ഇത് വെറുംകഥകളല്ല , പ്രവചനങ്ങളായിരുന്നു…!
”കോളിങ്ബെല്ലുയര്‍ന്നപ്പോള്‍ അനീഷ ഓടിച്ചെന്ന് വാതില്‍തുറന്നു. വരുണിന്റെ കൈകള്‍ ശൂന്യമെന്ന് കണ്ട് നിരാശയോടെ അവള്‍ ചോദിച്ചു: ”ഒരു കിറ്റുപോലും കിട്ടിയില്ലേ?”
വരുണ്‍ ഇല്ലെന്നു തലയാട്ടി. ദുസ്സഹമായ ഭീതി അയാളുടെ കണ്ണുകളില്‍ നീറിനിന്നിരുന്നു. ഒന്നും മിണ്ടാതെ അയാള്‍ ഉള്ളിലേക്ക് നടന്നു. ഷൂസ് ഊരാന്‍ മിനക്കെടാതെ കിടക്കയിലേക്ക് തളര്‍ന്നുകിടന്നു. അരികില്‍ ചെന്നിരുന്ന് അനീഷ ഷൂസ് ഊരിയെടുത്തു.
ശബ്ദം സ്വാഭാവികമാക്കാന്‍ ശ്രമിച്ചുകൊണ്ട് വരുണ്‍ ആരാഞ്ഞു:
”കുട്ടികളെവിടെ?”
”രണ്ടുപേരും സ്റ്റഡിറൂമിലുണ്ട്. പരീക്ഷക്കിനി ദിവസം നാലേയുള്ളു.”മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ”അനീഷാ, ഞാന്‍ നഗരം മുഴുവന്‍ അലഞ്ഞു.
ഒരു ഓക്സിജന്‍ ബൂത്ത്പോലും തുറന്നിട്ടില്ല. പലേടത്തും ആള്‍ക്കൂട്ടം
ബൂത്തുകള്‍ തകര്‍ത്തിട്ടിരിക്കുകയാണ്. ഓക്സിജന്‍ കിറ്റുകള്‍ തട്ടിയെടുക്കാന്‍… ഓക്സിജന്‍ തീര്‍ന്നുപോയ കുറേ മനുഷ്യര്‍ റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്. അന്തരീക്ഷത്തിലെ മലിനവായു ശ്വസിച്ച് ആസ്ത്മാ രോഗികളെപ്പോലെ പിടയുന്നവര്‍! ശരിക്കും കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ… ഹോ!”
ലോകം മുഴുവൻ പ്രാണവായു തേടിയലയുമ്പോൾ , ശ്വാസത്തിനായി പിടഞ്ഞു മരിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് അംബികാസുതൻ മാങ്ങാട് എഴുതിയ പ്രാണവായു എന്ന കഥ വീണ്ടും ചർച്ചയാവുകയാണ്. കഥയില്‍ പറഞ്ഞതുപോലെ കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ പിടഞ്ഞ് തീരുന്ന വിലപ്പെട്ട ജീവനുകള്‍. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘രണ്ടു മത്സ്യങ്ങൾ ‘ എന്ന പുസ്തകത്തിലേതാണ് ഈ കഥ.
സമ്പൂര്‍ണ്ണമായ പാരിസ്ഥിതികസമര്‍പ്പണമാകുന്ന കഥകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങള്‍. പരിസ്ഥിതി ഈ കഥകളില്‍ പ്രമേയപരമായ ഒരു തിരഞ്ഞെടുപ്പോ ബൗദ്ധികമായ ഒരാവിഷ്‌കാരതന്ത്രമോ അല്ല. അത് കഥയുടെ ജൈവികപ്രകൃതിയാണ്. പാരിസ്ഥിതികനാട്യങ്ങള്‍ക്കിടയില്‍ സ്വയംഭൂവാകുന്ന ഒരു പ്രാണസത്ത. മനുഷ്യാധികാരത്തിന്റെ സംസ്‌കാരവിന്യാസങ്ങളെ നിര്‍മ്മമതയോടെ നോക്കിക്കാണുന്ന പ്രപഞ്ചചേതന. അംബികാസുതന്‍ മാങ്ങാടിന്റെ കഥകളുടെ സമാഹാരം.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.