മായാത്ത താളുകൾ, എം. പി. വീരേന്ദ്രകുമാറിനെ രവി ഡി സി അനുസ്മരിക്കുന്നു
1997 ജൂണ്‍ മാസം 22 -ാം തീയതി പൊന്‍കുന്നം വര്‍ക്കിയെകാണാന്‍ അന്ന് മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാറിനൊപ്പം പോയതിനെക്കുറിച്ചെഴുതിയ ഡയറിയില്‍ എന്റെ പിതാവ് ഡി സി കിഴക്കെമുറി ഇങ്ങനെയെഴുതുന്നു: തന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്‍ വിയാണെന്ന് എം പി വീരേന്ദ്രകുമാര്‍ ഓര്‍മ്മിച്ചു. പ്രസംഗം കുറിച്ചിട്ട് എഴുത്തിലേക്ക് തിരിയണമെന്ന് അദ്ദേഹം തന്നെ പലപ്പോഴും ഉപദേശിച്ചിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ജൈനദേവന്റെ ചരിത്രം എന്‍ വിയുടെ നിര്‍ബന്ധം കൊണ്ടാണ് എഴുതിയത്. 300 പേജുവരെയെത്തി. ഇനി 200 പേജുകൂടി എഴുതണം. അതിനുള്ള സമയം കണ്ടെത്തണം…
ഡി സി കിഴക്കെമുറിയുടെ ഡയറിയില്‍ എം പി വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ നിരവധി താളുകളുണ്ട്. അക്കാലം മുതല്‍ തന്നെ അദ്ദേഹത്തിനും അദ്ദേഹം നേതൃത്വം നല്‍കിയ മാതൃഭൂമിയ്ക്കും ഡ സി ബുക്‌സുമായി അടുത്ത ബന്ധമാണുള്ളത്. കോട്ടയത്തെത്തുമ്പോള്‍ പലപ്പോഴും വീട്ടിലെ സന്ദര്‍ശകനായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ആമസോണും കുറേ വ്യാകുലതകളും എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയിരുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ ഇ പി രാജഗോപാല്‍ നടത്തിയ മുഖാമുഖത്തില്‍ യാത്രാജീവിതത്തെക്കുറിച്ച് ആത്മകഥാപരമായിതന്നെ അദ്ദേഹം സംസാരിച്ചതോര്‍ക്കുന്നു. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ്, കോളമിസ്റ്റ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ തുടങ്ങി ബഹുനിലകളില്‍ കേരളീയ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് വിട പറഞ്ഞിരിക്കുന്നത്. ഡി സി ബുക്‌സിന്റെ ആദരം.
Comments are closed.