DCBOOKS
Malayalam News Literature Website

‘രാത്രിയിൽ അച്ചാങ്കര’ ദുർഗാ പ്രസാദിന്റെ കവിതാസമാഹാരം

ദുർഗാ പ്രസാദിന്റെ ‘രാത്രിയിൽ അച്ചാങ്കര’ എന്ന കാവ്യസമാഹാരത്തെക്കുറിച്ച് ദിവാകരൻ വിഷ്ണുമംഗലം

ദുർഗ്ഗാപ്രസാദിന്റെ പ്രഥമകവിതാസമാഹാരമായ “രാത്രിയിൽ അച്ചാങ്കര “ കഴിഞ്ഞ ദിവസമാണ് ഡി സി ബുക്സിൽ നിന്ന് വാങ്ങിയത്. പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ കവിയാണ് ദുർഗ്ഗാപ്രസാദ്. കേവലം മുപ്പതു വയസ്സിനുതാഴെ മാത്രമേ പ്രായമുള്ളുവെങ്കിലും Textമഹാകവിത്വത്തിന്റെ ലക്ഷണങ്ങൾ ഇതിൽ തെളിഞ്ഞു കാണാം. ഈ കവിയുടെ കവിതകൾ മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ വരുന്നത് വായിക്കുമ്പോൾത്തന്നെ എന്നെ ഏറെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഛന്ദോബദ്സൗന്ദര്യവും ദാർശനികമാനവും ആന്തരസംഗീതവുമാർന്ന ഇതിലെ കവിതകൾ പാരമ്പര്യകാവ്യവഴികളിൽ സഞ്ചരിക്കുമ്പോഴും ഭാഷയുടെ പുതുക്കത്താലും പ്രയോഗരീതിയിലെ നവീനതയാലും സമകാലിക ഭാവുകത്വമുൾക്കൊള്ളുന്നുണ്ട്. പ്രതിഭാധനനായ ഈ കവിയുടെ ഈ പ്രഥമസമാഹാരത്തിലെ “വീടിന്റെ നിഴൽ ” എന്ന ഒറ്റക്കവിതയുടെ വായന കൊണ്ടു തന്നെ എന്റെ ഇന്നത്തെ കവിതാവായന ധന്യമായി. നന്ദി പ്രിയകവി… സ്നേഹത്തോടെ,

വീടിന്റെ നിഴൽ

വീടിന്റെ നിഴൽ , എന്റെ-
പിറകേ വരാറുണ്ട്,
രാവിലെ നടന്നു ഞാൻ
പടിഞ്ഞാട്ടിറങ്ങുമ്പോൾ.
ആദ്യത്തെ വളവിന്റെ

മറവ് വരെ, വേലി-
ക്കൊന്നകൾ പൂത്ത
കയ്യാലക്കടുത്തെത്തും വരെ,

പിന്തുടർന്നെനിക്കൊപ്പ –
മെത്താത്ത വിഷമത്താൽ
പിണങ്ങി നിഴൽ വീണ്ടും
വീട്ടിലേക്കേറിപ്പോകും.

പിണക്കം മാറ്റാനാവാം,
എൻ നിഴൽ, വൈകുന്നേരം
പുരയെക്കാണാ,നെന്നെ –
ക്കാൾ മുന്നേ പായുന്നത്.

ദുർഗ്ഗാപ്രസാദിന്‍റെ ‘രാത്രിയിൽ അച്ചാങ്കര’ ഓൺലൈനായി വാങ്ങാൻ ക്ലിക്ക് ചെയ്യൂ

ദിവാകരൻ വിഷ്ണുമംഗലത്തിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.