ജാതി ഹിന്ദുത്വം നടത്തുന്ന ബലാത്സംഗ കൊലകളും നിങ്ങളുടെ പേരിലെ ജാത്യാധിപത്യവും
സി. എസ്. ചന്ദ്രിക
ഭരണഘടന പ്രകാരമുള്ള, ജനാധിപത്യ മതേതര ഇന്ത്യയെന്ന സങ്കലപത്തേയും അതിനായുള്ള ഭരണഘടനാ പ്രതിബദ്ധമായ മുഴുവന്‍ പ്രക്രിയകളേയും തകര്‍ത്തുകൊണ്ടിരിക്കുകയാണ് കേന്ദത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെ പി സര്‍ക്കാരുകള്‍. ഒപ്പം ജാതിഹിന്ദുഭാരതം എന്ന ഏകാധിപത്യ രാഷ്‌ട്രത്തിന്റെ നിര്‍മ്മാണവും അതിവേഗതയിലാണ്.
അതിനായി, കത്വയില്‍ നടത്തിയതുപോലെ രാജ്യത്തെ മുസ്ലീം പെണ്‍കുഞ്ഞുങ്ങളെ മാത്രമല്ല, ദലിത് പെണ്‍കുട്ടികളേയും ആസൂത്രിതമായി ബലാത്സംഗം ചെയ്‌ത് കൊല്ലുകയും മൃതശരീരത്തിന്‍മേല്‍ ചപ്പു ചവറും കൂട്ടിയിട്ട് പോലീസ് തന്നെ പെട്രോളൊഴിച്ച് കത്തിച്ച് തെളിവുകളടക്കം നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ട കാരണത്തിന്റെ തെളിവു രേഖകള്‍ ചോദിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരേയും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ എം പി മാരെയും നേതാക്കളെയുമടക്കം മറ്റെല്ലാവരേയും പോലീസിനെ ഉപയോഗിച്ച് തടയുകയും മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്യുന്നു. രാജ്യദ്രോഹമടക്കമുള്ള കേസ് എടുത്താണ് ഉത്തര്‍പ്രദേശ് പോലീസ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത്. ഇന്ത്യയിലെ പിന്നോക്കവിഭാഗത്തില്‍പ്പെട്ട സ്‌ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് യു. എന്‍ ഇന്ത്യ പറഞ്ഞപ്പോള്‍ പോലും ഒരു ബാഹ്യ ഏജന്‍സിയുടെ അനാവശ്യവും അനവസരത്തിലുമുളള അഭിപ്രായപ്രകടനം എന്നാണ് ഇന്ത്യ അതിനോട് പ്രതികരിച്ചത്. ഏകാധിപത്യത്തിന്റെ തികച്ചും ബീഭത്സമായ പ്രതികരണം.
ഹത്‌റസ,് മുഴുവന്‍ ദലിത് സ്‌ത്രീകള്‍ക്കും നേരെയുള്ള ഹിന്ദുത്വപുരുഷന്‍മാരുടെ ബലാത്സംഗ ക്രൂരവാഴ്‌ചയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്നത്തെ ഇന്ത്യയുടെ മുഖമാണ്. ഉത്തരേന്ത്യയില്‍ യോഗി ആദിത്യ നാഥിന്റെ ബി ജെ പി സര്‍ക്കാരിനു കീഴില്‍ നടക്കുന്ന ക്രൂരതകള്‍ ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണര്‍ത്തി വിട്ടു കഴിഞ്ഞിരിക്കുന്നു. ഭരണഘടനാ പരിരക്ഷയാല്‍ വിദ്യാഭ്യാസം നേടുകയും അനീതിയെ എതിര്‍ക്കുകയും സവര്‍ണ്ണാധികാരത്തിനു മുന്നില്‍ അപകര്‍ഷതപ്പെടാതെ തലയുയര്‍ത്തി നില്‍ക്കുകയും ചെയ്യുന്ന ദലിത് പെണ്‍കുട്ടികളെ ഹിന്ദുത്വ സവര്‍ണ്ണ പുരുഷാധികാരം ബലാത്സംഗത്തിന്റെ പുതിയ സാമൂഹ്യാധികാര പാഠം പഠിപ്പിക്കുകയാണ്. നാവ് മുറിക്കുകയും നടുവൊടിക്കുകയും കൂട്ടമായി ബലാത്സംഗം ചെയ്‌ത് തകര്‍ത്തുടച്ച ശരീരം പെട്രോളൊഴിച്ച് കത്തിച്ച് ചാരമാക്കിക്കളയുകയും ചെയ്യുകയാണ്. ജാതി മത ഭീകരതയുടെ ആസൂത്രിത ബലാത്സംഗത്തിനുള്ളില്‍ കൊല്ലപ്പെട്ട ഹസ്‌റത്തിലെ ദലിത് പെണ്‍കുട്ടിക്കു ശേഷവും മറ്റു പ്രദേശങ്ങളില്‍ ദലിത് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ബ്രാഹ്മണിക്കല്‍ ആണാധിപത്യ വ്യവസ്ഥ അതിനുള്ളിലെ സവര്‍ണ്ണ പുരുഷന്‍മാര്‍ക്കു നല്‍കുന്ന പരമാധികാരത്തില്‍ പെടുന്നതാണ് ഈ ക്രൂരബലാല്‍സംഗ സമ്മതി. ഹിന്ദുത്വപുരുഷശരീരം, ജാതിവ്യവസ്ഥ പ്രബലപ്പെടുത്തുന്ന മര്‍ദ്ദകഭരണകൂടത്തിന്റെ ഏറ്റവും ഹിംസാത്മകമായ രൂപമാണ്. ചാതുര്‍വര്‍ണ്ണ്യത്താല്‍ താഴ്‌ത്തപ്പെട്ട ജാതി സമൂഹങ്ങളെ അടിമപ്പെടുത്താനും പ്രതിരോധങ്ങളെ ചിതറിക്കാനും ഭയപ്പെടുത്താനും ഇല്ലാതാക്കാനും പ്രയോഗിക്കുന്ന ഈ ഉപകരണത്തെ ഭരണകൂടം ഓമനിച്ച് വളര്‍ത്തും എന്നതുകൊണ്ട് ഇതൊരു മാരകവിഷമായി ദലിത് പെണ്‍കുഞ്ഞുങ്ങളുടേയും സ്‌ത്രീകളുടേയും നേരെ സദാ അക്രമാസക്തമായി നില്‍ക്കും.
ഈ നിരന്തര പ്രത്യക്ഷ ഭീഷണിയെ ജനാധിപത്യ വാദികള്‍ ഇനി ഇന്ത്യയില്‍ എങ്ങനെയാണ് നേരിടാന്‍ പോകുന്നത് എന്ന ചോദ്യം പലവിധ തലങ്ങളില്‍ ഉയരേണ്ടതുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തെ നേരിടാന്‍ ജനാധിപത്യവാദികള്‍ അത്രയധികം ജാഗരൂകമായി നില്‍ക്കേണ്ടതായ ഇടമാണ് ജാതീയതക്കെതിരായ പോരാട്ടങ്ങള്‍. സ്വാതന്ത്ര്യാനന്തരം, ഇന്ത്യയിലെ ഭരണകൂടങ്ങളും ജനാധിപത്യ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ദലിത് ജീവിതത്തെ സാമൂഹ്യ സാമ്പത്തിക വികസനത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളിയതിന്റെ പ്രത്യഘാതങ്ങളെക്കൂടി തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ ഈ പോരാട്ടങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനാവൂ. ആരേയും വിശ്വസിക്കാന്‍ പറ്റാതായ സാഹചര്യത്തിലാണ് ദലിത് സംഘടനകള്‍ പ്രത്യേകമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുള്ളത്. സ്വത്വവാദമെന്ന മുദ്രകുത്തല്‍ അതിനാല്‍ അനാവശ്യമാണ്.
സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
അധികാരത്തിന്റെ ഉച്ചനീചത്വപ്രയോഗങ്ങള്‍ ജാതി, ലിംഗ സാമൂഹ്യ ബന്ധങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള രാഷ്‌ട്രീയ ഉത്തരവാദിത്വം ഇന്ത്യയിലെ എല്ലാ മതേതര, ജനാധിപത്യ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ബലാല്‍സംഗ ആക്രമണങ്ങളെ മാത്രമല്ല – പൗരത്വം, ഇന്ത്യയുടെ കൃഷിഭൂമിയും ഭക്ഷ്യ സുരക്ഷയും ഇന്ത്യയുടെ ചരിത്രവും വിദ്യാഭ്യാസവും, അറിവുകളും ശാസ്‌ത്ര നേട്ടങ്ങളുമടക്കം – സര്‍വ്വവും സാമൂഹ്യ ജാത്യധികാരവുമായി ബന്ധപ്പെടുത്തി അന്യാധീനപ്പെടുത്തുന്നതും അടിച്ചമര്‍ത്തുന്നതും കാണാനുള്ള സവിശേഷ കാഴ്‌ചപ്പാട് ഉണ്ടാകണം. ഇടതുപക്ഷ പ്രസ്ഥാനങ്ങളാകട്ടെ, ഇന്ത്യയിലെ വര്‍ഗ്ഗബന്ധങ്ങളെ സാമ്പത്തിക വിശകലന രീതിശാസ്‌ത്രത്തില്‍ മാത്രം സമീപിക്കുന്ന ശീലം അടിമുടി പൊളിച്ചു പണിയുകയും ദരിദ്രരായ മനുഷ്യരുടെ ജാതി, ലിംഗ സ്വത്വങ്ങളും സൂക്ഷ്‌മമായി അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കമ്പോള മുതലാളിത്തത്തിന്റെ ‘മാന്ത്രികസിദ്ധാന്തങ്ങള്‍’ പൊളിഞ്ഞു എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെ കോവിഡ് കാല യാഥാര്‍ത്ഥ്യങ്ങളുടെ സാഹചര്യത്തില്‍ ലോകത്തോടു പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
കാരണം, വര്‍ഗ്ഗപരമായ അസമത്വത്തിന്റെ ദുരിതങ്ങള്‍ എല്ലാവരും മനസ്സിലാക്കുന്നു. എല്ലാ മത, വംശ/ജാതി ലിംഗവിഭാഗങ്ങള്‍ക്കും അത് ബാധകമാണ്. എന്നാല്‍ ജാതി/വംശ, ലിംഗ അസമത്വങ്ങള്‍ എല്ലാവര്‍ക്കും ബാധകവുമല്ല. സാമ്പത്തികസമത്വം കൊണ്ട് മാത്രം മാറുന്നതല്ല സാമൂഹ്യ അസമത്വങ്ങള്‍ എന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ത്രാണിയുണ്ടാകണം. സ്വന്തം മാതാപിതാക്കളുടെ ദരിദ്ര വര്‍ഗ്ഗ പശ്ചാത്തലത്തിന്റെ മുന്‍കാലത്തു നിന്ന് വിദ്യാഭ്യാസത്തിലൂടേയും തൊഴിലിലൂടേയും ഔദ്യോഗിക സ്ഥാനങ്ങളിലൂടേയും ഇന്ന് മധ്യവര്‍ഗ്ഗനിലയിലേക്ക് ഉയര്‍ന്നു കഴിഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യവര്‍ഗ്ഗ, ഔദ്യോഗിക പദവികളികളൊന്നുമില്ലാത്ത ഒരു ജാതി ഹിന്ദു, നായര്‍ സ്‌ത്രീ പൊതുജന മധ്യത്തില്‍ നിന്നുകൊണ്ട് ഉറക്കെ തെറി വിളിച്ചത് കേരളം കേട്ടതാണ്. സാമ്പത്തിക പദവി നേടിയെടുത്തെങ്കിലും ജാതിപദവിയില്‍ സമത്വം നേടാനായില്ല എന്നതിന്റെ ഉദാഹരണമാണത്.
ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയും അനൈക്യങ്ങളിലും പരസ്‌പരമുള്ള അധികാര മത്സര ചാപല്യങ്ങളിലും അകപ്പെട്ട് കിടക്കുമ്പോഴും ഹത്‌റസിലേക്ക് പുറപ്പെട്ട് പോയ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ത്യന്‍ ജനാധിപത്യം തീര്‍ത്തും അനാഥമായിട്ടില്ല എന്ന് അവരെക്കൊണ്ടാവും വിധം തെളിയിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥന്റെ അനുഗ്രഹത്തോടെ ഭീകരവാഴ്‌ച നടത്തുന്ന ഉത്തര്‍പ്രദേശിലെ പോലീസിന്റെ ആക്രമണത്തെ നേരിട്ടുകൊണ്ട് രണ്ടാം ദിവസം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രാഹുലും പ്രിയങ്കയും നല്‍കിയ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സവിശേഷമായ സഹജഭാവമാണ് അതുറ്റു നോക്കിയിരുന്നവര്‍ കണ്ടത്. ആശ്വാസം നല്‍കുന്ന കാഴ്‌ചയായിരുന്നു അത്. പതിവു രാഷ്‌ട്രീയ നേതൃത്വങ്ങളുടെ ശൈലിയല്ല അത്. തീര്‍ച്ചയായും തൊട്ടടുത്ത ദിവസങ്ങളില്‍ ഹത്‌റസിലെ ആ വീട്ടിലെത്തിയ ചന്ദ്രശേഖര്‍ ആസാദും സീതാറാം യെച്ചൂരിയും ആനി രാജയും മറ്റു നേതാക്കളും കാലമാവശ്യപ്പെടും വിധം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എന്നത്തേക്കാളും വലിയ കാവല്‍ശക്തികളായി വളരാന്‍ ഇനിയും ശക്തിയുളള സംഘടനകളുടെ നേതാക്കളാണ്. എല്ലാവരും അടിസ്ഥാനപരമായി നീതിബോധവും സ്‌നേഹവുമുള്ളവര്‍. യോഗി ആദിത്യനാഥന്റെ വെറുപ്പിന്റെ രാഷ്‌ട്രീയത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ഉത്തര്‍പ്രദേശ് പോലീസ് പ്രിയങ്കാഗാന്ധിയുടെ ശരീരത്തില്‍ പരസ്യമായി കയറിപ്പിടിക്കാന്‍ ധൈര്യം കാണിച്ചെങ്കില്‍ സാമ്പത്തിക, സാമൂഹ്യ മൂലധനങ്ങളൊന്നുമില്ലാത്ത ദലിത് സ്‌ത്രീകളുടെ നേരെ അവരെങ്ങനെ പെരുമാറുമെന്ന് പ്രിയങ്കക്കും രാഹുലിനും മാത്രമല്ല, കണ്ണു തറന്ന് ആ കാഴ്‌ച കണ്ടവര്‍ക്കൊക്കെ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു.
ഫാസിസത്തെ പരാജയപ്പെടുത്താന്‍ മുഖ്യധാരാ അധികാര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കായി തയ്യാറെടുക്കേണ്ടത്. ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനവും അതിനുള്ളില്‍ സംഭവിച്ചു പോയിട്ടുള്ള പിഴവുകള്‍ തിരുത്തിത്തന്നെ മുന്നോട്ടു പോകണം. എന്തുകൊണ്ടാണ് ദലിത് സ്‌ത്രീകള്‍ മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് വരാതിരിക്കുന്നതും വന്നവര്‍ തന്നെയും വിട്ടു പോയതും? ജാതിയില്‍ ഉയര്‍ന്ന സ്‌ത്രീകളും ദലിത് സ്‌ത്രീകളും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ പോലും തുല്യരല്ല എന്നാണ് ഇന്ത്യയിലെ ദലിത് ഫെമിനിസ്റ്റുകള്‍ 1990 കളില്‍ തന്നെ തുറന്നു പറഞ്ഞിട്ടുള്ളത്. തൊണ്ണൂറുകളില്‍ തന്നെ ദലിത് സ്‌ത്രീസംഘടനകളുണ്ടാക്കി സജീവമായി പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ ദലിത് ഫെമിനിസ്റ്റുകളോട് നേരിട്ട് സംസാരിച്ചപ്പോള്‍ കിട്ടിയ പ്രതികരണങ്ങള്‍ ‘കേരളത്തിന്റെ സ്‌ത്രീചരിത്രങ്ങള്‍, സ്‌ത്രീമുന്നേറ്റങ്ങള്‍’ എന്ന പുസ്‌തകത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടും ഇപ്പോഴും അതെന്റെ മനസ്സില്‍ ഭാരമായി കിടക്കുന്നുണ്ട്.
ആക്‌ടിവിസത്തിന്റെ മേഖലയില്‍ മാത്രമല്ല, സവര്‍ണ്ണബോധത്തില്‍ പ്രബലതയുള്ള ഫെമിനിസ്‌ററ് അക്കാദമിക് പാണ്‌ഡിത്യ രംഗവും കേരളത്തിന്റെ സാംസ്‌ക്കാരിക വ്യവഹാര പൊതുമണ്‌ഡലത്തിലും സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുള്ളത് ‘കുലസ്‌ത്രീ/ചന്തപ്പെണ്ണ്’ എന്ന ദ്വന്ദത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന ‘പൊതു സ്‌ത്രീ’യുടെ കേവലം സദാചാരപരമായ മൂല്യ ബിംബത്തെയാണ്. ‘കുലസ്‌ത്രീ’ ബിംബത്തില്‍ കയറി നില്‍ക്കാന്‍ ദലിതയായ ഒരു സ്‌ത്രീക്കും സാന്ദര്‍ഭികമായി ഇടമുണ്ടെന്ന് സാരം. അവള്‍ സമൂഹത്തിലെ പൊതുആണധികാര വ്യവസ്ഥയുടെ താല്‌പര്യത്തിനുള്ളില്‍ അതംഗീകരിച്ചുകൊണ്ട് നിന്നാല്‍ മാത്രം മതി. ശബരിമല നാമജപ ഘോഷത്തില്‍ പങ്കെടുത്ത അവര്‍ണ്ണ, ദലിത് സ്‌ത്രീകളടക്കമുള്ള ‘പൊതുസ്‌ത്രീകള്‍’ മൊത്തമായും തത്വത്തില്‍ ‘കുലസ്‌ത്രീകളാ’യത് അങ്ങനെയാണ്! ഇത് അക്കാദമിക് ജ്ഞാനമണ്‌ഡലത്തില്‍ നടക്കുന്ന വലിയൊരു കെണിയും ചതിയുമാണ്. ബോധപൂര്‍വ്വമായിരിക്കണമെന്നില്ല. മറിച്ച്, അബോധതലത്തില്‍ നിന്നുയര്‍ന്നു വരുന്ന സവര്‍ണ്ണതയുടെ തിരതളളലിനെ തിരിച്ചറിഞ്ഞ് തിരികെ പറഞ്ഞയക്കാനുള്ള ബോധമണ്‌ഡലത്തിലെ രാഷ്‌ട്രീയ ശേഷിയില്ലായ്‌മയാണ്. യഥാര്‍ത്ഥത്തില്‍, നാലോ അഞ്ചോ സംബന്ധ/ലൈംഗികബന്ധങ്ങളുള്ള ഒരു നായര്‍സ്‌ത്രീയും ഒരു പുരുഷനോട് മാത്രം ലൈംഗികബന്ധമുളള ദലിത് സ്‌ത്രീയും മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങളാരെയാണ് ‘കുലസ്‌ത്രീ’യായി കണക്കാക്കുന്നത്? ദരിദ്ര നായര്‍ സ്‌ത്രീയും സമ്പന്ന നായര്‍ സ്‌ത്രീയും ഒന്നിച്ചു നില്‍ക്കുമ്പോള്‍ പോലും സംശയമേതുമില്ലാതെ രണ്ടു പേരും ‘കുലസ്‌ത്രീകളാ’യി പരിഗണിക്കപ്പെടും. ദലിത് സ്‌ത്രീയും നമ്പൂതിരി സ്‌ത്രീയും നായര്‍ സ്‌ത്രീയും ഈഴവ സ്‌ത്രീയും മുക്കുവ സ്‌ത്രീയും ആദിവാസി സ്‌ത്രീയും ഒന്നിച്ച് നില്‍ക്കുമ്പോഴും കൃത്യമായ ജാതി ആനുകൂല്യമുണ്ട്. അതെ, ജാതിയാണ് ഇവിടെ യാഥാര്‍ത്ഥ്യം. ആണ്‍കോയ്‌മയുടെ ലൈംഗിക സദാചാരവ്യവസ്ഥ പോലുമല്ല അടിസ്ഥാനം. കാരണം ലൈംഗിക സദാചാരമെന്നത് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന മൂല്യസങ്കല്‌പമാണ്.
ഈ വിധം ശക്തമായിക്കിടക്കുന്ന സവര്‍ണ്ണ ബോധമണ്‌ഡലങ്ങളെ മുഴുവന്‍ കേരളത്തിലെ ജനാധിപത്യവാദികളായ മുഴുവന്‍ സ്‌ത്രീകളും പുന:പരിശോധിക്കേണ്ടതുണ്ട്. ഈ സന്ദര്‍ഭത്തിലാണ് എന്റെ ഫേസ്‌ബുക്കില്‍ ‘സ്വന്തം പേരിലെ ജാതി മുറിക്കാമോ’ എന്ന പോസ്റ്റ് ഒരു ചലഞ്ച് ആയി ഇട്ടത്. ഞാന്‍ ഒരു സവര്‍ണ്ണ സ്‌ത്രീ അല്ലാത്തതു കൊണ്ടും ദലിത് സ്‌ത്രീ അല്ലാത്തതുകൊണ്ടും നടുവില്‍ നിന്നു കൊണ്ട് ഈ ചോദ്യമുന്നയിക്കാന്‍ കുറേക്കൂടി സാധ്യവുമാണ്.
ഹസ്‌റത്തിലെ ദലിത് പെണ്‍കുട്ടിക്കു നേരെ നടന്ന കൂട്ടബലാല്‍സംഗവും കൊലപാതകവും മൃതശരീരം വീട്ടുകാരെ കാണിക്കാതെ കത്തിച്ചുകളയലും ഉളള സാമൂഹ്യ രാഷ്‌ട്രീയ അന്തരീക്ഷം ഇന്നത്തെ ഇന്ത്യയില്‍ സ്‌ത്രീവാദികളും ജനാധിപത്യവാദികളുമായ ഓരോ വ്യക്തിക്കും ആത്മപരിശോധനയ്‌ക്കുള്ള പരീക്ഷണഘട്ടമായിരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാന്‍ ആ പോസ്റ്റ് ഇട്ടത്. എന്നാല്‍ പേരില്‍ ജാതി കൊണ്ടു നടക്കുന്ന സ്‌ത്രീകളുടെ ഭാഗത്തു നിന്നു പോലും കാര്യമായ അനുകൂല പ്രതികരണങ്ങള്‍ ഇതുവരേയും വന്നിട്ടില്ല. ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി പ്രതികരണത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ഞാന്‍ മാത്രമല്ല, പലരും.
സവര്‍ണ്ണതയുടെ ജാതിവാല്‍ സ്വന്തം പേരിലെ പൊതുഐഡന്റിറ്റിയില്‍ നിന്ന് മുറിച്ചു നീക്കുക എന്നത് വലിയ രാഷ്‌ട്രീയ ഉള്‍ക്കാഴ്‌ച ആവശ്യമുള്ള കാര്യമാണ്. പേരു മുറിച്ചതുകൊണ്ടു മാത്രം ഉള്ളില്‍ നിന്ന് ജാതീയത പോയിക്കൊള്ളണമെന്നില്ല എന്നത് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സ്‌ത്രീവാദികളും ജനാധിപത്യവാദികളായ സ്‌ത്രീകളും പുരുഷന്‍മാരും ബോധപൂര്‍വ്വം തന്നെ പേരില്‍ ജാതി വാല്‍ കൊണ്ടു നടക്കുന്നത് നല്ലതാണോ? യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പേരിനോടൊപ്പം അതു കാണുമ്പോള്‍ ഇന്ത്യയിലെ ജാത്യധികാരവ്യവസ്ഥ സന്തോഷിക്കുന്നുണ്ട് എന്നറിയണം. ജാതിവ്യവസ്ഥക്കുള്ളില്‍ പ്രത്യക്ഷമായിത്തന്നെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അറിഞ്ഞും അറിയാതെയും കിട്ടുന്ന ധാരാളം ആസ്വദനീയമായ പദവികളുണ്ട് എന്നും.
ഞാന്‍ പറയാനാഗ്രഹിക്കുന്നത് ഇത്ര മാത്രമാണ്: അടിമുടി സ്വയം നവീകരിക്കാന്‍ ഇന്നത്തെ ഇന്ത്യയില്‍ എല്ലാവര്‍ക്കും അവസരമുണ്ട്. അതുപയോഗിക്കാതെ ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തെ തോല്‍പ്പിക്കാന്‍ എളുപ്പമായിരിക്കില്ല.
സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.