പുസ്തകങ്ങളെ നിരോധിക്കുക എന്നാൽ അത് ആശയങ്ങളുടെ നിരോധനം തന്നെ – തസ്ലിമ നസ്രിൻ
പുസ്തകങ്ങളെ നിരോധിക്കുന്നതിലൂടെ ആശയങ്ങളെ നിരോധിക്കുകയാണ് ചെയ്യുന്നതെന്ന് തസ്ലിമ നസ്രിൻ. ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ഡി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. തന്റെ എഴുത്തിനും ജീവനും ഭീഷണിയുയർന്നതിനെത്തുടർന്ന് ജന്മദേശമായ ബംഗ്ലാദേശ് ഉപേക്ഷിച്ചു നാടുവിടേണ്ടിവരികയും ഇപ്പോൾ ഇന്ത്യയിൽ പ്രവാസജീവിതനയിക്കുകയും ചെയ്യുന്ന തസ്ലിമ തന്നോട് ഇന്ത്യക്കാർ കാണിക്കുന്ന സ്‌നേഹത്തിനും ആതിഥ്യത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്.
ബംഗ്ലാദേശിൽ, തന്റെ മൂന്നാമത്തെ നോവലായ ലജ്ജ പ്രസിദ്ധീകരിച്ച് അഞ്ചുമാസത്തിനുള്ളിൽ നിരോധിക്കപ്പെട്ടു എന്നു തസ്ലിമ നസ്രിൻ ഓർത്തു. മുൻകാലരചനകളാൽത്തന്നെ കുപിതരായിരുന്ന മുസ്ലിം മതഭ്രാന്തന്മാർ ലജ്ജയുടെ പേരിൽ തസ്ലിമയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു. എങ്കിലും തുടർന്നും സ്വാതന്തന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള തന്റെ എഴുത്തു തുടരുകതന്നെ ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു. സമൂഹത്തിൽ സ്ത്രീകൾക്കു തുല്യതയും തുല്യാവകാശങ്ങളും നടപ്പാകുന്നതും സമത്വത്തിൽ അധിഷ്ഠിതമായൊരു ഏകീകൃത സിവിൽകോഡ് നടപ്പാകുന്നതുമാണ് തന്റെ സ്വപ്‌നം എന്നും തസ്ലിമ പറഞ്ഞു. ചില നിക്ഷിപ്ത സംഘങ്ങളിൽനിന്നുണ്ടാകുന്ന വിദ്വേഷത്തിലുപരിയാണ് താൻ തനിക്കു ലഭിക്കുന്ന സ്‌നേഹത്തെ വിലമതിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇനിയും എഴുത്തു തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
എല്ലാത്തരത്തിലുമുള്ള നിരോധനങ്ങളെയും അപലപിച്ച തസ്ലിമ നസ്രിൻ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായി നിലകൊള്ളുന്നതായും പറഞ്ഞു. ഒരു പുസ്തകമോ കലാസൃഷ്ടിയോ ആർക്കെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിനെ വിമർശിക്കാം, പക്ഷെ അക്രമമല്ല അതിനുള്ള പോംവഴി എന്നും മനസ്സിലാക്കണമെന്നും പറഞ്ഞു. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായി നിൽക്കുന്ന ആർട്ടിക്കിളുകൾ എടുത്തുകളണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഒരു ചോദ്യത്തിന് ഉത്തരമായി താൻ എല്ലാത്തരത്തിലുമുള്ള സെൻസർഷിപ്പുകൾക്കും എതിരാണെന്നും തസ്ലിമ നസ്രിൻ പറയുകയുണ്ടായി. മാത്രമല്ല നിരോധിക്കപ്പെട്ട പുസ്തകങ്ങൾ വായിക്കുന്നതിനായി ഒരു സമരംതന്നെ സംഘടിപ്പിക്കേണ്ടതുണ്ടെന്ന് അലപം കളിയായി അഭിപ്രായപ്പെട്ടു.
സ്ത്രീകളും മനുഷ്യജീവികളാണ് എന്ന ചിന്തതന്നെയാണ് ഫെമിനിസം എന്നായിരുന്നു തസ്ലിമ നസ്രിൻ ഫെമിനിസത്തെ വിശദീകരിച്ചത്. പുരുഷനിയന്ത്രിതസമൂഹത്തിനു കീഴടങ്ങുന്ന സ്ത്രീകളുടെ മനസ്സാണ് കൂടുതൽ അപകടകരമെന്നും വിദ്യാഭ്യാസത്തിലൂടെ മാത്രമെ ഇതിനെ മാറ്റി എടുക്കാൻ സാധിക്കുകയുള്ളു എന്നും അവർ ചൂണ്ടിക്കാട്ടി.
ഡി സി ബുക്‌സ് സിഇഒ രവി ഡി സി, സിഎംഎസ് കോളജ് ഇംഗ്ലിഷ് വിഭാഗം പ്രൊഫ. അഞ്ജു സൂസൻ എന്നിവരും സംസാരിച്ചു.
Comments are closed.