DCBOOKS
Malayalam News Literature Website

അയാള്‍ രാക്ഷസനാണോ മനുഷ്യനാണോ?

ഡേവിഡ് ദിയോപിന്‍റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന നോവലിന്റെ മലയാള പരിഭാഷ  ‘രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പിന് ‘  ശിവകുമാർ.ആർ.പി എഴുതിയ വായനാനുഭവം.
“പരിഭാഷ ചെയ്യുക ഒരിക്കലും ലളിതമല്ല. പരിഭാഷയെന്നാൽ അതിരുകളിലുള്ള വഞ്ചനയാണ്. അതൊരു കള്ളക്കളിയാണ്. ഒരു വാക്യത്തിനു മറ്റൊരു വാക്യം വച്ചു മാറലാണ്. പരിഭാഷയെന്നാൽ ആത്യന്തിക സത്യം അനുഭവിപ്പിക്കാനായി വിശദാംശങ്ങളിൽ നുണ പറയേണ്ടിവരുന്ന ഒരേയൊരു മനുഷ്യവ്യാപാരമാണ്. ഒരു വാക്കിന്റെ സത്യം ഏകമല്ലെന്നും അതു രണ്ടോമൂന്നോ നാലോ അഞ്ചോ അർത്ഥതലങ്ങളുള്ളതാണെന്നും മറ്റാരെക്കാളും നന്നായി മനസ്സിലാക്കുകയാണു പരിഭാഷാ കർമ്മത്തിലെ അപകടസന്ധി. പരിഭാഷ ചെയ്യുകയെന്നാൽ എല്ലാവരും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുപോലെ അദ്വിതീയമായ ദൈവസത്യത്തിൽനിന്നുള്ള അകന്നു നിൽക്കലാണ്.”
Textഡേവിഡ് ദിയോപ് ഫ്രെഞ്ചിലെഴുതുകയും അന്ന മോസ്കോവാകിസ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും മാങ്ങാട് രത്നാകരൻ വഴി മലയാളത്തിലെത്തുകയും ചെയ്ത, 2021 ലെ ബുക്കർ സമ്മാനം നേടിയ നോവലിലെ ഇരുപത്തിനാലാം അദ്ധ്യായത്തിലെ ഒരു ഖണ്ഡമാണ് മേൽ കൊടുത്തത്. തന്റെ ഇരട്ടത്തത്തെ ആൽഫാ ദിയായെ പരിഭാഷപ്പെടുത്തുന്ന സന്ദർഭമാണത്. ആ മൊഴിമാറ്റം ‘കേൾക്കുന്നവർക്ക്’ മനസ്സിലാകുന്നില്ല. ‘എന്താണയാൾ പറയുന്നത് ?’ എന്നാണ് അവരു ചോദിക്കുന്നത്. പരിഭാഷകൻ ഒന്നുകൂടി അതിന്റെ സംഗ്രഹിച്ചു പുനരാഖ്യാനം ചെയ്തു : “അയാൾ പറയുന്നത് അയാൾ മരണവും ജീവിതവുമാകുന്നു എന്നാണ്”.
അൽഫാ ദിയായെ എന്ന സെനഗളിൽനിന്നുള്ള ഫ്രഞ്ചു സൈനികന്റെ നിലയ്ക്കാതെ ഒഴുകുന്ന ചിന്തകളാണ് ഡേവിഡ് ദിയോപിന്റെ ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’ എന്ന 144 പേജുകളുള്ള നോവലിന്റെ അടിസ്ഥാനം. ‘ദൈവത്താണെ സത്യം’ എന്ന് നിരന്തരം ആവർത്തിച്ചുകൊണ്ട് നിർത്താതെ ചിലമ്പുന്ന ആ വാക്കുകളിൽ ഉത്കണ്ഠാകുലവും ഭ്രമാത്മകവുമായ ഒരു മനസ്സിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ട്. അൽഫാ ദിയായെ, മാദെംബ ദിയോപ് എന്നീ രണ്ടു കൂട്ടുകാരുടെ കഥ പറയുന്ന പുസ്തകത്തിന്റെ ശരിക്കുള്ള പേര് ‘ആത്മീയ സോദരൻ‘ എന്നായിരുന്നത്രേ. അതുകൊണ്ട് നോവലിസ്റ്റ് ഉദ്ദേശിക്കുന്ന താളവും ശ്ലേഷവും ഇംഗ്ലീഷിൽ ലഭ്യമല്ലെന്നു കണ്ടിട്ട് വിവർത്തക അന്ന മോസ്കോവാകിസ്, കൊടുത്ത പേരാണ്, ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’’. ആൽഫാ ദിയായെ ജർമ്മൻകാരനായ ഒരു ശത്രു സൈനികനെ ‘വൃത്തിയിൽ മനുഷ്യത്വത്തോടെ’ കഴുത്തറുത്തതിനെപ്പറ്റി ചിന്തിക്കുന്ന, മൂന്നാം അദ്ധ്യായത്തിലെ അവസാനവാക്യമാണത്.
ആത്മീയ സോദരൻ എന്നും സഹപോരാളിയെന്നും അർത്ഥം പറയാവുന്ന ഫ്രഞ്ചു ശീർഷകം മാറ്റി വിവർത്തക ‘ഇരുട്ടിൽ രക്തനിറത്തിനു വരുന്ന മാറ്റത്തിനു’ ഊന്നൽ നൽകിയപ്പോൾ അത് യുദ്ധം, മനുഷ്യത്വം, ഒറ്റപ്പെടൽ, ജീവിതാസക്തി എന്നിങ്ങനെ രാഷ്ട്രാന്തരീയ സമൂഹത്തിലെ വായനക്കാർക്ക് ആർക്കും പെട്ടെന്ന് മനസിലാവുന്ന അർത്ഥതലം നോവലിനു ലഭിച്ചു. പുറമേ ഇരുട്ടും കറുപ്പും കൊണ്ടുവരുന്ന സൂചനകളും. ജർമ്മനിയുടെയും ഫ്രാൻസിന്റെയും നീലക്കണ്ണുകളും വെളുത്തശരീരമുള്ള മനുഷ്യർക്കിടയിൽ ഒരു കൈയിൽ തോക്കും മറുകൈയിൽ കൊടുവാളുമായി നിൽക്കുന്ന ചോക്ലേറ്റ് നിറമുള്ള സെനഗൽ സൈനികർ (ഷൊക്കോലാ എന്നാണവരുടെ വിളിപ്പേര്) അവർ ജനിതകമായി ബന്ധപ്പെട്ടു കിടക്കുന്ന, വ്യത്യസ്തമായ സാംസ്കാരികപരിസരത്തിനു നേരെ വിരൽ ചൂണ്ടുന്ന സൂചകവും ആകുന്നു. അവരെ ആധുനിക വെളുത്ത സമൂഹം പരിഭാഷപ്പെടുത്തിയെടുക്കുന്നതിന്റെ പ്രശ്നമാണ് നോവലിനുള്ളിൽ ദിയോപ്പിനെ അലട്ടിയിരുന്നത്. ആൽഫാ ദിയായെയുടെ അയാളുടെ ഭാഷ സെനഗലിലെ ഗോത്രഭാഷയായ വൊളോഫാണ്. അയാളുടെ ബോധപ്രവാഹം നോവലിന്റെ ആഖ്യാനത്തിൽ ഫ്രഞ്ചായി തീരുന്നു. എതിരാളിയെ കൊല്ലുകമാത്രമല്ല കൈപ്പത്തി വെട്ടിക്കൊണ്ടുവരികയും അതു സൂക്ഷിക്കുകയും ചെയ്യുന്ന ആൽഫാ ദിയായെ രാക്ഷസനാണോ മനുഷ്യനാണോ എന്ന സംശയം അയാളുടെ സഹപോരാളികളെ ഉലയ്ക്കുന്നുണ്ട്. അയാളുടെ മനസ്സിനെപോലെ, അയാളുടെ ഭാഷയെപോലെ, അയാളുടെ സ്വത്വവും വ്യക്തിത്വവും വിവർത്തനത്തിനു വഴങ്ങാതിരിക്കുന്ന ഒരവസ്ഥയെ ആവിഷ്കരിക്കുന്നതിന്റെ ഭാഗംകൂടിയാണ് മേൽപ്പറഞ്ഞ പരിഭാഷയെക്കുറിച്ചുള്ള ഖണ്ഡം.
പരിഭാഷ ദൈവസത്യത്തിൽനിന്ന് അകന്നുനിൽക്കുന്ന പ്രവൃത്തിയാണെന്നാണ് കഥാപാത്രമായ ആൽഫാ പറയുന്നത്. ഡേവിഡ് ദിയോപ്, നോവലായി എഴുതാൻ തീരുമാനിച്ച മുഹൂർത്തത്തിൽ ദിയോപ് നോട്ടം പ്ലേറ്റോയുടെ ചിത്രത്തിൽനിന്ന് മാറ്റി അരിസ്റ്റോട്ടിലിലേക്കാക്കിയിരിക്കണം. ആദ്യം അന്നയും പിന്നീട് മാങ്ങാട് രത്നാകരനും ‘പൊയറ്റിക്സിൽ’ തൊട്ടുതന്നെയാണ് സത്യവാങ്മൂലം സമർപ്പിക്കുന്നത്. മനുഷ്യന്റെ അഗാധപ്രകൃതത്തിലുള്ള ദ്വയത്വത്തെ സംബന്ധിച്ച ഉൾക്കാഴ്ചകളെ കുഴമറിച്ചിലുകൾ ഇല്ലാത്ത കാവ്യസത്യമാക്കി പരിവർത്തിപ്പിക്കാൻ അതാവശ്യമാണ്. ‘പരനുള്ളുകാണിക്കാൻ ഒന്നുമേ ഉപായമില്ലെന്ന’ ഭൗതികലോകത്തിലെ വലിയ ശരിയെ പരിമിതികൾകൊണ്ടല്ല നല്ല പരിഭാഷകൾ നേരിടുന്നത് എന്നതൊരു വസ്തുതയാണ്. ‘അത്യാനന്ദത്തിന്റെ ദൈവികപരിചരണ’മാക്കി നോവൽ വായനയെ മാറ്റിയെഴുതുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്.
രചനകൾ, കാലികമായി വലിയ താമസമില്ലാതെ നമ്മുടെ അടുത്ത് എത്തുന്നു എന്നത് വലിയ കാര്യമാണ്. വിവർത്തനം മികച്ചതാവുമ്പോൾ വായനാനന്ദന്ദം ഇരട്ടിയാകുന്നു. മാങ്ങാട് രത്നാകരന്റെ വിപുലമായ സാഹിത്യപരിചയവും ഭാഷാസ്വാധീനവും ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പി’നെ മലയാളത്തിൽ ഒഴിവാക്കാനാവാത്ത ഒരു കൃതിയാക്കി മാറ്റുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.