രതിയുടെ മാന്ത്രികത
രതിയും പ്രണയവും ഇഴചേര്‍ന്നു അനുഭവങ്ങളുടെ വ്യത്യസ്ത ഭൂമിക സൃഷ്ടിക്കുന്ന ഒരു വിവര്‍ത്തന നോവലാണ് രതിമിഥുനം.
സാഹിത്യ വിദ്യാര്‍ത്ഥിനിയായ അനസ്താസ്യ സ്റ്റീല്‍ കൂട്ടുകാരിയുടെ ദൗത്യം ഏറ്റെടുത്താണ് ക്രിസ്റ്റ്യന്‍ ഗ്രേയുമായി അഭിമുഖ സംഭാഷണത്തിനായി യാത്ര തിരിച്ചത്. പ്രമുഖ സംരംഭകനും ഗ്രേ എന്റര്‍പ്രൈസ് ഹോള്‍ഡിംഗിന്റെ സിഇഒയുമായ ക്രിസ്റ്റിയനെ കണ്ടുമുട്ടുമ്പോള്‍ അവനെക്കുറിച്ച് കൂടുതലൊന്നും അവള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ കഴിഞ്ഞു മടങ്ങുമ്പോള്‍ ക്രിസ്റ്റ്യന്‍ ഗ്രേയെപ്പോലെ മറ്റൊരു പുരുഷനും തന്നെ ഇതുവരെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അനസ്താസ്യ മനസ്സിലാക്കി.
പിന്നീട് അവര്‍ തമ്മില്‍ പലപ്പോഴും കണ്ടുമുട്ടി. ഇതുവരെ ആരോടും തോന്നാത്തൊരു പ്രണയം ഗ്രേയോട് തോന്നിയതില്‍ അനസ്താസ്യ സ്വയം അത്ഭുതപ്പെട്ടു. തന്റെ സ്വഭാവത്തിലെ ഇരുണ്ടവശം അനസ്താസ്യയില്‍ നിന്നു അകലം പാലിക്കാന്‍ ഗ്രേയോട് ആവശ്യപ്പെടുമ്പോഴും അയാള്‍ക്ക് അവളില്‍ നിന്നു അകലാന്‍ കഴിയുമായിരുന്നില്ല. തീവ്രമായ പ്രണയത്തിലേക്ക് ഇരുവരും നീങ്ങുമ്പോള്‍ അനസ്താസ്യ ഗ്രേയുടെ ആരുമറിയാത്ത രഹസ്യങ്ങള്‍ കണ്ടെത്തുകയാണ്. ഒപ്പം അവള്‍ അവളുടെ സ്വന്തം കാമനകളെയും തിരിച്ചറിഞ്ഞുതുടങ്ങി. ഈ ബന്ധത്തിന്റെ അതിതീവ്രമായ ആവിഷ്‌കാരമാണ് രതിമിഥുനം.
ഇ.എല്‍.ജയിംസിന്റെ ഫിഫ്റ്റി ഷേഡ്‌സ് സീരിസിലെ ആദ്യ നോവലാണ് ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’. ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍’, ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ്’ എന്നിവയാണ് തുടര്‍ഭാഗങ്ങള്‍. ലോകമെമ്പാടുമുള്ള പുസ്തക ശ്രേണിയിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാമതെത്തിയതാണ് ഈ നോവല്‍ത്രയം. ഗ്രേയുടെയും അനസ്താസ്യയുടെയും മൈഥുന നാളുകള്‍ വിവരിക്കുന്നതിനാലാണ് ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’യ്ക്ക് രതിമിഥുനം എന്ന് മലയാളത്തില്‍ പേരിട്ടത്.
കടപ്പാട്; മനോരമ
Comments are closed.