DCBOOKS
Malayalam News Literature Website

രാമായണത്തിന് ഒരു സമകാലികവായന

എന്‍. അജയകുമാര്‍

മ്മുടെ ഇതിഹാസങ്ങള്‍ക്ക് ശ്രദ്ധേയങ്ങളായ പുനര്‍വായനകള്‍ അടുത്തകാലത്തായി ലഭിച്ചുവരുന്നുണ്ട്. മുമ്പ് അങ്ങനെ നടന്നിട്ടില്ലെന്നല്ല അതിനര്‍ഥം. മാറിമാറിവരുന്ന സാംസ്‌കാരിക പരിതോവസ്ഥകളില്‍ പുനര്‍വായിക്കപ്പെടാനുള്ള ശേഷിയാണ് ഇതിഹാസങ്ങളെ നിത്യനൂതനങ്ങളായി നിലനിര്‍ത്തുന്നതെന്നു പറയാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ത്തന്നെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതവും വള്ളത്തോള്‍ വാല്മീകിരാമായണവും സമ്പൂര്‍ണമായി വിവര്‍ത്തനം ചെയ്തുതന്നത് ഇതിഹാസങ്ങളുടെ സ്വരൂപവും സ്വഭാവവും കൂടുതല്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചു. അത് ഇതിഹാസങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍ക്ക് ഊര്‍ജ്ജം നല്കുകയും ചെയ്തു. മുമ്പ്, ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി എന്ന് സാമാന്യമായി പറയാവുന്ന തരത്തില്‍ ഇതിഹാസങ്ങള്‍ പലമട്ട് പുനരാഖ്യാനം ചെയ്തുവന്നിരുന്നതില്‍നിന്ന് വ്യത്യസ്തമായ ചില നോട്ടങ്ങള്‍ക്ക് ആ വിവര്‍ത്തനങ്ങളും തുണയായി.

പഴയ പുനരാഖ്യാനങ്ങളില്‍നിന്ന് പുതിയ, അതായത് ഇരുപതാം നൂറ്റാണ്ടിലുണ്ടായ പഠനങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? രാമനെയും കൃഷ്ണനെയും സാമാന്യേന കേന്ദ്രമാക്കിയുള്ള കഥാഖ്യാനങ്ങളാണു പഴയവയെങ്കില്‍ വ്യത്യസ്ത അവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ ജീവിതവും അതിലെ സംഘര്‍ഷമുഹൂര്‍ത്തങ്ങളും പുതിയവയില്‍ പ്രധാനമായി. സാമാന്യവത്കരണത്തിന്റെ അപകടം അല്പമൊക്കെ ഉണ്ടാകുമെങ്കിലും ഈ നിരീക്ഷണത്തില്‍ കഴമ്പുണ്ടെന്നുതന്നെ കരുതണം. സാഹിത്യത്തെക്കുറിച്ചുള്ള മാറിയ വീക്ഷണവും പുതിയ സാഹിത്യരൂപങ്ങളുമൊക്കെ ഇതില്‍ പ്രേരണ ചെലുത്തിയിട്ടുണ്ട്. അതിനുമുമ്പുതന്നെ സാഹിത്യത്തില്‍ കാണാവുന്ന ഒരു മാറ്റവും ശ്രദ്ധേയമാണ്. എഴുത്തച്ഛന്റെ കാലത്തിനുശേഷം, പുരാണപുനരാഖ്യാനസ്വഭാവമുള്ള കാവ്യരൂപത്തില്‍ വലിയ മാറ്റം കാണുന്നില്ല. എന്നാല്‍ അതിന്റെ തുടര്‍ച്ചകള്‍ അവഗണിക്കാന്‍ വയ്യാത്തവിധം ഉണ്ടുതാനും. അത്തരം പുനരാഖ്യാനങ്ങളെ നമ്മുടെ കവിതയുടെ മുഖ്യധാരയായി കരുതാമെങ്കില്‍, എഴുത്തച്ഛനുശേഷം അതില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഇരുപതാം നൂറ്റാണ്ടിനോടടുപ്പിച്ചാണെന്ന് സാമാന്യമായി പറയാം. അതേസമയം എഴുത്തച്ഛനുശേഷം പുതിയൊരു Textരംഗകലാസാഹിത്യം രൂപപ്പെട്ടുവരുന്നുണ്ടെന്നു മാത്രമല്ല, മൂന്നു നൂറ്റാണ്ടെങ്കിലും അത് മലയാളത്തില്‍ പ്രാധാന്യത്തോടെ നിലനില്ക്കുന്നുമുണ്ട്. ആട്ടക്കഥയാണ് ഇവിടെ വിവക്ഷിക്കുന്നതെന്നു പറയേണ്ടതില്ല. അതോടൊപ്പം തുള്ളലും പരിഗണിക്കേണ്ടതാണ്.

ആട്ടക്കഥകള്‍ കഥാഖ്യാനമെന്ന ധര്‍മം തീരെ വിടുന്നില്ലെങ്കിലും സംഘര്‍ഷപ്രധാനമായ ജീവിത മുഹൂര്‍ത്തങ്ങളെ പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധവച്ചു; അത് ഏറിയ പങ്കും സ്ഥൂലമാണെന്നിരുന്നാല്‍ പോലും. വിവിധങ്ങളായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ ചേഷ്ടകള്‍ക്ക്, അതിലൂടെ വെളിപ്പെടുന്ന മാനസികസംഘര്‍ഷങ്ങള്‍ക്ക് അവയില്‍ മെല്ലെ തെളിമ കൈവരുന്നുണ്ടെന്നു തോന്നുന്നു. അല്ലെങ്കില്‍ അങ്ങനെ നോക്കാനുള്ള ചില സാധ്യതകള്‍ ആ സാഹിത്യം നല്കുന്നുണ്ട്. ഈ ആശയത്തെ ഇവിടെ പിന്തുടരേണ്ടതില്ല. പക്ഷേ, ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസപരിചരണരീതിക്കു മുന്‍പുതന്നെ, സ്ഥൂലമായെങ്കിലും അതിന്റെ ചില സ്വഭാവങ്ങള്‍ ഓര്‍മിപ്പിക്കുന്ന പരപ്പാര്‍ന്ന ഒരു രംഗകലാസാഹിത്യം നമുക്കുണ്ടായിരുന്നുവെന്ന് ഓര്‍ക്കേണ്ടതാണ്. ‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍’ എന്ന ഈ പഠനത്തിന് രംഗകലാസംസ്‌കാരവുമായി അവിടവിടെയുള്ള ബന്ധവും ഇങ്ങനെയൊരാലോചനയ്ക്കു പ്രേരണയായി. അതിലേക്ക് പിന്നീടുവരാം.

എഴുത്തച്ഛന്റെ കിളിപ്പാട്ടിലൂടെ നാം മനസ്സിലാക്കിയതുപോലെ ലളിതമല്ല രാമായണം, സങ്കീര്‍ണത നിറഞ്ഞ ഉള്ളടരുകളോടുകൂടിയതാണത് എന്നു പറയുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിലുണ്ടായ ശ്രദ്ധാര്‍ഹങ്ങളായ രാമായണപഠനങ്ങളുടെ ഒരു പ്രവൃത്തി. കഥാസംഗ്രഹരൂപത്തിലുള്ളതും ഭക്തികേന്ദ്രിതവുമായ പഠനങ്ങള്‍ അക്കാലത്തും പില്ക്കാലത്തും ഉണ്ടാവുന്നുണ്ടെങ്കിലും അവ ഇവിടെ പരിഗണിക്കേണ്ടതില്ല. അല്ലാത്തവയില്‍ പ്രധാനപ്പെട്ട മൂന്നെണ്ണം സ്പര്‍ശിക്കാതിരിക്കുന്നതു ശരിയുമല്ല. ‘വാല്മീകിയുടെ ലോകത്തില്‍'(1954)എന്ന പേരില്‍ പില്ക്കാലത്ത് സമാഹരിച്ചതും ഏകദേശം 1936 കാലത്ത് കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചതുമായ ഐ.സി. ചാക്കോയുടെ ‘രാമായണലേഖന’ങ്ങളാണ് അവയില്‍ ഒന്ന്. 1940-ന്റെ ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതും പില്ക്കാലത്ത് ‘ആര്‍ഷസാഹിതി’ (1977) എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതുമായ ദേശമംഗലത്തു രാമവാരിയരുടെ ‘രാമായണ ലേഖനങ്ങള്‍’ മറ്റൊന്ന്. ഏതാണ്ട് അതേ കാലത്തുതന്നെ കുട്ടികൃഷ്ണമാരാര്‍ രചിച്ചതും ‘ദന്തഗോപുര’ത്തില്‍ ചേര്‍ത്തതുമായ ‘വാല്മീകിയുടെ രാമന്‍’ (1947) മൂന്നാമത്തേതും. വേറെയുമുണ്ടാവാം. എങ്കിലും പ്രാധാന്യവും സൗകര്യവും പ്രമാണിച്ച് ഇവ ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളു. സംസ്‌കൃതപണ്ഡിതരായ ഈ മൂന്നുപേരും വാല്മീകിരാമായണപാഠം വിശകലനം ചെയ്ത് രാമായണത്തെപ്പറ്റിയുള്ള പൊതുധാരണയെ അഥവാ ഭക്തികാവ്യമെന്ന നിലയിലുള്ള അതിന്റെ അസ്തിത്വത്തെ വിമര്‍ശിക്കുന്നു. അഭിഷേകവിഘ്‌നം നേരിട്ട സന്ദര്‍ഭത്തിലും സീത അപഹരിക്കപ്പെട്ടപ്പോഴുമെല്ലാം രാമനിലെ ഈശ്വരത്വമെന്നതിനെക്കാള്‍ മനുഷ്യത്വമാണു വെളിപ്പെടുന്നതെന്ന് മാരാര്‍ നിരീക്ഷിക്കുന്നതും ശ്രദ്ധാര്‍ഹമാണ്. മാത്രമല്ല വാല്മീകിയുടെയും കാളിദാസന്റെയും ആശാന്റെയും സീത എങ്ങനെ രാമനെ അതിവര്‍ത്തിച്ചു നില്ക്കുന്നുവെന്ന് അദ്ദേഹം സ്ഥാപിക്കുന്നതും പ്രസക്തമാണ്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.