ദൈവത്തിൻറെ ഉടുപ്പ് തുന്നുന്നവൻ!
ഒറ്റവാക്കിൽ പറഞ്ഞാൽ, ‘കുദ്റത്ത് -അതിൻറെ അത്തർ പൂശിയകിത്താബാ’ണ് താഹാമാടായി എഴുതിയ ആയിരത്തൊന്ന്മലബാർ രാവുകൾ.
“ഓരോ മനുഷ്യരിലും എണ്ണമറ്റ അത്ഭുതങ്ങൾ അള്ളാഹു എഴുതിച്ചേർത്തിട്ടുണ്ട്.
ആ അത്ഭുതങ്ങൾ വായിക്കാതെയാണ് അവരൊക്കെ ജീവിക്കുന്നത്.”
ഈന്തപ്പന വൃക്ഷങ്ങളെ കടന്നു വരുന്ന കാറ്റു പോലെയാണ് തൊണ്ണൂറ്റിയൊന്നാം പേജിലെ ഈ വരികൾ!
ദൈവത്തിലേക്കുള്ള വഴികൾ എത്രയോ നിഷ്കളങ്കമായിരിെക്കെ, പ്രാർത്ഥിക്കുമ്പോൾ മുഖത്തു തെളിയുന്ന നുണക്കുഴികൾ നീയെന്തിനാണു മറച്ചു പിടിക്കുന്നത് ?
മാജിക്കൽ റിയലിസത്തിന്റെ പച്ച വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ് നോവൽ മുഴുവനും.
കുഞ്ഞിമൊയ്തീൻ, കുഞ്ഞാലി, കുഞ്ഞാമിന, ഷംസു, കുഞ്ഞലീമ, അയമു, കുഞ്ഞായിൻ മുസ്ലിയാർ.. ഇവരെല്ലാം പങ്കിട്ടെടുക്കുകയാണ് നോവലിൻറെ ആകാശം.
കുഞ്ഞാമിന കുഞ്ഞാലിയോടു ചെയ്യുന്നതുപോലെ, ഒരുറുമ്പിനെപ്പോലെ പതിയെ വായനക്കാരന്റെ
മനസ്സിലേക്കരിച്ചു കയറുകയാണ് താഹയുടെ എഴുത്ത്!
മൂസാപ്പി ആയഞ്ചേരി എന്ന അജ്ഞാത കവിയെ കൂട്ടുപിടിച്ചാണ് ആ ‘അപഥ’ സഞ്ചാരം!
മനുഷ്യകുലത്തോടു തന്നെയുള്ള ഒരു ദുആ ആണ് ഓരോ വരികളും.
ഇത് കേൾക്കൂ :
“രണ്ട് കണ്ണുകൾ അല്ലാതെ മറ്റൊന്നും പുറത്തു കാണാതെ കറുത്ത വസ്ത്രം കൊണ്ട് ദേഹമാകെ മൂടി നടക്കുന്ന ഒരു പെൺകുട്ടിയെ കാണുമ്പോൾ ഈ കുപ്പിയിലെ മുത്ത് നൽകുക. ഇത് ഇൽമിനെ അറിയുന്ന മുത്താണ്. അത് ആത്മാവിൽ വെളിച്ചം നിറയ്ക്കുന്നു. സ്വാതന്ത്ര്യം നൽകുന്നു;ഉടൽ മൂടുന്ന കറുത്ത വസ്ത്രത്തിൽ നിന്നുള്ള മോചനം..സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവിശ്വാസത്തിൽ നിന്നുള്ള മോചനം..”
നിലാവുപോലെ പരക്കുന്ന വേറൊന്ന് ഇതാ..
“മനോസുഖം കിട്ടാൻ ജീവിതം മോഹംകൊണ്ട് നിറയ്ക്കണം. നീ മോഹത്തെ ദൂരെ നിർത്തുന്നു. മോഹങ്ങളുടെ കപ്പിത്താനായി നീ അവളിലേക്ക് പോവുക.”
കാറ്റാടിമരങ്ങൾക്കിടയിലൂടെ ഭാവനയുടെ വെള്ളക്കുതിരകളെ ഒളിച്ചു കടത്തി, നമ്മുടെ മുറ്റത്തേക്ക് ആവോളം വിഹരിക്കാൻ വിടുന്നുണ്ട് ഗ്രന്ഥകാരൻ. കുഞ്ഞാലി – ആമിനമാർ കാണുന്ന സ്വപ്നങ്ങളും, അത്തർബീവിയെ കുറിച്ചുള്ള വിവരണങ്ങളും എല്ലാം ആ ഭാവനയുടെ ഇടത്-വലത് മുലക്കണ്ണുകളായി നമ്മെ ആവോളം ഊട്ടുന്നു!
ഉള്ളിലുള്ള ദുരയുടെ മീസാൻ കല്ലുകളെ ഇളക്കുന്നു. ഊദ് കത്തിച്ചു വെച്ച സുഗന്ധം പരത്തുന്നു!
Comments are closed.