DCBOOKS
Malayalam News Literature Website

ആഘോഷമായി രണ്‍വീര്‍-ദീപിക വിവാഹം

ബോളിവുഡിലെ താരജോടികളായ രണ്‍വീര്‍ സിങും ദീപിക പദുക്കോണും വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

കൊങ്കിണി ആചാരത്തിലും സിന്ധി ആചാരത്തിലുമായിട്ടാണ് വിവാഹചടങ്ങുകള്‍ നടന്നത്. നവംബര്‍ 14-ന് കൊങ്കണി ആചാരപ്രകാരവും നവംബര്‍ 15-ന് സിന്ധി ആചാരപ്രകാരവും വിവാഹചടങ്ങുകള്‍ നടന്നു. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ ഫാഷന്‍ ഡിസൈനറായ സബ്യസാചിയാണ് താരജോടികളുടെ വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വിവാഹചടങ്ങുകള്‍ നടന്ന ഇറ്റലിയിലെ ലേക്ക് കോമോയില്‍ കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.അതിനാല്‍ തന്നെ വിവാഹചിത്രങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്കു മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തുമാത്രമാണ് അതിഥികളെ അകത്തേയ്ക്കു പ്രവേശിപ്പിച്ചത്. വിവാഹവേദിയിലും ചുറ്റുപാടും ക്യാമറകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വിലക്കുണ്ടായിരുന്നു.

 

 

Comments are closed.