കെ.ടി. രവിവർമ്മ അന്തരിച്ചു
പ്രശസ്ത ചരിത്രകാരനും കൊച്ചി രാജകുടുംബാംഗവുമായ കെ.ടി. രവിവർമ്മ (കുഞ്ഞുണ്ണി വർമ്മ -85) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
മദ്രാസ്, ബോംബെ സർവകലാശാലകളിൽ വിദ്യാഭ്യാസത്തിനു ശേഷം മുംബൈ എസ്.ഐ.ഇ.എസ് കോളേജിൽ അദ്ധ്യാപകനായ വർമ്മ ജന്തുശാസ്ത്ര വിഭാഗം മേധാവിയായാണ് വിരമിച്ചത്. ആര്യന്മാരുടെ ഉത്ഭവം, മരുമക്കത്തായം, ഋഗ്വേദം മുതൽ ഓണപ്പാട്ടു വരെ, പണ്ടത്തെ മലയാളക്കര, പരശുരാമൻ – ഒരു പഠനം, തൃപ്പൂണിത്തുറ വിജ്ഞാനം എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കെ.ടി.രവിവര്‍മ്മയുടെ ‘മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും’ എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രൺജിത് ദേശായി മറാഠിയിൽ രചിച്ച ‘രാജാരവിവർമ്മ’ വിവർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. സന്ത് ജ്ഞാനേശ്വറിന്റെ ‘ജ്ഞാനേശ്വരി’ തർജ്ജമ ചെയ്തിട്ടുണ്ട്. ഡോ. അംബേദ്കറുടെ സമ്പൂർണകൃതികളുടെ വിവർത്തനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. ‘കേരള അദ്ധ്യാത്മികചരിത്രം’ എന്ന പുസ്തകം അച്ചടിയിലിരിക്കെയാണ് മരണം.
Comments are closed.