കനല്‍ക്കപ്പലിലെ കവിതകള്‍
ഡോ. രാജശ്രീ വാര്യര്‍
ഹോമറിന്റെ കാഴ്ചയുടെ ആന്ധ്യവും ഉള്‍ക്കാഴ്ച്ചയുടെ ആഴവും നിസ്സിം ഐസക്കിയേലിന് പ്രചോദനമാകുമ്പോള്‍, രഞ്ജിത് ഹോസ്‌കോട്ടെ ഹോമറിന്റെ കടല്‍യാത്രയിലൂടെ എസക്കിയേലിന്റെ ജീവിത പ്രതിസന്ധികളിലൂടെ രാമാനുജന്റെ ഗോത്രയുക്തികളിലൂടെയൊക്കെ ആത്മസഞ്ചാരം നടത്തിയും ഒറ്റയ്‌ക്കൊരു തുരുത്തായ് നിന്നുമൊക്കെ കാവ്യം നിര്‍മ്മിക്കുന്നു. തന്നിലെത്തി നില്‍ക്കുന്ന നൈരന്തര്യത്തെ ഓര്‍ത്തെടുക്കാനെന്നപോലെ ഭാഷാ ചിഹ്നങ്ങളെയൊക്കെ മാറ്റിനിര്‍ത്തി, രചനയുടെ ഒടുക്കം മാത്രം കാണിച്ചുകൊണ്ടൊരു കുത്ത്: വര്‍ത്തമാനകാലത്തെ മതാതീത ചിന്തകന്‍ കൂടിയായ ഇന്ത്യന്‍ കവി രഞ്ജിത് ഹോസ്‌കോട്ടെയിലൂടെ ഒരു നര്‍ത്തകിയുടെ കാവ്യസഞ്ചാരം.
ആംഗലേയ കവിതയുടെ ആധുനികസ്വത്വം ഇന്ത്യന്‍ എഴുത്തുകാരിലൂടെ പ്രകടമായത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെപ്പോഴോ ആണെന്ന് പറയാം. നിസ്സിം എ സാക്കിയേല്‍, എ.കെ രാമാനുജന്‍, ഡോംമൊറെയ്‌സ്, അരുണ്‍ കൊലാട്കര്‍ എന്നിവരൊക്കെ ഉള്ളിലുറഞ്ഞുപോയ ജനിതക – പരിചിത സംസ്കാരത്തെ അന്യഭാഷയായ ഇംഗ്ലിഷിലൂടെ പറഞ്ഞവരാണ്. ദ്രാവിഡബോധ്യത്തിന്റെ അകച്ചുരുളുകള്‍ നിവര്‍ന്നുനിന്ന രാമാനുജന്‍കാവ്യപരത, ആത്മസംഘര്‍ഷങ്ങളുടെ തീരാക്കെട്ടുപാടുകളില്‍ കാവ്യചിന്തകളെ ഉറപ്പിച്ച് നിര്‍ത്തി സമൂഹമനസ്സിന്റെ നീതിരാഹിത്യത്തിലേക്ക് പടര്‍ത്തി രാഷ്ട്രങ്ങളുടെയും അധാര്‍മ്മികതളുടെയും നോവുകളെ വാക്കുകളിലേക്ക് അഴിച്ചുവിട്ട നിസ്സീം എസക്കിയേല്‍, ദൈനംദിന ഇടപടലുകളിലൂടെ സാധാരണ മനുഷ്യന്റെ വലിയ സങ്കടങ്ങളെ ദാര്‍ശനികസത്യം ഒളിപ്പിച്ച കാവ്യബിംബങ്ങളാക്കിയ അരുണ്‍ കൊലാട്ക്കര്‍, ഒരു പക്ഷേ, വാക്കുകളില്‍മാത്രം സ്വന്തം ഇടം കണ്ടെത്തിയ ഡോംമൊറെയ്‌സ്.
മൊറെയ്‌സ് പാശ്ചാത്യ ഭാഷകള്‍ക്കിടയിലെ മൊഴിമാറ്റ സാദ്ധ്യതയിലൂടെ തന്റെ എഴുത്തുരീതികളെ സമ്പന്നമാക്കിയപ്പോള്‍, മറാത്തിയിലും ഇംഗ്ലിഷിലും ഒരുപോലെ എഴുതി കൊലാട്കര്‍. സംഘകാല തമിഴ്കൃതികളേയും ക്ഷേത്രജ്ഞരുടെ തെലുങ്ക് പ്രണയ കാവ്യങ്ങളേയും കന്നടത്തിന്റെ ‘സംസ്‌കാര’യെയുമൊക്കെ (യു.ആര്‍. അനന്തമൂര്‍ത്തി രചിച്ചത്) പടിഞ്ഞാറിനു പരിചയപ്പെടുത്തി രാമാനുജന്‍. മറാത്തിയില്‍നിന്ന് ഇംഗ്ലിഷിലേക്കും മറിച്ചും തന്റെ കാവ്യയാനം തുടര്‍ന്നു നിസ്സിം എസക്കിയേല്‍. കവിത തനിക്കൊപ്പം ജനിക്കുന്നു തന്നോടൊപ്പം മരിക്കുന്നു എന്ന സങ്കുചിതമായ കാഴ്ച്ചപ്പാടിനു പുറത്തുനിന്ന കവിയും കൂടിയാണ് എസക്കിയേല്‍. തനിക്കു ചുറ്റും വളര്‍ന്ന കാവ്യചിന്തകളെ അനുപമമായ കവിത്വത്തിലേക്ക് കൈപിടിച്ചിട്ട് നടത്തിച്ച കാവ്യാസ്വാദനം മുംബൈയിലെ കാവ്യയുവത്വത്തിന് നേരെ പിടിച്ച കരിപുരളാത്ത കണ്ണാടിയായി. പിന്നിലല്ല ഒപ്പമാണിവര്‍ ഉണ്ടാവേണ്ടത് എന്ന അസാധാരണമായ നീതിബോധം ഒരുപാട് കവിമനസ്സുകളെ സ്വാധീനിച്ചു.
പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.