ഇരുണ്ട കാലത്തിന്റെ ഓര്‍മ്മയ്ക്ക്
പി.കെ. ശ്രീനിവാസന്‍
”എന്തുകൊണ്ട് രാത്രി മുതല്‍ രാത്രി വരെ?” ആദ്യ കൈയെഴുത്തുപ്രതി മറിച്ചുനോക്കിയ യുവസുഹൃത്ത് ആത്മഗതം പോലെ ചോദിക്കുന്നു. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. കാരണം ഭീകരരൂപികളായ നിശാശലഭങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നമ്മുടെ മുന്നില്‍ നരകനൃത്തം ആടിത്തിമിര്‍ക്കുന്നു. പ്രവാഹങ്ങളെ അണകെട്ടി നിര്‍ത്താനുള്ള അഭിവാഞ്ഛകള്‍ അന്യംനിന്നു പോകുന്നു. സുഹൃത്തേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഞാനീ ചരിത്രരേഖകളുടെ പിന്നാലെ അലഞ്ഞുതിരിയുകയാണ്. അതായത് ചരിത്രം ഭീതിയിലേക്കു വലിച്ചിഴയ്ക്കുന്ന ഒരവസ്ഥ എന്നെ നിരന്തരം വേട്ടയാടുകയായിരുന്നു. നൂറിലേറെ പുസ്തകങ്ങളും ആനുകാലികങ്ങളും ദൃശ്യവിസ്മയങ്ങളും എന്റെ അന്വേഷണത്തിന്റെ ഓരംചേര്‍ന്നു നിന്നു.
എന്റെ തലമുറയെ അടിമുടി വിറപ്പിച്ച ആദ്യത്തെ ദുരന്തമായിരുന്നല്ലോ അടിയന്തരാവസ്ഥ.
ആ പീഡനകാലത്തിന്റെ കെടുതികള്‍ ഓര്‍മ്മയുടെ സിരകളില്‍ ഇന്നും വിട്ടുമാറാതെ നില്‍ക്കുന്നു. ഒരു
പക്ഷേ, 1977-നുശേഷം ഈ മണ്ണില്‍ പിറന്നുവീണവര്‍ക്ക് ആ ദുരന്തം കേട്ടറിവുമാത്രമായിരിക്കാം. അല്ലെങ്കില്‍ ഏതോ കടങ്കഥയിലെ കോമാളിവേഷമായി അവരുടെ മനസ്സില്‍ നങ്കൂരമിട്ടിരിക്കാം. അതിശയോക്തികളുടെ മൂടുപടമണിഞ്ഞ് അതിന്റെ വേഷപ്പകര്‍ച്ചയെ ചോദ്യം ചെയ്യാനും അവര്‍ മുതിര്‍ന്നെന്നിരിക്കാം. ഇരുപത്തൊന്നു മാസത്തെ തീക്ഷ്ണവും തീവ്രവുമായ മാനസികഭാവങ്ങള്‍ സൃഷ്ടിച്ച കെട്ടുകാഴ്ചകള്‍ എന്റെ തലമുറയിലുള്ളവര്‍ക്കു വിസ്മരിക്കാനാവില്ല. കൊടിതോരണങ്ങള്‍കൊണ്ടലങ്കരിച്ച്, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പതുക്കെപ്പതുക്കെ കടന്നുപോകുന്ന ഒരു ശവപ്പെട്ടിയാണ് അത്തരം ഓര്‍മ്മകള്‍. എന്നാല്‍ ആ ഭീകരതയുടെ നിഴല്‍ച്ചിത്രങ്ങള്‍ ഇന്നും നമ്മെ വേട്ടയാടുന്നു എന്നിടത്താണ് അടിയന്തരാവസ്ഥയുടെ ആവര്‍ത്തനങ്ങള്‍ക്കു ജീവന്‍ വയ്ക്കുന്നത്. അവ ധൂമകേതുക്കളെപ്പോലെ ചുറ്റുമതിലുകള്‍ തീര്‍ക്കാന്‍ വ്യഗ്രത കാണിക്കുന്നത്. ഇതിലെ കഥാപാത്രങ്ങള്‍ ഏറിയകൂറും സങ്കല്പത്തിന്റെ വിതാനങ്ങള്‍ എടുത്തണിഞ്ഞുനില്‍ക്കുന്നു. എന്നാല്‍ പ്രൊഫസര്‍ ഈച്ചരവാര്യര്‍, പി. രാജന്‍, വര്‍ക്കല വിജയന്‍, അങ്ങാടിപ്പുറം ബാലകൃഷ്ണന്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍ക്ക് മാറ്റം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇരുണ്ട കാലത്തിന്റെ രക്തസാക്ഷികളായ അവര്‍ ചരിത്രത്തിന്റെ കനം തൂങ്ങുന്ന വീഥികളില്‍ വിഷാദസ്മൃതികളായി അലഞ്ഞുതിരിയുന്നു. ചിലരുടെ പേരുകള്‍ മാറിയെങ്കിലും മൂര്‍ത്തമായ ശരീരഭാഷകള്‍ക്കു മാറ്റം സംഭവിക്കുന്നില്ല.
കേന്ദ്രകഥാപാത്രമായ കപിലന്‍ തികച്ചും സാങ്കല്പികസൃഷ്ടിയാണ്. ഞാന്‍ പത്രപ്രവര്‍ത്തനരംഗത്തേക്കു
കടന്നുവരുമ്പോള്‍ എന്നെ സ്വാധീനിച്ച നിരവധി വ്യക്തിത്വങ്ങള്‍ കപിലനില്‍ കുടിയിരിക്കുന്നു. എന്റെ യൗവനകാലത്ത് ഏതോ ആള്‍ക്കൂട്ടത്തില്‍ കണ്ടുമുട്ടിയ കുമാര്‍ജി രാത്രി മുതല്‍ രാത്രിവരെയിലെ കത്തുന്ന തീവ്രഭാവമാണ്. എന്റെ ചിന്താസരണികളില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന എം. ഗോവിന്ദന്‍ എന്ന വിപ്ലവകാരി കുമാര്‍ജി എന്ന കഥാപാത്രത്തിന്റെ കര്‍മ്മധാരയെ ജ്വലിപ്പിക്കാന്‍ സഹായകമായി. നിതാന്തമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വിലയെന്ന് വിശ്വസിച്ച ഗോവിന്ദന്റെ മഹത്ത്വം കുമാര്‍ജിയില്‍ വിളക്കിച്ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗോവിന്ദന്റെ ചിന്താധാരയിലൂടെയാണ് കുമാര്‍ജി സഞ്ചരിക്കുന്നതും വികാസം പ്രാപിക്കുന്നതും.
നഗരത്തില്‍ തൊഴില്‍രഹിതനായി അലയുന്ന കാലത്താണ് പൊതുജനം ബാലകൃഷ്ണനെ ഞാന്‍ കണ്ടുമുട്ടുന്നത്. എന്നാല്‍ ആ മിതഭാഷിയല്ല ഇതിലെ കെബി. ഇക്കാലത്ത് കണ്ടെത്താന്‍ കഴിയാത്ത നിര്‍ഭയനായ ഒരു എഡിറ്ററെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നത്.
Comments are closed.