DCBOOKS
Malayalam News Literature Website

കുട്ടിവായനക്കാര്‍ക്കിഷ്ടപ്പെട്ട ഗ്രിമ്മിന്റെ കഥകള്‍

ജര്‍മന്‍ ഭാഷാശാസ്ത്ര പണ്ഡിതരും സഹോദരന്മാരുമായ ജേക്കബ് ലുഡ്വിംഗ് കാറല്‍ ഗ്രിം, വില്‍ഹെം കാറല്‍ ഗ്രിം എന്നിവര്‍ ശേഖരിച്ച കഥകളുടെ ശേഖരമാണ് ഗ്രിമ്മിന്റെ കഥകള്‍(ഗ്രിംസ് ഫെയറി ടെയില്‍സ്) എന്നറിയപ്പെടുന്നത്. മാര്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളായിരുന്ന കാലത്തു നാടോടിക്കഥകള്‍ ശേഖരിച്ചു ശാസ്ത്രീയമായി വിശകലനം ചെയ്തു പ്രസിദ്ധീകരിക്കുകയായിരുന്നു ഇവര്‍. 1812 മുതല്‍ 1822 വരെയുള്ള കാലഘട്ടത്തില്‍ മൂന്നു വാല്യമുള്ള ഗ്രിംസ് ഫെയറി ടെയില്‍സ് പ്രകാശനം ചെയ്തു. മലയാളത്തിലും ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഭാവനയുടെ മാന്ത്രികവടി ചുഴറ്റി നമ്മെ വിസ്മയാധീനരാക്കുന്ന ഈ ഗ്രിം കഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തിരിക്കുന്നത് അശമന്നൂര്‍ ഹരിഹരന്‍ ആണ്. സിന്‍ഡെറല, റാപ്പണ്‍സല്‍, ലിറ്റില്‍ റെഡ് റൈഡിങ് ഹുഡ്, തവളരാജകുമാരന്‍, റമ്പിള്‍-സ്റ്റില്‍-സ്‌കിന്‍, ജൂണിപ്പര്‍മരം, കാക്കപറഞ്ഞ രഹസ്യം, സ്വര്‍ണ്ണപക്ഷി, ഹാന്‍സിലും ഗ്രീറ്റിലും, ചൂല്‍ത്താടി..തുടങ്ങി ലോകമെമ്പാടുമുള്ള കുരുന്നുകള്‍ക്ക് ഭാവനയുടെയും തിരിച്ചറിവിന്റെയും ലോകം തുറന്നുനല്‍കിയ കഥകളാണ് റാപ്പണ്‍സല്‍ എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന ഗ്രിമ്മിന്റെ കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാടോടിക്കഥാരൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന കഥകളുടെ അത്ഭുതലോകത്തെ കുട്ടിവായനക്കാര്‍ക്കായി തുറന്നുതരുകയാണ് മാമ്പഴം.

ജര്‍മന്‍ ഭാഷയുടെ 33വാല്യമുള്ള നിരുക്ത നിഘണ്ടു(Etymological dictionary) ആണ് ഗ്രിം സഹോദരന്മാരുടെ മറ്റൊരു സംഭാവന.

Comments are closed.