DCBOOKS
Malayalam News Literature Website

‘രക്തവും സാക്ഷികളും’ ആനന്ദിന്റെ പുതിയ ലേഖനങ്ങൾ

ഭാവിയെ ഭൂതകാലത്തിന്റെ കണ്ണാടിയിൽ കാണാൻ ശ്രമിക്കുകയാണ് ആനന്ദ് തന്റെ ‘രക്തവും സാക്ഷികളും’ ഏറ്റവും പുതിയ പുസ്തകത്തിലൂടെ.  ചരിത്രത്തെ സ്വാധീനിച്ച വെള്ളപ്പൊക്കം, യുദ്ധങ്ങൾ, മഹാമാരി, ജാതി, അധികാരം ഉൾപ്പെടെയുള്ള സംഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും മനുഷ്യഭാവിയെക്കുറിച്ച് പല നിലകളിൽ ആലോചിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘രക്തവും സാക്ഷികളും’. രാഷ്ട്രപരിണാമത്തിന്റെ നൂറ് ‌വർഷങ്ങൾ, ജനാധിപത്യത്തിലെ പടുകുഴികൾ, സംഗ്രഹം വിഗ്രഹം നിഗ്രഹം, രക്തവും സാക്ഷികളും തുടങ്ങി ഒൻപത് ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

കേരളീയ ചിന്താപാരമ്പര്യത്തിലെ മൗലികവും ആധുനികവുമായ തുടർച്ചയാണ് ആനന്ദിന്റെ രചനകളുടെ ആത്മസത്ത. നോവലുകളിലും കഥകളിലും കവിതയിലും മനുഷ്യരുടെ നിലനില്പിനെക്കു റിച്ചും ഭാവിയെക്കുറിച്ചും സന്ദേഹിയായ ആനന്ദ് പുതിയൊരു സെൻസിബിലിറ്റി സൃഷ്ടിച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനസമാഹാരമാണ് രക്തവും സാക്ഷികളും’. ഇക്കഴിഞ്ഞ വർഷങ്ങളിൽ ലോകം അഭിമുഖീകരിച്ച പ്രളയം, മഹാമാരി, യുദ്ധങ്ങൾ, വംശീയവെറികൾ തുടങ്ങിയ മനുഷ്യന്റെ കേവലനിലനില്പിനെപ്പോലും അപകടകരമാംവിധം സ്വാധീനിച്ച പ്രശ്‌നങ്ങളെക്കുറിച്ചും സങ്കീർണ്ണതകളെക്കുറിച്ചും ചരിത്രപരമായ പുനരാലോചനയ്ക്ക് വിധേയമാക്കുന്നു ‘ രക്തവും സാക്ഷികളും’. ഡി സി ബുക്‌സിന്റെ സുവർണ്ണ വർഷത്തിലൂടെ ഈ കൃതി പുതിയൊരു ആശയസംവാദത്തിന്റെ വഴിതുറക്കുന്നു.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ഒന്ന് ഏപ്രിൽ 2020

സാധാരണമായ ഒരു ഈസ്റ്റർ ആയിരുന്നു ഇത്. ആഘോഷങ്ങളില്ലാത്ത തെരുവുകൾ, വിജനമായ ദേവാലയങ്ങൾ, ഏകാന്തമായ പീഠങ്ങളിൽ നിന്ന് ശൂന്യമായ പ്രാർത്ഥനാലയങ്ങൾക്ക് കുർബാന നൽകുന്ന വൈദികർ.

ശാന്തവും ശൂന്യവുമായിരുന്നു ഈ ഈസ്റ്റർ എങ്കിൽ, ഭയാനകവും ശബ്ദായമാനവുമായിരുന്നു കഴിഞ്ഞ കൊല്ലത്തെ ഈസ്റ്റർ. കഴിഞ്ഞ ഈസ്റ്റർ ദിവസം നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലെ മൂന്നു പള്ളികളിൽ കയറിച്ചെന്ന് ചില മനുഷ്യർ അവിടെ പ്രാർത്ഥി ച്ചുകൊണ്ടിരുന്ന മുന്നൂറോളം മനുഷ്യരെയും ഒപ്പം തങ്ങളെയും ബോംബുകൾ പൊട്ടിച്ച് വധിച്ചു. ഈ പൊട്ടിത്തെറികളുടെ ശബ്ദം അമർന്നപ്പോൾ അവിടേയും ഒരു ശൂന്യതയും മൗനവും അവശേഷിച്ചു. എന്തിനായിരുന്നു അത് എന്ന ചോദ്യത്തെ മുക്കിക്കൊന്ന സാഗരസമാനമായ നിശ്ശബ്ദത.

April is the cruellest month എന്ന് കവി. എന്തുകൊണ്ട് കവിയുടെ ഈ വരികൾ എന്ന ചോദ്യം ആളുകൾ ഇപ്പോഴും ചർച്ചചെയ്യുന്നു.

എന്തിന് യേശുവിനെ കുരിശിലേറ്റണം എന്ന ചോദ്യം അതിന് അനുമതി കൊടുത്ത നാടുവാഴിയുടെ മുമ്പിൽ ഒഴിയാതെ നിന്നു. നല്ലവനും നീതിമാനും Textആർക്കുമൊരു ഉപദ്രവവും ചെയ്തിട്ടില്ലാത്തവനുമായ മനുഷ്യൻ. ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ് അയാൾ അവസാനം പുരുഷാരം കാൺകെ കൈകഴുകുകയും ചെയ്തു‌. അയാൾക്ക്  ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഒരുപക്ഷേ, ഈ മൗനമായിരിക്കാം യേശുവിന്റെ കുരിശാരോഹണം, അവസാനത്തെ കണക്കിൽ, അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ ചോദ്യം. ചരിത്രം അതിന്റെ വഴിയിൽ ഉയർത്തിക്കൊണ്ടിരുന്ന ചോദ്യങ്ങളുടെ വഴിയിൽ.

പ്രകൃതി കാട്ടിത്തന്ന വഴിയിലൂടെ വെറുതെ നടന്നുപോകാതെ ഇടംവലം നോക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും കാര്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയുമാണ് മനുഷ്യജീവിയുടെ സ്വഭാവം എന്നാണ് നാം മനസ്സിലാക്കിപ്പോരുന്നത്. ഉത്തരങ്ങൾ പലപ്പോഴും കിട്ടിയെന്ന് വരില്ല. പക്ഷേ, ഉത്തരങ്ങൾ എവിടെയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക. വിശേഷിച്ചും മനുഷ്യജീവിയുടെ കൃത്യങ്ങൾക്ക്. ചോദ്യങ്ങൾ ചോദിക്കുന്ന ജീവിയാണ് ഇത് എന്ന കാരണത്താൽ.

കുരിശാരോഹണത്തിന്റെ ‘cruel’ ആയ മാസങ്ങളിൽതന്നെ സമീപകാലചരിത്രം മൗനത്തിന്റെ ഉത്തരങ്ങളാൽ അവശേഷിപ്പിച്ച ചില സംഭവങ്ങൾ:

ഒരു നൂറ്റാണ്ട് മുമ്പ് 1919 ഏപ്രിൽ 13-ന് അമൃത്സറിലെ ജാലിയൻ വാലാബാഗ് എന്ന മൈതാനത്തിൽ വൈശാലി ആഘോഷിക്കുവാൻ കൂടിയ ഒരു ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ് പട്ടാളം വളഞ്ഞു നിന്ന് വെടിയുതിർത്തു. സ്ത്രീകളും കുട്ടികളുമടങ്ങിയ നാനൂറിലധികം മനുഷ്യർ കൊല്ലപ്പെട്ടു. എന്തിനായിരുന്നു ഈ കൂട്ടക്കൊല എന്ന ചോദ്യം പല വാതിലുകളിലും മുട്ടി മടങ്ങിപ്പോയി. ആരും ശിക്ഷിക്കപ്പെട്ടതുമില്ല.

ഇരുപതോളം വർഷങ്ങൾക്കുശേഷം, 1937 ഏപ്രിൽ 26-ന് Guernica എന്ന സ്പെയിനിലെ ഒരു പട്ടണത്തിന്റെ ആകാശത്തിൽ പ്രത്യക്ഷപ്പെട്ട നാസി-ഫാസിസ്റ്റ് വിമാനങ്ങൾ ആയിരത്തോളം നഗരവാസികളെ കൊല്ലുകയും നഗരത്തെത്തന്നെ തറനിരപ്പാക്കുകയും ചെയ്തു‌. കാർപെറ്റ് ബോംബിങ് എന്ന പദം പ്രയോഗത്തിൽ കൊണ്ടുവന്ന ഈ സംഭവം the image of innocent humanity victimised എന്നു വിശേഷിപ്പിക്കപ്പെട്ടു. ഈ പട്ടണവും അവിടത്തെ നിവാസികളും ആരോട് എന്ത് അപരാധം ചെയ്‌വെന്ന് ആ കൃത്യം ചെയ്‌തവരാരും പറഞ്ഞതുമില്ല. ചിത്രകാരൻ പിക്കാസോവിന്റെ 11 അടി വീതിയും 25 അടി നീളവുമുള്ള നിറങ്ങളില്ലാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ആ മൗനം ഉറച്ചുപോയി.

മുപ്പത് കൊല്ലങ്ങൾകൂടി പോകുക. 1968 മാർച്ച് 16-ന് അമേരിക്കൻ ആർമിയുടെ ഒരു കമ്പനി മൈലായ് എന്ന വിയറ്റ്‌നാമിലെ ഒരു ഗ്രാമത്തെ വളയുകയും അവിടെ നിത്യകൃത്യങ്ങളിൽ ഇടപെട്ടിരുന്ന 500 ലേറെ ഗ്രാമീണരെ കൂട്ടിനിർത്തി വെടിവെച്ചു കൊല്ലുകയും ചെയ്തു. അവരിൽ ആരെങ്കിലും എന്തെങ്കിലും അപരാധം ചെയ്‌തതായി ആക്രമണം നടത്തിയവരിൽ ഒരാളും പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല. ഒരു ഓഫീസർക്ക് മൂന്നു മാസം വീട്ടുതടങ്കലിൽ പാർക്കേണ്ടിവന്നതൊഴിച്ചാൽ ആരും ശിക്ഷിക്കപ്പെട്ടതുമില്ല.

ഹോളോകോസ്റ്റും ഹിരോഷിമയും യുദ്ധത്തിന്റെ വാചാടോപത്തിൽ മുങ്ങിയും പൊങ്ങിയും വീണ്ടും മുങ്ങിയും കിടക്കുന്നു. പക്ഷേ, 1983-ലെ നെല്ലിയോ 1984-ലെ ദില്ലിയോ 2002-ലെ ഗുജറാത്തോ യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല. അവിടെയൊക്കെ കൊല്ലപ്പെട്ടവരോ കൊന്നവരോ സൈനികർ ആയിരുന്നില്ല. അവയിൽ ഒരു രാജ്യവും ജയിച്ചതുമില്ല. ഒരു മഹാമാരിപോലെയാണ് അവ നിരപരാധികളും നിസ്സഹായരുമായ ജനതയുടെമേൽ വന്നു പതിച്ചത്. പതിച്ചത് രോഗാണുക്കളായിരുന്നില്ല, മനുഷ്യരായിരുന്നു എന്ന വ്യത്യാസം. ഹോമോസാപിയൻസ്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.