ഉന്നാവ കൂട്ടമാനഭംഗക്കേസ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗര്‍ കസ്റ്റഡിയില്‍
യുപിയിലെ ഉന്നാവയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ബി.ജെ.പി. എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കുല്‍ദീപ് സിംഗ് സെംഗറിനെ വീട്ടിലെത്തിയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗപരാതിയില്‍ ഒരുവര്‍ഷത്തിലേറെയായി നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടി എംഎല്‍എയ്ക്ക് എതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്. എംഎല്‍എയും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിനെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് പപ്പുസിംഗ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.
പപ്പു സിങ്ങിനെ എംഎല്‍എയുടെ സഹോദരനും കൂട്ടരും ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രി ആദിത്യനാഥിന് കത്തയച്ചിരുന്നു. എംഎല്‍എയുടെ അനുയായികള്‍ പപ്പുസിങ്ങിനെ ക്രൂരമായി ആക്രമിച്ചെന്ന് പപ്പു സിങ്ങിന്റെ അമ്മ കത്തില്‍ പറഞ്ഞു. കുടുംബത്തെ എംഎല്‍എയും കൂട്ടരും കൊല്ലുമെന്നും സംരക്ഷണം വേണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, യോഗി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് കുടുംബസമേതം ഇവര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ആത്മഹത്യാശ്രമം നടത്തിയത്.
Comments are closed.