വി.ജെ. ജയിംസ് കഥകളെ കുറിച്ച് രഞ്ജിത്ത് നാരായണന്‍ എഴുതുന്നു
വി.ജെ. ജയിംസ് എന്ന പേര് എപ്പോഴും നമ്മുടെ മനസ്സിലേക്കെത്തിക്കുന്നത് നോവലിസ്റ്റ് എന്നൊ രണ്ടു രൂപത്തെയാണ്. എന്നാല്‍ കഥകള്‍
വി.ജെ. ജയിംസ് എന്ന സമാഹാരം ഒന്നു മറിച്ചുനോക്കുമ്പോള്‍ത്തന്നെ നമുക്കു മനസ്സിലാകും ഇതിലെ ഓരോ കഥകളും–അത് ‘ശവങ്ങളില്‍ പതിനാറാമന്‍’ ആയാലും ‘പിരമിഡിനുള്ളില്‍ ഒരുമമ്മി’ ആയാലും ‘ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍’ ആയാലും ‘വ്യാകുലമാതാവിന്റെ
കണ്ണാടിക്കൂട്’ ആയാലും ‘പ്രണയോപനിഷത്ത്’, ‘ദ്രാക്ഷാരസം’, ‘വാഷിങ്ടണ്‍ ഡിസി’ തുടങ്ങിയ സമീപകാല കഥകളോ ഏതുമാകട്ടെ–അതതിന്റെ വായനാമുഹൂര്‍ത്തത്തില്‍ സര്‍ഗ്ഗസമ്പന്നനും ഭാഷാകുശലനും ആഖ്യാനത്തിന്റെ മര്‍മ്മം തൊട്ടറിഞ്ഞവനുമായ ഒരു കഥാകൃത്തിലൂടെ നമ്മുടെ മനസ്സില്‍ തട്ടിയിരുന്നവയായിരുന്നു എന്ന്. ഇവയെല്ലാം ഒരുമിച്ച് ഒരു സമാഹാരത്തിലേക്ക് സ്വരുക്കൂട്ടിയ പുതിയ പുസ്തകം തീര്‍ച്ചയായും വി.ജെ. ജയിംസിലെ കഥാകൃത്തിനെ നോവലിസ്‌റ്റോളം തന്നെ പ്രിയപ്പെട്ടവനാക്കിത്തീര്‍ക്കും, സംശയമില്ല.
വിവിധ തുറകളില്‍പ്പെട്ട മനുഷ്യജീവിതങ്ങളെ കഥകളുടെ ചട്ടക്കൂടിനുള്ളിലേക്കു കൊണ്ടുവരുന്ന വൈവിധ്യം വി.ജെ. ജയിംസിന്റെ കഥകളില്‍ നമുക്കുകാണാം. ഇന്ത്യാമഹാരാജ്യത്ത് നൂറിനെക്കാള്‍ മൂല്യമുള്ള നോട്ടുകളുള്ളതായി അറിയാനേ പാടില്ലാത്തമുനിയാണ്ടിയും(ജാലം), കേന്ദ്രഗവണ്‍മെന്റിന്റെ വക രണ്ടു ശമ്പളെപ്പാതികള്‍ എത്തുന്ന രവി-മൃണാളിനി ദമ്പതിമാരും (കവറടക്കം) ഈ കഥാകാരന്റെ രചനാപശ്ചാത്തലമാകുന്നു. കഥകളില്‍ പലതും ജീവിതത്തിന്റെ നിരര്‍ത്ഥകമായ കാഴ്ചകളിലേക്ക് ആക്ഷേപഹാസ്യത്തില്‍പ്പൊതിഞ്ഞ ഒളിയമ്പെയ്യുന്നതായും
നമുക്കു വായിക്കാം, ഉദാഹരണത്തിന് സമയം പാലിക്കാത്തതീവണ്ടികള്‍ക്ക് ഒരു സമയവിവരപട്ടിക ആവശ്യകതയുേണ്ടാ എന്നു തുടങ്ങുന്ന റയില്‍വെ ടൈംടേിള്‍ എന്ന കഥ. മധ്യവര്‍ഗജീവിതത്തിന്റെ ഒട്ടേറെ കാഴ്ചകളാല്‍ സമൃദ്ധമാണ് ഈ കഥാലോകം. ആര്‍ക്കും അപരിചിതമായിരിക്കില്ല ഇവ, എന്നാല്‍ എല്ലാത്തില്‍നിന്നും ആരാലും ശ്രദ്ധിക്കാത്ത ഒരു ഘടകത്തെ അടര്‍ത്തിയെടുത്ത് ഭാഷയുടെ കരുത്തില്‍കൊത്തിഎടുക്കുന്ന ശില്പമാക്കുകയാണിവിടെ. ഒരു ഐ.എ.എസ്സ്. കാരന് എങ്ങനെ പഴങ്കഞ്ഞികുടിക്കാം എന്ന കഥയാകട്ടെ, ആശയാവിഷ്‌കാരത്തോടൊപ്പം തന്നെ നമ്മെ രസിപ്പിക്കുന്നത് ലാഘവത്വം നിറഞ്ഞ, ഔപചാരികതകള്‍ ഇല്ലാത്ത ഭാഷകൊണ്ടു കൂടിയാണ്.
ഐ.എ.എസ്. ദമ്പതികളായ ദേവനാരായണന്റെയും സത്യവതിയുടെയും ജീവിതത്തില്‍ ഒരു പ്രഭാതത്തില്‍, ഗൃഹനായികയുടെ വിലക്കുകളുണ്ടായിട്ടും ഗൃഹനാഥന്റെ അതിയായ കൊതിമൂലം, ‘ബ്രഡ് ടോസ്റ്റിനും ഓംലെറ്റിനുമിടയിലേക്ക് അധഃകൃതഭക്ഷണ മായ ‘പഴങ്കഞ്ഞി കയറിക്കൂടിയതിന്റെ സംഘര്‍ഷമാണ് കഥാതന്തു. മലയാളിയുടെ പൊങ്ങച്ചസഞ്ചികളെയും വിഴുപ്പു ഭാണ്ഡങ്ങളെയും ചിത്രീകരിക്കാനുള്ള വേറിട്ടൊരു ശ്രമമായിനമുക്കീ കഥയെ വായിക്കാം. ജന്മംകൊണ്ട് ക്രിസ്ത്യാനിയും ജീവിതംകൊണ്ട് യുക്തിവാദിയുമായ പത്രോസിന്റെ വീട്ടിലെ പതിനെട്ടാമത്തെ പൂച്ചക്കുഞ്ഞിനെ കാണാന്‍വന്ന ശാസ്താവിന്റെ കഥ (പത്രോസിന്റെ സിംഹാസനം) യുക്തിക്കും അയുക്തിക്കുമിടയില്‍ ആന്ദോളനം ചെയ്യുന്ന മനുഷ്യമനസ്സുകളെപ്പറ്റിയുള്ള ചോദ്യമാണ് ഉയര്‍ത്തുന്നത്. ഈ ചോദ്യങ്ങളുടെ ബഹുഭാവങ്ങള്‍ വി.ജെ. ജയിംസിന്റെ വിവിധ നോവലുകളിലും ദൃശ്യമാണ് എന്നതിനാല്‍ ഇത് കഥാകൃത്തിന്റെ നിരന്തരാന്വേഷണങ്ങളിലൊന്നായി നമുക്ക് അനുഭവപ്പെടുന്നു.
വിപിനചന്ദ്രന്റെ വാരഫലങ്ങള്‍ എന്ന കഥ സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തമായൊരു വായനാനുഭവമാകും പ്രദാനംചെയ്യുക, പ്രത്യേകിച്ചും ഒരു സാഹിത്യവാരഫലത്തെ പരിചയിച്ചിട്ടുള്ള, ആസ്വദിച്ചിട്ടുള്ളവര്‍ക്ക്. കഥകളെഴുതി പ്രസിദ്ധപ്പെടുത്തിയ ഒരു പുതുകഥാകൃത്ത് എം. കൃഷ്ണന്‍
നായരുടെ സാഹിത്യവാരഫലം പംക്തിയില്‍ ഈ കഥയ്ക്ക് തല്ലലോ തലോടലോ കിട്ടുമോ എന്നു കാത്തിരിക്കുന്നതാണ് പ്രമേയം. ദാമ്പത്യത്തിന്റെ, രതിയുടെ വിവിധ ഭാവങ്ങളും തലങ്ങളും, ഒളിഞ്ഞും തെളിഞ്ഞും വി.ജെ. ജയിംസിന്റെകഥകളില്‍ കാണാം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയോപനിഷത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്, സുദര്‍ശനം തുടങ്ങി പല കഥകളിലും നമുക്കു ദൃശ്യമാകുന്നു. ‘നിഗ്രഹാനുഗ്രഹശേഷിയുള്ള ദിവ്യാസ്ത്രമാണ് കഥ’ എന്നു തുടങ്ങുന്ന ആമുഖക്കുറിപ്പില്‍ വി.ജെ. ജയിംസ് ഒരു കഥാകൃത്തെന്നനിലയില്‍ രൂപപ്പെട്ടതിന്റെ വഴികള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുകൊണ്ടു രേഖപ്പെടുത്തുന്നു.
അതും ഹൃദ്യമായൊരു അനുഭവക്കുറിപ്പായി, ഈ കഥകളിലേക്കുള്ള ഒരു പ്രവേശകമായി നമ്മെ കൈപിടിച്ചു നടത്തുന്നു. കഥ എന്ന സാഹിത്യഭൂമിയില്‍ വി.ജെ. ജയിംസിന്റെ സ്ഥാനത്തെ കൃത്യമായി അടയാളപ്പെടുത്തുകയാണ് ‘കഥകള്‍-വി.ജെ. ജയിംസ്’ എന്ന ഈ സമാഹാരം. മൂന്നുഡന്‍ കഥകളടങ്ങുന്ന ഈ പുസ്തകം പുറപ്പാടിന്റെ പുസ്തകംപോലെ, ചോരശാസ്ത്രം പോലെ, ദത്താപഹാരംപോലെ, നിരീശ്വരന്‍പോലെ മനസ്സില്‍ ഇടംപിടിക്കുന്ന ഒരു വായനാനുഭവമാണ് നമുക്കു സമ്മാനിക്കുന്നത്. കാലത്തിന്റെയോ ദേശത്തിന്റെയോ പരിമിതികളിലേക്ക് ഒതുക്കപ്പെടാത്ത, ഭാവനയുടെ മായികസ്പര്‍ശത്തോടെ, അപ്രതീക്ഷിതമായ വഴിത്തിരുവുകളോടെ മികച്ച വായനയ്ക്ക് വഴിയൊരുക്കുന്നു.
Comments are closed.