DCBOOKS
Malayalam News Literature Website

രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്ത്? 

രാമന്‍ മര്യാദാപുരുഷോത്തമനാണ്, സാമൂഹികമൂല്യങ്ങളുടെ സംരക്ഷകനാണ്, രഘുകുലതിലകമാണ്, വിഷ്ണുവിന്റെ സപ്താവതാരമാണ്, സൂര്യവംശത്തിലെ തിളങ്ങുന്ന രത്‌നമാണ്. ആരാധനയും അവകാശികളും ചുറ്റും നിറയുമ്പോഴും രാജഭാവത്തില്‍ ആരാധിക്കപ്പെടുന്ന ഒരേയൊരു ഹിന്ദുദൈവമായ രാമന്‍ സദാ പ്രശാന്ത ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. വാല്മീകി രാമായണം, സംസ്‌കൃതത്തിലെ അജ്ഞാതകര്‍ത്തൃകമെന്ന് കരുതപ്പെടുന്ന അധ്യാത്മരാമായണം, ഏഷ്യയിലെ വിവിധ ഭാഷകളില്‍ എഴുതിയിട്ടുള്ള രാമായണങ്ങള്‍, പറഞ്ഞും പാടിയും പ്രചരിച്ച നാടോടി രാമായണങ്ങള്‍ ഇങ്ങനെ രാമകഥാസംബന്ധിയായ ആഖ്യാനങ്ങളെയും പുനരാഖ്യാനങ്ങളേയും ആസ്പദമാക്കി, ദേവ്ദത് പട്‌നായ്ക് നടത്തിയ സൂക്ഷ്മവിശകലനമാണ് ദ ബുക്ക് ഓഫ് റാം. ഒട്ടേറെ രാമപുരാവൃത്തങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തി സവിശേഷ പുരാണസംഭവങ്ങളെ വര്‍ത്തമാനദീപ്തി ചൊരിയുംവിധം സൗന്ദര്യാത്മകമായും യുക്ത്യധിഷ്ഠിതമായും അപഗ്രഥിക്കുന്ന ഈ പുസ്തകം സ്ത്രീപുരുഷ പക്ഷങ്ങളുടെ വ്യത്യസ്ത ചിന്താമണ്ഡലങ്ങള്‍ വിഭാവനം ചെയ്ത് നിരീക്ഷണങ്ങള്‍ നിരത്തുന്നു. രാമന്‍ എന്ന കഥാപാത്രത്തിന്റെ ബഹുമുഖമായ ജീവിതം വ്യത്യസ്തമാനങ്ങളില്‍നിന്നു വീക്ഷിച്ച് സീതാപതിയായ രാമനും അയോധ്യാപതിയായ രാമനും തമ്മിലുളവാകുന്ന അന്തസംഘര്‍ഷങ്ങളാണ് പട്‌നായ്ക് വിലയിരുത്തുന്നുണ്ട്. രാമജന്മത്തിന്റെ സകലദേശകാലങ്ങളും കര്‍ത്തൃകര്‍മ്മക്രിയാകാണ്ഡങ്ങളും ഈ കൃതിയില്‍ സ്പന്ദിക്കുന്നു. ധര്‍മ്മകാമങ്ങള്‍ക്കിടയില്‍ വ്യാകുലനായി വീഴേണ്ടി വരുന്ന ഓരോ മനുഷ്യന്റെയും ഇതിഹാസമായി മാറുകയാണ് രാമന്‍.

രാമകഥയ്ക്ക് പല പുനരാഖ്യാനങ്ങളിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട അലങ്കാരങ്ങളും വിശേഷണങ്ങളും അര്‍ത്ഥതലങ്ങളും അടര്‍ത്തിമാറ്റി രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്താണെന്ന അന്വേഷണമാണ് ഈ പുസ്തകം. ദേശമംഗലം രാമകൃഷ്ണനാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പുസ്തകത്തിന്റെ ആമുഖത്തില്‍ ദേവ്ദത് പട്‌നായ്ക് എഴുതുന്നു…

ഇക്കാലത്ത് ശ്രീരാമനെക്കുറിച്ചുള്ള ഏതു ചര്‍ച്ചയിലും മുന്നിട്ടുനില്‍ക്കുന്നത് അക്കാദമികമായ അപഗ്രഥനമോ രാഷ്ട്രീയ സംവാദമോ ആണ്. പൈതൃകാഭിമാനിയായ ഒരു കവിയുടെ ഭ്രമകല്പനയായിട്ടാണ് അക്കാദമികതലത്തിലെ രാമചിത്രീകരണം ചെന്നുചേരുന്നത്. രാഷ്ട്രീയചര്‍ച്ചകളിലാകട്ടെ ശ്രീരാമപ്രഭാവത്തെ ഊട്ടിയുറപ്പിക്കുന്നവരുണ്ട്,  തിരസ്‌കരിക്കുന്നവരും ഉണ്ട്; രണ്ടുതരത്തിലായാലും അദ്ദേഹത്തെ ശക്തമായൊരു രാഷ്ട്രീയം ആയുധമാക്കി മാറ്റുകയാണ് ചെയ്യുന്നത്. അധികാരവ്യവഹാരത്തിന്റെ ഈ കോലാഹലത്തിനിടയില്‍ സനേഹത്തിന്റേതായ വ്യവഹാരം നഷ്ടപ്പെടുന്നു. ചരിത്രവും ഭൂമിശാസ്ത്രവും മറികടന്ന് നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനാളുകള്‍ രാമനാമത്തെയും രാമചരിതത്തെയും ദൈവികശക്തിയിലേക്കുള്ള ഒരു ജാലകമായി വിനിയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഈ വസ്തുത നാം വിസ്മരിക്കുകയാണ്.

ജീവിതസംഘര്‍ഷങ്ങളെ മറികടക്കാന്‍ ജനങ്ങള്‍ ‘ശ്രീരാമ രാമ’ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു. അതിനു കാരണവുമുണ്ട്. ‘രാമ’  എന്ന പദം തിരിച്ചുനോക്കൂ. അത് ‘മരാ’ എന്നാകുന്നു. മരിക്കുക എന്നാണിതിനര്‍ത്ഥം. രാമ ശബ്ദം അതിന്റെ നേരെ വിപരീതമാകുന്നു. രാമന്‍ ജീവനാണ്, ജീവിതമാണ്. ജീവിതത്തിന്റെ സകല ചോദനകളും അഭിലാഷങ്ങളും നിയോഗങ്ങളും രാമസംജ്ഞയില്‍ നിക്ഷിപ്തമാണ്. രാമായണത്തില്‍ എല്ലാ ദുരിതങ്ങള്‍ക്കും വൈപരീത്യങ്ങള്‍ക്കും മുന്‍പില്‍ ശാന്തചിത്തനായി നില്‍ക്കുന്ന രാമനെയാണു കാണുക. ഈ അചഞ്ചല മനഃസ്ഥിതിയാണ് അദ്ദേഹത്തെ സര്‍വ്വാരാധ്യനും സര്‍വ്വാദരണീയനുമാക്കിയത്.

രാമകഥ സാമാന്യ ജനലക്ഷങ്ങള്‍ക്ക് പ്രാപ്യമായത്  ജടിലമായ സംസ്‌കൃഗ്രന്ഥങ്ങളിലൂടെയല്ല. പ്രാദേശികഭാഷകളിലെ അരങ്ങുകളിലൂടെയും നാടന്‍പാട്ടുകളിലൂടെയും നാടോടിനൃത്തങ്ങളിലൂടെയുമാണ് രാമകഥ പ്രചരിച്ചത്. രാമായണത്തിന്റെ പുനരാഖ്യാനങ്ങളോ പുനരാവിഷ്‌കാരങ്ങളോ ആയ അവയില്‍ തനതായ മാറ്റിമറിക്കലും തിരുത്തലുമൊക്കെ നടന്നിട്ടുണ്ട്; തനതായ മാറ്റിമറിക്കലും തിരുത്തലുമൊക്കെ നടന്നിട്ടുമുണ്ട്. രാമായണകഥയുടെ അതാത് സന്ദര്‍ഭങ്ങളില്‍ അതിനൊക്കെ പ്രസക്തിയും സാധൂകരണവും ഉണ്ടെന്നും കാണാം.

സാമാന്യജനതയുടെ രാമനെയും രാമനാമശക്തിയെയും രാമകഥാപുനരാഖ്യാനങ്ങളേയും ആദരിച്ചുകൊണ്ടാണ് ഞാന്‍ ഈ പുസ്തകം എഴുതുന്നത്. രാമായണത്തിലെ അനുഷ്ഠാനങ്ങളിലും ആഖ്യാനത്തിലുമുള്ള സമൃദ്ധമായ രൂപകവിതാനങ്ങളിലേക്കും അര്‍ത്ഥസമുച്ചയങ്ങളിലേക്കും ശ്രദ്ധയാകര്‍ഷിക്കാനുള്ള ഒരു ശ്രമവും കൂടിയാണിത്. ഒപ്പം എന്റെ സര്‍ഗ്ഗാത്മകമായ ഉള്‍ക്കാഴ്ചയെ മുന്നിട്ടുനിര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നു; എങ്കിലും എന്റെ കുറവ് ഞാനറിയുന്നുണ്ട്:

അനന്തമായ മിത്തുകള്‍ക്കുള്ളില്‍

കുടികൊള്ളുന്നൂ ശാശ്വതസത്യം

അതാരുകാണുന്നു? 

വരുണനുണ്ട് ഒരായിരം കണ്ണുകള്‍

ഇന്ദ്രനുണ്ട് നൂറ് കണ്ണുകള്‍

എനിക്കും നിനക്കും രണ്ടു കണ്ണുകള്‍ മാത്രം

Comments are closed.