രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി: പാർട്ടിയെ സൂക്ഷ്മവിമർശനത്തിനു വിധേയമാക്കുന്ന നോവൽ
ഗഫൂര്‍ അറയ്ക്കലിന്റെ ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’എന്ന പുസ്തകത്തിന് സമീര്‍ കാവാഡ്എഴുതിയ വായനാനുഭവം
ഇറങ്ങിയാല്‍ ഉടന്‍ വാങ്ങിവായിക്കണം എന്നു വിചാരിച്ച് കാത്തിരുന്ന നോവലാണ് ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’. നോവലിസ്റ്റ് ഗഫൂര്‍ അറയ്ക്കല്‍ മുമ്പെഴുതിയ രണ്ടു നോവലും അത്രയേറെ പ്രിയപ്പെട്ടതായി തോന്നിയതുകൊണ്ടുള്ള കാത്തിരിപ്പായിരുന്നു അത്. ഇറങ്ങി രണ്ടാഴ്ചകൊണ്ടു തന്നെ ആദ്യപതിപ്പ് വിറ്റ് തീര്‍ന്നപ്പോള്‍ പ്രസാധകര്‍ ആഹ്‌ളാദിച്ചിട്ടുണ്ടാവും പക്ഷെ വായനക്കാര്‍ നിരാശപ്പെട്ടു. രണ്ടാം പതിപ്പ് തേടി കണ്ണൂര്‍ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവത്തിലെത്തി ഡി.സി. ബുക്‌സ് സ്റ്റാളില്‍ അന്വേഷിച്ചപ്പോള്‍ തിരയാന്‍ പോലും നില്‍ക്കാതെ തീര്‍ന്നവിവരം സെയില്‍സ്മാന്‍ അനുഭാവപൂര്‍വ്വം അറിയിച്ചു. പിന്നെ നോവലിസ്റ്റിന് ഗൂഗിള്‍പേ ചെയ്താണ് പുസ്തകം സംഘടിപ്പിച്ചത്.
താന്‍ ജീവിക്കുന്ന ചുറ്റുപാടിലെ യാഥാര്‍ഥ്യങ്ങളെ മാന്ത്രികസമാനമായൊരു പേനകൊണ്ട് എഴുതിയവതരിപ്പിക്കാനുള്ള സിദ്ധിയാണ് ഈ നോവലിലും (സുനില്‍ പി. ഇളയിടം നോവലിന്റെ പുറം ചട്ടയിലെഴുതിയ കാല്‍പ്പനികശൈലി കടമെടുത്തു പറഞ്ഞാല്‍) ‘ഇതള്‍ വിരിയുന്നത്’. ആഖ്യാനരീതി, നര്‍മ്മബോധം, റിയലിസ്റ്റ് ഭാവന, ഭാഷാലളിത്യം, ചരിത്രപരമായ ഉള്ളടക്കം എന്നിവയാല്‍ ആദ്യ നോവലുകളുടെ തുടര്‍ച്ചതന്നെയാണ് ഇത് എന്നു പറയാം. ഗബ്രിയേല്‍ മാര്‍ക്കേസ് ഗഫൂര്‍ അറയ്ക്കല്‍ എന്ന എഴുത്തുകാരനെ എത്രമാത്രം സ്വാധീനിച്ചുവെന്ന് അദ്ദേഹത്തിന്റെ തന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്ന നോവലുകളും കഥകളും എഫ് ബി കുറുപ്പുകളും വെളിപ്പെടുത്തുന്നുണ്ട്. വരമൊഴിയുടെ ബലഹീനത തിരിച്ചറിയുകയും വാമൊഴിയുടെ സംവേദനസാധ്യത നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന എഴുത്തുകാരനാണ് ഗഫൂര്‍. അതേസമയം വാമൊഴിയെ വരമൊഴിയിലേക്ക് അതേപോലെ പകര്‍ത്തുന്ന ഒരുതരം ക്ലീഷേ ഈ നോവലിസ്റ്റിനു സ്വീകാര്യമല്ലതാനും.
അല്പം രാഷ്ട്രീയബോധമുണ്ടെങ്കില്‍ ഏതൊരു മലയാളിയെയും ചിന്തിക്കാനും ചിരിക്കാനും പ്രേരിപ്പിക്കുന്ന കിടിലന്‍ ചേരുവകളാണ് നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത്. നാലു വര്‍ഷം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സ്വാനുഭവത്തിന്റെ രക്തമഷിപുരണ്ട ആഖ്യാനം. ആത്മാര്‍ത്ഥതയും സത്യസന്ധതയുംമാത്രം കൈമുതലായുള്ള ഒരു പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയിലൂടെയാണ് ഇതിലെ കഥ എന്നു പറഞ്ഞാല്‍പോര കഥകള്‍ വികസിച്ചുവരുന്നത്. പാര്‍ട്ടിയുടെ ഭൂതകാല നൊസ്റ്റാള്‍ജിയകളെ സ്വപ്നത്തിലൂടെയും വര്‍ത്തമാനകാല വൈകൃതങ്ങളെ നേരിട്ടും ഇടകലര്‍ത്തിയുള്ള പൊരുത്തപ്പെടുത്തിയെടുക്കല്‍. വായനക്കാര്‍ക്ക് ഊഹിക്കാന്‍പോലും പറ്റാത്ത ഒരു കാര്യം അവതരിപ്പിക്കുകയും അതെങ്ങനെ സംഭവിച്ചു, അല്ലെങ്കില്‍ അതിന്റെ പിന്നിലെ കാര്യകാരണങ്ങളെന്താണെന്ന് പേട്ടയുടെ തനിമയാര്‍ന്ന ലോക്കല്‍ ഹിസ്റ്ററിയുടെയും മത-രാഷ്ട്രീയ കെട്ടുപാടുകളുടെയും അകമ്പടിയോടെ രസകരമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് നോവല്‍ മുന്നേറുന്നത്. ഓരോ അധ്യായത്തിനൊടുവിലും ചിലപ്പോള്‍ അതിനിടയ്ക്കും നേരത്തെയുള്ള സംഭവങ്ങളിലേക്ക് തിരിച്ചുചെന്നാലോചിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു കഥാകദനരീതിയാണിത്. രാത്രി തിരക്കിട്ട പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്കുശേഷം ആരുമറിയാതെ ഒന്നോ രണ്ടോ പെഗ്ഗ് അകത്താക്കി വീട്ടില്‍ വന്നു കിടക്കുന്ന രാത്രികളിലെല്ലാം പ്രധാനകഥാപാത്രമായ ലോകനാഥന്‍ കാണുന്ന സ്വപ്നനങ്ങള്‍ മിത്തായും ഉപകഥകളായും വായനക്കാരന് ചരിത്രത്തിന്റെ രുചികരമായ ചേരുവകള്‍ സമ്മാനിക്കുന്നു. ഭൂതകാലരാഷ്ട്രീയ സംഭവങ്ങളെയും വര്‍ത്തമാനത്തെയും താരതമ്യം ചെയ്തു വിലയിരുത്താനും സ്വപ്നസഞ്ചാരാഖ്യാനം സഹായിക്കുന്നു.
തീര്‍ത്തുപറച്ചിലുകളുടെ എഴുത്തുരീതിയല്ല ഗഫൂറിന്റേത്. രാഷ്ട്രീയസംഭവങ്ങളുടെ സൂചകങ്ങളിലൂടെയാണ് ഇതിലെ ആഖ്യാനം നിവര്‍ന്നുവരുന്നത്. മീനുണ്ടായിട്ടും ബീഫ് വാങ്ങുന്നതിലെ രാഷ്ട്രീയമായതെരഞ്ഞെടുപ്പ് വളിപ്പെടുത്തിക്കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നതുതന്നെ. ആദര്‍ശരാഷ്ട്രീയവും വസ്തുനിഷ്ഠയാഥാര്‍ഥ്യവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥയാണ് രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി. മീനിനുപകരം ബീഫുവാങ്ങുമ്പോള്‍ ലോകനാഥനില്‍ അതിന്റെ രാഷ്ട്രീയസന്ദര്‍ഭത്തിലെ ശരി മാത്രമല്ല രാത്രി വൈകി വീട്ടില്‍ മത്തികൊണ്ടുച്ചെന്നാല്‍ ഭാര്യയുമായി ഉണ്ടാവാനിടയുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠയാഥാര്‍ഥ്യവും ഉള്‍വിളിയായി കടന്നുവരുന്നുണ്ട്.
ആളുകള്‍ കാണാതെ മദ്യപിക്കുന്ന ബ്രാഞ്ച് സെക്രട്ടറി, കമ്മറ്റി റിപ്പോര്‍ട്ടിംഗില്‍ പരസ്യമായി പറയാതെ ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ച് വോട്ടര്‍പട്ടിക പരിശോധിക്കുമ്പോള്‍ മതം, ജാതി തിരിച്ചുള്ള കണക്കുകള്‍ കൂടി എടുക്കണം എന്നു നിര്‍ദ്ദേശിക്കുന്ന ലോക്കല്‍ സെക്രട്ടറി. ജനറല്‍ വാര്‍ഡില്‍ എസ്.സി വാഭാഗക്കാരെ മത്സരിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പച്ചയ്ക്കു പറയുന്ന ജില്ലാ കമ്മറ്റിയംഗം, പാര്‍ട്ടിയെ പലവിധത്തില്‍ പരിക്കേല്‍പ്പിക്കുന്ന അധ്യാപകസംഘടനാ നേതാക്കന്മാര്‍, എതിര്‍പാര്‍ട്ടിക്കാര്‍ക്ക് ചെയ്ത പോസ്റ്റല്‍ വോട്ടുകള്‍ അസാധുവാക്കുന്ന റിട്ടയര്‍ഉദ്യോഗസ്ഥനായ വിപ്ലവകാരി, തുടങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ തൊലിയുരിച്ചുകാണിക്കുന്ന ഈ നോവലെഴുതിയിരിക്കുന്നത് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഒരാളാണെന്നത് തുറന്നുപറച്ചിലിന്റെ വസ്തുനിഷ്ഠത വെളിവാക്കുന്നു. തന്റെ പ്രജകളുടെയവസ്ഥ നേരിട്ടുമനസ്സിലാക്കാന്‍ രാത്രിയില്‍ വീടുവിട്ടിറങ്ങിനടക്കുന്ന ഖലീഫ ഉമറിന്റെ ഭാവസൌന്ദര്യമാര്‍ന്നൊരു പ്രതിഛായ ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’യില്‍ ഗഫൂര്‍ അറയ്ക്കല്‍ അബോധമായെങ്കിലും സന്നിവേശിപ്പിച്ചിട്ടുണ്ട്.
അധ്യായങ്ങള്‍
കൌതുകകരമായ തലക്കെട്ടുകളോടുകൂടിയ പതിനാറധ്യായങ്ങളുടെ സംഘാതമാണ് 122 പുറങ്ങളുള്ള ഈ നോവല്‍. പൊന്‍മീന്‍ ബാവാക്ക, കാസ്പറോവ് ശ്രീധരേട്ടന്‍, മസ്താന്‍ മജീദ്, ഒമര്‍ മുക്താര്‍, മാവോയിസ്റ്റ് ഫാത്തിമ എന്നിങ്ങനെ പേട്ടയിലെ മനുഷ്യരുടെ പേരുകളാണ് അഞ്ചായധ്യായങ്ങളുടെ തലക്കെട്ടായി വന്നിരിക്കുന്നത്. ഇതില്‍ ഒന്നിലൊഴികെ നാലാള്‍ക്കും ഇരട്ടപ്പേര് കാണാം. മദ്യത്തിന് പേട്ടക്കാരിട്ട പേരാണ് പിരാന്തന്‍ വെള്ളം. കമ്മ്യൂണിസ്റ്റുകാരുടെ നൊസ്റ്റാള്‍ജിയകളായ ബംഗാള്‍, റഷ്യ, ചെയുടെ അര്‍ജന്റീന, തമ്പ്രാന്‍ വിരുദ്ധത, വിപ്ലവം, പോരാട്ടവീര്യം തുടങ്ങിയവയൊക്കെ തലക്കെട്ടില്‍ തന്നെ ഇടംപിടിച്ചതുകാണാം. ഈ നോവലുകളിലെ മറ്റധ്യായങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ഒന്നാണ് ‘ഭാരത് മന്‍സില്‍’. സി.പി.എം വിമര്‍ശനം ആധാരമാക്കി പാര്‍ട്ടി കോട്ടയായ വണ്ടിപ്പേട്ട കേന്ദ്രീകരിച്ച് മുന്നേറുന്ന നോവലിനകത്ത് വണ്ടിപ്പേട്ടയല്ല ഇന്ത്യ എന്നു വായനക്കാരെ ഉള്‍ക്കിടിലമുണ്ടാക്കും വിധം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ അധ്യായം വായനക്കാരന്റെ മനസ്സില്‍ തറച്ചു നില്‍ക്കും. അമിതദേശീയതയുടെയും വര്‍ഗ്ഗീയഫാസിസത്തിന്റെയും ഭീബത്സമുഖം ഷൌക്കത്തലി എന്ന ഇര-കഥാപാത്രത്തിലൂടെ ഗഫൂര്‍ അറയ്ക്കല്‍ അന്വര്‍ത്ഥമാക്കിയിരിക്കുന്നു. ഒരുതരം ബ്രഹ്തിയന്‍ അലിനേഷന്‍ സാങ്കേതികരചനാശൈലി ഇവിടെ അനുഭവിക്കാം.
കഥാപാത്രങ്ങള്‍
ആദ്യത്തെ രണ്ടധ്യായങ്ങളിലായിത്തന്നെ 22 കഥാപാത്രങ്ങളെ നോവലിസ്റ്റ് വായനക്കാര്‍ക്കുമുന്നില്‍ പരിചയപ്പെടുത്തുന്നു. ഇതിലെ ഓരോ കതാപാത്രങ്ങളെയും സൃഷടിച്ചിരിക്കുന്നത് അയാളുമായി ബന്ധപ്പെടുത്തി പാര്‍ട്ടിയുമായി കൂട്ടുപിണഞ്ഞുകിടക്കുന്ന സംഗതികള്‍ വിശദീകരിക്കാന്‍ വേണ്ടിയാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രമല്ല എതിര്‍പാട്ടിക്കാരും നിഷ്പക്ഷമതികളും അതിലുക്ഷപ്പെടും. മൊത്തം അറുപതോളം കഥാപാത്രങ്ങള്‍ പ്രത്യക്ഷമായിത്തന്നെ കടന്നുവരുന്നു. പരാമര്‍ശിച്ചുപോകുന്ന നിരവധിപേര്‍ വെറെയും. സാമാന്യമായി ചെറുത് എന്നു പറയാവുന്ന ഈ നോവലില്‍ ഇത്രയോറെ കഥാപാത്രങ്ങളെ വായനക്കാരെ മുഷിപ്പിക്കാതെ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ട്. കുഞ്ഞുനോവലില്‍ കുന്നോളം കഥാപാത്രങ്ങളെ സൃഷ്ടിക്കല്‍ ഒരെഴുത്തുകാരനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല, പക്ഷെ ആ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സില്‍ വായനതീര്‍ന്നാലും ചിരപ്രതിഷ്ഠനേടും വിധം അടയാളപ്പെടുത്താന്‍ സാധിക്കുക ശ്രമകരമാണ്. ഗഫൂര്‍ ഈ കുഞ്ഞുനോവലില്‍ സൃഷ്ടിച്ച അറുപതിലേറെ കഥാപാത്രങ്ങള്‍ വായനകഴിഞ്ഞാലും മനസ്സില്‍ നിന്നും ഇറങ്ങിപ്പോവുന്നില്ല, കൂടെനടക്കുന്ന കഥാപാത്രാനുഭവങ്ങളായി മാറുന്നു. തീരെ രാഷ്ട്രീയബോധമില്ലാത്ത പുതുതലമുറയുമായി എത്രമാത്രം ഈ രാഷ്ട്രീയനോവല്‍ സംവദിക്കുമെന്നറിയില്ല, അതേസമയം അല്പമെങ്കിലും രാഷ്ട്രീയബോധമുള്ള ഏതൊരു മലയാളിയെയും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന, വീണ്ടുംവീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഓര്‍ത്തോര്‍ത്തുചിരിക്കാന്‍ സന്ദര്‍ഭങ്ങളുടെ പെരുമഴ സമ്മാനിക്കുന്ന നല്ലൊരു നോവലാണ് രാത്രിഞ്ചരനായ ബ്രാഞ്ച് സെക്ട്രറി.
കഥാസ്ഥലി
കഥ നടക്കുന്ന ‘വണ്ടിപ്പേട്ട’ ഒരു സാങ്കല്‍പ്പിക പ്രദേശമാണെന്ന് പറഞ്ഞുകൂട, ഇന്ത്യ ചുറ്റിക്കറങ്ങി വിസില്‍ ബാവാക്ക വണ്ടിയിറങ്ങുന്നത് ഫറോക്ക് റെയില്‍വേസ്റ്റേഷനിലാണെന്നു (പു. 25) നോവലില്‍ നേരിട്ടു പറയുന്നുണ്ട്. സ്റ്റേഷനില്‍നിന്നും ഏറെ അകലയല്ലാതെ പേട്ട എന്ന പേരില്‍ ഒരു സ്ഥലവുമുണ്ട്. ആ ഫറോക്ക് പേട്ട തന്നയാണ് ഈ വണ്ടിപ്പേട്ട. സംഗീതത്തിനോട് ഒരു താല്‍പര്യവുമില്ലാത്ത ജനതയാണ് പേട്ടക്കാര്‍, ‘ഒരു വി.എം.കുട്ടി പാട്ടുപോലും ആസ്വദിക്കാത്ത ജനത’ (പു. 25) എന്ന് നോവലിസ്റ്റ് പറയുന്നതു ശ്രദ്ധിക്കുക. ആളുകള്‍ക്ക് വട്ടപ്പേരിടുന്നതില്‍ മിടുക്കരാണ് പേട്ടക്കാര്‍. വിസില്‍ ബാവാക്ക, പൊന്‍മീന്‍ ബാവാക്ക, മസ്താന്‍ മജീദ്, മാവോയിസ്റ്റ് ഫാത്തിമ, സ്‌മോക്ക് ബിച്ചാപ്പു, സൈബര്‍ കുരുവിള, കെമിക്കല്‍ അലി എന്നിവര്‍ക്ക് ആ പേര് എങ്ങനെ വന്നു എന്ന് നോവലില്‍ വിവരിക്കുന്നുണ്ട്. അതേസമയം പ്രദേശത്തെ സവര്‍ണ്ണര്‍ക്ക് ഇരട്ടപ്പേരില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അവര്‍ മിക്കവരും ജാതിവാലിന്റെ സൌകുമാര്യതകൊണ്ടാണ് പൂരിപ്പിക്കപ്പെടുന്നത്. വണ്ടിപ്പേട്ടയ്ക്കു മുകളിലൂടെ പറക്കുന്നതായി ലോകനാഥന്‍ ഒരിക്കല്‍ സ്വപ്നംകാണുന്നുണ്ട്. അതില്‍ പേട്ടയെ തൊട്ടുരുമ്മിയൊഴുകുന്ന ചാലിയാര്‍ കടന്നുവരുന്നതുകാണാം. ചാലിയാറിലെ ഓളങ്ങളും അതിനെ തഴുകിയെത്തുന്ന മന്ദമാരുതനും പലവുരു ആവര്‍ത്തിച്ചുവരുന്നു. പേട്ട ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ഫറോക്ക് പാലം, തടിമില്‍ വ്യവസായം, ഓട്ടുകമ്പനി, പോലീസ് സ്റ്റേഷന്‍, തീപ്പെട്ടി കമ്പനി അങ്ങനെപോകുന്നു തൊഴില്‍പരവും സ്ഥാലപരവുമായ അടയാളപ്പെടുത്തലുകള്‍.
നോവല്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയാദര്‍ശം
വിദ്യാഭ്യാസം മാത്രമല്ല രാഷ്ട്രീയവും കുട്ടിക്കാലം തൊട്ടേ തുടങ്ങേണ്ടതാണ് (പു. 44) എന്ന ലോകനാഥന്റെ അഭിപ്രായം പരുക്കന്‍കല്ലുകളെക്കുറിച്ച് ബോധവാന്മാരാവാതെ ബൈ ചാന്‍സില്‍ രാഷ്ട്രീയനേതാക്കളായി വന്ന് പ്രതിസന്ധികളെ അഭിമുഖീകരിക്കാനാവാതെ സംഘര്‍ഷത്തിലാവുകയോ പ്രസ്ഥാനത്തെതന്നെ ആദര്‍ശവ്യതിയാനത്തിനു വിധേയമാക്കുന്നവരോ ആയവര്‍ക്കുനേര്‍ക്കുള്ള ചാട്ടുളിയാണ്. പാര്‍ട്ടിപ്രവര്‍ത്തനശൈലിയിലെ പഴയകാല-പുതിയകാല വൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെച്ചുകൊണ്ട് പലയിടങ്ങളിലും വമര്‍ശിക്കുന്നതുകാണാം. എന്നാല്‍ ഇതു പലപ്പോഴും പഴമക്കാരുടെ നൊസ്റ്റാള്‍ജിയായി മാറുന്നില്ലേ എന്നു തോന്നിപ്പോകും, പുതിയ തലമുറയ്‌ക്കെങ്കിലും. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തോടനുബന്ധിച്ച് മുമ്പ് സംഘടിപ്പിക്കാറുണ്ടായിരുന്ന കുട്ടികളുടെ നാടകങ്ങളെക്കുറിച്ചും കലാപരിപാടികളെക്കുറിച്ചും പറഞ്ഞുകൊണ്ട് അതുവഴി രക്ഷിതാക്കളിലേക്ക് എങ്ങനെ രാഷ്ട്രീയം സന്നിവേശിപ്പിച്ചിരുന്നു എന്നും സൂചിപ്പിച്ചുകൊണ്ട് വര്‍ത്തമാനത്തില്‍ ഈ ദൌത്യം ‘പുരോഗമനസംഘക്കാര്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനാല്‍ ഭാഗ്യമുണ്ടെങ്കില്‍ ജംങ്ഷനില്‍ കളിച്ചുപോകും'(പു. 44), എന്നു നെടുവീര്‍പ്പിട്ടുകൊണ്ട്, കുട്ടികളുടെ പ്രചാരണം ഇലക്ഷന്‍ സമയത്ത് എത്രമാത്രം അനിവാര്യമാണെന്ന് വിശദീകരിക്കുന്നു. എല്ലാ വീട്ടിലിമിരുന്ന് മൊബൈലില്‍ കുട്ടികള്‍ നാടകങ്ങളുണ്ടാക്കുന്ന ഇ-കാലത്ത് ഗഫൂര്‍ അറയ്ക്കലിന്റെ ആ പഴയ നൊസ്റ്റാള്‍ജിയ അത്ര സംവദിക്കുന്നില്ല എന്നു പറയേണ്ടിവരും.
നല്ല ഒന്നാന്തരം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ ടെയിലര്‍ ഗണേഷേട്ടന്‍. എന്നാല്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പാര്‍ലമെന്റ് ഇലക്ഷന്‍ മുതല്‍ ജനാധിപത്യം മടുത്തു എന്നു പറഞ്ഞ് വോട്ട് ചെയ്യാന്‍ പോലും അയാള്‍ വരാതാവുന്നു. ആര്‍ക്കും കാരണം പിടികിട്ടുന്നില്ല. പാര്‍ട്ടിക്കാര്‍ക്കിടയില്‍ പല ചര്‍ച്ചകളും നടന്നു, മാവോയിസ്റ്റായോ, പെറ്റിബൂര്‍ഷ്വാ ചാഞ്ചാട്ടമാണോ, അത്മീയതയാണോ, ശ്രീ. എംമ്മിനെപ്പോലുള്ളവര്‍ മുന്നോട്ടുവെയ്ക്കുന്ന അരാഷ്ട്രീയമായ ആത്മീയതയാണോ തുടങ്ങി പലവിധ ഊഹങ്ങളുമുണ്ടായെങ്കിലും ഒന്നിനും തെളിവു കണ്ടെത്താന്‍ ആര്‍ക്കുമായില്ല. എന്നാല്‍ ഈ ഗേണേഷേട്ടന്റെ മനംമാറ്റത്തെക്കുറിച്ച് എഴുത്തുകാരന്‍ മുന്നോട്ടുവെയ്ക്കുന്ന നിരീക്ഷണമിങ്ങനെ; ‘പിന്നീട് നടന്ന ഒരു ഇലക്ഷനിലും അയാള്‍ തന്റെ വിരലില്‍ മഷിക്കറ പുരട്ടാന്‍ അനുവദിച്ചില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അനിവാര്യമായ കറപുരണ്ട പൌരന്മാര്‍ക്കിടയില്‍ കറകളഞ്ഞ പച്ചമനുഷ്യനായി ഗേണേഷേട്ടന്‍ ജീവിച്ചുപോന്നു'(പു. 55), എന്നാണ്.
‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം ഇക്കാലത്ത് മാനസിക സംഘര്‍ഷങ്ങളൊന്നുമില്ലാത്ത കക്ഷിരാഷ്ട്രീയ കസര്‍ത്ത് മാത്രമാണെന്നും’ (പു.121) അതില്‍ നവലോകം സ്വപ്നം കാണുന്നവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഫാത്തിമ എന്ന കഥാപാത്രം ലോകനാഥനോട് പറയുന്നുണ്ട്. ഈ നോവല്‍ തുറന്നിടുന്ന രാഷ്ട്രീയപശ്ചാത്തലം ശരിവെയ്ക്കുന്ന വിമര്‍ശനമാണിത്. ‘ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടത്തിനെതിരല്ല. അത് ചൈനാചാരന്മാരുടെ പാര്‍ട്ടിയല്ല. ഭരണം പിടിച്ചെടുത്ത് ജനങ്ങളെ ഭരിക്കാന്‍ ശ്രമിക്കുന്ന, ദേശാഭിമാനികളുടെ പാര്‍ട്ടിയാണ്. എന്നെ പോലുള്ള ഒരു റിബലിന് ഈ പാര്‍ട്ടിയില്‍ ഒന്നും ചെയ്യാനില്ല സഖാവേ.'(പു. 122) എന്ന് പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചുകൊണ്ട് ഫാത്തിമ തുറന്നടിക്കുമ്പോള്‍ ലോകനാഥന് ഫാത്തിമയോട് പ്രതികരിക്കാന്‍ പ്രയോജനകരമായ ഒരു മറുപടിയുണ്ടായിരുന്നില്ല. യുക്രൈന്‍ നാറ്റോയുടെ ആയുധശാലയായി മാറുന്നതിനുതടയിടാനും നവഫാസിസ്റ്റുകളില്‍നിന്നും മോചിപ്പിക്കാനും അവിടെയുള്ള റഷ്യന്‍വംശജര്‍ക്കുനേരെയുള്ള ഭരണകൂടഭീകരത അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് റഷ്യ യുക്രൈനിലെ സേനാകേന്ദ്രങ്ങളും ജൈവായുധശാലകളും വളഞ്ഞിട്ടാക്രമിച്ച് വരുതിയിലാക്കുകയാണ്. 2014-മുതല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി റഷ്യ യുക്രൈന്‍ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടിരിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ ഇടതുപ്രസ്ഥാനങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെ നിങ്ങളെന്തുകൊണ്ട് യുദ്ധത്തിനെതിരെ മൌനം പാലിക്കുന്നു എന്ന വലതുതീവ്രദേശീയവാദികളെ പ്രതിരോധിക്കാനും ഭാവിയില്‍ റഷ്യന്‍ചാരന്മാരെന്ന ആക്ഷേപം ഒഴിവാക്കാനും വേണ്ടിയുള്ള സൂക്ഷ്മതയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. രണ്ടുകോടിയുടെ സമാധാനസമ്മേളന ബജറ്റ്പ്രഖ്യാപനം ഈ മുന്‍കരുതലിന്റെ ഭാഗമാണ്. ഫാത്തിമയുടെ പ്രതികരണത്തിന് എത്രമാത്രം പ്രവചനാതീതസ്വഭാവമുണ്ടെന്ന് ഇതു നമ്മളെ ബോധ്യപ്പെടുത്തുന്നു.
പാര്‍ട്ടിക്കാര്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങള്‍
പാര്‍ട്ടിപ്രവര്‍ത്തകരനുഭവിക്കുന്ന കുടുംബപരവും സാമൂഹികവുമായ പ്രതിസന്ധികള്‍ ഹാസ്യാത്മകമായാണെങ്കിലും ഗൌരവമായ വിശകലനത്തിന് നോവല്‍ വിധേയമാക്കുന്നു. പാര്‍ട്ടിക്ലാസ്സെടുക്കാന്‍ വന്ന പ്രൊഫ. നാരായണമേനോന്‍ കുടുംബപ്രതിസന്ധികളടക്കം എല്ലാം പരിഹരിക്കാനുള്ള തിയറിയാണ് വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം എന്നു പറയുമ്പോള്‍, എന്തുകൊണ്ടാണ് സഖാക്കളുടെ ഭാര്യമാരെല്ലാം പാര്‍ട്ടിവിരുദ്ധരായി മാറുന്നു എന്ന സംശയം ഉന്നയിക്കുന്നുണ്ട് ലോകനാഥന്‍, പാര്‍ട്ടിയുടെ രാഷ്ട്രീയം ഒന്നാന്തരം ആണുങ്ങളുടെ രാഷ്ട്രീയമാണെന്നു രഹസ്യമായി കുറ്റസമ്മതം നടത്തുകയാണ് അദ്ദേഹമപ്പോള്‍ ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബജീവിതത്തിലനുഭവിക്കുന്ന ഇത്തരം നിരവധി വൈരുദ്ധ്യങ്ങളെയും സംഘര്‍ഷങ്ങളെയും ഈ നോവല്‍ വിഷയമാക്കുന്നു. ലോകനാഥന്‍ രാത്രി വീട്ടിലേക്കു വരുമ്പോഴാണ് ചീരുവേടത്തിയുടെ തകര്‍ന്ന കോഴിക്കൂടു നന്നാക്കാന്‍ തിടുക്കത്തില്‍ പോകുന്ന പ്രസന്നനെ കാണുന്നത്, അവന്‍ കേവലം ഗ്രൂപ് മെമ്പറാണ് ബ്രാഞ്ച് സെക്രട്ടറിയായ താന്‍ ആ കാരുണ്യസേവനപ്രവര്‍ത്തനത്തിന്റെ ഭാഗമാവാതെ മാറിനില്‍ക്കുന്നത് എങ്ങനെ ശരിയാവും എന്ന ചിന്ത ഒരു വശത്ത്, ഭാര്യ പ്രഭ വൈകിച്ചെന്നാല്‍ ചീത്തപറയുമെന്ന ആധി മറുവശത്ത്, ഒരു കന്നിവോട്ടടക്കം ചീരുവേടത്തിയുടെ വീട്ടിലെ നാലു വോട്ടുകൂടി ഓര്‍മ്മവന്നതോടെ അയാള്‍ക്ക് പൊളിഞ്ഞകോഴിക്കൂട് ലക്ഷ്യമാക്കി പ്രസന്നന്റെകൂടെ പോവുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. സത്യത്തില്‍ ഒരു തെറ്റും ചെയ്യാത്ത ഭാര്യയെ തന്റെ എതിര്‍പാര്‍ട്ടിക്ക് വോട്ടുചെയ്തു എന്ന ഒറ്റക്കാരണത്താല്‍ അവരുടെ വീട്ടിലേക്ക് ഓട്ടോറിക്ഷ കയറ്റിയയക്കുന്ന സഖാവ് കോയാക്ക അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ഇതില്‍ കാണാം. ശേഷം അയാള്‍ കടുത്ത മദ്യപാനിയായിമാറുന്നു എന്നുമാത്രമല്ല ആ വീട് തന്നെ ബാറായിത്തീരുന്നു. അയാള്‍ക്കക്കാര്യത്തില്‍ കുറ്റബോധമുണ്ട് പക്ഷെ ആത്മാഭിമാനം സ്വയം നശിക്കാനുള്ള ബദല്‍ തീരുമാനവുമായി മുന്നോട്ടുപോകാനാണ് അയാളെ പ്രേരിപ്പിക്കുന്നത്. വ്യത്യസ്ത ആദര്‍ശങ്ങളുമായി രണ്ടു മനുഷ്യര്‍ക്ക് ഒരുമിച്ചു ജീവിക്കാനാവില്ലേ എന്ന ചോദ്യമാണ് ഇതിലൂടെ നോവലിസ്റ്റ് പറയാതെ പറയുന്നത്.
പാര്‍ട്ടിയിലെ പ്രമുഖരും സാധാരണക്കാരും
ഒരു കാലത്ത് സാധാരണക്കാരുടെ പാര്‍ട്ടിയായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് ഉദ്യോഗസ്ഥരുടെയും പൌരപ്രമുഖരുടെയും പാര്‍ട്ടിയായി മാറുന്നതെങ്ങനെയെന്നും അതിനോടുള്ള സാധാരണ സഖാക്കളുടെ പ്രതികരണവും ഈ നോവലില്‍ എമ്പാടും കാണാം. ‘ആരാ നമ്മുടെ സ്ഥാനാര്‍ത്ഥി?’ (പു.16) എന്ന സഖാവ് ദാസപ്പന്റെ ചോദ്യത്തോട്, തീരുമാനിച്ചിട്ടില്ല മറ്റെന്നാള്‍ ബൂത്ത് കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്ന ബ്രാഞ്ച് സെക്രട്ടറി ലോകനാഥന്റെ മറുപടി കേട്ട്, ‘ആയിക്കോട്ടെ, പക്ഷേ സ്‌കൂള്‍ മാഷുമാരെ സ്ഥാനാര്‍ത്ഥിയാക്കരുത്. പാര്‍ട്ടിയില്‍ മൊത്തം മാഷുമാരാ…’ എന്ന ആ പാര്‍ട്ടി അനുഭാവിയുടെ ഓര്‍മ്മപ്പെടുത്തലില്‍ സാധാരണമനുഷ്യര്‍ എങ്ങനെയാണ് പാര്‍ട്ടിയെ നോക്കിക്കാണുന്നത് എന്നതിന്റെ നേര്‍ചിത്രമുണ്ട്. മുഖത്തടിച്ചപോലെ പ്രതികരിക്കുന്ന കെട്ടുപാടുകളില്ലാത്ത സഖാവണയാള്‍. മദ്യപാനികളായതിനാല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് വേണ്ടെന്നു തുറന്നു പറയുന്ന സഖാവ്. ഇത്തരം സാധാരണ മനുഷ്യരെയാണ് ആക്ഷനുകള്‍ നടപ്പാക്കാന്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തുക. സ്ഥാനാര്‍ത്ഥിപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ‘ലോകനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയാലെന്താ?’ എന്ന കള്ളുകുടിയന്‍ ബാലന്റെ ചോദ്യത്തോട്, ‘ഇത് ജനറല്‍വാര്‍ഡല്ലേ?’ എന്ന മറുചോദ്യം ചോദിക്കുന്ന പാര്‍ട്ടി ജില്ലാകമ്മറ്റിയംഗം. അതുകേട്ടതും ‘ജനറല്‍ വാര്‍ഡില്‍ എസ്.എസിക്കാരന് മത്സരിച്ചുകൂടേ?’ എന്നു ചോദിക്കുന്നതിലൂടെ പാര്‍ട്ടിപ്രമുഖരില്‍ രൂഢമൂലമായിക്കിടക്കുന്ന, പ്രായോഗികരാഷ്ട്രീയമെന്നു ഓമനപ്പേരിട്ടുനട്ടു സംരക്ഷിച്ചുപോരുന്ന, ജാതിബോധത്തിനുനേര്‍ക്ക് ചാട്ടുളിയെയ്യുന്നു നോവലിസ്റ്റ്. ആര്‍ട്ടിസ്റ്റ് ജയരാജനെപ്പോലുള്ളവര്‍ പാര്‍ട്ടിയില്‍നിന്നകലാന്‍ ഗോപിനാഥന്‍ മഷെപോലുള്ള അധ്യാപകസംഘടനാ നേതാക്കള്‍ കാരണമാകുന്നതെങ്ങനെയെന്നും നോവലില്‍ കാണാം. പൊതുവെ സര്‍ക്കാരധ്യാപകരെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന നോവല്‍ പാരലല്‍കോളേജ് അധ്യാപകനായ സുരേന്ദ്രനാഥന്‍ മാഷെ മാതൃകാ കലാകാരനായാണ് അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയം. വര്‍ഗ്ഗബോധം തന്നെയാണ് പ്രധാനം എന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാടാണ് ഇവിടെ പ്രതിഫലിച്ചുകാണുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി തര്‍ക്കിക്കുകയും വാശിപിടിക്കുകയും ചെയ്യുന്ന പുതിയ തലമുറയെ അപേക്ഷിച്ച് കാസ്പറോവ് ശ്രീധരേട്ടനെപ്പോലുള്ള പഴയകാല സഖാക്കളുടെ ആത്മാര്‍ത്ഥതയെക്കുറിച്ചുള്ള വിവരണം തുടര്‍ന്നു കാണാം. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയാനന്തരം ലോകനാഥന്‍ അദ്ദേഹത്തെ വീട്ടില്‍ ചെന്നു കാണുന്നുണ്ട്. അപ്പോള്‍ ശ്രീധരേട്ടന്‍ പറയുന്നു, ‘ആളെ പേരൊന്നും ഓര്‍മ്മയില്‍ നില്‍ക്കില്ല. ചിഹ്നം അരിവാളും ചുറ്റികിം നക്ഷത്രോംല്ലേ?’ വ്യക്തികളല്ല ആദര്‍ശമാണ് പ്രധാനം എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. അതുകൊണ്ട് നോവല്‍ വെറുമൊരു അള്‍്ട്രാലെഫ്റ്റ് വിമര്‍ശനമായല്ല മുന്നേറുന്നത് എന്നു കാണാം. സ്ഥാനാര്‍ത്ഥിയും സഖാവുമായ ജയചദന്രന്‍ മാഷെ ബാലന്‍ വിളിക്കുന്നത് സഖാവേ എന്നല്ല ബോസ് എന്നാണ്. ഇലക്ഷന്‍ സമയത്ത് അഞ്ചൂറുറുപ്പിക കള്ളുകുടിക്കാന്‍ ചോദിക്കുമ്പോള്‍ പോലും അയാള്‍ ബോസ് എന്നാണ് അഭിസംബോധന ചെയ്യുന്നത് എന്നത് ശ്രദ്ധിക്കണം. മാഷാണെങ്കില്‍ ഈ വിളിയോടുള്ള പ്രതിഷേദം ഒപ്പമുള്ളവരോട് പങ്കുവെയ്ക്കുന്നുമുണ്ട്. ആളുകള്‍ കേള്‍ക്കെയായിരുന്നു ആ വിളി.
ഇലക്ഷനില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത് അതുകൊണ്ട് മാഷിന് വോട്ടുചെയ്യാന്‍ വരണം എന്ന അഭ്യര്‍ത്ഥനയുമായി ലോകനാഥന്‍ രാഷട്രീയവനവാസിയായ ഗണേഷേട്ടനെ ചെന്നു കാണുന്നുണ്ട്. അതിനദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു; ‘നീയായിരുന്നു സ്ഥാനാര്‍ത്ഥി എങ്കില്‍, ഒരു ദലിതനെന്ന നിലയില്‍ ഞാന്‍ വോട്ട് ചെയ്‌തേനേ. മാഷ് തോറ്റാലും ജയിച്ചാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അതാണ് എന്റെ ദുഃഖം. നമ്മുടെ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല, ഒന്നും.’ പാര്‍ട്ടി നേതാക്കളുടെ ദലിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള അതിരൂക്ഷവിമര്‍ശനങ്ങള്‍ തുടര്‍ന്നു കാണാം. സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി നേതാവുമായ ജയചന്ദ്രന്‍ മാഷ് സ്വയം കരുതുന്നത് അധ്യാപകനും ഉന്നതകുലജാതനുമാണ് താനെന്നാണ്. താഴ്ന്നജാതിക്കാരിയുടെ വീട്ടിലേക്ക് വോട്ടഭ്യാര്‍ത്ഥിച്ചുകയറാന്‍ പോലും അയാള്‍ മടിക്കുന്നതുകാണാം.
‘ലെനിന്‍ പറഞ്ഞപോലെ പന്നിക്കൂട്ടിലേക്ക് നേതാക്കന്മാരെ എത്തിക്കാനുള്ള വരിയോല.’ (പു. 23) എന്നാണ് ലോകനാഥന്റെ കൈയ്യിലെ വോട്ടേഴ്‌സ് ലിസ്റ്റ് കണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാള്‍ പ്രതികരിക്കുന്നതായി വോട്ടേഴ്‌സ് ലിസ്റ്റും കൊണ്ട് വീട്ടിലെത്തി മദ്യലഹരിയില്‍ കിടന്നുറങ്ങുന്ന അദ്ദേഹം സ്വപ്നംകാണുന്നുണ്ട്. വൈന്‍ ഇന്‍ ട്രൂത്ത് ഔട്ട് എന്നത് സ്വപ്നത്തിലും ബാധകമാകുമോയെന്നറിയില്ല, ഏതായാലും ലോകനാഥനിലൂടെ ഗഫൂര്‍ അറയ്ക്കല്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിരവധി സൈദ്ധാന്തികവിമര്‍ശനങ്ങളില്‍ ഒന്നുമാത്രമാണിത്. ആയുര്‍വേദത്തോടുള്ള പാര്‍ട്ടിയുടെ പരോക്ഷമായ വിപ്രതിപത്തി ആദ്യകാല പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി കാസ്പറോവ് ശ്രീധരേട്ടന്‍ എന്ന പച്ചമരുന്ന് കച്ചവടക്കാരനോടുള്ള പാര്‍ട്ടി മനോഭാവത്തെ വിമര്‍ശനവിധേയമാക്കിക്കൊണ്ട് നോവലില്‍ പരാമര്‍ശിക്കുന്നു. വോട്ടെടുപ്പിന്റെ തലേന്ന് ദലിതരെക്കുറിച്ച് ‘അവറ്റകളെ നമ്പാന്‍ പറ്റില്ല’ (പു. 116) എന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നുണ്ട്.
അധ്യാപകര്‍ വിമര്‍ശിക്കപ്പെടുന്നു
അധ്യാപക വിമര്‍ശനം ഈ നോവിലിലെമ്പാടും നിറഞ്ഞുനില്‍ക്കുന്നതായി കാണാം. സത്യത്തില്‍ എല്ലാ സാമൂഹ്യവിമര്‍ശത്തിനും ആ സമൂഹത്തിലെ അധ്യാപകവിമര്‍ശനമായിരിക്കാന്‍ അര്‍ഹതയുണ്ട്. മാപ്പിളക്കുട്ടികളാണ് മലയാളപൈതൃകഭാഷയുടെ പ്രഖ്യാപിത ശത്രുക്കളെന്ന് കരുതുന്ന സരസ്വതിടീച്ചര്‍ വിക്കനായ ഹംസക്കോയ ഒരു ചോദ്യം ചോദിച്ചതിന് അവന്റെ കൈവെള്ള അടിച്ചു പൊട്ടിക്കുന്നുണ്ട് (പു. 47). ശ്രീലക്ഷ്മിടീച്ചറുടെ പിന്നാലെ കല്യാണാലോചനയുമായി നടക്കുന്ന ദിവാകരന്‍ മാഷെ അക്കാരണത്താലല്ല വിമര്‍ശനവിധേയമാക്കുന്നത് മറിച്ച് ടീച്ചറോട് ക്ലാസ്സില്‍ തര്‍ക്കുത്തരം പറഞ്ഞ കുട്ടിയെ മാഷ് ഹീറോ പരിവേഷംകിട്ടാന്‍ വേണ്ടി തല്ലുകയും സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളോട് പുച്ഛത്തോടെ പെരുമാറുന്ന ആളായും ഇയാളെ ചിത്രീകരിച്ചിരിക്കുന്നത് കാണാം.
ഉപസംഹാരം
‘മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം ഒരു സ്വപ്നം പോലെയാണ്. ഉള്ളി തോല് പൊളിച്ചപോലെ അവസാനം റിയലിസം എന്തെങ്കിലും കിട്ടിയാലായി…’ എന്ന് നോവലില്‍ (പു.74) പറയുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ-സാമൂഹിക-മത ജീവിതത്തിന്റെ ഉള്ളറകളിലൂടെ കടന്നുപോകുന്ന നോവലാണ് ഗഫൂര്‍ അറയ്ക്കല്‍ എഴുതി ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി. ഒരു ഉള്ളിപൊളിയന്‍ വായനയിലൂടെ റിയലിസ്റ്റിക് ജീവിതത്തിന്റെ വാതായനങ്ങള്‍ തുറന്നിടുന്ന കൃതി. പ്രസ്ഥാനത്തിന്റെ മൂല്യച്ച്യുതികണ്ട് വേദനിക്കുന്ന ഇടതുപക്ഷത്തെ ഹൃദയപക്ഷത്തില്‍പ്പെട്ട ലോകനാഥനടക്കമുള്ള കുറേ മനുഷ്യര്‍ നമുക്കുചുറ്റും ചങ്കുപൊട്ടി ജീവിക്കുന്നതായി വായനക്കാരെ ബോപ്പിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുക.
‘വാനിന്റെ കുലുക്കം ആവര്‍ത്തനവിരസമായ ഒരു സംഗീതമായി. മടുപ്പ് ഉറക്കത്തെ വേഗം ക്ഷണിച്ചു വരുത്തി.'(പു.104)
‘എല്ലാ വാഹനങ്ങളും ദേശീയഗാനം ശ്രവിച്ച കുട്ടികളെപ്പോലെ നിശ്ചലമായി’ (പു. 113)
‘നോവുകളെല്ലാം ത്യാഗം മണക്കുന്ന പൂവുകളായി'(പു.118)
തുടങ്ങിയ സാഹിതീയമായ ആലങ്കാരികപ്രയോഗങ്ങള്‍ പലയിടങ്ങളിലും കാണാം. എന്നാല്‍ ചില കൃതികളില്‍ കാണുന്നപോലെ ഇത്തരം ശൈലികള്‍കൊണ്ട് വായനക്കാരെ ബോറടിപ്പിക്കുന്നില്ല ഗഫൂര്‍. ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന നോവലല്ലിത്. പല ചോദ്യങ്ങള്‍ക്കും പ്രത്യക്ഷമായിത്തന്നെ ഉത്തരങ്ങളും അതിലുണ്ട്.
നമുക്കിഷ്ടമില്ലാത്തതാകുമ്പോള്‍ ഉത്തരങ്ങള്‍ വെറും ചോദ്യങ്ങളാണെന്നു തോന്നുകയും അതു കൃത്രിമമായി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. അവര്‍ക്ക് അങ്ങനെയും സായൂജ്യമടയാവുന്നതാണ്. സി.പി.ഐ.എമ്മിന്റെ സവര്‍ണ്ണപക്ഷപാതിത്വത്തെയും ദലിത് വിരുദ്ധതയെയും അതിസൂക്ഷ്മവിമര്‍ശനത്തിനു വിധേയമാക്കുന്ന മലയാളത്തിലിറങ്ങിയ ഏറ്റവും ശക്തമായനോവല്‍ എന്നു ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’യെ വിശേഷിപ്പിച്ചാല്‍ തെറ്റാവുമെന്നു തോന്നുന്നില്ല. നമ്മുടെ വര്‍ത്തമാനകാല രാഷ്ട്രീയകാലാവസ്ഥയ്ക്കു നേര്‍ക്കുപിടിച്ച ഒരു റിയലിസ്റ്റിക് കണ്ണാടിയാണിത്. പാര്‍ട്ടി വിമര്‍ശനങ്ങള്‍കൊണ്ട് നിറഞ്ഞുനില്‍ക്കുമ്പോഴും കേരളമല്ല ഇന്ത്യ എന്ന സന്ദേശം വായനക്കാരെ ആഴത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇതിലെ ‘ഭാരത് മന്‍സില്‍’ എന്ന അധ്യായം. അപകടകരമായ ദേശീയതയും പശുകേന്ദ്രിതമായ സംഘപരിവാര്‍ രാഷ്ട്രീയഭീകരതയും നോവലിലുടനീളം ഉപകഥയായുണ്ട്. ഇതിലെ പാര്‍ട്ടി വിമര്‍ശനങ്ങള്‍ ഒരുതരം കഥാര്‍സിസ് അനുഭവമാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്ക് സമ്മാനിക്കുക. ഉള്ളില്‍ ഊറിക്കിടക്കുന്ന വേദനയുടെ വിങ്ങല്‍ വായനയിലൂടെ പുറംന്തള്ളപ്പെടുന്ന ഒരനുഭവം. കുറേ ആലോചിച്ച് ചിരിക്കാനും, ഒപ്പം ചില ഉള്‍ക്കിടിലങ്ങള്‍ക്കും നോവല്‍ വായന വിഭവമായി. ഗഫൂര്‍ അറയ്ക്കലിന്റെ മാജിക് ഇനിയും പ്രതീക്ഷിക്കുന്നു.
Comments are closed.