ഓസ്‌കറായിരുന്നില്ല, ഫിസിക്‌സില്‍ നൊബേൽ ആയിരുന്നു ആഗ്രഹമെന്ന് റസൂല്‍ പൂക്കുട്ടി
തിരുവനന്തപുരം : ഫിസിക്‌സില്‍ നൊബേല്‍ പുരസ്കാരം നേടാന്‍ ആഗ്രഹിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു താനെന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഓസ്‌കര്‍ വിദൂര സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. ഫിസിക്‌സില്‍ ഗവേഷണം നടത്താനായിരുന്നു ആഗ്രഹം. എന്നാല്‍ ഓസ്‌കര്‍ പുരസ്‌കാരജേതാവായി നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാനാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സ്പേസസ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.
ഇടങ്ങളും ശബ്ദങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇടങ്ങളെ നിര്‍വ്വചിക്കാന്‍ ശബ്ദങ്ങള്‍ക്കാകും. സമയത്തിന്റെയും സ്ഥലത്തിന്റെയും തുടര്‍ച്ചയാണ് സിനിമ. ഒരു സിനിമ ലക്ഷക്കണക്കിന് ശബ്ദജ്വാലകളുമായ് ഇടകലരുന്ന ഒന്നാണ്. ഓരോ ഷോട്ടും കണ്ണുചിമ്മുന്ന സമയത്തിനുള്ളിലാണ്. ഇതിലേക്ക് ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ അത് സമയത്തിന്റെയും സ്ഥലത്തിന്റെയും ബോധം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബ്ദം ദൃശ്യങ്ങളെ നിര്‍വ്വചിക്കുന്നതാണ്. മുന്നില്‍ നിന്നും ഒരു ശബ്ദം കേള്‍ക്കുന്നതിനേക്കാല്‍ ശക്തമാണ് പിന്നില്‍ നിന്നും കേള്‍ക്കുന്നത്. കാണികളില്‍ അനുഭവങ്ങള്‍ ഉണര്‍ത്തേണ്ടതാണ് സൗണ്ട് ഡിസൈനറുടെ ജോലി എന്നും റെക്കോഡിസ്റ്റ് കൃഷ്ണനുണ്ണിയുമായി നടത്തിയ ചര്‍ച്ചയില്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞു.
Comments are closed.