന് നമുക്ക് കാണാനാവും. തോഡകള്‍ മികച്ച നെയ്ത്തുകാര്‍ കൂടിയാണ്. നെയ്യുമ്പോള്‍ അവര്‍ പാടുന്ന പാട്ടുകള്‍ നെയ്ത്തിന്റെ ഭംഗി പോലെ പുതിയ തലമുറയിലേക്കും പടരുന്നു. പാട്ടുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ മുത്തശ്ശിമാര്‍ സദാ സന്നദ്ധരാണ്.

മതത്തിന്റെയും വിശ്വാസത്തിന്റെയും ഭൂപ്രദേശത്തിന്റെയും അതിര്‍ത്തികളും അതിര്‍ത്തി ലംഘനങ്ങളും ലോകഭൂപടത്തില്‍ തീര്‍ക്കുന്ന അശാന്തികള്‍ക്ക് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിലും അത്തരത്തിലുള്ള വേര്‍തിരിക്കലിന്റെ ഭീതിതമായ കഥകള്‍ ഉയര്‍ന്നു വരികയാണ്. ധനുഷ്‌ക്കോടിയിലെ അത്തരം മനുഷ്യരുടെ കഥയാണ് ധനുഷ്‌ക്കോടിയില്‍ നിഴലുകള്‍ കൊടും കുരുക്കിലേക്ക് വളര്‍ന്നു എന്ന രണ്ടാം അധ്യായത്തില്‍ പറയുന്നത്. ധനുഷ്‌ക്കോടിയിലെ കടലിന്റെ പ്രകൃതം മാറി മറിയുന്നത് കാണാം. ഐസ് പോലെ തണുപ്പുള്ള വെള്ളത്തില്‍ മത്സ്യങ്ങള്‍ മിഴി പൂട്ടി കിടക്കും. ആലസ്യത്തില്‍ എന്ന പോലെ. അതിനാല്‍ എല്ലാം എളുപ്പം വലയില്‍ കുരുങ്ങും. ബോട്ടുനിറയാന്‍ അധികം സമയം വേണ്ട. എന്നാല്‍ പിന്നീട് കടല്‍ ചൂടാവാന്‍ തുടങ്ങി. മത്സ്യം വേണ്ടത്ര കിട്ടാതായി. ധനുഷ്‌ക്കോടിയിലെ മത്സ്യത്തൊഴിലാളികള്‍ മറ്റു ജോലികള്‍ക്ക് പോയിത്തുടങ്ങി. ധനുഷ്‌ക്കോടിയിലെ കങ്കേശു അതില്‍ ഒരാളാണ്. യതാര്‍ത്ഥത്തില്‍ ധനുഷ്‌ക്കോടി ഒരു പ്രേതനഗരമാണ്. 1964ലെ കൊടുങ്കാറ്റില്‍ ഒരു തീവണ്ടിയും യാത്രക്കാരും അപ്രത്യക്ഷരായി. റെയില്‍വെ സ്റ്റേഷന്‍, റെയില്‍വെ ആശുപത്രി, പൊലീസ് സ്റ്റേഷന്‍, ക്രിസ്ത്യന്‍പള്ളി തുടങ്ങിയവയെല്ലാം നശിച്ചു. അവയില്‍ പലതിന്റെയും അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്.

ശ്രീലങ്ക അത്യന്തം സങ്കീര്‍ണമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോയത് സാര്‍വലൗകിക മണ്ഡലത്തില്‍ ചര്‍ച്ചയായതാണ്. ശ്രീലങ്കയിലെ തമിഴരും തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളും അവരുടെ അവസാനിക്കാത്ത രോദനവും ധനുഷ്‌ക്കോടിയെ അസ്വസ്ഥമാക്കുന്നുണ്ട്. അതാണ് മണിമേഖലയുടെ “സെങ്കടല്‍’ എന്ന സിനിമയുടെ ഇതിവൃത്തം. സെങ്കടലില്‍ സ്വന്തം പേരില്‍ തന്നെ കങ്കേശു വേഷം ചെയ്തിട്ടുണ്ട്. ധനുഷ്‌ക്കോടിയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തലൈമന്നാര്‍ എന്ന ശ്രീലങ്കന്‍ പ്രദേശമായി. ധനുഷ്‌ക്കോടിയില്‍ നിന്ന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിക്കുന്നത് മനപ്പൂര്‍വമായിരിക്കില്ല. എന്നാല്‍ ശ്രീലങ്കന്‍ നാവികസേനയുടെ കണ്ണില്‍ പെട്ടാല്‍ കുടുങ്ങിയത് തന്നെ. പിടിച്ചു മത്സ്യങ്ങള്‍ കടലിലൊഴുക്കേണ്ടി വരുന്നത് മാത്രമല്ല, കൊടിയ പീഢനവും ഏല്‍ക്കേണ്ടിവരും. കൂടാതെ ജയില്‍വാസവും. ഇത്തരം അവസ്ഥകള്‍ ധനുഷ്‌ക്കോടിയെ ദുരിതത്തിലാക്കുന്ന കാഴ്ച. മത്സ്യം പിടിച്ചു ജീവിക്കുന്നതിന്റെ പ്രയാസങ്ങള്‍ കാരണം അത് വിട്ട് മിനിബസ് ഓടിക്കുന്ന ജോലി ഏറ്റെടുക്കുകയാണ് കങ്കേശു. പിന്നീട് ധനുഷ്‌ക്കോടി സന്ദര്‍ശിക്കുന്ന ലേഖകന്‍ മത്സ്യത്തൊഴിലാളിയായി വീണ്ടും കടലില്‍ പോകുന്ന കങ്കേശുവിനെ കാണുന്നു. പ്രതികൂല സാഹചര്യങ്ങളോട് പൊരുതുന്ന ഒരു ജനതയുടെ പ്രതിനിധിയായി കങ്കേശുവിനെ കാണാന്‍ കഴിയുന്നു.

എല്ലാ ജനവിഭാഗങ്ങളെയും അംഗീകരിക്കാന്‍ തയാറായിരുന്ന ശിവജിയെ ഹൈന്ദവതയുടെ പ്രതീകമായി മാറ്റാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ ശ്രമങ്ങള്‍ വിമര്‍ശനബുദ്ധിയോടെ വീക്ഷിക്കുന്ന “തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ബുദ്ധന്‍’ എന്ന അധ്യായവും ചിന്താപ്രധാനമാണ്.ബ്രഹ്മപുത്ര നദിയിലൂടെയുള്ള യാത്ര, നാഗലാന്റ് സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍, കുട്ടികള്‍ മുതിര്‍ന്നാല്‍ കൂടെ താമസിപ്പിക്കാതെ മൊറോങ് എന്ന ഹോസ്റ്റലില്‍ താമസിപ്പിക്കുന്ന സമ്പ്രദായവും പുസ്തകം ചര്‍ച്ച ചെയ്യുന്നു.

വി. മുസഫര്‍ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധന്‍’ എന്ന യാത്രാ വിവരണത്തിന് വാസുദേവന്‍ കുപ്പാട്ട് എഴുതിയ വായനാനുഭവം.

കടപ്പാട്; വാരാദ്യമാധ്യമം

Comments are closed.