DCBOOKS
Malayalam News Literature Website

ഡേവിഡ് ദിയോപിന്‍റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’; മലയാള പരിഭാഷ പുറത്തിറങ്ങി

'രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ്' എന്ന പേരില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകം മാങ്ങാട് രത്‌നാകരനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്

2021- ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഡേവിഡ് ദിയോപിന്‍റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന നോവലിന്റെ മലയാള പരിഭാഷ ‘ പുറത്തിറങ്ങി. ‘രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ് എന്ന പേരില്‍  മാങ്ങാട് രത്‌നാകരനാണ് പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

Textഹിംസാത്മകവും ഭയപ്പാടുകള്‍ക്ക് ചുറ്റുമുള്ളതുമായ യുദ്ധയിടങ്ങളില്‍ ശത്രുക്കളെ കൊന്നുവീഴ്ത്തുക എന്ന യുദ്ധതന്ത്രം പാലിച്ച ഒരു പട്ടാളക്കാരനില്‍ വന്നുഭവിച്ച സ്വഭാവപരിണാമത്തെ കുറിക്കുന്ന ആഖ്യാനമാണ് ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’.

ചരിത്രം മനുഷ്യനെ വലിച്ചിഴക്കുന്ന, ചെളിയും ചോരയും ഹിംസയും ഭ്രാന്തുമെല്ലാം നിറയുന്ന ഒരനുഭവലോകമാണിത്. സെനഗലിലെ രണ്ടു യുവയോദ്ധാക്കള്‍ തങ്ങളുടെ അധിനിവേശ-യജമാനന്മാരായ ഫ്രാന്‍സിനു വേണ്ടി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴുള്ള വിചിത്രവും ഭീതിദവും ഹിംസാത്മകവുമായ അനുഭവങ്ങളുടെ സാകല്യം. വംശീയവിവേചനങ്ങളുടെ ഒരു സൂക്ഷ്മചിത്രം. ഒന്നാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള, നൂറ്റാണ്ടിലെ നിരവധി ഭാഷകളിലെ അതിവിപുലമായ നോവല്‍ സഞ്ചയത്തില്‍, ഡേവിഡ് ദിയോപിന്‍റെ കാഴ്ച ആധുനികവും നവീനവുമാണെന്നു ബുക്കര്‍ വിധികര്‍ത്താക്കള്‍ പറഞ്ഞു.

ഒന്നാം ലോകമഹായുദ്ധകാലത്തു വലിയൊരു അധിനിവേശ ശക്തിയായിരുന്ന ഫ്രാന്‍സ്, 1,35,000 സെനഗലീസ് സൈനികരെ യൂറോപ്പിലെ വിവിധ യുദ്ധമുഖങ്ങളില്‍ വിന്യസിച്ചിരുന്നു. ‘തിരായ്യേ സെനിഗാലെ’ എന്നറിയപ്പെട്ടിരുന്ന ഈ സൈനികര്‍ സെനഗലുകാര്‍ മാത്രമായിരുന്നില്ല, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വിവിധ ദേശക്കാരും ഭാഷക്കാരുമുണ്ടായിരുന്നു. ഇവരില്‍ മുപ്പതിനായിരത്തോളം പേര്‍ യുദ്ധത്തില്‍ മരിച്ചു. ഈ സൈനികര്‍ ചരിത്രത്തില്‍നിന്നു ഏറെക്കുറെ നിഷ്കാസിതരാണ്. ഫ്രാന്‍സിനു കറിവേപ്പില പോലെയായിരുന്നു അവര്‍. അവരുടെ സേവനങ്ങള്‍ മാത്രമല്ല, ആന്തരികജീവിതങ്ങള്‍ പോലും പറയപ്പെടാതെ പോയി. ഈ പശ്ചാത്തലമാണു നോവലിസ്റ്റ് തെളിഞ്ഞ കണ്ണോടെ കാണുന്നത് മോസ്‌കോബാക്കിസ് (Anna Moschovakis) ആണ് ഈ നോവൽ   ഫ്രഞ്ചിൽ നിന്നു ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഫ്രാൻസിൽ 2018ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇതിനകം പല പുരസ്‌കാരങ്ങളും നേടി. അന്താരാഷ്ട്ര മാൻ ബുക്കർ  പുരസ്‌കാരം ലഭിക്കുന്ന ഫ്രഞ്ചിലെ ആദ്യ എഴുത്തുകാരനാണ് ഡേവിഡ്.

Comments are closed.