ടന്‍ഡ്രയുടെ ലോകം
വളരെ വര്‍ഷങ്ങള്‍ മുന്‍പാണ് ഒരു നോവല്‍ എന്നെ അലാസ്‌കയുടെ ആകാശത്തിനുകീഴില്‍ കൊണ്ടുപോയി നിര്‍ത്തിയത്. തണുത്ത് വിറങ്ങലിച്ച മാനത്ത് ഒരു കൂറ്റന്‍ ചന്ദ്രന്‍ നിറംമാഞ്ഞ ചുവപ്പ് മുഖംമൂടിപോലെ തൂങ്ങിനിന്നു. മനുഷ്യരും മൃഗങ്ങളും ചവിട്ടിക്കുഴച്ച് നിലാവ് പുതഞ്ഞ് പരന്നുകിടന്ന മഞ്ഞില്‍, റാന്തലുകളുടെയും പന്തങ്ങളുടെയും കുലുങ്ങുന്ന വെളിച്ചത്തില്‍ സ്വര്‍ണവേട്ടക്കാരുടെ കൂന്താലികള്‍ ഉയരുകയും താഴുകയും ചെയ്തു. വെളുത്ത മണ്ണിലേക്ക് കറുത്ത മണ്ണിന്റെ മഴ പൊഴിഞ്ഞു. മഞ്ഞുവണ്ടി വലിക്കുന്ന നായകളുടെ കൂട്ടങ്ങള്‍ ഉറക്കമാണ്. അവയുടെ തുകല്‍കോപ്പുകള്‍ അഴിച്ചുവെച്ചിരിക്കുന്നു. അടുത്ത് ഒരു വലിയ നായ മുന്‍കാലുകള്‍ മഞ്ഞില്‍ നീട്ടിവെച്ച് നാക്ക് വെളിയിലിട്ട് കിതച്ചുകൊണ്ട് മിന്നുന്ന മഞ്ഞക്കണ്ണുകളാല്‍ സ്വര്‍ണനായാട്ടുകാരെ നോക്കിയിരിക്കുന്നു. അതായിരുന്നു ബക്ക്. എന്നെ ഒരു സങ്കല്പ വായുവിമാനത്തിലേറ്റി അലാസ്‌കയിലേക്ക് പറപ്പിച്ചുകൊണ്ടുപോയ ജാക്‌ലണ്ടന്റെ സുപ്രസിദ്ധ നോവല്‍ കോള്‍ ഓഫ് ദ വൈല്‍ഡ്-ലെ വീരനായകന്‍.
ഒരിക്കല്‍ അമേരിക്കന്‍ വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വാരികയായിരുന്ന സാറ്റര്‍ഡേ ഈവനിങ് പോസ്റ്റ്-ല്‍ 1903-ല്‍ അഞ്ചു ലക്കങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ ‘വനത്തിന്റെ വിളി’ പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ പതിനായിരം കോപ്പിയുടെ ഒന്നാം പതിപ്പ് ഒന്നാം ദിവസംതന്നെ വിറ്റുതീര്‍ന്നു. ജാക്‌ലണ്ടന്റെ നോവല്‍ അലാസ്‌കയെ പ്രശസ്തമാക്കിയെന്ന് മാത്രമല്ല ലണ്ടനെ അമേരിക്കയിലെ ‘ബെസ്റ്റ് സെല്ലര്‍’ എഴുത്തുകാരിലൊരാളാക്കിത്തീര്‍ത്തു. (ജീവിതകാലം മുഴുവന്‍ ഒരു സോഷ്യലിസ്റ്റ് ആയിരുന്ന അദ്ദേഹത്തിന്റെ ദ പീപ്പ്ള്‍ ഓഫ് ദ അബിസ്– The people of the Abbyss ലണ്ടന്‍ നഗരത്തിലെ ഈസ്റ്റ് എന്‍ഡ് പ്രദേശത്തെ ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ മുതലാളിത്തത്തിന്റെ ശക്തമായ വിമര്‍ശനവും പട്ടിണി ഗ്രസിച്ച ജീവിതങ്ങളുടെ നടുക്കുന്ന വിവരണവുമാണ്) ജാക് ലണ്ടനും ബക്ക് എന്ന ധീരനായ നായും എനിക്ക് സമ്മാനിച്ച മോഹന സ്വപ്നമാണ് ദശകങ്ങള്‍ക്കുശേഷം എന്നെ അലാസ്‌കയിലേക്കു നയിച്ചത്.
കോള്‍ ഓഫ് ദ വൈല്‍ഡ് ഇന്ന് വായി ക്കുമ്പോള്‍ അമ്പതുവര്‍ഷം മുന്‍പിലെ കോരിത്തരിപ്പ് ലഭിക്കുന്നില്ലെന്നതു സ്വാഭാവികമാണ്. അതില്‍ വിവരിച്ച അലാസ്‌കയും ഇന്നില്ല. വാസ്തവത്തില്‍ കോള്‍ ഓഫ് ദ വൈല്‍ഡിന്റെ നല്ല പങ്കും സംഭവിക്കുന്നത് അമേരിക്കയുടെ 49-ാം സംസ്ഥാനമായ ഇന്നത്തെ അലാസ്‌കയുടെ രാഷ്ട്രീയാതിര്‍ത്തികളിലല്ല, അതിര്‍ത്തിക്ക് തൊട്ടുപുറത്ത് കാനഡയുടെ അലാസ്‌കന്‍ മേഖലയായ യുക്കോണ്‍ ടെറിറ്ററിയിലാണ്- കൃത്യമായി പറഞ്ഞാല്‍ ക്ലോണ്‍ഡൈക്കിലും സമീപപ്രദേശങ്ങളിലും. 1897-1902 കാലഘട്ടത്തില്‍ അമേരിക്കയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് സ്വര്‍ണം തേടി അലാസ്‌ക യിലേക്ക് ലക്ഷക്കണക്കിനാളുകള്‍ നടത്തിയ പരക്കംപാച്ചിലിന്റെ ലക്ഷ്യസ്ഥാനമായിരുന്നു ക്ലോണ്‍ഡൈക്ക്. വിളിച്ചലറുന്ന ഒരു പത്രത്തലക്കെട്ടിന് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് ‘ഗോള്‍ഡ് റഷ്’ എന്നറിയപ്പെടുന്ന ആ കുതിച്ചോട്ടം. 1897 ജൂലായ് 17-ന് സിയാറ്റില്‍ പോസ്റ്റ് ഇന്റലിജന്‍സര്‍ എന്ന ദിനപത്രം ‘സ്വര്‍ണം! സ്വര്‍ണം! സ്വര്‍ണം! സ്വര്‍ണം!’ എന്ന് കൂറ്റന്‍ അക്ഷരങ്ങളില്‍ ആര്‍പ്പുവിളിച്ച വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നുള്ള ആ സ്വര്‍ണപ്പാച്ചിലിനു തുടക്കമിട്ടത്. മൂന്ന് കുടിയേറ്റക്കാര്‍ ക്ലോണ്‍ഡൈക്കിലെ ഒരു പുഴയുടെ തീരത്ത് കണ്ടെത്തിയ കുറച്ച് സ്വര്‍ണത്തരികളായിരുന്നു ആ നടുക്കുന്ന വാര്‍ത്തയുടെ അവലംബം. അടുത്ത അഞ്ചോളം വര്‍ഷങ്ങളിലൂടെ പത്തുലക്ഷം പേരാണ് അമേരിക്കയില്‍നിന്ന് എല്ലാം വിറ്റുപെറുക്കി ക്ലോണ്‍ഡൈക്കിലേക്ക് കപ്പല്‍ കയറിയത്. അനവധിപേര്‍ ധനാഢ്യരായി. അനവധിപേര്‍ ദുരിതമനുഭവിച്ച് മരിച്ചു. ഭൂരിഭാഗവും വെറുംകൈയോടെ മടങ്ങി. അതിലൊരാളായിരുന്നു ജാക്‌ലണ്ടന്‍ എന്ന തൂലികാനാമത്തിലെഴുതിയ ജോണ്‍ ഗ്രിഫിത്ത് ഷേനി. ആ അനുഭവത്തില്‍നിന്നാണ് ഒരു ഗ്രാമീണ അമേരിക്കന്‍ ഭവനത്തിലെ സന്തുഷ്ടജീവിതത്തില്‍നിന്ന് തട്ടിയെടുക്കപ്പെട്ട് അലാസ്‌കയില്‍ മഞ്ഞുവണ്ടി വലിക്കുന്ന അടിമയായിത്തീരുന്ന ബക്ക് എന്ന നായയുടെ കഥ ഉണ്ടായി വന്നത്. കഥയുടെ അന്ത്യത്തില്‍ അവന്‍ കാട്ടിലേക്ക് മടങ്ങുന്നു. ക്ലോണ്‍ഡൈക്കിലേക്ക് ഇരച്ചു കയറിയ കനക ഭ്രാന്തരുടെ ജീവിതങ്ങളില്‍നിന്ന് മറ്റൊരു ഉജ്ജ്വല കലാസൃഷ്ടികൂടി ജനിച്ചു; ചാര്‍ളി ചാപ്ലിന്റെ സുപ്രസിദ്ധ ചലച്ചിത്രം ഗോള്‍ഡ് റഷ്. അവിടേക്ക് സ്വര്‍ണം തേടിപ്പോയ ഒരു സാധുവിന്റെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥയാണ്. സാഹിത്യരചനകളിലൂടെയും മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയും അലാസ്‌കയ്ക്ക് പൊതുബോധത്തില്‍ ഉണ്ടായിവന്ന പ്രതിച്ഛായയെപ്പറ്റി ‘ലോണ്‍ലി പ്ലാനറ്റ്’ പറയുന്നതിതാണ്: ”ജനങ്ങളുടെ പൊതുഭാവനയില്‍ പ്രത്യക്ഷപ്പെടുന്ന അലാസ്‌ക തണുത്തുറച്ച, രഹസ്യാത്മകമായ നാടകീയ ദൃശ്യങ്ങള്‍ നിറഞ്ഞ ഒരു നാടാണ്.” എന്റെ ഭാവനയിലെ അലാസ്‌കയും അങ്ങനെതന്നെയായിരുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.