രണ്‍വീര്‍ സിങ്- ദീപിക പദുക്കോണ്‍ വിവാഹം നവംബറില്‍
ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ബോളിവുഡ് താരജോടികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാകുന്നു. നവംബര്‍ പത്തിന് ഇരുവരും ഇറ്റലിയില്‍ വെച്ച് വിവാഹിതരാകുമെന്നാണ് ബിടൗണ്‍ വാര്‍ത്തകള്‍. വിരാട് കൊഹ്‌ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും വിവാഹം നടന്ന മിലാനിലെ അതേ വേദിയില്‍ വെച്ച് തന്നെയാകും ഈ താരവിവാഹവും നടക്കുക.
ജൂലൈയില്‍ വിവാഹിതരാകാനാണ് തീരുമാനിച്ചതെങ്കിലും ഇരുവരുടേയും ഷൂട്ടിംഗ് തിരക്കുകള്‍ മൂലം വിവാഹം നവംബറിലേക്ക് നീട്ടിവെക്കുകയായിരുന്നു. ഇരുവരും വിവാഹശേഷം താമസിക്കാനുള്ള സ്വപ്‌നഭവനത്തിന്റെ അന്തിമഘട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ്.
വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെ കുടുംബത്തിനൊപ്പം വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ ദീപിക ലണ്ടനിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2013-ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. പലപ്പോഴും ഇരുവരും ഒന്നിച്ച് പല ചടങ്ങുകള്‍ക്കും എത്തിയിരുന്നു. എങ്കിലും ഇരുവരും പ്രണയത്തിലാണന്ന് തുറന്ന് പറഞ്ഞിരുന്നില്ല. 2016ലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും വെളിപ്പെടുത്തിയത്. ബാജിറാവു മസ്താനി, അടുത്തിടെ പുറത്തിറങ്ങിയ പത്മാവത് എന്നീ രണ്ട് ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Comments are closed.