DCBOOKS
Malayalam News Literature Website

രത്തൻ ടാറ്റ വിടവാങ്ങി

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ  ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ  രത്തൻ ടാറ്റ (86) വിടവാങ്ങി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധൻ രാത്രിയാണ്‌ അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

ടാറ്റാ ഗ്രൂപ്പ് സ്ഥാപകനായ ജെആർഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നു ജനനം. 1962ലാണ് ടാറ്റ ​ഗ്രൂപ്പിൽ ചുമതലയേൽക്കുന്നത്. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയര്‍മാനായി. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിൽനിന്ന് മാറിനിന്ന അദ്ദേ​ഹം കാരുണ്യ പ്രവര്‍ത്തനമേഖലയിലായിരുന്നു. സൈറസ് മിസ്ത്രിയായിരുന്നു പിൻ​ഗാമിയായി ടാറ്റ സൺസ് ചെയര്‍മാനായത്. 1991 മുതൽ 2012 ഡിസംബര്‍ 28ന് വിരമിക്കും വരെ 21 വര്‍ഷം ടാറ്റ ​ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. വിരമിച്ചശേഷം ടാറ്റസൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്‌റ്റീൽ, ടാറ്റ കെമിക്കൽസ് തുടങ്ങിയവയുടെ എമിരറ്റസ് ചെയര്‍മാൻ പദവി വഹിക്കുകയായിരുന്നു. സൈറസ് മിസ്ത്രി സ്ഥാനമൊഴിഞ്ഞശേഷം ഇടക്കാല ചെയര്‍മാനായും പ്രവർത്തിച്ചു.

ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ടാറ്റ ടെലി സര്‍വീസസ് 1996ൽ സ്ഥാപിച്ചത് അദ്ദേഹമാണ്. ബ്രിട്ടീഷ് കാര്‍ ബ്രാൻഡുകളായ ജാ​ഗ്വര്‍, ലാൻഡ് റോവര്‍ എന്നിവ 2004ൽ ഏറ്റെടുത്തു. ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കുമെന്ന വാ​ഗ്ദാനവുമായി 2009ൽ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാര്‍ പുറത്തിറക്കി. കോർണൽ സർവകലാശാലയിൽനിന്ന് ആർക്കിടെക്‌ചറൽ എൻജിനിയറിങ് ബിരുദം. ഹാവാര്‍ഡിൽനിന്ന് മാനേജ്മെന്റ് പഠനവും പൂര്‍ത്തിയാക്കി. 2000ൽ പത്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.

ലോകത്താകമാനം ആരാധകരുള്ള പ്രമുഖ വ്യവസായി, ടാറ്റ സണ്‍സ് ചെയര്‍മാനായ രത്തന്‍ ടാറ്റയുടെ ജീവചരിത്രം ‘രത്തന്‍ ടാറ്റ : എ ലൈഫ്’ എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.  മലയാളിയായ ഡോ. തോമസ് മാത്യു ഐ.എ.എസ്സാണ് ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യവസായിയുടെ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഡോ. തോമസ് മാത്യു.  രത്തന്‍ ടാറ്റയുടെ ജീവിതത്തിലെ, ഇതുവരെ അറിയപ്പെടാത്ത വിശദാംശങ്ങളും അദ്ദേഹത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ കൗതുകകരമായ കഥകളും വിദ്യാര്‍ത്ഥിയായിരിക്കെ അമേരിക്കയില്‍ ചെലവഴിച്ച കാലഘട്ടത്തിലെ ജീവിതവും ഇന്ത്യയിലേക്കുള്ള മടങ്ങിവരവും ടാറ്റ ഗ്രൂപ്പിലെ ആദ്യകാല പ്രവര്‍ത്തനം, തുടങ്ങി ടാറ്റ ഇന്നു കൈവരിച്ചിരിക്കുന്ന ശേഷികളത്രയും പടിപടിയായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പിനെ രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കിയ രത്തന്‍ ടാറ്റയുടെ ബിസിനസ്സ് തന്ത്രങ്ങള്‍, നേതൃ പാടവം, വ്യക്തിഗുണങ്ങള്‍ എന്നിവ വെളിവാക്കുന്ന അനുഭവങ്ങളും പുസ്തകത്തില്‍ വായിക്കാം.

Comments are closed.